കേരളീയ വിദ്യാഭ്യാസം :
പുതിയ പശ്ചാത്തലത്തില്‍ !
എം.വി.ഷാജി
കോവിഡ് സാഹചര്യത്തില്‍ ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തിലും വിദ്യാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന ഒട്ടും ആശാവഹമല്ലാത്ത തിരിച്ചറിവില്‍ നിന്നുള്ള ചിന്തകളും കഴിഞ്ഞ ഒരു വര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇടപെട്ട ഒരധ്യാപകന്റെ അനുഭവത്തില്‍ നിന്നുള്ള കുറിപ്പുകളുമാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
യാഥാര്‍ത്ഥ്യമെന്താണ് ?
കഴിഞ്ഞ ഒരുവര്‍ഷത്തെ ഓണ്‍ലൈന്‍ അനുഭവങ്ങളില്‍ തുടങ്ങാം. ആദ്യം രക്ഷിതാവിന്റെ പക്ഷത്തു നിന്നാവാം.
ഇത്രയുംകാലം രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, ഓണ്‍ലൈന്‍ ക്ലാസുകളോടെ കുട്ടികള്‍ക്ക് പരിപൂര്ണസ്വാതന്ത്ര്യത്തോടെ ഫോണ്‍ കൈകാര്യം ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുണ്ട്. ക്ലാസിനു പകരം അവര്‍ക്ക് ഇഷ്ടമുള്ള യൂട്യൂബ് ചാനലുകളിലും അതുപോലെ ഓണ്‍ലൈന്‍ വിനോദോപാധികളിലുമാണ് കുട്ടികള്‍ സമയം ചിലവഴിക്കുന്നത്. അവര്‍ അനുസരണയില്ലാത്തവരും സഹിഷ്ണുത ഇല്ലാത്തവരും രക്ഷിതാക്കളെ വിലവയ്ക്കാത്തവരും ആകുന്നു എന്നതാണ് രക്ഷിതാക്കളുടെ പരാതി. കുട്ടികള്‍ക്ക് ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും സ്മാര്‍ട്ട് ഫോണ്‍ അഡിക്ഷന് ഉണ്ടാക്കുന്നതായും രക്ഷിതാക്കള്‍ പറയുന്നു.
ഉറക്കക്കുറവ്, ക്ഷമയില്ലായ്മ, അലസത, രക്ഷിതാക്കളോട് നിഷേധനിലപാട് സ്വീകരിക്കല്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളും സ്വഭാവവൈകല്യങ്ങളും കുട്ടികളില്‍ ആരോപിക്കുന്നു. ഇതോടൊപ്പം പൊണ്ണത്തടി, കഴുത്തുവേദന, തലവേദന, സന്ധിവേദന തുടങ്ങി പലതരം ശാരീരിക അസ്വസ്ഥതകളും കുട്ടികളില്‍ കാണുന്നതായി രക്ഷിതാക്കള്‍ പറയുന്നു.
അധ്യാപകരുടെ പക്ഷത്തുനിന്ന് നോക്കിയാല്‍ കുട്ടികളെക്കുറിച്ചുള്ള പരാതി അവര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നില്ല എന്നും ക്ലാസിനു ശേഷം നടത്തുന്ന ഇന്ററാക്റ്റീവ് ക്ലാസുകളില്‍ പങ്കെടുക്കുന്നില്ല എന്നും അവര്‍ക്ക് അയച്ചുകൊടുക്കുന്ന അസൈന്മെന്റും മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് അയയ്ക്കുന്നില്ല എന്നുമാണ്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവര്‍ എന്ന പരാതി പൊതുസമൂഹത്തില്‍നിന്ന് നിരന്തരം കേള്‍ക്കേണ്ടി വരുമ്പോഴും ഈ ഓണ്‍ലൈന്‍ വ്യവഹാരത്തിന്റെ ഭാഗമായി പലവിധത്തിലുള്ള ശാരീരിക- മാനസിക അസ്വസ്ഥതകളും തങ്ങളില്‍ ഉണ്ടാകുന്നു എന്നും എത്രയും വേഗം സ്കൂള്‍ തുറന്നുകിട്ടിയാല്‍ മതിയായിരുന്നു എന്നും വ്യാകുലപ്പെടുന്നു അധ്യാപകര്‍.
കുട്ടിയുടെ പക്ഷത്തുനിന്ന് നോക്കുകയാണെങ്കില്‍ ഭൂരിപക്ഷം കുട്ടികളുടെയും പരാതി അധ്യാപകര്‍ ടണ്‍ കണക്കിന് അസൈന്മെന്റുകളുടെ പി.ഡി.എഫും പകര്‍ത്തിയെഴുതാനുള്ള മെറ്റീരിയലുകളും തങ്ങളുടെ ക്ലാസ് ഗ്രൂപ്പുകളില്‍ ഡമ്പ് ചെയ്യുകയാണെന്നും ഇത് തങ്ങളെ മടുപ്പിക്കുന്നുവെന്നുമാണ്. അതുപോലെതന്നെ ക്ലാസ് കാണുന്നതിനും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനും ഫോണുകള്‍ പൂര്‍ണമായും ലഭ്യമാകുന്നില്ല എന്നും പലപ്പോഴും അച്ഛനമ്മമാര്‍ പണിക്ക് പോയിട്ട് തിരിച്ചു വരുന്ന സമയം മാത്രമാണ് ഫോണ്‍ തങ്ങള്‍ക്ക് കിട്ടുന്നത് എന്നും അവര്‍ പരാതിപ്പെടുന്നു. ചുരുങ്ങിയസമയംകൊണ്ട് ഈ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് അവരുടെ മുഖ്യപ്രശ്നം.
മൂന്നുവിഭാഗത്തിന്റെ പരാതികളിലും പരസ്പരവിരുദ്ധമായ ചില സംഗതികള്‍ കാണാമെങ്കിലും ഇവയിലൊക്കെ യഥാര്‍ത്ഥ്യത്തില്‍ വ്യത്യസ്ത തലങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പൊതുവേ നിരീക്ഷിക്കാന്‍ സാധിക്കും.
കോവിഡ്കാലത്തെ അധ്യയനക്രമം എങ്ങനെ ?
പഠനം അത്ര സ്വാഭാവികമായ പ്രക്രിയയല്ല. കുട്ടികളില്‍ ബോധപൂര്‍വം പഠനസന്നദ്ധത ഉണ്ടാക്കി പാഠങ്ങള്‍ യാന്ത്രികമായി തോന്നാത്ത വിധത്തില്‍, അവതരിപ്പിക്കുന്നതാണ് അധ്യാപനത്തിലെ കഴിവ്. അധ്യാപനം ഒരു പെര്‍ഫോമിംഗ് ആര്‍ട് അല്ല. നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന ചില പാഠങ്ങള്‍ ഒരാള്‍ക്ക് വളരെ മനോഹരമായി അവതരിപ്പിച്ച് മറ്റുള്ളവരുടെ കൈയ്യടി നേടാന്‍ കഴിയും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ വിജയിക്കുന്നത് പലപ്പോഴും ഇത്തരക്കാരാണ്. അനൗപചാരിക വിദ്യാഭ്യാസത്തിനോ സമാന്തര വിദ്യാഭ്യാസം (ആള്‍ട്ടര്‍നേറ്റ് സ്കൂളിംഗ്) സാധ്യമാകുന്ന പലതും ഔപചാരിക വിദ്യാഭ്യാസത്തിന് -കൃത്യമായ ഘടനയും ചട്ടക്കൂടും നിയമങ്ങളും നിയന്ത്രണങ്ങളും ഉള്ള സംവിധാനത്തില്‍ സാധ്യമല്ല.
അദ്ധ്യാപകന്റെ സര്‍ഗാത്മകതയും, ഡിപ്പാര്‍ട്ട്മെന്റ് നിയമങ്ങളും ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചുകൊണ്ട് മാത്രമേ ഔപചാരിക വിദ്യാഭ്യാസത്തില്‍ സാധ്യമാവുകയുള്ളൂ. അതിനപ്പുറം ക്രിയേറ്റിവിറ്റി കാണിക്കുന്ന ഒരാള്‍ സിസ്റ്റത്തിന് പുറത്താകും. ഇത്തരം നിയന്ത്രണങ്ങള്‍ ഔപചാരികവിദ്യാഭ്യാസഘടനയില് അനിവാര്യവുമാണ്. പക്ഷേ, വിദ്യാര്‍ത്ഥിയെ പരീക്ഷാര്‍ത്ഥിയായി മാത്രം കാണരുത് എന്ന മിനിമം മര്യാദ ഔപചാരിക വിദ്യാഭ്യാസസംവിധാനത്തില്‍ ഇടപെടുന്നവര്‍ കാണിക്കേണ്ടതുണ്ട്.
ഇത്തരത്തിലുള്ള ഒരു ഔപചാരികസംവിധാനത്തില്‍ കഴിഞ്ഞവര്‍ഷം ചെയ്തതുപോലെയുള്ള,
കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ (ഫസ്റ്റ് ബെല്‍) തുടരണമെന്നു തന്നെയാണ് അഭിപ്രായം. പക്ഷേ, അതിന്റെ വിനിമയരീതിയിലും ഘടനയിലും ഉള്ളടക്കത്തിലും സമയത്തിലും ഒക്കെ മെച്ചപ്പെടുത്തല്‍ ആവശ്യമാണ്.
നാം കോവിഡിനൊപ്പം ജീവിക്കുന്നു, കോവിഡിനോട് പൊരുതുന്നു, കോവിഡിനൊപ്പം തുഴയുന്നു. അതുകൊണ്ട് കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ തുറക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുകയും ചെയ്യുന്നു. പക്ഷേ, കോവിഡിനു മുമ്പുള്ള കാലത്തേതുപോലെ, ജൈവികവും മുഖാമുഖബന്ധവുമുള്ള ക്ലാസ് റൂം വിനിമയങ്ങള്‍ പോലെ കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസ്സ് റൂം വിനിമയത്തെ കാണാന്‍ സാധിക്കില്ല. അതിന് അതിന്റെതായ പരിമിതികളും പ്രതിസന്ധികളും ഉണ്ട്. ഇത് പരിഹരിക്കാന്‍ കഴിയില്ല, ലഘൂകരിക്കാനേ കഴിയൂ.
ഓണ്‍ലൈന്‍ വിനിമയത്തിലെ സമയം, ഓണ്‍ലൈന്‍ ക്ലാസിന്റെ ഘടന, ഉള്ളടക്കം, വിനിമയരീതി, അതു മെച്ചപ്പെടുത്താന്‍ അധ്യാപകരുടെ പങ്ക്, രക്ഷാകര്‍ത്താക്കളുടെ പങ്ക്, വിദ്യാഭ്യാസ വകുപ്പിന്റെ പങ്ക് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
1. പത്താംക്ലാസ് പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതുപോലെ ഓണ്‍ലൈന്‍ ക്ലാസിലെ കരിക്കുലം വിനിമയം ഫോക്കസ്ഡ് ആയിരിക്കണം എന്നതാണ് ഒന്നാമത്തെ നിര്‍ദേശം. പാഠപുസ്തകത്തില്‍ അച്ചടിച്ചുവച്ച മുഴുവന്‍ കാര്യങ്ങളും അക്ഷരംപ്രതി പകര്‍ത്തലല്ല ഓണ്‍ലൈന്‍ ക്ലാസുകളുടെ ലക്ഷ്യമായി കാണേണ്ടത്. ബുദ്ധിപരമായും, മനശാസ്ത്രപര മായും, യുക്തിയുക്തമായും, വൈകാരികമായും പുന:സംവിധാനം ചെയ്തത് ആയിരിക്കണം ഓണ്‍ലൈന്‍ ക്ലാസിന്റെ ഉള്ളടക്കം.
2. അതിന്റെ വിനിമയത്തിന് ടീം ടീച്ചിങ്, ആനിമേഷന്‍, സിനിമയുടെ സാധ്യതകള്‍, മറ്റുനൂതനമായ ബോധന സമ്പ്രദായങ്ങള്‍ ഒക്കെ ഉപയോഗപ്പെടുത്തണം. പഴഞ്ചന്‍ രീതികള്‍ ഉപേക്ഷിക്കണം.
3. കുട്ടികളുടെ അനുഭവങ്ങളും കുട്ടികളുടെ മികച്ച പ്രവര്‍ത്തന മാതൃകകളും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഇടപെടല്‍ സാധ്യതകളും അനുവദിക്കണം.
4. ഓരോ യൂണിറ്റിന്റെയും മുഖ്യആശയങ്ങളും കേന്ദ്രപ്രമേയവും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഉള്‍പ്പെടുത്തണം. അത് സംവാദാത്മകമാകണം. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അതില്‍ ഇടപെടാനുള്ള അവസരം ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വിടവുകള്‍ അടയ്ക്കുന്നതിനായി സ്കൂള്‍തലത്തില്‍ അധ്യാപകര്‍ ആസൂത്രണം ചെയ്യുന്ന ഇന്ററാക്ടീവ് ക്ലാസുകളിലൂടെ സാധിക്കണം.
5. ഇന്ററാക്ടീവ് ക്ലാസ്സുകളുടെ പ്ലാറ്റ്ഫോം, ഘടന, സംവിധാനം ഒക്കെ അധ്യാപകരുടെ സ്വാതന്ത്ര്യത്തിനു വിടണം. പരീക്ഷകള്‍ ഒഴിവാക്കണം. കുട്ടികളെ ഗ്രേഡ് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ പരമാവധി കുറയ്ക്കണം. ക്ലാസില്‍ നല്കുന്ന അസൈന്മെന്റുകള് കുട്ടികള്‍ക്ക് താല്‍പ്പര്യം ജനിപ്പിക്കുന്നതാവണം.
6. ഒരുദിവസം ഒരുക്ലാസിന് പരമാവധി അരമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള രണ്ടു വിഷയങ്ങളിലെ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ. ഇന്ററാക്ടീവ് ക്ലാസുകള്‍ക്കായി ഒരു ദിവസം രണ്ട് വിഷയങ്ങള്‍ കൂടി ഒരു മണിക്കൂര്‍ അധ്യാപകന് കണ്ടെത്തണം. അസൈമെന്റുകള്‍ പൂര്‍ത്തീകരിക്കാന്‍ കുട്ടിക്ക് ഒരു ദിവസം ഒരു മണിക്കൂര്‍ സമയം അനുവദിക്കണം. ഈ രീതിയില്‍ പരമാവധി മൂന്നുനാലു മണിക്കൂര്‍ ആയിരിക്കണം ഒരു ദിവസം കുട്ടിയുടെ ഓണ്‍ലൈന്‍ വിനിമയസമയം.
7. കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയും സഹായവും ചെയ്യേണ്ടത് അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും ബാധ്യതയാണ്. ഇത് ഉറപ്പുവരുത്തുകയും മേല്‍നോട്ടം ഏറ്റെടുക്കേണ്ടതും ഡിപ്പാര്‍ട്ട്മെന്റിന്റെ ചുമതലയാണ്.
കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കരുത്…
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ ഗതികെട്ട കാലത്തിന്റെ പകരം സംവിധാനം മാത്രമാണ്. കുട്ടികള്‍ക്ക് ഫോണ്‍ കിട്ടിക്കഴിഞ്ഞാല്‍ അവര്‍ക്ക് താല്പര്യമുള്ള കാര്യങ്ങളാണ് ഫോണില്‍ തിരയുക. മുതിര്‍ന്നവരായ, വിവേകശാലികള്‍ എന്ന് സ്വയം വിശ്വസിക്കുന്ന നമ്മളും അതുതന്നെയാണ് ചെയ്യുന്നത്. അതുകൊണ്ട് അതിനെ പഴിക്കുകയും പരിഭ്രമിക്കുകയും പരാതിപ്പെടുകയും ചെയ്യേണ്ടതില്ല. പകരം ബുദ്ധിപൂര്‍വകവും സമചിത്തതയോടുകൂടിയതുമായ ഒരു സമീപനമാണ് ആവശ്യം.
കുട്ടികളുടെ സഹജവാസനകള്‍ പരിപോഷിപ്പിക്കാനുള്ള അവസരങ്ങള്‍ വിദ്യാഭ്യാസവകുപ്പും സര്‍ക്കാര്‍ സംവിധാനങ്ങളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് ഒരുക്കണം. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് വീട്ടില്‍ ഇരിക്കുമ്പോഴും വീട്ടിലെ നിയന്ത്രിതസാഹചര്യത്തില്‍ ചുറ്റുപാടിനെ, മണ്ണിനെ, മനുഷ്യനെ, പ്രകൃതിയെ ഒക്കെ അറിയാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കണം. കുട്ടിയുടെ സവിശേഷമായ നൈപുണികള്‍ (Skills), പാടവങ്ങള്‍ (Talents), അഭിരുചികള്‍ (Aptititudes) ഇവയൊക്കെ പരിപോഷിപ്പിക്കപ്പെടണം.