ടി.പി. ശ്രീനിവാസന്‍
(മുന്‍ ഇന്ത്യന്‍ അംബാസഡര്‍, ഗവര്‍ണര്‍ ഫോര്‍ ഇന്ത്യ-ഇന്റര്‍നാഷണല്‍, അറ്റോമിക് എനര്‍ജി ഏജന്‍സി)
ഇസ്രായേലിനും പലസ്തീനിനും ഇടയില്‍ 2014 മുതല്‍ നിലനില്‍ക്കുന്ന താത്ക്കാലിക സമാധാനത്തിന് പെട്ടെന്ന് അറുതിവരുത്തിക്കൊണ്ടാണ്, 2021 മെയ് ആദ്യവാരം ഹമാസിന്റെ റോക്കറ്റാക്രമങ്ങളും ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളും ഈ മേഖലയെ പൂര്‍ണരൂപത്തിലുള്ള ഒരു യുദ്ധമുഖത്തേക്ക് എത്തിച്ചത്. കോവിഡ്-19 ന്റെ ആഘാതം കൂടുതല്‍ വഷളായിത്തീര്‍ന്ന സാഹചര്യത്തിലാണിതെന്നുകൂടി ഓര്‍ക്കണം. ജറുസലേമിനടുത്തുള്ള ഷെയ്ക് ജറാ പ്രദേശത്തുനിന്ന് പലസ്തീനികളെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചതിനെത്തുടര്‍ന്നാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായേല്‍ അതിശക്തമായി തിരിച്ചടിച്ചത് നിരന്തരമായ വ്യോമാക്രമണത്തിലൂടെയാണ്. ഹമാസ് പ്രക്ഷോഭകാരി സംഘത്തിലെ നിരവധി സൈനികര്‍ ഇസ്രായേലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേലും ഹമാസും പ്രസ്താവിച്ചിട്ടുണ്ട്. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം ഗാസാ മേഖലയില്‍ രൂക്ഷമായതിന്റെ ഫലമാണിത്. ഈ സംഘര്‍ഷത്തിന്റെ അലയൊലിയും ഞെട്ടലും കേരളത്തിലുമെത്തിയത്, ഹമാസ് റോക്കറ്റ് ആക്രമണത്തെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ഒരു വനിതാ നേഴ്‌സ് അവിടെ കൊല്ലപ്പെട്ടപ്പോഴാണ്. ഇന്ത്യ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രായേലി സുരക്ഷാഭടന്മാരുടെ അക്രമത്തെ അപലപിച്ചിട്ടുണ്ട്.
ഇസ്രായേലി വ്യോമാക്രമണം ലക്ഷ്യംവച്ചത് ഹമാസ് പ്രക്ഷോഭകാരികളുടെ റോക്കറ്റ് വിക്ഷേപണകേന്ദ്രങ്ങളെയും ഹമാസ് നേതാക്കളുടെ ഓഫീസുകളെയും ഭവനങ്ങളെയുമാണ്. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും അസംഖ്യം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലികളും കൊല്ലപ്പെട്ടു.
ഏറ്റവുമൊടുവിലായി ആക്രമണം നടന്നത്, ജറുസലേമിനുമേലുള്ള നിയന്ത്രണം സ്വന്തമാക്കുന്നതിനും അറബ് സ്വാധീനമേഖലകള്‍ പിടിച്ചടക്കുന്നതിനും യഹൂദര്‍ നടത്തിയ ശ്രമങ്ങളെത്തുടര്‍ന്നാണ്. ഈ സംഘര്‍ഷത്തിന്റെ അലയൊലികള്‍ വെസ്റ്റ് ബാങ്ക് മേഖലയിലും എത്തി. നൂറുകണക്കിന് അറബ് സമൂഹനിവാസികള്‍ അവിടെ പ്രതിഷേധറാലികള്‍ നടത്തി. പലസ്തീന്‍കാര്‍ക്കെതിരെ ഇസ്രായേലി ഭടന്മാര്‍ നടത്തുന്ന ആക്രമത്തെ അപലപിച്ചു.
സിവിലിയന്‍ മേഖലകളിലും അറബികളും യഹൂദരും തമ്മില്‍ സംഘര്‍ഷം നടന്നുവരികയാണ്. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ ഇടപെട്ട് വെടിനിര്‍ത്തല്‍ ഉറപ്പാക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍ പ്രതികാരം ചെയ്‌തേ അടങ്ങൂ എന്ന നിലപാടിലാണ് ഇസ്രായേല്‍. പലസ്തീന്‍കാരുടെ മനോവീര്യം തകര്‍ക്കലാണവരുടെ ലക്ഷ്യം. അമേരിക്കയുടെ ശക്തമായ പിന്തുണയോടെ ലക്ഷ്യം നേടുന്നതുവരെ, വെടിനിറുത്തലിനെ ഇസ്രായേല്‍ പ്രതിരോധിക്കുമെന്നുറപ്പാണ്.
അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി, ലോയ്ഡ് ഓസ്റ്റിന്‍ ഇസ്രയേലിന്റെ പ്രതിരോധ സെക്രട്ടറിയോടു ആശയവിനിമയം നടത്തുകയും പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു. അതില്‍ ഇങ്ങനെ പറയുന്നുണ്ട്: ”ഇസ്രായേലിന്റെയും അവിടത്തെ ജനങ്ങളുടെയും നീതിയുക്തമായ അവകാശങ്ങളെ പരിരക്ഷിക്കുന്നതില്‍ അമേരിക്ക പിന്തുണ വാഗ്ദാനം ചെയ്യുന്നു.” ഇസ്രായേല്‍ പൗരസമൂഹത്തെ ലക്ഷ്യംവച്ചുകൊണ്ടുള്ള ഹമാസിന്റെയും ഭീകരവാദിസംഘങ്ങളുടെയും റോക്കറ്റ് ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു. സമാധാനം പുനഃസ്ഥാപിക്കുന്നതിനു എല്ലാ വിഭാഗക്കാര്‍ക്കുമുള്ള നിര്‍ണായക പ്രാധാന്യവും ഈ പ്രസ്താവനയില്‍ എടുത്തുപറയുന്നുണ്ട്. അതേസമയം, പലസ്തീന്‍കാര്‍ക്ക്, സമാധാനത്തിലും സുരക്ഷയിലും ജീവിക്കാനുള്ള അവകാശവും ലഭ്യമാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കണമെന്ന് ഇരുകൂട്ടരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ജര്‍മനി ശക്തമായി നിലകൊള്ളുന്നത് ഇസ്രായേലിന്റെ ഭാഗത്താണെന്ന് ജര്‍മനിയുടെ നീതിന്യായ വകുപ്പ് മന്ത്രി ക്രിസ്റ്റീന്‍ ലാംബ്രെക്റ്റ് പറഞ്ഞു. സ്വയം പ്രതിരോധിക്കുന്നതിന് എല്ലാ അവകാശവും ഇസ്രായേലിനുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു.
എന്നാല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, തുര്‍ക്കി പ്രസിഡന്റ് റിസപ് തയ്യിബ് എര്‍ഡോഗാന്‍ പലസ്തീന്‍കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധമുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. ഗാസയില്‍ പലസ്തീനികളോട് പെരുമാറുന്ന രീതി കണക്കിലെടുത്താല്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം അസാധാരണമല്ല. പക്ഷേ, അത് അധികനാള്‍ നീണ്ടുനില്‍ക്കാറില്ല. ഒരു യുദ്ധത്തിനും ശാശ്വതമായ പ്രശ്‌നപരിഹാരം ഉണ്ടാക്കാനാവില്ല. എന്നാല്‍, പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞത്, ഇതൊരു തുടക്കം മാത്രമാണെന്നും ഞങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ലായെന്ന് അവര്‍ സ്വപ്നം കണ്ടതിനെയെല്ലാം മറികടന്നുള്ള ആക്രമണമാണ് അഴിച്ചുവിടുകയെന്നുമാണ്.