സ്വാമി നന്ദാത്മജാനന്ദ
പത്രാധിപർ, പ്രബുദ്ധകേരളം
വിവിധ മതസമ്പ്രദായങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചുമൊക്കെ ചിന്തിക്കുമ്പോഴും, ചർച്ചചെയ്യുമ്പോഴും കടന്നുവരാറുള്ള ഒരു വിഷയമാണ് മതപരിവർത്തനം. ‘മതം’ എന്ന വാക്കിന് പൊതുവെ ‘അഭിപ്രായം’ എന്നർത്ഥമുണ്ട്. വിവേകാനന്ദസ്വാമികൾ മതത്തിനു കൊടുക്കുന്ന നിർവചനം, ഉള്ളിലുള്ള ദിവ്യതയുടെ ആവിഷ്‌ക്കരണം എന്നാണ്. (ഞലഹശഴശീി ശ െവേല ാമിശളലേെമശേീി ീള റശ്ശിശ്യേ മഹൃലമറ്യ ശി ാമി). ഓരോ ജീവന്റെയും അടിസ്ഥാനസത്ത ദിവ്യതയാണെന്നും അതിനെ അനുഭവപ്പെടുത്തുകയും അനുഭൂതിയുടെ തലത്തിൽ കൊണ്ടുവരുകയുമാണ് ജിവിതത്തിന്റെത്തന്നെ മുഖ്യകർത്തവ്യമെന്നുമാണ് മതസംഹിതകളും പറഞ്ഞുതരുന്നത്. അതിപ്രധാനമായ ഈ കാര്യത്തെ പ്രാവർത്തികമാക്കുന്നതിനുവേണ്ടിയുള്ള വ്യത്യസ്ത വഴികളെയും മാർഗങ്ങളെയും ഒന്നു സങ്കല്പിച്ചു നോക്കൂ, ഇതുതന്നെയാണ് നമുക്കുചുറ്റും കാണുന്ന വ്യത്യസ്ത മതങ്ങൾ. അതായത്, പൊതുവായ ഒരു ലക്ഷ്യത്തിനുവേണ്ടി ശ്രമിക്കുന്ന വിവിധ മാർഗങ്ങൾ. ഇതിനെയാണ് ശ്രീരാമകൃഷ്ണ പരമഹംസർ ”യതോ മത് തഥോ പഥ്” എന്നു വിശദീകരിച്ചുതന്നത്, ‘എത്ര മതങ്ങളുണ്ടോ അത്രത്തോളം അന്വേഷണവഴികളും’ എന്നർത്ഥം.
അംഗീകരിക്കേണ്ട സത്യം
മതങ്ങളൊക്കെയും ലക്ഷ്യമാക്കുന്ന ദിവ്യതയെന്ന അനുഭവത്തെ എപ്പോൾ സാക്ഷാത്ക്കരിക്കുന്നുവോ അപ്പോൾ മാത്രമേ ഈ സത്യം തിരിച്ചറിയാനാകൂ. ഈശ്വരനാനുഭൂതിയിലെത്തിയ മഹാത്മാക്കളൊന്നടങ്കം അസന്നിഗ്ദമായി അംഗീകരിക്കുന്ന ഒരു കാര്യമാണ് മതങ്ങളെല്ലാം ലക്ഷ്യത്തിൽ ഒന്നായിരിക്കുന്നുവെന്നത്. ലക്ഷ്യസ്ഥാനമായ മലമുകളിൽ എത്തിക്കഴിഞ്ഞ ഒരുവൻ താൻ കയറിവന്നപോലെ, മറ്റു പല വഴികളിലൂടെയും ലക്ഷ്യസ്ഥാനത്തെത്താമെന്ന കാര്യം സാക്ഷാത്ക്കരിക്കുന്നതുപോലെയാണിത്. വിവേകാനന്ദസ്വാമികൾ പറയുന്നത് ഒരു മതം ശരിയെന്ന് അംഗീകരിക്കുകയാണെങ്കിൽ മറ്റെല്ലാ മതങ്ങളും ശരിയെന്നു പറയേണ്ടിവരുമെന്നാണ്. അപ്പോൾ എത്രത്തോളം മതമാർഗങ്ങളുണ്ടോ അത്രത്തോളം ആളുകൾക്ക് ജീവിതലക്ഷ്യത്തിലെത്തിച്ചേരാനുള്ള സാദ്ധ്യതകളും വന്നുചേരുന്നു. ഓരോരുത്തർക്കും അവരവർക്കു ചേരുന്ന വഴിയിൽ സത്യത്തിലേക്കു മുന്നേറാവുന്ന അവസരങ്ങളത്രെ ഇത്. ഏതുമാർഗം സ്വീകരിച്ചാലും ലക്ഷ്യസ്ഥാനം ഒന്നുതന്നെയായിരിക്കുമെന്ന കാര്യം മനസ്സിലാക്കിയിരിക്കണമെന്നു മാത്രം. ഏതു മാർഗം സ്വീകരിച്ചാലും ജീവൻ എത്തിച്ചേരുന്നത് അതിന്റെ പൂർണവികാസത്തിലേക്കായിരിക്കണം. അതിന് അനിവാര്യമായ ഒരു പ്രധാന കാര്യമുണ്ട്, മനഃശുദ്ധിയാണത്. ഈ മനഃശുദ്ധിയെയാണ് മിക്ക മതമാർഗങ്ങളും പ്രാഥമികലക്ഷ്യമായി മാനവരാശിയുടെ മുമ്പിൽ വയ്ക്കുന്നത്.
വികാസം നഷ്ടപ്പെടുമ്പോൾ
ഒരുവൻ മതനിഷ്ഠകൾ പിൻതുടർന്നിട്ട് ആത്മവികാസമെന്ന ലക്ഷ്യത്തിലേക്കുയരാനായില്ലെങ്കിൽ അയാൾ ജീവിക്കുന്നത് വ്യർത്ഥമായ കാര്യങ്ങൾക്കു വേണ്ടിയായിരിക്കും. ആത്മവികാസം എത്രകണ്ടു നേടാനായിട്ടുണ്ട് എന്നതുതന്നെയാണ് കാമ്പായ കാര്യം. മനഃശുദ്ധീകരണം വഴി ഇതു നേടാൻ കഴിയാതെ വരുമ്പോഴാണ് മതത്തിന്റെ പേരിൽ ഒട്ടുമിക്ക അനർത്ഥങ്ങളും വന്നുകൂടുന്നത്. വികാസത്തിനുപകരം അപ്പോഴുണ്ടാകുക സങ്കോചമായിരിക്കും, രണ്ടും രണ്ടഗ്രങ്ങളിലുള്ള കാര്യങ്ങൾ. ഈ ‘വികാസ’മാണ് ജീവിതമെന്നും, സങ്കോചം മരണമെന്നും (ഋഃുമിശെീി ശ െഹശളല രീിൃേമരശേീി ശ െറലമവേ) സ്വാമി വിവേകാനന്ദൻ പറഞ്ഞുതരുന്നുണ്ട്. മിക്ക ആളുകളും മതനിഷ്ഠരായിരിക്കെതന്നെ മേൽപ്പറഞ്ഞ വികാസം അല്പംപോലും ഇല്ലാത്തതിനു കാരണം ചിത്തശുദ്ധി(മനഃശുദ്ധി)യുടെ അഭാവമത്രെ. ചുരുക്കത്തിൽ ലക്ഷ്യത്തിലേക്കുയർത്താത്ത ഒരു മാർഗവും മനുഷ്യനു പ്രയോജനപ്പെടുകയില്ല. അതുകൊണ്ടത്രെ ”മതമേതായാലും മനുഷ്യൻ നന്നായാൽ മതി”എന്നു നാരായണഗുരു പറഞ്ഞുതന്നത്. ലക്ഷ്യത്തിലേക്കെത്തുമ്പോഴാണ് ഒരു മനുഷ്യൻ ഉയരുന്നത് അഥവാ നന്നാകുന്നത്. ഈ ഉയർച്ച ഇല്ലാത്തിടത്തോളം കാലം മനസ്സ് ദരിദ്രമായിരിക്കും. മനസ്സിനെ സമ്പന്നമാക്കുന്ന ഈ ശ്രമത്തെക്കുറിച്ചാണ് ഗുരുക്കന്മാരെല്ലാം ഒന്നടങ്കം മാനവരാശിയെ ഓർമിപ്പിക്കുന്നത്. ഇപ്രകാരം ശ്രമിക്കുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെയാണ് ആദ്ധ്യാത്മിക സാഹിത്യത്തിൽ യുദ്ധങ്ങളായും മറ്റും പ്രതീകവത്ക്കരിക്കപ്പെട്ടിരിക്കുന്നത്. മനസ്സിനെ കീഴടക്കാനായി നടത്തുന്ന ശക്തമായ ശ്രമങ്ങൾ യുദ്ധം പോലെയാണല്ലോ, ഉള്ളിലെ ഉയർന്നതലവും താണതലവും തമിൽ നടത്തുന്ന ഒരു യുദ്ധം.
അങ്ങനെ വരുമ്പോഴാണ് ബാഹ്യകാര്യങ്ങളിൽ ആളുകൾക്കു കൂടുതൽ ശ്രദ്ധ പതിയുന്നത്, മതം അനുശാസിക്കുന്ന അനുഷ്ഠാനങ്ങളെ ചൊല്ലിയുള്ള ബഹളങ്ങളുണ്ടാകുന്നത്. വ്യത്യസ്ത മതങ്ങളെയെടുക്കുമ്പോൾ ജീവന്റെ ലക്ഷ്യപ്രാപ്തിക്കായി അവ സ്വീകരിക്കുന്ന മാർഗങ്ങളും ദേശകാലപാത്രഭേദമനുസരിച്ച് വ്യത്യസ്തമാകുക സ്വഭാവികമാണല്ലോ. ഇത്തരത്തിലുള്ള അനുഷ്ഠാനരീതികളിൽ മാത്രം കടിച്ചുതൂങ്ങി നില്ക്കുന്ന ഇക്കൂട്ടർക്ക് എത്തിച്ചേരേണ്ട ലക്ഷ്യത്തെപ്പറ്റി ഒരു ധാരണയുമുണ്ടാവില്ല. ലക്ഷ്യമില്ലാതെ അലയുന്ന ഇക്കൂട്ടരാണ് തങ്ങളനുഷ്ഠിക്കുന്ന മാർഗം മാത്രമാണ് ശരിയെന്നും പറഞ്ഞ് മറ്റു മാർഗങ്ങളെ തള്ളിക്കളയുന്നത്. ഈ ജീർണതകളുടെയൊക്കെ ഫലമത്രെ പൊള്ളയായ മതപ്രചാരണങ്ങളും മതപരിവർത്തനശ്രമങ്ങളും. സംഘടിതമായ ഒരു മുന്നേറ്റത്തെ സൃഷ്ടിച്ചെടുത്തുകൊണ്ട് തങ്ങളുടെ ആധികാരത്തെ ഉറപ്പിച്ചെടുക്കാനും, സ്വാധീനമുറപ്പിച്ചെടുക്കാനും ഇക്കൂട്ടർ മതത്തിന്റെ അനുഷ്ഠാനതലത്തെ കരുവാക്കുകയും ഉപയോഗിക്കുകയും ചെയ്യും. നാടിനെത്തന്നെ കീഴടക്കാനും അവിടുത്തെ ജനങ്ങളെ സ്വന്തം വരുതിയിൽ നിർത്താനുമൊക്കെയായിരിക്കും പിന്നെ അതിന്റെ ലക്ഷ്യം. ഇതിനുവേണ്ടി നടക്കുന്ന യുദ്ധങ്ങളും ഭീകരവാദങ്ങളും ഒക്കെ നമുടെ മുമ്പിലുണ്ട്. മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മനുഷ്യമനസ്സിനെ എത്രമാത്രം ദുഷിപ്പിക്കാമെന്നതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണിവ. അതുകൊണ്ടാണ് നന്മകളുടെ യത്രെയും തിന്മകളും ലോകത്തു മതങ്ങൾ മൂലം ഉണ്ടായിട്ടുള്ളതെന്നു കാണാം.
മതംമാറ്റവും പരിണിത ഫലങ്ങളും
മനസ്സിന്റെ പരിപൂർണവികാസമാണ് ഉണ്ടാകേണ്ടതെന്നു വരുമ്പോൾ ഈ മനഃപരിവർത്തനത്തിനായുള്ള വ്യത്യസ്തമാർഗങ്ങൾ വ്യത്യസ്തമായിരിക്കുക തന്നെ ചെയ്യും. എങ്കിലും അതിലൂടെ ലക്ഷ്യം നേടുന്നുണ്ടോ എന്നതാണ് കാതലായ കാര്യം (‘ഏകം സത് വിപ്രാഃ ബഹുധാ വദന്തി” എന്നു വേദങ്ങൾ, ‘യേ യഥാ മാം പ്രപദ്യന്തേ…..പാർത്ഥ സർഒശഃ’ എന്നു ഗീത). മതങ്ങളെ പരസ്പരം പഠിക്കാനും മനസ്സിലാക്കാനും തയ്യാറായാൽ മതപരിവർത്തത്തിനു കാരണമായ അജ്ഞത മാറുകയും ഈ സത്യത്തെ അംഗീകരിക്കേണ്ടതായും വരും.
മതങ്ങൾ നിലനിൽക്കുന്നതുതന്നെ വ്യത്യസ്താഭിരുചിയുള്ളവരെ അവർ നില്ക്കുന്ന
തലത്തിൽ നിന്നും ഉയർത്താനാണ്. മതങ്ങൾ ഇതിനു പര്യാപ്തമെങ്കിൽ മാത്രമേ അതു കാലത്തെ അതിജീവിക്കുകയുള്ളൂ. മതാനുഷ്ഠാനത്തിന്റെയും മതപ്രചാരണത്തിന്റെയുമൊക്കെ ഉദ്ദേശം ”ജീവനെ ഉയർത്തുക” എന്നതുമാത്രമായിരിക്കണം. അങ്ങനെയല്ലാതെ വരുമ്പോഴാണ് അതു നിർബന്ധിത മതപരിവർത്തനത്തിലേക്കും മറ്റും വഴിതിരിയുന്നത്. ബലപ്രയോഗത്തിലൂടെ അടിച്ചേൽപ്പിക്കുന്ന ഇത്തരം ആശയങ്ങളോ മതസംഹിതകളോ ദീർഘകാലം നിലനിൽക്കുന്നതല്ലെന്ന് ചരിത്രം നമോടു പറഞ്ഞുതരുന്നുണ്ട്. സത്യമോ ധർമമോ ഇല്ലാത്ത കാര്യങ്ങൾക്കൊന്നും തന്നെ (സത്യമേവ ജയതേ നാനൃതം) നിലനില്പുണ്ടാകില്ലല്ലോ. ലോകത്തുണ്ടായിട്ടുള്ള പലമതങ്ങളും നശിച്ചു പോയതിനും ജീർണിച്ചുകൊണ്ടിരിക്കുന്നതിനും കാരണവും മറ്റൊന്നല്ല. പാശ്ചാത്യദേശങ്ങളിലുണ്ടായിരിക്കുന്ന കടുത്ത മതനിഷേധത്തെ, ആളെകൂട്ടാൻ സംഘടിതമതങ്ങൾ വഴി ശക്തി മുഴുവനുമുപയോഗിക്കുന്നവർ ഒന്നു നോക്കിക്കാണേണ്ടതാണ്. ആരാധനാലയങ്ങൾ പോലും ബാധ്യതയായിത്തീരുന്ന ദുരവസ്ഥയാണവിടെ. അല്ലെങ്കിലും ആശയങ്ങളുടെ തലത്തിലെ അടിച്ചേൽപ്പിക്കലും അധികകാലം നിലനില്ക്കുകയില്ലെന്ന് രക്തത്തിലൂടെയുണ്ടായ വിപ്ലവങ്ങളും, ഏകാധിപത്യങ്ങളുടെ തകർച്ചകളും ഒക്കെ പറഞ്ഞു തരുന്നുണ്ടല്ലോ.
തുടക്കവും തുടർന്നുണ്ടാകുന്ന അഭൂതപൂർഒമായ വളർച്ചയും ഒടുവിലത്തെ തകർച്ചയും ഒക്കെയാണ് ഏതൊരു സംഘടിതനീക്കത്തിന്റെയും സ്വഭാവികമായ പരിണതി. രാജാക്കന്മാരിലൂടെ ഒരു കാലത്ത് ഇന്ത്യമുഴുവൻ വ്യാപിച്ചിരുന്ന ബുദ്ധമതം എത്ര പെട്ടെന്നാണ് അപ്രത്യക്ഷമായത്? മുമ്പു സൂചിപ്പിച്ചപോലെ മതത്തെ ബാദ്ധ്യതയായി കാണുന്ന പാശ്ചാത്യമനസ്സിന്റെ പൊതുവികാരവും നാം കാണേണ്ടതാണ്. നിർബന്ധിതമായ മതപരിവർത്തനത്തിന്റെയും അതിലൂടെ നേടുന്ന വിജയത്തിന്റെയുമൊക്കെ വിധിയും ഇതൊക്കെത്തന്നെയായിരിക്കും. മതങ്ങൾ മനുഷ്യരുടെ ആന്തരികാവശ്യങ്ങളെയാണ് നിറവേറ്റേണ്ടത്. ഉള്ളിലെ വിശപ്പില്ലാതാക്കുന്ന അത്തരം അനുഷ്ഠാനരീതികൾ സംഘടിതമല്ലെങ്കിൽപോലും സഹസ്രാബ്ദങ്ങളായി നിലനില്ക്കുന്നതായി കാണാം. സനാതനധർമം അയിരത്താണ്ടുകളായി നിലനിൽക്കുന്നതിന്റെ പിന്നിലെ രഹസ്യമിതാകുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടു താഴോട്ടു പോകുമെന്നുതോന്നുന്ന സമയത്തൊക്കെയും ശക്തമായ മുന്നേറ്റങ്ങൾ വന്ന് അതിനെ താങ്ങി നിർത്തുന്നത് സനാതനധർമത്തിലെ പ്രത്യേകതയാകുന്നു.
ജീവനെ അതിന്റെ പൂർണതയിലേക്കു നയിക്കാൻ കെല്പ്പുള്ള കാര്യങ്ങളെ സ്വജീവിതത്തിൽ അനുഷ്ഠിക്കുക എന്നതുതന്നെയാണ് യഥാർത്ഥ മതാനുഷ്ഠാനം. ഈ ആചരണം ഒരുവനിലുണ്ടാകുമ്പോൾ അത് മതത്തിന്റെ പ്രചാരണം കൂടിയായിത്തീരുന്നു. ഉൾക്കാമ്പും ഉൾക്കരുത്തും നഷ്ടപ്പെടാത്ത തരത്തിൽ സംഘടിതമായാലും അതു ലോകത്തിനു നന്മയായേ പരിണമിക്കൂ. ശരിയായ ദിശയിലാണെങ്കിൽ സംഘടിതകൂട്ടായ്മകൾ കൂടുതൽ പരോപകാരപ്രദമായ രീതിയിൽ ശക്തമായിരിക്കുമല്ലോ. ഇത്തരം ആചരണപ്രചരണങ്ങൾ കൊണ്ടു ദോഷമില്ല. സ്വന്തം അനുഭവത്തെയും അനുഭൂതികളെയും പങ്കുവയ്ക്കുകയാണിവിടെ. ഇത്തരം ആചരണപ്രചരണങ്ങൾ ഒരു പൂവിൽനിന്നും പൂമ്പാറ്റ തേൻ നുകരുന്നതുപോലെ, മഞ്ഞുകാലങ്ങളിൽ പുഷ്പങ്ങളിൽ പനിനീർത്തുള്ളികൾ ഊറിക്കൂടുന്നതുപോലെ സൗന്ദര്യദായകമായിരിക്കും.