കൊറോണ വൈറസും ദരിദ്ര ജനവിഭാഗവും

കൊറോണ വൈറസും ദരിദ്ര ജനവിഭാഗവും
ഡോ. എം.കെ. ജോര്‍ജ് എസ്‌ജെ

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുക: പതിവായി സോപ്പും വെള്ളവുമുപയോഗിച്ച് കൈകള്‍ കഴുകുക; സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, വീട്ടില്‍ത്തന്നെ തങ്ങുക, മാസ്‌ക് ധരിക്കുക, പോഷകാഹാരം കഴിക്കുക, വാക്‌സിന്‍ എടുക്കുക.
ഇവയൊന്നും പാവപ്പെട്ടവര്‍ക്ക് ലഭ്യമാകുന്നതല്ല. ലോകജനസംഖ്യയില്‍ 36 ശതമാനവും പാവപ്പെട്ടവരത്രേ. ലഭ്യമായ സ്ഥിതിവിവരക്കണക്കനുസരിച്ച് 1.89 ബില്യന്‍ ജനങ്ങള്‍ കഴിയുന്നത് കൊടുംപട്ടിണിയിലാണ്. വികസ്വര രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഏകദേശം പകുതിയുടെയും ഒരു ദിവസത്തെ ശരാശരി വരുമാനം 1.25 ഡോളറില്‍ താഴെയാണ്. (2020 ഒക്‌ടോബര്‍ 16-ലെ കണക്ക്)
കുടിക്കാന്‍ പോലും വെള്ളമില്ലാത്തവന്‍ കൈകഴുകാന്‍ വെള്ളമെവിടെ കണ്ടെത്തും? ഏകദേശം 2.2 ബില്യന്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യമുണ്ട്. ഇതില്‍ 884 ദശലക്ഷം പേര്‍ക്ക് കുടിവെള്ളത്തിനുവേണ്ട യാതൊരു അടിസ്ഥാന സൗകര്യവുമില്ലെന്നോര്‍ക്കണം. ഇന്ത്യയില്‍ സര്‍ക്കാര്‍ ട്രക്കുകള്‍ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം ബക്കറ്റില്‍ സംഭരിക്കുന്നതിനുവേണ്ടി ലക്ഷക്കണക്കിനാളുകളാണ് ഓരോ ദിവസവും ക്യൂവില്‍ കാത്തുനില്‍ക്കുന്നത്! ആശുപത്രികളിലും സ്‌കൂളുകളിലും ശുദ്ധജല ദൗര്‍ലഭ്യമുണ്ട്. പാചകപ്പാത്രങ്ങളും വസ്ത്രങ്ങളും മലിനജലത്തില്‍ കഴുകാന്‍ അവര്‍ നിര്‍ബന്ധിതരാണ്. ഏകദേശം 600 ദശലക്ഷം ഇന്ത്യക്കാര്‍ നേരിടുന്നത് കടുത്ത ജലദൗര്‍ലഭ്യമാണ്. ഇത് പറഞ്ഞത് സര്‍ക്കാരിന്റെ തന്നെ ഏജന്‍സിയായ നീതി ആയോഗത്രേ. (അസോഷ്യേറ്റഡ് പ്രസ് മാര്‍ച്ച് 18, 2020)

നിങ്ങള്‍ക്ക് ഒരു ജോലിയുമില്ലെങ്കില്‍, കൈയില്‍ കാശില്ലെങ്കില്‍ പോഷകാഹാരം നിങ്ങള്‍ എങ്ങനെ കഴിക്കും? മാസ്‌ക്കും സാനിറ്റൈസറും വാങ്ങി എങ്ങനെ വീട്ടില്‍തങ്ങും? മഹാമാരിമൂലം രണ്ടിലൊരാള്‍ക്ക് വരുമാനത്തില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ടെന്നും വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചതെന്നും ആഗോള പഠനം വ്യക്തമാക്കുന്നു. സ്ത്രീകളെയും ഇത് കൂടുതല്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. സ്ത്രീകള്‍ കൂടുതലായി തൊഴിലെടുക്കുന്ന, വരുമാനം കുറഞ്ഞ, റീട്ടെയില്‍, ടൂറിസം, ഭക്ഷ്യസേവനം, തുടങ്ങിയ മേഖലയില്‍ ഇത് പ്രകടമാണ്. (വേള്‍ഡ് ഇക്കണോമിക്ക് ഫോറം, മെയ് 6, 2021)
ഇനി, സാമൂഹിക അകലം പാലിച്ച് എങ്ങനെ വീട്ടില്‍ തങ്ങാനാവും എന്നു ചിന്തിക്കാം. മനുഷ്യരാശിക്ക് പാര്‍പ്പിടം എന്ന സംഘടയുടെ കണക്കനുസരിച്ച് ലോകത്തിലെ 1.6 ബില്യന്‍ ജനങ്ങള്‍ താമസിക്കുന്നത് ഒട്ടും ആവാസയോഗ്യമല്ലാത്ത ഇടങ്ങളിലാണ്. ലോകജനസംഖ്യയുടെ 20 ശതമാനം വരുമിത്. (ജനുവരി 21, 2020) ഇന്ത്യയിലെ ചേരികളുടെ കാര്യമെടുക്കുക. ഇന്ത്യയിലെ ചേരികളിലെ 50 ശതമാനം കുടുംബങ്ങള്‍ക്കും ഒരു മുറിമാത്രമേയുള്ളൂ. (അഞ്ചില്‍ കുറയാത്ത ആളുകള്‍ ഓരോ കുടുംബത്തിലും ഉണ്ടാവും). ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ പശ്ചിമേഷ്യന്‍ സംസ്ഥാനങ്ങളിലെ ചേരിനിവാസി കുടുംബങ്ങളുടെ അംഗസംഖ്യ ഇതിലുമെത്രയോ കൂടുതലാണ്. ഇവിടെ മൂന്നില്‍ രണ്ടുഭാഗം പാര്‍പ്പിടങ്ങള്‍ക്കും ഒറ്റമുറി മാത്രമേയുള്ളൂ (ദ മിന്റ്, ഏപ്രില്‍ 9, 2020)
വാക്‌സിനേഷന്‍ മറ്റൊരു വേദനയുടെ, ദുഃഖത്തിന്റെ കഥയാണ്
വാക്‌സിനേഷന്‍ കൂടുതലും നടന്നിട്ടുള്ളത് സമ്പന്നരാജ്യങ്ങളിലാണ്. ആഗോള കണക്കെടുത്താല്‍ 82 ശതമാനം വാക്‌സിനേഷനും നടന്നത് അതിസമ്പന്ന അല്ലെങ്കില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലാണെന്നു കാണാം. വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ വാക്‌സിനേഷന്‍ നിരക്ക് ദശാംശം രണ്ടു ശതമാനം മാത്രമാണ്. (ന്യൂയോര്‍ക്ക് ടൈംസ്, 28.04.2021)
ഇന്ത്യയിലെ 138 കോടി ജനങ്ങളില്‍ 1.8 ശതമാനം പേര്‍ മാത്രമേ, ഏപ്രില്‍ മാസാവസാനം വരെയുള്ള കണക്കനുസരിച്ച്, രണ്ടു ഡോസ് വാക്‌സിനും എടുത്തിട്ടുള്ളൂ. എന്നാല്‍, അമേരിക്കയില്‍ ഇത് 30 ശതമാനമത്രേ! വാക്‌സിനേഷന്റെ കാര്യത്തില്‍ അല്ലെങ്കില്‍ ആരോഗ്യമേഖയിലെ അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ ഉടനെയുള്ള, നാടകീയമായ ഒരു കുതിച്ചുചാട്ടം ഇന്ത്യയില്‍ പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയില്‍ ദേശീയവരുമാനത്തിന്റെ 18 ശതമാനം ആരോഗ്യമേഖലയ്ക്കുവേണ്ടി നീക്കിവയ്ക്കുമ്പോള്‍ ഇന്ത്യയില്‍ അത് 1.2 ശതമാനം മാത്രം. ഇത് ഏഴുമുതല്‍ എട്ടു ശതമാനമെങ്കിലും ആയി ഉയര്‍ത്തണം.
സാധാരണനിലയിലെ സാഹചര്യത്തില്‍പ്പോലും ഇന്ത്യയിലെ ആരോഗ്യപരിരക്ഷാ സംവിധാനങ്ങള്‍ പരിമിതമായിരുന്നു. ആവശ്യമായിട്ടുള്ളതിന്റെ ആറിലൊന്നു മാത്രമേ ആശുപത്രിക്കിടക്കകള്‍ മാത്രമേ ഇവിടെ ഉള്ളൂ. മൂന്നു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ടുപേരും, നാലു നേഴ്‌സുമാര്‍ വേണ്ടിടത്ത് മൂന്നുപേരും മാത്രമാണ് ഇന്നുള്ളത്.
ആരോഗ്യപരിരക്ഷയ്ക്കുള്ള നമ്മുടെ ബജറ്റ് വിഹിതം, ദേശീയ വരുമാനത്തിന്റെ ഏഴ് മുതല്‍ എട്ടു ശതമാനമായെങ്കിലും ഉയര്‍ത്തണം. ഒത്തിരി പാഴ്‌ച്ചെലവും പൊങ്ങച്ചം കാണിക്കുന്ന പദ്ധതികളും സര്‍ക്കാര്‍ ഭാഗത്തുണ്ടെന്ന കാര്യം ഇവിടെ സ്മരിക്കേണ്ടതുണ്ട്.
ധനികര്‍ കൂടുതല്‍ ധനികരാകുന്നു
ലോകത്തിലെ ഏറ്റവും സമ്പന്നരായവരെ കൂടുതല്‍ സമ്പന്നരാക്കുന്നതിന് മഹാമാരി വഴിവച്ചു. താരതമ്യേന ഇന്ത്യ ഒരു ദരിദ്രരാജ്യമാണെങ്കിലും ശതകോടീശ്വരന്മാരുടെ സ്വത്തിലുള്ള വര്‍ധന ദേശീയവരുമാനത്തിന്റെ (ജി.ഡി.പി) 17 ശതമാനത്തിനു മുകളിലായി. ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന ഓഹരിയാണിത്. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്, ചങ്ങാത്ത മുതലാളിത്തത്തിന്റെ ഫലം കൊയ്ത ഏതാനും വ്യവസായ കുടുംബാംഗങ്ങളാണ്. (റുചിര്‍ ശര്‍മ, 12 മെയ്, 2021)
ലഭ്യമായ കണക്കനുസരിച്ച് ഇന്ത്യയിലെ 90 ശതമാനം തൊഴിലാളികളും ജോലി ചെയ്യുന്നത്, അസംഘടിതമേഖലയിലാണ്. ഏതാനുംപേരുടെ കൈകളില്‍ സ്വത്തു കുന്നുകൂടുന്നത് അസംഘടിതമേഖലയിലെ ഈ തൊഴിലാളികളുടെ ചെലവിലാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും എളുപ്പം സാധിക്കും. ചിലര്‍ കൂടുതല്‍ സമ്പന്നരാകുന്നതിനുവേണ്ടി വേറെ ചിലര്‍ കൂടുതല്‍ ദരിദ്രരാകേണ്ടിവരുന്നു. ഇന്ത്യയിലെ മധ്യവര്‍ഗത്തെ ദാരിദ്ര്യത്തിലേക്കു നയിക്കുന്നതിന് കോവിഡ് -19 ഇടയാക്കി. കഴിഞ്ഞ വര്‍ഷം 32 ദശലക്ഷം മധ്യവര്‍ഗ ജനതയെയാണ് ദാരിദ്ര്യത്തിലേക്ക് തള്ളിത്താഴ്ത്തിയത്. ഇപ്പോള്‍ കോവിഡിന്റെ രണ്ടാംതരംഗത്തോടെ, മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുന്ന ഒരു വലിയ ജനവിഭാഗത്തിന്, ഒരു ഭീഷണി ഉയര്‍ന്നിരിക്കുന്നു. (സിങ് ആന്റ് കുമാര്‍, ന്യൂയോര്‍ക്ക് ടൈംസ്, മെയ് 16, 2021)