സ്വാതന്ത്ര്യവും സ്വരാജും: സ്വയംഭരണത്തിന്റെ വേരുകൾ

അജിത് വെണ്ണിയൂർ

”ഭാരതത്തിന്റെ ആത്മാവ് കണ്ടെത്തിയ മഹാൻ” എന്നാണ് മഹാത്മാഗാന്ധിയെ മഹാകവി രവീന്ദ്രനാഥടാഗോർ വിശേഷിപ്പിച്ചത്. എന്തായിരുന്നു ഗാന്ധി കണ്ടെത്തിയ ഭാരതം? സ്വതന്ത്രഭാരതത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങളും സങ്കല്പങ്ങളും ആദ്യമായവതരിപ്പിച്ച ‘ഹിന്ദ് സ്വരാജ്’ (1908) എന്ന ലഘുഗ്രന്ഥത്തിൽ അദ്ദേഹം നൂറ്റാണ്ടുകൾ നീണ്ട അടിമത്തത്തിന്റെ വേരുകൾ ചികഞ്ഞെടുത്തു.
”ഇംഗ്ലീഷുകാർ ഇന്ത്യ പിടിച്ചടക്കുകയല്ല, നാം അവർക്ക് നല്കുകയാണ് ചെയ്തത്. അവരുടെ ശക്തിമൂലമല്ല, അവർ ഇന്ത്യയിൽ വാഴുന്നത്; നമ്മുടെ ദൗർബല്യം കൊണ്ടാണ്. അവർ കച്ചവടത്തിനു വേണ്ടിയാണ് ഇന്ത്യയിൽ വന്നത്. അവരുടെ കമ്പനിയെ ആരാണ് ‘ബഹദൂരാ’ക്കിയത്? കമ്പനിയുടെ ഓഫീസർമാർക്ക് ആരാണ് ഒത്താശകൾ നല്കിയത്. ആരാണ് അവരുടെ ചരക്കുകൾ വാങ്ങിയത്? പെട്ടെന്നു പണക്കാരാവാൻ വേണ്ടി നാം കമ്പനിയെ ഇരുകൈനീട്ടി സ്വീകരിച്ചു. പരസ്പരം കലഹിച്ച നമ്മുടെ രാജാക്കന്മാർ കമ്പനി ബഹദൂരിന്റെ സഹായം തേടി. ഹിന്ദുക്കളും മുസ്‌ലീങ്ങളും പരസ്പരം വാളെടുത്തു. ഈ അവസരങ്ങളെല്ലാം അവർ മുതലെടുത്തു. വാണിജ്യസങ്കേതങ്ങളുടെ എണം വർധിപ്പിച്ചു. അവയെ സംരക്ഷിക്കാൻ സേനയെ നിയോഗിച്ചു. ആ സേനയെ നാമും ഉപയോഗിച്ചു. അങ്ങനെ കമ്പനിക്ക് ഇന്ത്യയുടെ നിയന്ത്രണം ലഭിക്കാനിടയായ സാഹചര്യങ്ങൾ തന്നെ സൃഷ്ടിച്ചു. അതുകൊണ്ട് ഇന്ത്യ നമുക്കു നഷ്ടപ്പെട്ടുവെന്ന് പറയുന്നതിനേക്കാൾ ശരി, ഇംഗ്ലീഷുകാർക്ക് ഇന്ത്യയെ നമ്മൾ തന്നെ നല്കി എന്നു പറയുകയാണ്. അവർക്ക് ഇന്ത്യ സ്വന്തമാകാനിടയായ കാരണങ്ങൾ തന്നെയാണ് അത് അവരുടേതാക്കി നിലനിർത്താനും സഹായകമായത്”.

സ്വരാജ്: ഗാന്ധിയുടെ രാഷ്ട്രീയാദർശം

സ്വരാജ്’ ആയിരുന്നു മഹാത്മാഗാന്ധിയുടെ രാഷ്ട്രീയാദർശം. ഇന്ത്യയുടെ ജീവൻ തുടിക്കുന്നത് ഗ്രാമങ്ങളിലാണെന്ന് ഗാന്ധി തിരിച്ചറിഞ്ഞു. അവയുടെ പ്രഭാവവും ഐശ്വര്യവും വീണ്ടെടുക്കാൻ ഗ്രാമീണരെ സജ്ജരാക്കുകയാണ് തന്റെ മുഖ്യ ദൗത്യമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. വിശ്വാസത്തെ മുറുകെപ്പിടിച്ച് പ്രവർത്തിച്ചു. അതിന് നേരിന്റെ വഴികൾ അന്വേഷിച്ചു. കണ്ടെത്തിയ കാര്യങ്ങൾ മറകൂടാതെ ജനങ്ങളുമായി പങ്കുവെച്ചു. രാജ്യസ്‌നേഹത്തിന്റെ ചങ്ങലയിൽ കോടാനുകോടി ജനങ്ങളെ കണികളാക്കിച്ചേർത്തു.

വിദേശാധിപത്യത്തിന്റെ അന്ത്യംകൊണ്ട് അദ്ദേഹം തൃപ്തനായിരുന്നില്ല. സ്വയംഭരണത്തിന്റെ സമുന്നതമായ അവസ്ഥയാണ് ഗാന്ധിയുടെ സങ്കല്പത്തിലെ സ്വരാജ്.

അദ്ദേഹം പറഞ്ഞു ”സ്വയംഭരണം പരിപൂർണമായും നമ്മുടെ ആന്തരികശക്തിയെ ആശ്രയിച്ചിരിക്കുന്നു; എത്ര കനത്ത ദുരോഗ്യത്തിനെതിരെയും പോരാടുന്നതിനുള്ള നമ്മുടെ കഴിവിനെ ആശ്രയിച്ചിരിക്കുന്നു. നേടാനും നിലനിർത്താനും അനുസ്യൂതമായ പ്രയത്‌നം ആവശ്യമില്ലാത്തതരത്തിലുള്ള സ്വയം ഭരണം ഒരിക്കലും ആ പേരർഹിക്കുന്നില്ല. അതിനാൽ രാഷ്ട്രീയ സ്വയംഭരണം, അതായത് അനേക സ്ത്രീപുരുഷന്മാർക്കുവേണ്ടിയുള്ള സ്വയംഭരണം, വ്യക്തിപരമായ സ്വയംഭരണത്തെക്കാൾ മെച്ചപ്പെട്ടതല്ലെന്നും, തന്മൂലം വ്യക്തിപരമായ സ്വയംഭരണത്തിനാവശ്യമായ അതേമാർഗങ്ങളിലൂടെ തന്നെയാണ് രാഷ്ട്രീയ സ്വയം ഭരണം നേടേണ്ടതെന്നും വ്യക്തമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് (യങ് ഇന്ത്യ 1927 ഡിസംബർ 1).

ആന്തരികശക്തി നഷ്ടപ്പെട്ടതാണ് ഗ്രാമങ്ങളുടെ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് ഗാന്ധി വിലയിരുത്തി വിദേശഭരണമാണ് നമ്മുടെ രാജ്യത്തെ പാപ്പരാക്കിയതെന്ന് വിമർശിക്കുമ്പോഴും അതിന് വിദേശീയരെ കുറ്റം പറയാൻ അദ്ദേഹം മുതിർന്നില്ല.

രചനാത്മക പ്രവർത്തനങ്ങൾ

”നാടിനെ ഭൗതികമായും ധാർമികമായും ആത്മീയമായും നശിപ്പിച്ച” വൈദേശിക ഭരണത്തെ ഉന്മൂലനം ചെയ്ത ആ മൂന്നു സമ്പത്തുകളെയും വീണ്ടെടുക്കുക മാത്രമാണ് പോംവഴി എന്ന് ഗാന്ധി തന്റെ സഹപ്രവർത്തകരെ നിരന്തരം ഓർമിപ്പിച്ചു. ”രോഗകാരണമന്വേഷിക്കുന്നവനാണ് യഥാർത്ഥ വൈദ്യൻ, നിങ്ങൾ ഇന്ത്യയുടെ രോഗം ചികിത്സിക്കാനുള്ള വൈദ്യനാണെന്ന് ഭാവിക്കുന്നപക്ഷം ആ രോഗത്തിന്റെ യഥാർത്ഥകാരണം നിങ്ങൾ കണ്ടുപിടിക്കണം”.

സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്ത നാൾ മുതൽ ഗാന്ധി സ്വയം നടത്തിയ അന്വേഷണം അതു തന്നെയായിരുന്നു. കണ്ടെത്തിയ കാരണങ്ങളെ ഉന്മൂലനം ചെയ്യാനാണ് അദ്ദേഹം സൃഷ്ടിപരപ്രവർത്തനങ്ങൾക്ക് രൂപം നല്കിയത്. അയിത്തോച്ചാടനം, മതസാഹോദര്യം, മദ്യനിരോധനം, ഗ്രാമപുനരുദ്ധാരണം, ശുചിത്വം, കുഷ്ഠരോഗ നിവാരണം, ഖാദി-ഗ്രാമവ്യവസായങ്ങൾ, സ്വദേശീവ്രതം എന്നിങ്ങനെ ബഹുമുഖമായ രചനാത്മക പ്രവർത്തനങ്ങളിലൂടെ ഗ്രാമങ്ങളുടെ വൈഭവത്തെയും ഗ്രാമീണരുടെ ആത്മാഭിമാനത്തെയും തട്ടിയുണർത്താൻ അദ്ദേഹം നിരന്തരം പ്രവർത്തിച്ചു. ആത്മവിശ്വാസം പകർന്ന് അനേകായിരങ്ങളെ പ്രവർത്തന സജ്ജരാക്കി. ആ കാഴ്ചപ്പാടും കർമകാണ്ഡവുമാണ് മഹാത്മാഗാന്ധിയെ ‘രാഷ്ട്രപിതാവ്’ എന്ന് വിശേഷിപ്പിക്കാൻ നേതാജി സുഭാഷ് ചന്ദ്രബോസിനെ പ്രചോദിപ്പിച്ചത്.

‘എന്റെ സ്വപ്‌നങ്ങളിലെ ഭാരതം’

നവ ഭാരതത്തെക്കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങൾ ജനതയുടെയാകെ സ്വപ്‌നവും അഭിനിവേശവുമാക്കി മാറ്റാൻ ഗാന്ധിക്കു കഴിഞ്ഞു. 1931 സെപ്തംബർ 10-ലെ ‘യങ്ഇന്ത്യ’യിൽ അദ്ദേഹം തന്റെ പ്രതിജ്ഞയും സ്വപ്‌നവും ഇന്ത്യയിലെ ജനകോടികളുമായി പങ്കുവച്ചു.

”അങ്ങേയറ്റം ദാരിദ്ര്യമനുഭവിക്കുന്നവർ പോലും ഇതു തങ്ങളുടെ നാടാണെന്നും ഇതു രൂപപ്പെടുത്തുന്നതിൽ തങ്ങൾക്കും ഒരു മഹത്തായ പങ്കുണ്ടെന്നും വിശ്വസിക്കുന്ന ഒരു ഭാരതത്തിനുവേണ്ടി; ഉയർന്ന വർഗവും താണ വർഗവുമില്ലാത്ത ഒരു ഭാരതത്തിനുവേണ്ടി; എല്ലാ സമുദായങ്ങളും തികഞ്ഞ മൈത്രിയിൽ വർത്തിക്കുന്ന ഒരു ഭാരതത്തിനുവേണ്ടി ഞാൻ പ്രയത്‌നിക്കും……”

”……അമ്മാതിരിയൊരു ഭാരതത്തിൽ തൊട്ടുകൂടായ്മ, മദ്യം, മയക്കുമരുന്ന് എന്നീ ശാപങ്ങൾക്ക് യാതൊരു സ്ഥാനവും ഉണ്ടായിക്കൂടാ. പുരുഷന്മാർക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീകൾക്കും ഉണ്ടായിരിക്കും. ചൂഷണത്തിലേർപ്പെടാതെയും ചൂഷിതരാവാതെയും നാം ലോകത്തോട് സമാധാനത്തിൽ വർത്തിക്കുമെന്നതുകൊണ്ട് നമുക്ക് സങ്കല്പിക്കാവുന്നതിലേറ്റവും ചെറിയ സേന മതിയാകും. വ്യക്തിപരമായി വിദേശീയമെന്നും സ്വദേശീയമെന്നുമുള്ള വിവേചനം ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇതാണെന്റെ സ്വപ്‌നത്തിലുള്ള ഭാരതം..മറ്റൊന്നുകൊണ്ടും ഞാൻ തൃപ്തനാവുകയില്ല.”

ഭരണകൂടത്തെക്കുറിച്ചുള്ള ഗാന്ധിയുടെ സങ്കല്പങ്ങളും ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്. ‘എന്റെ സ്വപ്‌നങ്ങളിലെ ഭാരതം'(1925) എന്ന ഗ്രന്ഥത്തിൽ അദ്ദേഹം എഴുതി: ”ഭരണകൂടം വിദേശീയമായാലും സ്വദേശീയമായാലും അതിന്റെ നിയന്ത്രണത്തിൽ നിന്ന് വിമുക്തമാകാനുള്ള അനുസ്യൂതമായ യത്‌നമെന്നതാണ് സ്വയംഭരണത്തിന്റെ അർഥം. ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും വ്യവസ്ഥപ്പെടുത്തുന്നത് സ്വരാജ് ഭരണകൂടമായിരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ ആ ഭരണകൂടം പരിതാപകരമായ പ്രതിഭാസമായിരിക്കും.”

സമചതുർഭുജമായ സ്വരാജ്

രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ടുമാത്രം രാജ്യത്തിന് മോചനം സാധ്യമാവില്ലെന്ന് മഹാത്മാഗാന്ധി ഉറച്ചു വിശ്വസിച്ചു. ”വിദേശ നിയന്ത്രണത്തിൽ നിന്നുള്ള പരിപൂർണ സ്വാതന്ത്ര്യവും പരിപൂർണ സാമ്പത്തിക സ്വാതന്ത്ര്യവും അനിവാര്യമാണ്.” സമചതുർഭുജമായ ഒരു സ്വരാജ് ആണ് അദ്ദേഹം വിഭാവനം ചെയ്തത്.
ഒന്ന്: രാഷ്ട്രീയസ്വാതന്ത്ര്യം
രണ്ട്: സാമ്പത്തിക സ്വാതന്ത്ര്യം
മൂന്ന്: സാന്മാർഗികവും സാമൂഹികവുമായ മൂല്യങ്ങൾ
നാല്: ധർമം അഥവാ മതം അതിന്റെ സമുന്നതമായ അർഥത്തിൽ

”ഹിന്ദു, ക്രിസ്തു, ഇസ്ലാം മതങ്ങളെല്ലാം അതിലുൾപ്പെടുന്നുവെങ്കിലും അവയെക്കാളെല്ലാം ശ്രേഷ്ഠതരമാണ് ധർമം” എന്ന് അദ്ദേഹം വിശദീകരിച്ചു. ”സ്വരാജിന്റെ ചതുർഭുജമാണിത്. അതിന്റെ ഏതെങ്കിലും ഒരു കോൺ ശരിയല്ലെങ്കിൽ ആകൃതിയാകെ തെറ്റും”- ഗാന്ധി കൂട്ടിച്ചേർത്തു.

പൊതുകാര്യങ്ങളിലും സ്വകാര്യജീവിതത്തിലും സന്മാർഗം, സദാചാരം, സത്യം എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നല്കണമെന്ന് ഗാന്ധി നിഷ്‌കർഷിച്ചു. നമ്മുടെ സംസ്‌കാരത്തിന്റെ കാതലായ ഈ മൂല്യങ്ങളെ സാമൂഹിക ജീവിതത്തിൽ സന്നിവേശിപ്പിക്കാനായില്ലെങ്കിൽ സ്വരാജ് അപൂർണമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാ ജനങ്ങളുടേയും ഭരണം

സ്വതന്ത്ര ഭാരതത്തെക്കുറിച്ചുള്ള തന്റെ ദർശനവും സങ്കല്പങ്ങളും വിശകലനം ചെയ്യുന്ന തന്റെ ആദ്യപുസ്തകത്തിന് ഗാന്ധി നല്കിയ പേര് ‘ഹിന്ദ് സ്വരാജ്’ (1908) എന്നാണ്. പലരും ഗാന്ധിയുടെ നിലപാടിനെ സംശയദൃഷ്ടിയോടെ വീക്ഷിച്ചു. എന്നാൽ അർഥശങ്കയില്ലാത്തവിധം അദ്ദേഹം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.:

”ഇന്ത്യൻ സ്വരാജ് ഭൂരിപക്ഷ സമുദായത്തിന്റെ, അതായത് ഹിന്ദുക്കളുടെ, ഭരണമായിരിക്കുമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിലും വലിയൊരു തെറ്റ് വേറെയില്ല. അങ്ങനെയൊന്നുണ്ടാവുകയാണെങ്കിൽ ഞാനതിനെ സ്വരാജ് എന്നു വിളിക്കുകയില്ല. എന്നുമാത്രമല്ല, സർവ്വശക്തിയുമുപയോഗിച്ച് അതിനെ എതിർക്കുകയും ചെയ്യും. കാരണം എന്നെ സംബന്ധിച്ചിടത്തോളം സ്വരാജ് എല്ലാജനങ്ങളുടേയും ഭരണമാണ്; നീതിയുടെ ഭരണമാണ്” മതനിരപേക്ഷതയെക്കുറിച്ചും  ഗാന്ധിക്ക് വ്യക്തമായ നിലപാടുണ്ടായിരുന്നു. ”രാഷ്ട്രം നിസ്സംശയമായും മതേതരമായിരിക്കണം. രാജ്യത്തെ പൊതുനിയമങ്ങൾ അനുസരിക്കുന്നിടത്തോളം കാലം ഏതൊരു പൗരനും യാതൊരു തടസ്സവും കൂടാതെ തന്റെ മതവിശ്വാസം ഉയർത്തിപ്പിടിക്കാനുള്ള അവകാശം ഉണ്ടായിരിക്കും”

വികേന്ദ്രീകരണത്തിന്റെ വക്താവ്

അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണമാണ് സർവവിധ അനീതികളുടെയും ഉറവിടമെന്ന് ഗാന്ധി നിരന്തരം വാദിച്ചു. സ്‌റ്റേറ്റിന്റെ (ഭരണകൂടത്തിന്റെ) അപ്രമാദിത്തത്തെ അദ്ദേഹം ചോദ്യം ചെയ്തു. അരാജകത്വവാദികളുടെയും (അനാർക്കിസ്റ്റ്‌സ്) രാഷ്ട്രമീമാംസകരുടെയും കൂട്ടത്തിൽ ചിലർ ഗാന്ധിയെ ഉൾപ്പെടുത്തിയത് അതുകൊണ്ടാണ്. രാഷ്ട്രത്തെ ചോദ്യം ചെയ്യാനും എതിർക്കാനുമുള്ള വ്യക്തിയുടെ അവകാശമാണ് ജനാധിപത്യത്തിന്റെ ശക്തിസ്രോതസ്സെന്ന് അദ്ദേഹം വിശ്വസിച്ചു. അരിസ്‌റ്റോട്ടിൽ, പ്ലേറ്റോ, റൂസ്സോ, മാക്കിയവെല്ലി, കാറൽ മാർക്‌സ് തുടങ്ങിയ തത്ത്വചിന്തകരുടെ നിരയിലുൾപ്പെടുന്ന രാഷ്ട്രമീമാംസകനായിരുന്നില്ല ഗാന്ധി. എന്നാൽ വ്യക്തിയും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നവീനാശയങ്ങൾ ആവിഷ്‌കരിച്ച പ്രായോഗിക രാജ്യതന്ത്രജ്ഞനായിരുന്നു അദ്ദേഹം.

വ്യക്തി രാഷ്ട്രത്തിന്റെ അടിമയാണെന്ന സിദ്ധാന്തത്തെ വാഴ്ത്തുന്ന മാക്കിയവെല്ലി, റൂസ്സോ, ഹെഗൽ, ഹോബ്‌സ് തുടങ്ങിയ രാഷ്ട്രീയമീമാംസകരുടെ നിലപാടുകളോട് ഗാന്ധി യോജിച്ചില്ല. ന്യൂനപക്ഷത്തെ അടിച്ചമർത്താൻ ഈ സിദ്ധാന്തം ഭൂരിപക്ഷത്തിന് അവസരമൊരുക്കുമെന്ന് അദ്ദേഹം വിലയിരുത്തി. ലാസ്‌കി തുടങ്ങിയ പാശ്ചാത്യ പ്ലൂറലിസ്റ്റ് ചിന്തകരുടെ നിഗമനങ്ങളോട് ഏറെക്കുറെ ചേർന്നു നില്ക്കുന്നതാണ് ഇക്കാര്യത്തിൽ ഗാന്ധിയുടെ കാഴ്ചപ്പാട്. അതേസമയം ടോൾസ്‌റ്റോയിയുടെ ഭരണകൂടമില്ലാത്ത അവസ്ഥയെ അദ്ദേഹം തീർത്തും അനുകൂലിച്ചതുമില്ല.

പ്രബുദ്ധമായ അരാജകത്വം

‘ഏറ്റവും കുറച്ചു ഭരിക്കുന്ന ഒരു ഭരണകൂടം’ എന്ന തോറോയുടെ ചിന്താഗതി ഗാന്ധിയെ ഏറെ സ്വാധീനിച്ചു. അതദ്ദേഹം പല കുറിപ്പുകളിലും ഉദ്ധരിച്ചിട്ടുണ്ട്. പ്രബുദ്ധമായ അരാജകത്വം എന്നാണ് തന്റെ സമീപനത്തെ ഗാന്ധി സ്വയം വിശേഷിപ്പിച്ചത് (യങ്ഇന്ത്യ 1931 ജൂലൈ 2). ഒരുപക്ഷേ, ഒരിക്കലും പൂർത്തീകരിക്കാനാവാത്ത ആദർശം എന്നുകൂടി അദ്ദേഹം അതിനെ വിശേഷിപ്പിച്ചു.
എന്നാൽ പ്രായോഗികമല്ലെന്ന കാരണത്താൽ അങ്ങനെയൊരു ആദർശ രാഷ്ട്രത്തെക്കുറിച്ചുള്ള സങ്കല്പം ഉപേക്ഷിക്കാൻ ഗാന്ധി തയ്യാറായില്ല.
”യൂക്ലിഡിന്റെ രേഖവരയ്ക്കാൻ ആർക്കും ഇതേവരെ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്നും തോന്നുന്നില്ല. എങ്കിലും ആ രേഖ മനസ്സിൽ സങ്കല്പിച്ചാൽ മാത്രമേ ക്ഷേത്രഗണിതത്തിൽ മുന്നോട്ടുപോകാനാകൂ. എല്ലാ ആദർശങ്ങളെ സംബന്ധിച്ചും ഇത് പരമാർഥമാണ്.”
അദ്ദേഹം കൂട്ടിച്ചേർത്തു: ”ലോകത്തൊരിടത്തും ഗവൺമെന്റ് ഇല്ലാത്ത രാഷ്ട്രമില്ല എന്നോർക്കണം. അത് എവിടെയെങ്കിലും ഉണ്ടാകുന്ന പക്ഷം അത് ഇന്ത്യയിലായിരിക്കും. അതിനുള്ള ശ്രമങ്ങളെങ്കിലും നടന്നിട്ടുള്ളത് നമ്മുടെ രാജ്യത്താണ്. ആ ധൈര്യം വേണ്ടുവോളം നാം പ്രദർശിപ്പിച്ചിട്ടില്ല. അതു നേടാൻ ഒരു മാർഗം മാത്രമേയുള്ളൂ. ആ മാർഗത്തിൽ വിശ്വാസമുള്ളവർ അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ ശ്രമിക്കുക” (ഹരിജൻ 1946 സെപ്തംബർ 15).

ഹിംസയുടെ സംഘടിത രൂപം

ഭരണകൂടത്തിന്റെ അപ്രമാദിത്തത്തെ ഹിംസയുടെ സംഘടിതരൂപമായി ഗാന്ധി കണ്ടിരുന്നു. ഹിംസയെ കുറച്ചുകൊണ്ടുവരാൻ അദ്ദേഹം അവതരിപ്പിച്ച മാർഗം വികേന്ദ്രീകരണമാണ്. സാമൂഹികപുരോഗതിയുടെ അടിസ്ഥാനമായ മനുഷ്യന്റെ വ്യക്തിത്വത്തെ നശിപ്പിക്കുന്നതാവരുത് ഭരണകൂടത്തിന്റെ അധികാരപ്രമത്തതയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഓരോ ഗ്രാമവും പരമാധികാരമുള്ള ഒരു റിപ്പബ്‌ളിക് ആയിത്തീരണമെന്ന് ഗാന്ധി ആഗ്രഹിച്ചു. ഒരു അഗ്രത്തിൽ കേന്ദ്രീകരിക്കുന്ന പിരമിഡിന്റെ രൂപമല്ല സാമൂഹിക ജീവിതം. അതൊരു സാമുദ്രികവലയംമാതിരിയാണ്. ആ വൃത്തത്തിന്റെ കേന്ദ്രബിന്ദു വ്യക്തിയാണ്. അതിൽ ഭരണകൂടത്തിന് പരിമിതമായ അധികാരങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. അധികാരകേന്ദ്രീകരണത്തിനിടയാക്കുന്ന യന്ത്രങ്ങൾക്ക് അതിൽ സ്ഥാനമുണ്ടായിരിക്കില്ല. മറിച്ച് വ്യക്തിത്വത്തെ സഹായിക്കുന്ന യന്ത്രങ്ങളെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.

ഭൂരിപക്ഷ ഭരണമല്ല ജനാധിപത്യം

പാശ്ചാത്യനാടുകളിലെ ജനാധിപത്യം ”ഫാസിസത്തിന്റെ ഒരു വകഭേദ”മായിക്കണ്ട ഗാന്ധി ഭൂരിപക്ഷഭരണമല്ല ജനാധിപത്യം എന്ന് ഓർമിപ്പിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ വിലമതിക്കുന്നതാവണം അത്. ഹിംസയും ചൂഷണവും ഇല്ലാത്ത ജനാധിപത്യം മാത്രമേ യഥാർഥ ജനാധിപത്യമാവൂ.
ഭരണകൂടത്തിന്റെ ശക്തിവർധിക്കുന്നതിനെ അദ്ദേഹം ഭയാശങ്കകളോടെയാണ് വീക്ഷിച്ചത്. ”കേന്ദ്രീകൃത ഭരണസംവിധാനം എല്ലാ പുരോഗതിയുടേയും അടിസ്ഥാനമായ വ്യക്തിത്വത്തിന്മേലുള്ള സംഘടിതമായ ആക്രമണത്തെ പ്രതിനിധാനം ചെയ്യുന്നു. വ്യക്തിക്കൊരു ആത്മാവുണ്ട്. എന്നാൽ ആ ആത്മാവെന്തെന്നറിയാത്ത, വെറും യാന്ത്രികമായ ഭരണകൂടം അക്രമത്തിലധിഷ്ഠിതമായതിനാൽ അതിനെ അക്രമത്തിൽ നിന്ന് അകറ്റുക സാധ്യമല്ല”.

സ്വരാജിന്റെ മൂന്നുപാധി

അധികാരപ്രാപ്തികൊണ്ടുമാത്രം ഇന്ത്യയ്ക്ക് യഥാർഥ സ്വരാജ്യം കൈവരികയില്ലെന്ന് ഗാന്ധി നേതാക്കളെയും അനുയായികളെയും നിരന്തരം ഓർമിപ്പിച്ചു. ”അധികാരം ദുരുപയോഗപ്പെടുത്തുമ്പോൾ ചെറുത്തുനില്ക്കാനുള്ള ത്രാണി എല്ലാവർക്കും ഉണ്ടാകുമ്പോഴേ സ്വരാജ് യാഥാർഥ്യമാവുകയുള്ളൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അധികാരം വ്യവസ്ഥപ്പെടുത്താനും നിയന്ത്രിക്കാനുമുള്ള കഴിവിനെപ്പറ്റി ബോധമുണ്ടാക്കാനുള്ള ശിക്ഷണം ജനങ്ങൾക്ക് നല്കിയിട്ടു വേണം സ്വരാജ് സമ്പാദിക്കേണ്ടത്.”
സ്വാതന്ത്ര്യലബ്ധികൊണ്ട് എല്ലാമായില്ല എന്ന് ഭരണാധികാരികളെ ഗാന്ധി ആവർത്തിച്ചോർമിപ്പിച്ചു. വെടിയേറ്റു മരിക്കുന്നതിന് ഏതാനും നാൾ മുമ്പ് അദ്ദേഹം എഴുതി: ”കേന്ദ്രത്തിലിരിക്കുന്ന പത്തിരുപതുപേർക്ക് യഥാർഥ ജനാധിപത്യം പ്രവർത്തിപ്പിക്കാൻ കഴിയില്ല. അത് ഓരോ ഗ്രാമത്തിലേയും ജനങ്ങൾ അടിത്തട്ടിൽ നിന്ന് മുകളിലേയ്ക്ക് പ്രവർത്തിപ്പിക്കേണ്ടതാണ്” (ഹരിജൻ 1948 ജനുവരി 18). എന്നാൽ എന്തുകൊണ്ടോ മഹാത്മാഗാന്ധിയുടെ വാക്കുകൾ വേണ്ടത്ര ശ്രദ്ധിക്കാതെ പോയി. വികസനാസൂത്രണവും നിർവഹണവും ആരംഭിക്കേണ്ടത് ഗ്രാമതലത്തിലാവണമെന്ന ആശയം ഏറെ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും പ്രായോഗിക കാരണങ്ങളാൽ അവ തുടക്കത്തിൽ അവഗണിക്കപ്പെട്ടു. അതിന് രാജ്യം കനത്ത വില നൽകേണ്ടിയും വന്നു.

പാളിപ്പോയ പരിശ്രമങ്ങൾ

പഞ്ചവത്സര പദ്ധതികളിൽ ജനപങ്കാളിത്തം സാധ്യമാക്കുന്നതിന് ഗ്രാമതലത്തിൽ പല പദ്ധതികൾ കൊണ്ടുവന്നുവെങ്കിലും അവയൊക്കെ ഉദ്യോഗസ്ഥവൃന്തത്തിന്റെ കൈപ്പിടിയിലൊതുങ്ങിനിന്നു. പ്രശ്‌നം പഠിക്കാൻ പലകമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു.
1957 ൽ ബൽവന്ത് റായ്‌മേത്ത കമ്മിറ്റി, 1963ൽ സന്താനം കമ്മിറ്റി, 1978 ൽ അശോക്‌മേത്താ കമ്മിറ്റി, 1985 ൽ ജി.വി. കെ.റാവു കമ്മിറ്റി, 1986 ൽ എൽ.എം.സിങ്‌വി കമ്മിറ്റി എന്നിവയുടെയെല്ലാം റിപ്പോർട്ടുകളിൽ ആശാവഹമായ ഒട്ടേറെ ആശയങ്ങളും നിർദേശങ്ങളും ഉയർന്നുവന്നു. അവയിൽ ചിലത് പ്രാവർത്തികമാക്കാൻ പരിശ്രമങ്ങളുണ്ടായി. എന്നാൽ അപ്പോഴും ഗ്രാമസ്വരാജും പഞ്ചായത്തീരാജും തമ്മിലുള്ള വിടവ് വർധിച്ചുകൊണ്ടേയിരുന്നു.

ചരിത്രസംഭവം

1959 ഒക്‌ടോബർ 2ന് രാജസ്ഥാനിൽ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്യവെ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ”വിപ്ലവാത്മകമായ ചരിത്രസംഭവ”മായി അതിനെ വിശേഷിപ്പിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം 1990 ജൂൺ 11ന് സംസ്ഥാന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തെ സംബോധനചെയ്യവെ അന്നത്തെ പ്രധാനമന്ത്രി വി.പി.സിങ് കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യം ആരംഭിക്കേണ്ടത് അടിത്തട്ടിൽ നിന്നാണ്. ഓരോ പഞ്ചായത്തും സമ്പൂർണ അധികാരമുള്ള റിപ്പബ്‌ളിക് ആവണം. അപ്പോൾ മാത്രമേ ഗ്രാമസ്വരാജ് യാഥാർഥ്യമാകൂ. രാഷ്ട്രീയഇച്ഛാശക്തിയുടെ അഭാവവും അധികാരം പങ്കുവയ്ക്കുന്നതിനുള്ള വൈമുഖ്യവുമായിരുന്നു എക്കാലവും തടസ്സമായി നിന്നത്.

ഇച്ഛാശക്തിയുടെ ഫലം

പഞ്ചായത്തുകൾക്ക് ഭരണഘടനാപദവി നല്കുന്നതിലൂടെ മാത്രമേ അധികാരവികേന്ദ്രീകരണം സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയനേതൃത്വം 1992 ൽ അതിന് മുൻകൈയെടുത്തു. 73,74 ഭരണഘടനാ ഭേദഗതിയിലൂടെ ‘അധികാരം ജനങ്ങളിലേയ്ക്ക്’ എന്ന ലക്ഷ്യവാക്യവുമായി പുതിയ പഞ്ചായത്തീരാജ് സംവിധാനം രാജ്യമെങ്ങും നിലവിൽ വന്നു. ത്രിതല പഞ്ചായത്ത് സംവിധാനം, വ്യക്തമായി നിർവചിക്കപ്പെട്ട സംവരണവ്യവസ്ഥകൾ, അടിത്തട്ടിലെ ആസൂത്രണത്തിന് ഗ്രാമസഭ, പ്രാദേശിക സർക്കാരുകൾക്ക് കൂടുതൽ സ്വാതന്ത്ര്യവും അധികാരവും വിഭവങ്ങളും, നഗരഭരണത്തിന് നഗരപാലികാനിയമം തുടങ്ങിയവ ഇച്ഛാശക്തിയുള്ള സംസ്ഥാനങ്ങൾക്ക് അവരുടെ അവസരം ഫലപ്രദമായി ഉപയോഗിക്കാനുതകുന്നതായിരുന്നു ഭരണഘടനാഭേദഗതിയിലൂടെ നടന്ന പുതിയ നിയമനിർമാണം. തികഞ്ഞ ഇഛാശക്തിയോടെ കേരളം ആ നിയമത്തെ ഉൾക്കൊണ്ടു. ജനകീയാസൂത്രണം ഒരു പരിധിവരെ ജനപങ്കാളിത്തത്തിന് വഴിയൊരുക്കി. അധികാരവും വിഭവങ്ങളും കൈമാറുന്നതിൽ ഉദാരസമീപനം സ്വീകരിച്ചു. അനുകരണീയമായ പദ്ധതികൾ പലതും രൂപംകൊണ്ടു. തിരിഞ്ഞു നോക്കുമ്പോൾ പിന്നെയും ഒരു ചോദ്യം അവശേഷിക്കുന്നു: അധികാരം പഞ്ചായത്ത് ഭരണകർത്താക്കളിൽ നിന്ന് താഴേയ്ക്കിറങ്ങിയോ; അത് സാധാരണജനങ്ങളുടെ കരങ്ങളിലെത്തിയോ?