ധാര്‍മിക ബോധനം അനിവാര്യം

ടി.പി.എം. ഇബ്രാഹിം ഖാന്‍

(പ്രസിഡന്റ്,കേരള സി.ബി.എസ്.ഇ.മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ )

വിദ്യാഭ്യാസം എന്നത് മനുഷ്യന്റെ ശരീരം, മനസ്, ആത്മീയം എന്നിവയിലെ സത്തിനെ പുറത്ത് കൊണ്ടുവരലാണ്. അത് ഒരു സാമൂഹിക പ്രക്രിയയും സാംസ്‌കാരിക പ്രവര്‍ത്തനവുമാണ്. വിജ്ഞാനവും കഴിവും ആര്‍ജിക്കുന്നതോടൊപ്പം നല്ല ശീലങ്ങളുടെ ഉടമയാകാനും ധാര്‍മിക മുല്യങ്ങളുടെ പ്രയോക്താവാകാനും വിദ്യാര്‍ഥിക്കു കഴിയുമ്പോഴേ വിദ്യാഭ്യാസം സാര്‍ത്ഥകമാകു. ഇന്നത്തെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ അതിന്റെ കുറവോ പരിമിതിയോ നമുക്ക് കാണാം. നാള്‍ക്കുനാള്‍ അധര്‍മത്തിലേക്കു കൂപ്പുകുത്തുന്ന ഒരു സാമൂഹിക പരിതസ്ഥിതിയില്‍ വിജ്ഞാനവിനിമയത്തിലെ ധാര്‍മിക വിദ്യാഭ്യാസനത്തിനുള്ള പ്രസകതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ജീവിതത്തില്‍ പല ശക്തികളും വ്യക്തികളും മനുഷ്യനില്‍ സ്വാധീനം ചെലുത്തുന്നുണ്ട്.ഈ സ്വാധീനവലയത്തില്‍നിന്ന് ലഭ്യമാകുന്ന അനുഭവങ്ങളെ കൊള്ളാനും തള്ളാനും അതുമനസ്സിലാക്കി തന്നിലടങ്ങിയിരിക്കുന്ന തിന്മകളെ ആര്‍ജിത നന്മകളാക്കി രൂപപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.

ഭാവിസമുഹം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടില്‍ നിന്നാണ് വിദ്യാഭ്യാസ പ്രക്രിയയുടെ ഗതി നിര്‍ണയിക്കപ്പെടുന്നത്. മൂല്യവിചാരം, ഉത്തരവാദിത്വബോധം, സാമൂഹിക പ്രതിബദ്ധത, സഹജീവി സ്‌നേഹം,ജീവിത വിശുദ്ധി, ജീവിത ലാളിത്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെയാണ് നാം വാര്‍ത്തെടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനനുസൃതമായ പഠനാനുഭവങ്ങള്‍ കുട്ടികള്‍ക്ക് നല്‌കേണ്ടതുണ്ട്.

സമകാലിക മനുഷ്യന്‍ അനുഭവിക്കുന്ന ഒട്ടനവധി പ്രശ്‌നങ്ങളുടെ കാരണമന്വേഷിച്ചാല്‍ വ്യക്തമായ മൂല്യബോധത്തിന്റെ അഥവാ ധാര്മിനകബോധത്തിന്റെ അഭാവം നമുക്ക് ബോധ്യപ്പെടും. ധാര്‍മിക വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ കാഴ്ചപ്പാട് വിവരങ്ങള്‍ നല്കലല്ല, മറിച്ച് മൂല്യങ്ങള്‍ സംവേദനം ചെയ്യലാണ്. മൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ പഠിപ്പിക്കപ്പെടുന്നതല്ല, പിടിച്ചെടുക്കപ്പെടുന്നതാണ്. ഗുരുക്കന്മാരില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഒപ്പിയെടുക്കുന്ന ശീലങ്ങള്‍, ആചാരങ്ങള്‍, കര്‍മരീതികള്‍, വ്യക്തിഗുണങ്ങള്‍ ഇവ അബോധമായി സംവേദനം ചെയ്യപ്പെടുന്നു. വിദ്യാര്ത്ഥികളില് ധാര്മിക മൂല്യങ്ങളും സഹിഷ്ണുത, ബഹുമാനം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ധാര്‍മിക ബോധനം ഇന്ന് നമ്മുടെ ഭരണഘടനയിലെ അനുച്ഛേദം 28 പ്രകാരം ന്യൂനപക്ഷസമുദായങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ നടന്നു വരുന്നുണ്ട്. ഇത് വെറും ന്യൂനപക്ഷവിദ്യാലയങ്ങളില്‍ മാത്രം ഒതുങ്ങാതെ സാര്‍വത്രികമായി നടപ്പിലാക്കണമെന്നാണ് എന്റെ അഭിപ്രായം. കുട്ടികളുടെ ബഹുമുഖങ്ങളായ ശേഷികളെ കണക്കിലെടുക്കുന്നതും അവയെ പോഷിപ്പിക്കാനുതകുന്നതുമായ പഠനബോധന തന്ത്രങ്ങളും രീതിശാസ്ത്രങ്ങളും പരിമിതികളും പോരായ്മകളും ധാരാളമുള്ള പൊതുവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷേ. കുട്ടികളില്‍ അന്തര്‍ലീനമായ ധാര്‍മികബോധത്തെ തട്ടിയുണര്‍ത്തി പരിപോഷിപ്പിക്കാനും അവരില്‍ കുടികൊള്ളുന്ന തിന്മയോടുള്ള ആഭിമുഖ്യത്തില് നിന്ന് മോചിപ്പിച്ചെടുക്കാനും നമ്മുടെ വിദ്യാഭ്യാസപ്രക്രിയയ്ക്കു കഴിയുന്നില്ല. ഒരു ഉത്തമ പൗരനെ വാര്‍ത്തെടുക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം നേടുന്നതില് നമ്മുടെ പൊതുവിദ്യാഭ്യാസം വിജയിച്ചിട്ടില്ല.

ആധുനിക ലോകം വൈജ്ഞാനിക മേഖലകളിലും ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പുരോഗതി കൈവരിക്കുമ്പോള്‍തന്നെ വൈയക്തികവും സാമൂഹികവുമായ മാനസികാരോഗ്യവും ധാര്‍മികമുല്യങ്ങളും ആശങ്കാകുലമാം വിധം തകര്‍ന്നുകൊണ്ടിരിക്കുന്നു. ആത്മീയവും ധാര്‍മികവുമായ മൂല്യങ്ങള് യുവാക്കളില് വളര്‍ത്താനാവശ്യമായ ഘടകങ്ങള് വിദ്യാഭ്യാസ പദ്ധതിയില് ഉള്‍ച്ചേര്‍ക്കല്‍ സമൂഹത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്. മതപരവും ധാര്‍മികവുമായ വിദ്യാഭ്യാസം പ്രാഥമിക ഘട്ടം മുതല് ഡിഗ്രി ഘട്ടം വരെയും നല്‌കേണ്ടത് അനിവാര്യമാണ്. വസ്തുതകള് ഇതൊക്കെയാണെങ്കിലും വിദ്യാഭ്യാസ വിചക്ഷണരും ചിന്തകരും ഏറക്കുറെ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ധാര്‍മിക വിദ്യാഭ്യാസത്തെക്കുറിച്ച് ചര്‍ച്ച നടത്താനും പദ്ധതികളാവിഷ്‌കരിക്കാനും വിവിധ സര്‍ക്കാരുകള്‍ക്ക് സാധിക്കുന്നില്ല. ഈ ദുരവസ്ഥയ്ക്കു കാരണം ഇതെല്ലാം നടപ്പിലാക്കേണ്ട അധ്യാപകരുടെ അന്ധമായ തത്ത്വശാസ്ത്ര വിധേയത്വം ഒന്നുകൊണ്ടുമാത്രമാണ്. ധാര്‍മികവിദ്യാഭ്യാസം മതാധ്യാപനങ്ങളുമായി കൂടിക്കലരുമെന്നും അത് മതേതരത്വത്തിന് പോറലേല്പ്പിക്കുമെന്നുമുള്ള ചിന്തയും മൂല്യവിദ്യാഭ്യാസം വേണ്ടവിധം നടപ്പിലാക്കുന്നതിന് തടസ്സുമായിട്ടുണ്ട്.

പ്രധാനമായും മൂന്ന് സിലബസ്സുകളാണ് ഉള്ളത്. സംസ്ഥാന സിലബസ്സും സി.ബി.എസ്.ഇ (Cetnral Board of Secondary Education),ഐ.സി.എസ്.ഇ(Indian Certificate of Secondary Education) എന്നിവ. ഓരോ ബോര്‍ഡിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട്. സ്റ്റേറ്റ് ബോര്‍ഡുകളേക്കാള്‍ വിദ്യാര്‍ത്ഥി സൗഹൃദമാണ് സിബിഎസ്ഇ. വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദമൊന്നുമില്ലാതെ, പഠനം സംവേദനാത്മകവും രസകരവുമാക്കുന്ന രീതിയിലാണ് പാഠ്യപദ്ധതികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതരരാജ്യക്കാരും നമ്മുടെ സിലബസ് പഠിക്കുന്നത് അത് കാര്യക്ഷമവും വിദ്യാര്‍ത്ഥിസൗഹൃദമായതുകൊണ്ടുമാണ്. എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്നിവയ്ക്കുള്ള പ്രവേശന പരീക്ഷ പൂര്‍ണ്ണമായും സിബിഎസ്ഇ സിലബസിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഒരു കുട്ടിയെ വാര്‍ത്തെടുക്കുന്നത് ഉന്നതവിദ്യാഭ്യാസത്തിനും അതുപോലുള്ള മറ്റു കഠിനമായ പ്രവേശന പരീക്ഷകള്‍ക്ക് അവരെ സജ്ജമാക്കുന്ന രീതിയിലാണ്. എല്ലാ ദേശീയ പ്രവേശന പരീക്ഷകളും സിബിഎസ്ഇ സിലബസ് അനുസരിച്ചാണ് നടത്തുന്നത്. ഐഐടി അല്ലെങ്കില്‍ എയിംസ് പോലുള്ള സ്ഥാപനത്തില്‍ ഭാവി പഠനം നടത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സിബിഎസ്ഇ പാഠ്യപദ്ധതി വളരെയധികം ഉപകരിക്കും. ഇത്തരം പരീക്ഷകളുടെ ഫലങ്ങള്‍ വിശകലനം ചെയ്താല്‍ നമുക്ക് അത് അറിയാന്‍ സാധിക്കും. ഉന്നതവിജയംനേടിയവരില്‍ ഭൂരിഭാഗവും സി.ബി.എസ്.ഇ.വിദ്യാലയങ്ങളില്‍ പഠിച്ചവരായിരിക്കും. പൊതുവിദ്യാലയങ്ങളിലെ ഭൗതികനിലവാരം വര്ദ്ധി പ്പിക്കുന്നതില്‍ മാത്രമേ സര്‍ക്കാര്‍ ഈ അടുത്തകാലത്തായി ശ്രദ്ധ ചെലുത്തുന്നുള്ളൂ. നിലനില്പ്് സുരക്ഷിതമായ അദ്ധ്യാപകരുള്ള പൊതുവിദ്യാലയങ്ങളില്‍ ഭൂരിപക്ഷത്തിലും പഠനനിലവാരം മോശമാണ്. എന്നാല്‍, രാഷ്ട്രനിര്‍മാണത്തില്‍ ക്രിയാത്മകപങ്കുവഹിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങളോട് എല്ലാകാലത്തും സര്‍ക്കാരുകള്‍ ചിറ്റമ്മ നയം തുടരുകയും ചെയ്യുന്നു.