NS Madhavan

Q. രാഷ്ട്രഭേദമില്ലാതെ, ഭാഷാവ്യത്യാസമില്ലാതെ, എവിടെയും ഇരുളൊച്ചകൾ   മാത്രമേ എങ്ങും കേൾക്കാനുള്ളൂ.  ജനാധിപത്യം എന്നത്  സങ്കല്പമായി മാറുകയാണോ എന്തു തോന്നുന്നു ?

 

അത്ര നിരാശാജനകമാണ് ജനാധിപത്യത്തിന്റെ സ്ഥിതി എന്നു  തോന്നുന്നില്ല. കാരണം, ചാക്രികമായി പല കാലത്തും സംഭവിച്ച കാര്യങ്ങൾ മാത്രമേ ഇപ്പോൾ സംഭവിക്കുന്നുള്ളൂ. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യരാജ്യമായ അമേരിക്ക കുറച്ച് മാസങ്ങൾക്ക് മുൻപ് ട്രംപിന്റെ  നേതൃത്വത്തിൽ വംശീയവും ജനാധിപത്യവിരുദ്ധവുമായ പല നടപടികളിൽകൂടി കടന്നു പോയിരുന്നു. അതിൽനിന്ന് ആ രാജ്യം തെരഞ്ഞെടുപ്പിലൂടെ അതിന്റെ സ്വത്വം വീണ്ടെടുക്കുകയുണ്ടായി. അതായത്, സ്ഥായിയായ ഒരു ജനാധിപത്യസ്വഭാവം രാജ്യത്തിന് ഉണ്ടാവുകയാണെങ്കിൽ അതിനെ മാറ്റാൻ എളുപ്പമല്ല എന്നാണ് ഇത് നമുക്ക് കാണിച്ചു തരുന്നത്.  എന്നാൽ നമ്മുടെ തൊട്ടടുത്ത മ്യാൻമറിൽ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തത് ഒരു മോശം പ്രവണതയാണ്. ഫെബ്രുവരി ഒന്നിലെ അട്ടിമറിക്ക് ശേഷം മ്യാൻമർ സൈന്യം തുടരുന്ന കൂട്ടക്കൊലയ്ക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ കനത്ത ജനകീയ പോരാട്ടമാണവിടെ നടക്കുന്നത്. പെട്ടെന്ന് വിജയിക്കും എന്ന് പറയാൻ പറ്റില്ല. പക്ഷേ, ജനാധിപത്യം ഒരുതരത്തിൽ വളരെയധികം ആശ നൽകുന്ന സങ്കല്പമാണ്. അതിനെ അത്രയെളുപ്പം  മാറ്റാ സാധിക്കുന്നുമെന്നു തോന്നുന്നില്ല.

 

Q.അധികാരം കേന്ദ്രീകൃതമായി, ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നു, മതേതരത്വം ചോദ്യംചെയ്യപ്പെടുന്നു ഇന്ത്യൻ ജനാധിപത്യം കുഴപ്പത്തിലാണോ ?

 

വളരെ വിഷമാവസ്ഥയിൽ കൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്.  കൊളോണിയൽ ഭരണത്തിൽ നിന്നു മോചിതമായപ്പോൾ ഒരു വരദാനം പോലെ നമുക്കു കിട്ടിയതാണ്‌ ജനങ്ങൾക്ക്‌ സ്വയം തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം. ഭരണഘടനാനിർമാണ   അസംബ്ലിക്ക് നേതൃത്വം നൽകിയ ഡോ.അംബേദ്ക്കർ ഉദാത്തമായ   ജനാധിപത്യഭരണഘടന രൂപം നൽകുന്നതിൽ വിജയിച്ചതോടെ  മർദ്ദിത സാമൂഹ്യവിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്താനുള്ള ഇടപെടലുകൾക്ക് അവസരമൊരുങ്ങുകയും ചെയ്തിരുന്നു. ഭരണഘടനയ്ക്ക് അടിസ്ഥാനപരമായി കുറെ തൂണുകൾ ഉണ്ട്. അതിലൊന്നാണ് മതേതരത്വം മറ്റൊന്നാണ് സമത്വം. കഴിഞ്ഞ കുറച്ചു നാളുകളായി   ദേശീയ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളി ഉണ്ടായ പല സംഭവങ്ങളും മതനിരപേക്ഷതയെ ഹനിക്കുന്നതാണ്.  ഈ തൂണുകളെയെല്ലാം പിടിച്ചുലയ്ക്കുന്ന പല സംഭവങ്ങൾ അരങ്ങേറി. ഇന്ന് ഇന്ത്യ ഭരിക്കുന്നവർ ഒരു മതേതര രാജ്യത്തിൽ നിന്ന് ഇന്ത്യയെ ഒരു മതരാഷ്ട്രം ആക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ പ്രശ്നം ജനാധിപത്യത്തിന്റെ കൂടിയാണ്. കാരണം, വെറും മതരാഷ്ട്രം അല്ല ഭൂരിപക്ഷമതത്തിന്റെ രാഷ്ട്രമാണ് ലക്ഷ്യമിടുന്നത്. ഭൂരിപക്ഷം എന്നുള്ള വാക്ക് ഒരു ജനാധിപത്യ സംജ്ഞയാണ്. ഭൂരിപക്ഷമാണ് ജനാധിപത്യത്തിൽ എപ്പോഴും ഭരിക്കുക. എല്ലാ ഭാരതീയരുടെയും അവകാശങ്ങളുടെയും അവസരങ്ങളുടെയും കാര്യത്തിൽ  അലംഘനീയമായ സമത്വം മറ്റെന്തിനേക്കാൾ ഉപരിയായി പ്രഘോഷിക്കുന്ന ഒരുതരം ആദർശപരത നമ്മുടെ ഭരണഘടനാപിതാക്കൾ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം സമസ്തജനങ്ങൾക്കും  വേണ്ടിയുള്ളതായിരുന്നു. അങ്ങേയറ്റം ബഹുസ്വരമായ ഇന്ത്യൻ സമൂഹത്തിന് മുകളിൽ ഒരു ഏകീകൃത ഹിന്ദുത്വ ദേശീയബോധം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി ഭരണകൂടം ഇന്ത്യയിൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അത് എങ്ങനെയാണ് നമ്മുടെ സമൂഹത്തിൽ തുടർന്നു പ്രവർത്തിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ കേവലം സങ്കൽപങ്ങൾ മാത്രമേ നമ്മുടെ മുമ്പിലുള്ളൂ എന്നുള്ളതാണ് സത്യം. അത് തീർച്ചയായിട്ടും നമ്മളെ കൂടുതൽ ജാഗരൂകരാകാൻ നിർബന്ധിക്കുകയും ചെയ്യുന്നു. പക്ഷേ, ആശയുടെ കിരണം എന്താണെന്നുവെച്ചാൽ ഇപ്പോഴും ഇന്ത്യയിൽ ഭരണമാറ്റം തിരഞ്ഞെടുപ്പുകളിൽ കൂടെ നടക്കുന്നു എന്നതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയലൂടെ നടക്കുന്ന സമാധാനപരമായ ഭരണ മാറ്റങ്ങൾക്ക് മാറ്റമൊന്നും വരാതിരിക്കാത്തിടത്തോളംകാലം നമുക്ക് ആശയ്ക്ക് വകയുണ്ട്. കാരണം, ഒരു ജനത അത് എത്ര ഭൂരിപക്ഷം ആയിരുന്നാലും മുഴുവൻപേരും ഇത്തരമൊരു ആശയത്തിന്റെ കുടക്കീഴിൽ വരാൻ വലിയ പ്രയാസമാണ്. പരവിദ്വേഷത്തിലധിഷ്ഠിതമായ ഒരു പ്രത്യയശാസ്ത്രവും അധികകാലം വാണ ചരിത്രമില്ല.

 

Q. വിവേചനം കൂടാതെ ഓരോ മനുഷ്യനും അനുഭവിക്കാമെന്ന് കരുതപ്പെടുന്ന ധാർമികവും നിയമപരവുമായ അവകാശങ്ങളെല്ലാം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സഹജവും അനിഷേധ്യവുമായ  അവകാശങ്ങളെ കവർന്നെടുക്കുന്ന  ഇത്തരം നീക്കങ്ങൾ  തടയുന്നതിനുവേണ്ടിയുള്ള പരമോന്നതകോടതിയുടെ നിർദേശങ്ങൾപോലും നടപ്പിലാക്കപ്പെടുന്നില്ല. നീതിരഹിതമായി പ്രവർത്തിക്കേണ്ട  നീതിന്യായ സംവിധാനങ്ങൾവരെ ചിലപ്പോൾ മൗനം പാലിക്കുന്നു. എന്ത് തോന്നുന്നു?

 

നീതിന്യായ സംവിധാനങ്ങൾ മാത്രമല്ല എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും മൗനംപാലിക്കുന്നു എന്നു ലഘൂകരിച്ചു പറയാതെ വളരെ പ്രകടമായിത്തന്നെ ഭരിക്കുന്നവരുടെ ആജ്ഞാനുവര്‍ത്തികളായിക്കഴിഞ്ഞതിന്റെ കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പുകമ്മിഷൻ നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയിൽ സുപ്രധാനമായ ചുമതല വഹിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമാണ്. പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് ഇത്തവണ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടന്നത്. 45 ദിവസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രക്രിയ! ഇത്രയും നീണ്ട വോട്ടെടുപ്പ് സമയക്രമം ബിജെപിക്ക് അനുകൂലമായി എടുത്ത തീരുമാനമായിരുന്നു. അതുപോലെത്തന്നെയാണ് കോടതികൾ. മനുഷ്യാവകാശങ്ങളും നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പല പൗരാവകാശങ്ങളും നിഷേധിക്കുന്ന വിധിന്യായങ്ങളും അടുത്തകാലത്ത് ധാരാളം ഉണ്ടായി. ഭരണഘടനാ വ്യവസ്ഥകളെ ദുർവ്യാഖ്യാനം ചെയ്യാനും മരവിപ്പിക്കാനും തങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിക്കാനുമുള്ള തുടർച്ചയായ നീക്കങ്ങളുമാണിപ്പോൾ നടക്കുന്നത്. ഇത് സ്വതന്ത്ര ഭരണഘടനാ സ്ഥാപനങ്ങളെ ജനങ്ങ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കും. ഇത് അത്യന്തം ഉത്കണ്ഠാജനകമാണ്. ഇവിടെയും ആശയുടെ കിരണം എന്നുപറയുന്നത്,  ഇതെല്ലാം വ്യക്തി അധിഷ്ഠിതം കൂടിയാണെന്നുള്ളതാണ്. ജസ്റ്റിസ് എൻ. വി. രമണ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റെടുത്ത ശേഷം, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സുപ്രീം കോടതി അതിന്റെ സ്വാതന്ത്ര്യം കുറെയൊക്കെ വീണ്ടെടുത്തതായി നിരീക്ഷകർ പറയുന്നു. സാധാരണക്കാരുടെ അവകാശങ്ങളുടെ കാവലാൾ എന്ന നിലയിലേക്കുള്ള നമ്മുടെ പരമോന്നത നീതിപീഠത്തിന്റെ തിരിച്ചുവരവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.

 

സ്വയംഭരണവും സ്വതന്ത്രാധികാരങ്ങളും ഉള്ള, ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന ഭരണഘടനാ സ്ഥാപനങ്ങളും സർകാർ ഏജൻസികളും   ഒരിക്കലും ഭരണകർത്താക്കളുടെ വാലായി പ്രവർത്തിക്കേണ്ടതല്ല. ED ആയാലും ആദായനികുതിവകുപ്പ് ആയാലും ഭരണകക്ഷിയുടെ വേട്ടപ്പട്ടികളെപ്പോലെ പെരുമാറേണ്ടവരല്ല. ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കുകയും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹികനീതി എന്നീ തത്ത്വങ്ങളെ നടപ്പിലാക്കുകയാണ് ഇവർ ചെയ്യേണ്ടത്. ഇതെല്ലാം നഷ്ടപ്പെടുന്ന ഒരു ദാരുണമായ കാഴ്ചയാണ് നാം ഇന്ത്യയിലെമ്പാടും കാണുന്നത്. അത് ജനങ്ങളെ ബാധിക്കും. അതിനെതിരായ ജനങ്ങളുടെ പ്രതികരണം ഉണ്ടാകുമെന്ന് ആശിക്കുക മാത്രമേ നമുക്ക് ഇപ്പോൾ പറയാൻ സാധിക്കൂ.

 

ഇന്നത്തെ അവസ്ഥയെക്കാൾ ഏറെ ഭീകരമായിരുന്നു 1975 മുതൽ 77 വരെ  നീണ്ടുനിന്ന അടിയന്തരാവസ്ഥ കാലഘട്ടം. അതിൽ നിന്നൊക്കെ വളരെ പ്രോജ്വലമായി തന്നെ ഇന്ത്യൻ ജനത ഉയർത്തെഴുന്നേറ്റു. അധികം അടിച്ചമർത്താൻ സാധ്യമല്ലാത്തരീതിയിൽ നാലഞ്ചു ദശകങ്ങളിലെ ജനാധിപത്യ ശീലങ്ങളെ ഒരുപക്ഷേ, ഇന്ത്യൻ ജനത വളർത്തിയെടു ത്തിട്ടുണ്ടാവാം. ആ ആഖ്യാനത്തെ മാറ്റാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. അതിൽ ഇവർ വിജയിക്കുമോ എന്നത് നോക്കി കാണേണ്ട സംഗതിയാണ്. ചരിത്രപരമായി അതിനുള്ള സാധ്യതകൾ കുറവാണ്.

 

Q. സാമ്പത്തിക സമത്വത്തിലും സാമ്പത്തിക സ്വാശ്രയത്തിലും ഊന്നിയ  ഒരു ബദൽ രാഷ്ട്രീയ വ്യവസ്ഥ പടുത്തുയർത്തുന്നതിലൂടെ  ഇന്ത്യൻ ദേശീയത വളർത്തിയെടുക്കുന്നതിൽ  നമ്മുടെ ദേശീയപ്രസ്ഥാനങ്ങൾ പരാജയപ്പെട്ടതിന്റെ   ചരിത്രപരമായ പങ്കുംകൂടെ ഈ അവസരത്തിൽ കൂട്ടിവായിക്കണ്ടേ ?

 

ഇന്ത്യൻ ദേശീയത വളർത്തിയെടുക്കുന്നതിൽ  നമ്മുടെ ദേശീയപ്രസ്ഥാനങ്ങൾ പിഴച്ചു പോയി എന്ന് പറയുന്ന ആഖ്യാനം സത്യം പറഞ്ഞാൽ സംഘപരിവാറിന്റേതാണ്. ഇന്ത്യ ഭരണഘടനയിൽ എഴുതി പിടിപ്പിച്ച മതേതരത്വം യഥാർത്ഥത്തിൽ കൃത്രിമമാണ്. ഇന്ത്യയുടെ സംസ്കാരത്തിൽ ഒരിക്കലും ഉണ്ടാകാത്ത കാര്യമാണ് അത്. ഇന്ത്യ സമൂഹം അടിമുടി മതാത്മകമാണ്. പ്രാദേശികവും ജാതിബദ്ധവുമായ സ്വത്വസങ്കല്പങ്ങളിൽനിന്നു് ദേശീയവും മതനിരപേക്ഷവുമായ പൌരസങ്കല്പത്തിലേക്കു് വ്യക്തികളെ ആനയിക്കാ സാമ്രാജ്യവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാധിച്ചിരുന്നു. അത്തരത്തിൽ വ്യത്യസ്തഭാഷകളും സംസ്കാരങ്ങളുമായി ചിതറിക്കിടന്ന വിവിധ ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു ഭരണഘടനയായിരുന്നു സ്വാതന്ത്ര്യാനന്തരം  ഇന്ത്യയിൽ നിലവിൽ വന്നത്.  സഹജീവികളോട് ആദരവും പരിഗണനയുമാണ് അംബേദ്‌കർ ഊന്നിയത്.  എത്ര വിഭിന്നമായ സമൂഹമാണ് ഇന്ത്യയിൽ ? എത്ര പാർട്ടികൾ?, എത്ര മതങ്ങൾ ?,  എത്ര ജാതികൾ ? എണ്ണിയാലൊടുങ്ങാത്ത ഭിന്നതകൾക്കുനടുവിലും ഇന്ത്യ ഒന്നായി തുടരുന്നതിന് ഇത്തരത്തിലുള്ള ഒരു ഭരണഘടന കൊണ്ട് മാത്രമേ സാധ്യമാവൂ. അതിനെയാണ് ഇവർ തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഈ ആഖ്യാനം. എനിക്ക് അതിനോട് യോജിപ്പില്ല.

 

 

Q.സാമ്പത്തിക സ്വാശ്രയത്വം?

 

സ്വാതന്ത്ര്യത്തിന് 74 വർഷത്തിനുശേഷവും നമ്മുടെ രാജ്യത്ത് സാമ്പത്തിക അസമത്വം വളരെ കൂടുതലാണ്. സാമ്പത്തികസ്വാശ്രയത്വം അസാധ്യമായ കാര്യമാണ്. ദുർഭരണം, അഴിമതി, രാഷ്ട്രീയ ഇച്ഛാശക്തി എന്നിവയുടെ അഭാവം മൂലം ഇന്ത്യയിലെ സാമൂഹ്യക്ഷേമ പദ്ധതികൾ തുടർച്ചയായി പരാജയപ്പെടുന്നു. ഇന്ത്യയിലെ സമ്പത്തിന്റെ 73 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം ആൾക്കാരുടെ കൈവശം ആണ്‌.  ഇവരാണ് രാജ്യത്തിന്റെ നയങ്ങൾ തീരുമാനിക്കുന്നത്. ഇവിടുത്തെ കോർപ്പറേറ്റ്‌ ഭീമന്മാർക്ക്‌ പ്രത്യയശാസ്ത്രപരമായ അധീശത്വം കൂടുതലാണ്‌. നാലോഅഞ്ചോ വ്യവസായ കുടുംബങ്ങൾക്ക് വേണ്ടി രാജ്യതാൽപര്യങ്ങൾ പലപ്പോഴും ബലികഴിക്കുകയാണ്.

 

രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കോവിഡ് വാക്സിന്റെ വില നിർണയിക്കുന്നതിൽ രണ്ട് ലാബറട്ടറികളെ സഹായിക്കുന്ന രീതിയാണ് കേന്ദ്രം കൈക്കൊണ്ടത്. കേന്ദ്ര സർക്കാരിന് ഒരു വില, സംസ്ഥാനസർക്കാരിന് ഒരു വില, പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ മൂന്നാമതൊരു വില. വില നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണന്നും അതിന്റെ യുക്തി എന്താണെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആരായുകയും ചെയ്തു. ജനതാല്പര്യത്തെ മാറ്റിവച്ചുകൊണ്ട് കുറച്ച് കോർപ്പറേറ്റുകളെ സഹായിക്കുന്ന രീതിയിലേക്ക് കേന്ദ്ര ഭരണം മാറിയിരിക്കുകയാണ്. അതിന് നമ്മൾ വലിയ വില കൊടുക്കേണ്ടി വരും.

 

Q. ഇന്ത്യൻ ജനാധിപത്യം അതിന്റെ ജനകീയജാഗ്രത പലവട്ടം വ്യക്തമാക്കിയതാണ്. മനുഷ്യാവകാശത്തിനും  ബഹുസ്വരതയ്ക്കും  ജനാധിപത്യത്തിനും  സമത്വത്തിനുമായുള്ള പോരാട്ടം ഏത് രീതിയിലായിരിക്കണം? പ്രത്യേകിച്ച്, അടച്ചിടലിന്റെയും മഹാമാരിയുടെയും പശ്ചാത്തലത്തിൽ? കാലങ്ങളായി രാഷ്ട്രീയപാർട്ടികൾ പിന്തുടർന്നുവരുന്ന നയങ്ങൾ  പുനഃപരിശോധിക്കുന്നതിനുള്ള സമയം അതിക്രമിച്ചില്ലേ ?

 

അത് ഏതാണ്ട് പ്രവചനാതീതമാണ്. ഇനി എന്താണ് സംഭവിക്കുക എന്നത് അറിയില്ല. കാരണം, പല രീതിയിലുള്ള കൊച്ചുകൊച്ചു സമരങ്ങൾ പല ഭാഗത്തായി നടക്കുന്നുണ്ട്. പൗരത്വബില്ലിനെതിരെ ആസാമിലും ദില്ലിയിലും മറ്റും സമരം നടന്നു. അതിനുശേഷം കർഷകസമരങ്ങൾ നടന്നു. ഇതെല്ലാം തുടച്ചുമാറ്റാൻ ഈ കോവിv മഹാമാരി സർക്കാരിv സഹായകമായിട്ടുണ്ട്. പക്ഷേ, പല ഇടങ്ങളിലായി  ഇന്ന് ഉണ്ടായിവരുന്ന  ചെറുത്ത് നില്‍പ്പുകളെ  സമഗ്രമായ ഒരു ഏകീകൃത ഉള്ളടക്കത്തിലേക്ക് ഏകോപിപ്പിക്കാനാവുന്നില്ലെങ്കി ഭാവിയിൽ അത് ഏത് രീതിയിൽ ആകും മുന്നേറുക എന്ന് നമുക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ആസാമിൽ ഒഴിച്ച് ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. യുപിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടി ഉണ്ടായി. ഇതൊരു മാറ്റം ആണെന്ന് പറയാൻ സാധിക്കില്ല. കാരണം, ഇതെല്ലാം കഴിഞ്ഞ് അവസാന നിമിഷത്തിൽ വർഗീയത വിളമ്പി ജനങ്ങളെ ദ്രുവീകരിക്കാൻ നല്ല പാടവം ഉള്ള രണ്ടു നേതാക്കന്മാർ ബിജെപിയിൽ ഉള്ളപ്പോൾ ജനങ്ങളെവീണ്ടും അവരുടെ പക്ഷത്തേക്ക് കൊണ്ടുവരുമോ എന്ന കാര്യത്തിൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു. എങ്ങനെയാണ് ഭാവിയിൽ ഇത് സംഭവിക്കാൻ   പോകുന്നത് എന്ന് പറയാൻ പറ്റില്ല. പക്ഷേ, ഇന്ത്യയുടെ ചരിത്രമെടുത്തുനോക്കിയാൽ അവസാനം ജനതയുടെ ജാഗ്രത വിജയിക്കും എന്നുള്ള ഒരു പശ്ചാത്തലമുണ്ട്. ആ ഒരു പശ്ചാത്തലമാണ് നമുക്ക് ഒരു ആശ്വാസം നൽകുന്നത്.

 

Q.മഹാമാരിയോടുള്ള ഭരണകൂട പ്രതികരണങ്ങൾ ജനാധിപത്യപരം ആയിരുന്നു എന്നു തോന്നുന്നുണ്ടോ?

 

ലോകത്തിൽ എവിടെയെല്ലാം ഏകാധിപത്യ പ്രവണതയുള്ള ഭരണാധികാരികൾ ഉണ്ടോ അവിടെയെല്ലാം മഹാമാരി വളരെ രൂക്ഷമായി ബാധിച്ചു. അമേരിക്കയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അമേരിക്ക കോവിഡ്  രോഗികളുടെ മരണനിരക്കിൽ ലോകത്തിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. തൊട്ടടുത്ത്  ഇന്ത്യയും.   ബ്രസീലിൽ ബോൾസനാരോ ഏറ്റവും മോശമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തു. ഇന്ത്യയി കോവിഡ് 19 രണ്ടാം തരംഗം രൂക്ഷമായതി ഭരണത്തിന്റെ എല്ലാ പൊള്ളത്തരവും തുറന്നുകാട്ടപ്പെടുകയാണ്. രാജ്യത്തിന്റെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളുടെ പോരായ്മകളും ലോകത്തിന് മുന്നില്‍ തുറന്നുക്കാട്ടപ്പെടുന്ന സ്ഥിതിയുണ്ടായതായി. വാക്സിനേഷ മുന്നൊരുക്കങ്ങളി സര്‍ക്കാര്‍ പരാജയപ്പെട്ടു. വാക്സിനുകളുടെ ലഭ്യതയ്ക്ക് സര്‍ക്കാര്‍ വേഗത്തിലുള്ള നടപടിക  സ്വീകരിച്ചില്ല.  പൗരത്വ നിയമത്തിനെതിരായി ഇവിടത്തെ ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതും കർഷകസമരം കൈകാര്യംചെയ്ത രീതിയിലും തുടങ്ങി പല കാര്യങ്ങളിലും അന്താരാഷ്ട്രതലത്തിൽ നമ്മുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങൽ ഏറ്റിട്ടുണ്ട്. അത് തിരിച്ചുപിടിക്കാൻ വേണ്ടി ഇന്ത്യ ഏതാണ്ട് 6.6 കോടി ഡോസ് വാക്സിൻ ആണ് 94 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതിന്റെ ഫലമായി ഇന്ത്യയിൽ രണ്ടാമത്തെ ഡോസ് വാക്സിൻ കിട്ടാൻ കാത്തുനില്ക്കുന്ന ആൾക്കാർ അനവധി  ലക്ഷങ്ങളാണ്. വാക്സിൻ ഇനി എപ്പോഴാണ് കിട്ടുക എന്നുള്ളത് ആർക്കുമറിയില്ല. കൊറോണയെ  ഫലപ്രദമായി കീഴടക്കിയതിലൂടെ ഇന്ത്യ ഒരു വലിയ ദുരന്തത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷിച്ചുവെന്ന് ഫെബ്രുവരി മാസം ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ മോദി അവകാശപ്പെട്ടിരുന്നു. മഹാമാരിയെകുറിച്ചുള്ള ഒരു ഒട്ടകപ്പക്ഷിനയം ആദ്യം മുതൽക്കേ സർക്കാർ വച്ചുപുലർത്തിയതിന്റെ  ഫലമായിട്ടാണ് ഇന്നു നമ്മൾ ദുരിതം അനുഭവിക്കുന്നത്. അത് കൈകാര്യം ചെയ്തിരുന്നത് ഒട്ടും ജനാധിപത്യപരം ആയിരുന്നില്ല. അടിസ്ഥാന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ സർക്കാർ എല്ലായ്‌പ്പോഴും പ്രതിച്ഛായ വർധിപ്പിക്കുന്നതിനാണ് ശ്രദ്ധിച്ചത്.

 

പ്രതിരോധ കുത്തിവയ്പുകൾ ഇന്ത്യ സ്വതന്ത്രയായ അന്നു മുതൽ തുടങ്ങിയിട്ടുണ്ട്. 1978 ലാണ് ആരോഗൄ കുടുംബക്ഷേമ മന്ത്രാലയം യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം അവതരിപ്പിക്കുന്നത്. വസൂരി, കോളറ അടുത്ത കാലത്ത് പോളിയോ ഇവയെല്ലാം പരിപൂർണ്ണമായും സൗജന്യമായാണ് സർക്കാർ നൽകിയിരുന്നത്. ഇപ്പോൾ ആ നയത്തിൽനിന്നു മാറി വാക്സിൻ പ്രോഗ്രാമിൽ നിന്നു തന്നെ കേന്ദ്രസർക്കാർ പിൻവാങ്ങുകയാണ് ഉണ്ടായത്. പരിപൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകളുടെ തലയിൽ ഇടുകയും ചെയ്തു.  സംസ്ഥാന സർക്കാരുകൾ വില കൊടുത്തു വാങ്ങിക്കോ ജനങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി കുത്തി വെച്ചോളൂ എന്ന് പറഞ്ഞ് പിൻവാങ്ങുന്നത് ഉത്തരവാദിത്വം കുറഞ്ഞ നടപടിയാണ്.

 

ലോക രാജ്യങ്ങ ഇന്ത്യയിലെ സ്ഥിതിഗതികളിൽ വളരെ ഉത്കണ്ഠാകുലരാണ്. അതുകൊണ്ടാണ് കോവിഡ് മഹാമാരി അനിയന്ത്രിതമായി വ്യാപിക്കുന്ന ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട്  യുഎസ് സെനറ്റർമാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്‌ളിങ്കന് കത്ത് നല്‍കിയത്. റോഡുകളി ജനം മരിച്ചു വീഴാതിരിക്കണമെങ്കി വാക്‌സിനും ഓക്‌സിജനും പൊതുസ്ഥലങ്ങളി വിതരണം ചെയ്യേണ്ട അവസ്ഥയിലാണ് ഇന്ത്യയെന്നും  അവർ പരിതപിച്ചത്.   ഇന്ത്യയിലെ  കോവിഡ് അവസ്ഥയെക്കുറിച്ച് ലാൻസെറ്റ്, ഗാഡിയൻ, ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, തുടങ്ങിയ വിദേശ മാധ്യമങ്ങളിൽ വന്ന മിക്ക റിപ്പോർട്ടുകളും വിശകലനങ്ങളും എഡിറ്റോറിയലുകളും പ്രതിസന്ധിക്ക് ആക്കം കൂട്ടിയതിനും അത് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതിനും മോദിയെ കുറ്റപ്പെടുത്തുന്നു.

 

Q. ഇന്ത്യൻ പാർലമെൻററി ജനാധിപത്യത്തെ  ഏതുവിധത്തിൽ നമുക്ക് പുനർനിർമ്മിക്കാൻ സാധിക്കും ? ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ ഏകീകരണമെന്നത്    മതേതരജനാധിപത്യ വിശ്വാസികളുടെ  ഒരു മിഥ്യ ആയി മാറുമോ ?

 

ഫാസിസ്റ്റ് വിരുദ്ധ ശക്തികൾക്ക് ഒരു നേതൃത്വം ഇല്ലാത്തതുകൊണ്ട് അവരുടെ ഏകീകരണം ഇപ്പോൾ സാധ്യമല്ല എന്ന് തോന്നിക്കുന്ന അവസ്ഥയാണുള്ളത്.  അതുകൂടാതെ, രൂക്ഷമായ ഭരണകൂട മർദ്ദനവും ഒരുവശത്തുണ്ട്. അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യുകയോ ഭിന്നാഭിപ്രായം പരസ്യപ്പെടുത്തുകയോ ചെയ്താ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്ന പരിതസ്ഥിതി രാജ്യത്ത് നിലനില്‍ക്കുന്നു. പുരോഗമനപരവും സ്വതന്ത്രവുമായ ആശയങ്ങ പ്രചരിപ്പിക്കുന്നവരെ ‘അർബൻ നക്‌സലുക’ എന്ന് മുദ്രകുത്തി യുഎപിഎ ചുമത്തി ജയിലിലടച്ചത് നാം കണ്ടതാണ്.

 

ഇതിനു സമാന്തരമായി പറയേണ്ടത് അടിയന്തരാവസ്ഥ എങ്ങനെ ഇന്ത്യ നേരിട്ടു എന്നുള്ളതാണ്. അന്ന് ജയപ്രകാശ് നാരയണനെപ്പോലുള്ള ഉന്നത ശീർഷരായ നേതാക്കൾ അതിന്റെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇന്ന് വളരെ ദുർബലരായ ആളുകളാണ് ഫാസിസത്തിനെ പ്രതിരോധിക്കാൻ നേതൃത്വം നൽകുന്നത്.

 

അതോടൊപ്പം, ഇന്നത്തെ കാലത്തെ രാഷ്ട്രീയത്തിലെ ഒരു പ്രത്യേകത പുതുമുഖങ്ങളെ വളരെ പെട്ടെന്ന് താക്കോൽ സ്ഥാനത്തേക്ക് എത്തിക്കുന്നു എന്നതാണ്. യാതൊരു ഭരണ പരിചയവും ഭരണകൂടത്തിലും രാഷ്ട്രീയത്തിലും ഇല്ലാതിരുന്ന ആളായിരുന്നു കേജരിവാൾ. അദ്ദേഹം രാഷ്ട്രീയത്തിലിറങ്ങി ഒരു വർഷത്തിനുള്ളിൽ ഡൽഹിയുടെ മുഖ്യമന്ത്രിയായി. ട്രംപ് മറ്റൊരുദാഹരണമാണ്. രാഷ്ട്രീയപരമായി യാതൊരു പശ്ചാത്തലവുമില്ലാത്ത തികഞ്ഞ ബിസിനസുകാരൻ ആയിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ നിന്നു, ജയിച്ചു, അമേരിക്കൻ പ്രസിഡണ്ടായി. അതുപോലെ മറ്റു പുതുമുഖങ്ങൾ. ഈ പോസ്റ്റ് മോഡേൺ കാലഘട്ടത്തിന്റെ പ്രത്യേകതയാണ് അതിനനുസൃതമായിട്ടുള്ള പുതുമുഖങ്ങൾ ഇത്തരത്തിൽ അവതരിക്കുക എന്നത്.

ഇന്ന് നിലവിലുള്ള രാഷ്ട്രീയ പാർട്ടികളും അതിന്റെ നേതൃത്വവും ഫാസിസ്റ്റ് വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്നു മാത്രമല്ല അതിന് ഒരു ശ്രമവും നടത്തുന്നതായി തോന്നുന്നില്ല. വല്ലാത്ത കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്ത് നിലവിലുള്ള സാഹചര്യത്തി ആവശ്യമായിട്ടുള്ളത് വര്‍ഗീയതയ്ക്കെതിരെ വിപുലമായ ജനാധിപത്യ–മതനിരപേക്ഷ ശക്തികളുടെ കൂട്ടായ്മയാണ്.

 

Q. അധികാരത്തിനെതിരെയുള്ള എഴുത്ത് ഇന്ന് എത്രത്തോളം സാധ്യമാണ് ?

 

അധികാരത്തിനെതിരെയുള്ള എഴുത്തിനെ കുറിച്ച് സംസാരിക്കുമ്പോൾ വീണ്ടും നമുക്ക് അടിയന്തരാവസ്ഥ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കേണ്ടി വരും. അന്ന് ഏകാധിപത്യം ശക്തിപ്പെട്ടതോടുകൂടി എതിർ ശബ്ദങ്ങളെല്ലാം അടഞ്ഞു. അതിൽ ഞാൻ ഉത്കണ്ഠാകുലനല്ല. കാരണം, ജനാധിപത്യധ്വംസത്തെ നേരിടേണ്ടത് എഴുത്തിലൂടെ അല്ല. രാഷ്ട്രീയപരമായിട്ടും പോരാടിയുമാണ്. രാജ്യത്തിന്റെ അവസ്ഥയി ആധിപത്യം സ്ഥാപിക്കുന്ന പ്രത്യയശാസ്ത്രത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുക എന്നതാണ് സർഗാത്മകമായി  പ്രവർത്തിക്കുന്നവരുടെ കടമ.  പത്രമാസികകൾ മാത്രം ഉണ്ടായിരുന്ന കാലത്ത് നിയന്ത്രണങ്ങൾ താരതമ്യേന എളുപ്പമായിരുന്നു. അത്തരം നിയന്ത്രണങ്ങൾ ഇന്ന് സാധ്യമല്ല പ്രത്യേകിച്ച് നവമാധ്യമങ്ങളുടെ ഇക്കാലത്ത്.   ചൈനയെപോലുള്ള ഭീകര ഉരുക്കുമുഷ്ടിയോടുകൂടി ഭരിക്കുന്ന രാജ്യത്തുപോലും അത് സാധിച്ചിട്ടില്ല. ഹോങ്കോങ്ങിലെ സമരം അതാണ് നമുക്ക് കാണിച്ചു തരുന്നത്. എഴുത്തു മാത്രമല്ല അതിനനുസൃതമായ രാഷ്ട്രീയ അന്തരീക്ഷം കൂടി നിലനിൽക്കണം എന്നുള്ളത്   പ്രാധാന്യമുള്ള കാര്യമാണ്.