കോവിഡ് കാലം നഷ്ടമാക്കുന്ന കുരുന്നുബാല്യങ്ങള്‍
ഡോ. അബേഷ് രഘുവരന്
ബാല്യം എന്ന വസന്തം ചിന്തകളില്‍ നിന്നും മാഞ്ഞുപോകുമ്പോള്, നാം തിരക്കിന്റെയും പ്രതിസന്ധികളുടെയും ജീവിതക്രമങ്ങളോട് പടവെട്ടി അതിജീവനത്തിന്റെ ബാലികേറാമല നടന്നു തീര്‍ക്കുമ്പോള്‍, ഭൂതകാലത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടംപോലും സാധ്യമാകാതെ വരുമ്പോള്‍ നാം മനസ്സിലാക്കണം; ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായ ‘ബാല്യം’ നമ്മുടെ ഓര്‍മകളില്‍ നിന്നുതന്നെ തുടച്ചുമാറ്റപ്പെടുകയാണ് ചെയ്യുന്നതെന്ന്. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ ആര്‍ക്കാണ് തങ്ങളുടെ സമ്പന്നമായ ബാല്യത്തിലേക്ക് മനസ്സുകൊണ്ടുപോലും ഒന്ന് ഊളിയിടാന്‍ സമയമുള്ളത്? ഇന്ന് നാം ആരാണെന്ന ചിന്തപോലും ആ ബാല്യം സമ്മാനിച്ച നേടലുകളുടെയും, തേടലുകളുടെയും ഉല്‍പ്പന്നങ്ങള്‍ മാത്രമാണെന്ന വാസ്തവംകൂടി പരിഗണിക്കുമ്പോള്‍ വല്ലപ്പോളുമെങ്കിലും നമ്മുടെ ബാല്യത്തിന്റെ സൗന്ദര്യം നാം തേടേണ്ടതുണ്ട്. അത്തരമൊരു കാലത്തിലാണ് കോവിഡ് കവരുന്ന ഇന്നത്തെ ബാല്യത്തിന്റെ ഊഷ്മളത പ്രസക്തമാകുന്നത്.
ഒരു കുഞ്ഞു പഠിക്കാന്‍ തുടങ്ങുന്നത് അവന്/അവള് അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെയെന്നാണ് പഠനങ്ങള്‍. ഭൂമിയിലേക്ക് വന്നു സ്വതന്ത്രന് ആക്കപ്പെടുമ്പോളും, മുട്ടിലിഴഞ്ഞു തുടങ്ങുമ്പോളും, നടക്കാന്‍ തുടങ്ങുമ്പോളുമൊക്കെ അവന് ജീവിതത്തിന്റെ ഓരോരോ പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. വീടിന്റെ അന്തരീക്ഷവും, രക്ഷാകര്‍ത്താക്കളുടെയും, സഹോദരങ്ങളുടെയും സാമീപ്യവും അവന് സ്നേഹത്തിന്റെയും കരുതലിന്റെയും ഉദാത്തമായ അറിവുകള്‍ പകര്ന്നുനല്കുമ്പോള്, സാഹോദര്യവും, സൗഹൃദവും, സഹജീവികളോടുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ഊഷ്മളതയും അവര്‍ മനസ്സിലാക്കുന്നത് അങ്കണവാടിയുടെയും, നേഴ്സറിയുടേയുമൊക്കെ അന്തരീക്ഷത്തില്‍ മറ്റു കുട്ടികളുമായി ഇടപഴകുമ്പോള്‍ ആണ്. അത് വലിയ ഒരു പഠന കളരിയാണ്. രക്ഷകര്‍ത്താക്കള്‍ അല്ലാതെ, തികച്ചും വ്യത്യസ്തമായ സ്വഭാവസവിഷേതകള്‍ പേറുന്ന കുട്ടികളുമായി ഇടപഴകുകവഴി അവര്‍ ജീവിതത്തിന്റെ പലവിധ മാനങ്ങളെ നേരില്‍ അനുഭവിക്കുകയാണ്, ലോകത്തിനെ കണ്ടറിയുകയാണ്, പുറത്തെ ലോകം എന്താണെന്ന് ഓരോരുത്തരിലൂടെയും തിരിച്ചറിയുകയാണ്. എല്ലാത്തിലുമുപരി കളികളിലൂടെയും, പഠനത്തിലൂടെയും അവരുടെ മനസ്സും ശരീരവും വളരുകയാണ്. അത്തരം മഹത്തായ അനുഭവങ്ങളാണ് കഴിഞ്ഞ ഒന്നൊന്നര വര്‍ഷങ്ങളായി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അന്യംനിന്നു പോയിരിക്കുന്നത്. ഓരോരുത്തരുടെയും ഭൂതവും, ഭാവിയും, വര്‍ത്തമാനവും ഒക്കെ ബാല്യം എന്ന വിലയേറിയ ഹ്രസ്വകാലത്തിന്റെ ഊഷ്മളതയില് വലിയൊരു അളവ് കൊരുത്തുകിടക്കുമ്പോള് അതൊക്കെത്തന്നെ ഇനിയെങ്കിലും നമ്മള് വലിയനിലയില്‍ പരിഗണിച്ചേ മതിയാകൂ. അല്ലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വിടവുകള്‍ വളരെ വലുതായിരിക്കും.
സര്‍ക്കാരും, ഉദ്യോഗസ്ഥവൃന്ദങ്ങളും ഒന്നാകെ പത്താം ക്ലാസിലെയും, പ്ലസ് ടുവിലെയും കുട്ടികളെ മാത്രം കോവിഡ് നിയന്ത്രണത്തിന്റെ ഇരകളായി വിലയിരുത്തി ബദല്‍മാര്‍ഗങ്ങള്‍ തേടുമ്പോള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കേണ്ട കുട്ടികള്‍ ഇന്ന് വീട്ടിലെ അടച്ചിട്ട മുറികളില്‍ കളിപ്പാട്ടങ്ങളിലും, യൂറ്റിയൂബിലെ കാര്‍ട്ടൂണുകളിലും അഭയം തേടിയിരിക്കുന്നു.
നമ്മുടെ രാജ്യത്ത് കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ ആരംഭിച്ച 2020 ഫെബ്രുവരി മുതല്ക്കുതന്നെ അങ്കണവാടികള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍, ചില്‍ഡ്രന്‍സ് പാര്‍ക്കുകള്‍ എന്നിവയൊക്കെ ഒഴിഞ്ഞുകിടക്കുകയാണ്. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവരൂപീകരണം നടക്കുന്നത് ഇത്തരം കാലഘട്ടങ്ങളില്‍ ആണ്. അങ്കണവാടികളില്‍ എത്തുമ്പോള്‍ പിച്ചവച്ചുനടന്ന വീടിനു പുറത്തേക്ക് മറ്റൊരു സജീവമായ ലോകത്തേക്ക് അവര്‍ എക്സ്പോസ് ചെയ്യപ്പെടുകയാണ്. ഒപ്പമുള്ള കുട്ടികളുമായി സൗഹൃദം, പിണക്കം, പങ്കിടലുകള്‍, അനുഭവങ്ങള്‍ പങ്കുവയ്ക്കലുകള്‍, അധ്യാപകരില്‍നിന്ന് ലോകത്തെ അടിസ്ഥാനപരമായ ശരി-തെറ്റുകളെപ്പറ്റി മനസ്സിലാക്കല്‍ എന്നിവയുള്‍പ്പെട്ട വിലമതിക്കാനാവാത്ത അറിവുകള്‍ ഒരു കുഞ്ഞു നേടുന്നത് അവരുടെ ആദ്യവിദ്യാലയത്തിന്റെ വിശാലമായ അങ്കണത്തിലും, ഊഷ്മളമായ ക്ലാസ്മുറികളിലും വച്ചാണ്. അഞ്ചോ, ആറോ വയസ്സില്‍ അവന് ഒന്നാം തരത്തില്‍ ചേരുമ്പോള്‍ അതിനുമുമ്പ് അവനാര്‍ജ്ജിച്ച ശക്തമായ അടിത്തറയ്ക്കുമുകളില്‍ ആണ് പുസ്തകങ്ങളിലെ അറിവുകള്‍ സുഗമമായി ചേര്‍ത്തുവയ്ക്കുന്നത്. അത്തരമൊരു അടിത്തറ ഉറപ്പിക്കാന്‍ അവന്റെ മൂന്നുമുതല്‍ അഞ്ചുവരെയുള്ള വയസുതന്നെയാണ് ഏറെ ഉത്തമവും. ആയുസ്സിലെതന്നെ ഏറ്റവും ആഗിരണഭാവം പ്രകടമാകുന്ന പ്രായം.
നാം, നമ്മുടെ സമ്പന്നമായ ബാല്യം പാരമ്പര്യമായി കരുതി സംരക്ഷിക്കുമ്പോള്‍, ഇന്നത്തെ കുഞ്ഞുങ്ങള്‍ക്ക് അത് അന്യമാകുന്നത് നമ്മുടെ മുന്നില്‍ത്തന്നെ സംഭവിക്കുമ്പോള്‍, ഈ കോവിഡ് നിയന്ത്രണത്തിന്റെ എല്ലാ സത്തയും ഉള്‍ക്കൊണ്ടുകൊണ്ടുതന്നെ അവര്‍ക്കായി ബദല്‍മാര്‍ഗം നാം ഒരുക്കേണ്ടതുണ്ട്. മേല്‍സൂചിപ്പിച്ചപോലെ ടിവിയിലെ കാര്‍ട്ടൂണുകളിലും, യൂറ്റിയൂബിലെ വീഡിയോകളിലും, ഒറ്റയ്ക്കിരുന്നുള്ള കളിപ്പാട്ടങ്ങള്‍ കൊണ്ടുള്ള കളികളിലും അവരുടെ ബാല്യം കൊരുത്തിടപ്പെട്ടിരിക്കുന്നു. ഇതൊക്കെയാവട്ടെ വളരെപ്പെട്ടെന്ന് അവര്‍ മടുക്കുകയും ചെയ്യന്നു. അതൊക്കെ വലിയ വിരസതയിലേക്കാണ് അവരെ തള്ളിവിടുന്നത്. സമീപപ്രദേശങ്ങളിലെ സമപ്രായക്കാരുമായുള്ള കളിയും, ചിരിയും, ഓട്ടവും ചാട്ടവുമൊക്കെ അവനില്‍ സമ്പത്തുകളായി നിലനില്ക്കേണ്ടയിടത്തു കോവിഡ് കാലം അതിന് പൂര്‍ണ്ണമായ വിലക്ക് കല്പ്പിക്കുന്നു. ബീച്ചിലും, പാര്‍ക്കുകളിലുമൊക്കെ പാറിപ്പറന്നുനടക്കേണ്ട ബാല്യം, വീടുകളിലെ ചെറിയ മുറികളില്‍ ഇരുന്നും, കിടന്നും അവര്‍ ചെലവഴിക്കുമ്പോള്‍ ശാരീരികമായി അവരുടെ ശരീരം ആവശ്യപ്പെടുന്ന വളര്‍ച്ചപോലും വേണ്ടവിധം സംഭവിക്കപ്പെടുന്നില്ല.
കോവിഡ് കാലം നഷ്ടമാക്കുന്ന കുരുന്നുബാല്യങ്ങള്‍
Print this article
Font size -16+