അരങ്ങ്- ജോണ്‍ പോള്‍

‘നിന്റെ രാജ്യം വരേണമെ!”
67 വര്‍ഷം തുടര്‍ച്ചയായി പ്രഫഷണല്‍ നാടകരംഗത്ത് നിറഞ്ഞുനിന്നിരുന്ന അഭിനേതാവാണ് നാടകംതന്നെ ജീവിതമാക്കിയ മരട് ജോസഫ്. പാട്ടിന്റെ വഴിയിലൂടെയാണ് നാടകനടനായത്. പകര്‍ന്നാടിയ വേഷങ്ങള്‍ മാത്രം സമ്പത്തായുള്ള അരങ്ങിലെ കാരണവര്‍ അഭിനയ യൗവ്വനം ചോരാതെ ഇപ്പോള്‍ തൃപ്പൂണിത്തുറയിലെ ‘അഞ്ചുതൈക്കല്‍’ വീട്ടില്‍ വിശ്രമജീവിതത്തിലാണ്.
വളരെ വൈകിയാണ് ഞാന്‍ മരട് ജോസഫിനെ പരിചയപ്പെടുന്നത്. കേരള സംഗീത നാടക അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള നാടക അവാര്‍ഡ് നല്കി ആദരിച്ചപ്പോഴാണെന്നു തോന്നുന്നു ടി.എം. എബ്രഹാം പറഞ്ഞാണു വിശദമായറിയുന്നത്. അതിനുമുന്‍പു നാടകധാരയില്‍ ഗായകന്‍ എന്ന നിലയിലും നടന്‍ എന്ന നിലയിലും ഏറെ വിശ്രുതനായിരുന്നു എന്നറിയാം. നെല്‍സന്‍ ഫെര്‍ണാണ്ടസിന്റെ ”നാടകരാവുകള്‍’ എന്ന പുസ്തകത്തിലെ പരാമര്‍ശങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
അറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. ആദരവിന്റെ അത്ഭുതം! കൂടുതലറിഞ്ഞപ്പോള്‍ അതിന്റെ അളവും കൂടി.
ഇപ്പോള്‍ തൊണ്ണൂറ്റിരണ്ടിനോടടുക്കുന്നു പ്രായം. ഇതില്‍ ഏതാണ്ട് മുക്കാല്‍ ശതാബ്ദകാലമെങ്കിലും നാടകത്തിനായി ഉഴിഞ്ഞിട്ടതായിരുന്നു. ഇത്രയും ദീര്‍ഘമായ നാടകപാരമ്പര്യം അവകാശപ്പെടാനാകുന്നവര്‍ ഇന്ത്യയില്‍ തന്നെ എത്രപേരുണ്ടാകും!
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനപാദമെത്തിയപ്പോള്‍ അന്നിറങ്ങുന്ന നാടകങ്ങള്‍ കണ്ടുകണ്ടുള്ള നാടകപ്പനിയില്‍ ജ്വരം മൂത്തു.
”നാടകത്തിലഭിനയിക്കണം….’
ആരെയും ആശ്രയിക്കുവാന്‍ നിന്നില്ല; സ്വയം മുന്‍കൈയ്യെടുത്ത് ഒരു നാടകം അവതരിപ്പിച്ചു; അതിലഭിനയിച്ചു.
ടിക്കറ്റ് വിറ്റ് ചിലവു മുതലാകുമെന്നായിരുന്നു പ്രതീക്ഷ. വരവ് ചിലവിനൊത്തില്ല; കൊടുത്തു തീര്‍ക്കുവാന്‍ സാമാന്യം ബാക്കി. ഒഴിവാക്കുവാന്‍ സൂത്രവഴികള്‍ തേടിയാല്‍ ചീത്തപ്പേരാകും. വേറെ പരിഹാരവഴിയൊന്നുമില്ലാതെ വന്നപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. സ്‌നേഹവാത്സല്യ സൂചകമായി അമ്മാമ്മ വാങ്ങിക്കൊടുത്ത ഒരു സ്വര്‍ണമാല കഴുത്തിലുണ്ടായിരുന്നു. അതെടുത്തു വിറ്റ് കടമത്രയും വീട്ടി മാനംകാത്തു.
മാലയില്ലാതെ വീട്ടില്‍ ചെല്ലാന്‍ ധൈര്യമുണ്ടായില്ല, അമ്മാമ്മയുടെ മുഖം, വീട്ടുകാരുടെ ശകാരം…
നാടുവിട്ടു.
ഒരുവര്‍ഷം കഴിഞ്ഞാണ് തേടിയെത്തി സമാധാനപ്പെടുത്തി വീട്ടുകാര്‍ തിരികെ എത്തിക്കുന്നത്.
നാടകഭ്രാന്ത് എന്നത് ചികിത്സയില്ലാത്ത രോഗമാണെന്നതു അതോടെ ബോദ്ധ്യമായി.
പിന്നെ, നാടകപ്പെടുകയല്ലാതെ വഴിയെന്ത്!?
ജോസഫ് നന്നായി പാടുമായിരുന്നു. ആ വിരുതുകൂടി അരങ്ങിലെത്തിച്ചു. കോഴിക്കോട്ട് വില്യം ഡിക്രൂസും കുഞ്ഞാണ്ടിയും കെ.പി. ഉമ്മറും ബാലന്‍ കെ. നായരും അരങ്ങിലെ നക്ഷത്രങ്ങളായപ്പോള്‍, തിരുവനന്തപുരത്ത് പി.കെ.വിക്രമന്‍ നായരും വേണുക്കുട്ടന്‍ നായരും ടി.ആര്‍. സുകുമാരന്‍ നായരും വീരരാഘവന്‍ നായരും അരങ്ങിലെ തമ്പുരാക്കന്മാരായപ്പോള്‍ കൊച്ചിയില്‍നിന്നും തലയെടുപ്പോടെ പി.ജെ.ആന്റണിയും ഗോവിന്ദന്‍കുട്ടിയും ശങ്കരാടിയും എഡ്ഡി മാസ്റ്റരും മണവാളനും തിലകനും അരങ്ങുവാഴാന്‍ നിരന്നപ്പോള്‍ അവര്‍ക്കൊപ്പം മരടു ജോസഫിനും കാലം ഇടംപതിച്ചുനല്കി.
ജോസഫിനെ തേടി വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ വന്നു. ജോസഫിന്റെ പാട്ടുകള്‍ ഏറ്റുപാടുവാന്‍ എമ്പാടും ആളുകളുണ്ടായി.
കെ.ടി.മുഹമ്മദും പൊന്‍കുന്നം വര്‍ക്കിയും എന്‍.എന്‍. പിള്ളയും സി.ജെ. തോമസും അവരുടെ നാടകങ്ങളില്‍ സ്ഥിരസാന്നിദ്ധ്യമാകുവാന്‍ മാത്സര്യബുദ്ധിയോടെ ജോസഫിനെ തേടിചേര്‍ത്തു. വര്‍ഷങ്ങളോളം ഇവരുടെ മനസ്സിലുണര്‍ന്ന കഥാപാത്രങ്ങളെ മാറ്റുതെളിച്ചു പാടിയാടി മലയാളനാടകവേദിയിലെ ഏറ്റവും പ്രിയപ്പെട്ട ആദരണീയ സാന്നിദ്ധ്യമായി മരടു ജോസഫ്.