മീശ
1. മീശ എന്ന നോവൽ മൂന്നുലക്കം പ്രസിദ്ധീകരിച്ചതിനു ശേഷം എതിർപ്പുകളും വിവാദങ്ങളും നേരിട്ട് പിൻവലിക്കേണ്ടി വന്നു. ഇപ്പോൾ 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരിക്കുന്നു. ഈ മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു.?
മീശയ്ക്ക് ലഭിച്ച അംഗീകാരം എഴുത്തുകാരന്‍ എന്ന നിലയിൽ ഏറെ സന്തോഷം നല്‍കുന്നു. ഒരു വിവാദമുണ്ടാക്കുന്നത് നോവലിന്റെ വായനയെ ദോഷകരമായി ബാധിക്കും എന്നാണ് ഞാൻ കരുതുന്നത്. ‘മീശ’ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചപ്പോഴാണ് അതിന്റെ വ്യത്യാസം എനിക്ക് മനസ്സിലായത്. കാരണം, മലയാളത്തിൽ ‘മീശ’ അതിന്റെ വിവാദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് മിക്കവരും വായിച്ചിട്ടുള്ളത്. അതിന്റെ സൗന്ദര്യാത്മകത ഉൾക്കൊണ്ട് വായിച്ചിട്ടുള്ളവർ വളരെ കുറച്ചു പേരെ ഉള്ളൂ. അതിനെക്കുറിച്ചുള്ള നിരൂപണങ്ങൾ വളരെ അപൂർവമായി മാത്രമെ മലയാളത്തിൽ വന്നിട്ടുള്ളൂ. വിവാദത്തിൽ എന്നെ അനുകൂലിച്ചവരിൽപലരും വിവാദം ശരിയാണോ തെറ്റാണോ എന്നാണ് സംസാരിച്ചത്. അല്ലാതെ, നോവലിന്റെ ഗുണഗണങ്ങളെക്കുറിച്ച് ആയിരുന്നില്ല. പക്ഷേ, ‘മീശ’ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചപ്പോൾ ഉണ്ടായ ഗുണം എന്നുപറഞ്ഞാൽ ഇംഗ്ലീഷ് വായനക്കാർക്ക് വിവാദത്തെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ട് ധാരാളം നിരൂപണങ്ങൾ അവിടെയുണ്ടായി എന്നതാണ്. ഇംഗ്ലീഷിലെ എല്ലാ മുഖ്യധാരാപത്രങ്ങളിലും ഓൺലൈനിലും സാമൂഹികമാധ്യമങ്ങളിലും ധാരാളം റിവ്യൂ വന്നു. ഒരുപാട് പേർ അതിനെ കുറിച്ച് എഴുതി. മലയാളത്തിലുണ്ടായതിലും കൂടുതൽ വായന മീശക്ക് ഇംഗ്ലീഷിൽ ഉണ്ടായി എന്നാണ് ഞാൻ കരുതുന്നത്. മലയാളത്തിൽ പുസ്തകങ്ങൾ ധാരാളം വിറ്റഴിക്കപ്പെട്ടു. പക്ഷേ, ഗൗരവകരമായ വായനയല്ല നടന്നത്. ഇപ്പോൾ അതിൽ മാറ്റം വരുന്നുണ്ട്. ധാരാളംപേർ വിവാദത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മീശ വായിച്ചിട്ട് വിളിക്കുന്നുണ്ട്. അഭിപ്രായം പറയുന്നുണ്ട്. നല്ല നോവൽ ആണെന്ന് പറയാൻ ആൾക്കാർ ധൈര്യപ്പെടുന്നുണ്ട്. മീശയ്ക്ക് ലഭിച്ച അംഗീകാരങ്ങൾ പ്രിയപ്പെട്ടതാണ്. ജനങ്ങളുടെ നികുതി പണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനം ആണ് കേരള സാഹിത്യ അക്കാദമി. അതുകൊണ്ടു തന്നെ അക്കാദമി പുരസ്കരം ജനങ്ങൾ നൽകുന്ന അംഗീകാരമാണ് .
2. ‘മീശ വിവാദം’ കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക പരിസരത്തെ എങ്ങനെയാണ് വെളിപ്പെടുത്തുന്നത്? ആധുനിക മലയാളിയുടെ പുരോഗമനമുഖത്തിന്റെ കാപട്യം പൊളിഞ്ഞുവോ ?
മലയാളിയുടെ പുരോഗമനമുഖത്തിന്റെ കാപട്യം പൊളിഞ്ഞുവെന്ന് ഞാൻ കരുതുന്നില്ല. മലയാളിയുടെ പുരോഗമനമുഖത്തിന് ഒരു കാപട്യം ഉണ്ടെന്നുള്ളത് ശരിയാണ്. പക്ഷേ, അതിലുപരി മീശ വിവാദത്തിൽ കാണേണ്ടത് കേരളത്തിലെ ഹിന്ദുത്വശക്തികളുടെ വളർച്ചയാണ്. കഴിഞ്ഞ പത്തിരുപത് വർഷമായി സംഭവിച്ച മാറ്റമാണത്. അത് മിക്കവാറും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ നൂറുശതമാനത്തിന്റെയും ഭരണം ഫലത്തിൽ സംഘപരിവാർശക്തികളുടെ കയ്യിലാണ്. ദേവസ്വംബോർഡ് ക്ഷേത്രങ്ങൾ ആയാലും ഭക്തജനസംഘങ്ങൾ എന്നപേരിൽ നിയന്ത്രിക്കുന്നത് അവരാണ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും അങ്ങനെയാണ്. ഇപ്പോൾ അതിനെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. ഇത്തരം ഗ്രൂപ്പുകൾ വഴിയാണ് വർഗീയത പ്രചരിപ്പിക്കുന്നത്. ഇതേ വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് മീശ വിവാദവും ശബരിമല വിവാദവും കത്തിപ്പടർത്തിയത്. ക്ഷേത്രങ്ങൾവഴി അവർക്ക് കിട്ടിയ മൂലധനത്തെ ഹിന്ദുക്കളെ വർഗീയവത്കരിക്കാൻ ഉപയോഗിക്കുകയാണ്. അതിന്റെ ഒരു ഭാഗമായിരുന്നു ‘മീശ വിവാദവും’. ഈ അവസ്ഥയിൽനിന്നു നാം രക്ഷപ്പെട്ടില്ലായെങ്കിൽ കേരളസമൂഹം വലിയ ഒരു ആപത്തിലേക്കാണ് പോകുന്നത്. അങ്ങനെയാണ് ഞാൻ ‘മീശ വിവാദത്തെ’ കാണുന്നത്. കേരളത്തിലെ പൊതുസമൂഹം തീർച്ചയായിട്ടും എനിക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ടു പൊതുസമൂഹം വർഗീയവത്കരണത്തിൽ നിന്നു പൂർണമായി മുക്തമല്ലെങ്കിലും അത് നല്ലതല്ല എന്ന ധാരണ അവർക്കുണ്ട്. 3. മീശയുടെ ഇംഗ്ലീഷ് പരിഭാഷ ഇന്ത്യയിലെ ഉയർന്ന ബഹുമതിയായ ജെ.സി.ബി പുരസ്കാരം നേടിയിരുന്നു. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങൾ വിവാദ സന്ദർഭത്തിലും പുരസ്കാര ജേതാവ് ആകുമ്പോഴും എത്രത്തോളം ഹരീഷിന്റെ കൂടെയുണ്ട്? കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ മിക്കവാറും സംഘപരിവാറിനെ പേടിച്ചാണ് പ്രവർത്തിക്കുന്നത്. കാരണം, പണ്ട് അദ്വാനി അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങളെക്കുറിച്ച് ഒരു കാര്യം പറഞ്ഞിരുന്നു. മുട്ടുകുത്താൻ പറഞ്ഞപ്പോൾ നിലത്ത് ഇഴയുകയായിരുന്നു എന്ന്. ആ അവസ്ഥയാണ് ഇന്നത്തെ കേരളത്തിലെ മാധ്യമങ്ങൾക്ക്. എൽഡിഎഫിനോടോ യുഡിഎഫിനോടോ ഇല്ലാത്ത പേടിയാണ് അവർക്ക് സംഘപരി വാറിനോട്. അതിനു കാരണം, സാധാരണ കവലചട്ടമ്പിമാരെ എല്ലാവർക്കും പേടികാണുമല്ലോ. വഴിയെ നടക്കുന്ന സ്കൂൾ അധ്യാപകനെക്കാളും മനുഷ്യർ പേടിക്കുന്നത് കവലചട്ടമ്പിയെ ആണ്. കാരണം, അവൻ ആക്രമിക്കാൻ സാധ്യതയുണ്ട്. വലിയ മൂലധനശക്തി ബിജെപിക്കുണ്ട്. കേരളത്തിലെയും ഇന്ത്യയിലെയും വലിയ ബിസിനസുകാർ അവരുടെ കൂടെയാണ്. കേന്ദ്രഭരണം അവരുടെ കയ്യിലാണ്. തീർച്ചയായിട്ടും അവർക്ക് മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയൊക്കെ നിലയ്ക്കു നിർത്താൻ കഴിയും. ഉദാഹരണത്തിന് കേരളത്തിലെ രണ്ടു ചാനലുകൾ ഏഷ്യാനെറ്റും മീഡിയവണ്ണും ഈയിടെ നിരോധിക്കപ്പെട്ടിരുന്നു. അതിനെക്കുറിച്ച് ഒരു വാർത്ത കൊടുക്കാനുള്ള ധൈര്യംപോലും ഇവിടുത്തെ മുഖ്യധാരാപത്രങ്ങൾക്ക് ഉണ്ടായില്ല. അതുപോലെ തന്നെ മറ്റു ചാനലുകൾക്കും. കാര്യങ്ങൾ ഇങ്ങനെ ആകുമ്പോൾ അവർ നമ്മുടെകൂടെ നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ. എങ്കിലും സഹൃദയരായ ഒരുപാടുപേർ ഇക്കാര്യത്തിൽ എന്നോട് സ്നേഹം അറിയിക്കാറുണ്ട്. എന്നെ നിരുപാധികം പിന്തുണയക്കാറുണ്ട്. മാധ്യമപ്രവർത്തകരിൽ പലരും നിസ്സഹായരാണ്. മൂലധനശക്തികൾ ആണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. ഒരു പരിധിയിൽകൂടുതൽ എതിർത്താൽ അവരുടെ തൊഴിലിനെത്തന്നെ ബാധിക്കും എന്നതാണ് അവസ്ഥ. 4. “സമഗ്രാധിപത്യത്തിന്റെ ഇരുമ്പുമറക്കുള്ളിലല്ല നാം കഴിഞ്ഞു കൂടുന്നത്; ജനാധിപത്യത്തിന്റെ ശുദ്ധവായുവുള്ളതും സ്വതന്ത്രമായ ആശയ വിനിമയം അനുവദിക്കപ്പെട്ടിട്ടുള്ളതുമായ ഒരു രാജ്യത്താണ് നാം ജീവിക്കുന്നത് ” എന്ന് സുപ്രീംകോടതി താങ്കളുടെ നോവലിന്റെ നിരോധന വിഷയത്തിൽ വിധി പറഞ്ഞപ്പോൾ വ്യക്തമാക്കുകയുണ്ടായി. ഇന്ത്യയിലെ വർത്തമാനകാല രാഷ്ട്രീയ-സാoസ്കാരിക സാഹചര്യങ്ങൾ എഴുത്തുകാരുടെ സ്വതന്ത്ര ആവിഷ്കാരത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ആ നിരീക്ഷണം ഇന്നത്തെ ഇന്ത്യയെപറ്റി എത്രത്തോളം ശരിയാണ് എന്നുള്ളകാര്യത്തിൽ സംശയം ഉണ്ട്. കാരണം, നിരന്തരമായി എഴുത്തുകാർ വേട്ടയാടപ്പെടുന്നു. ഒരു അഭിപ്രായം പറഞ്ഞതിന് 21 വയസ്സുകാരി ജയിലിൽ ആകുന്നു. അതിലുപരി മതത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചും ഉള്ള വ്യാജമായ അഭിമാനബോധങ്ങൾ വെറുതെ പ്രചരിപ്പിക്കപ്പെടുന്നു. പട്ടാളത്തെക്കുറിച്ചുള്ള വലിയ കഥകളൊക്കെ പ്രചരിപ്പിക്കപ്പെടുന്നു. പട്ടാളത്തിന്റെ ത്യാഗത്തെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്നു. ഭരണാധികാരികൾ മിലിറ്ററി യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്നു. എന്തൊരു ജനാധിപത്യരാജ്യം ആണിത് ? എനിക്കു മനസ്സിലാവാത്തത് അതാണ്. ഇത് എഴുത്തുകാരെയും സ്വാധീനിക്കുന്നുണ്ട്. കാരണം, 15 വർഷങ്ങൾക്കുമുമ്പ് കേരളത്തിലെ എഴുത്തുകാർ നിരന്തരം ഫാസിസത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഇന്നിപ്പോൾ ആരും സംസാരിക്കാറില്ല. കാരണം പേടിയുണ്ട്. എഴുത്തുകാർക്കു മാത്രമല്ല എല്ലാവർക്കും അതിനെക്കുറിച്ച് പേടിയുണ്ട്. ഒരു സ്വയം സെൻസർഷിപ്പ് പോലും ഉണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചും എഴുതുമ്പോൾ പലരുടെയും കൈ വിറയ്ക്കും. എഴുത്ത് ഇതിനെയൊക്കെ മറികടന്ന് മുന്നോട്ടുപോകും. ഇതിലും ശക്തമായ എതിർപ്പ് ഉണ്ടായപ്പോഴാണ് ലോകത്ത് കല ഇതിനെയൊക്കെ അതിജീവിച്ച് ഉയർന്നുവന്നത്. ഇന്ത്യയിലും അത് സംഭവിക്കും കേരളത്തിലും അത് സംഭവിക്കും. എല്ലാ ഏകാധിപത്യവും മറികടന്ന് യഥാർത്ഥ എഴുത്ത് മുന്നോട്ടു വരും. അതിനെ ചെറുത്തു നിൽക്കാൻ ഒരു ഭരണാധികാരിക്കും ഒരു പട്ടാളത്തിനും സാധിക്കില്ല എന്ന് തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. 5. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തി. എന്നാൽ ഇന്ന് എഴുത്തും ചിന്തയും അക്രമങ്ങളും അനാവശ്യ നിയമ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്. എഴുത്തുകാരുടെ ആത്മപ്രകാശനം എന്ന മൗലികാവകാശത്തെ ഭയം കീഴ്പ്പെടുത്തുമോ? നേരത്തെ പറഞ്ഞതുതന്നെയാണ് ഇതിനുള്ള ഉത്തരവും.എഴുത്തുകാർക്ക് തീർച്ചയായിട്ടും ഭയം ബാധിക്കും. മലയാളം എഴുത്തുകാരിൽ ചിലർതന്നെ സംഘപരിവാർ ചേരിയിലേക്ക് മാറുന്നതും നമ്മൾ കാണുന്നുണ്ട്. എന്നാൽ, നല്ല എഴുത്ത് അതിനെ മറികടക്കും. സത്യസന്ധമായി ഇടപെടേണ്ട ഒരു കാര്യമാണ് എഴുത്ത് എന്നുള്ളത്. രാഷ്ട്രീയചായ്‌വുകൾക്കും പ്രത്യയ ശാസ്ത്രവിധേയത്വത്തിനോ അവാർഡുകൾക്കോ ഉപരി നല്ല എഴുത്തായിരിക്കണം നമ്മെ മുന്നോട്ട് നയിക്കേണ്ടത്. സത്യസന്ധമായി എഴുതുക എന്നുള്ളതാണ് എഴുത്തുകാരന്റെ കടമ. നല്ല എഴുത്തുകാർ ഇതിനെയൊക്കെ മറികടന്ന് മുന്നോട്ടുപോകും എന്നതിൽ സംശയമില്ല.താൽക്കാലികമായ ഭയം ചില ആൾക്കാർക്ക് ഉണ്ടായിരിക്കും. പക്ഷേ, അതിനെ മറികടക്കുക തന്നെ ചെയ്യും 6. സാംസ്കാരിക ജീവിതം പ്രതിലോമശക്തികളാൽ നിയന്ത്രിക്കപ്പെടുന്ന കാലത്തെ ചെറുക്കാൻ എഴുത്തുകാർ സജജരാണോ? 2019- ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ മറ്റു രചനകൾ, ക്രിയാത്മക രാഷ്ട്രീയ നിലപാട് പുലർത്തുന്ന എഴുത്തിനുള്ള അംഗീകാരമായി കണക്കാക്കാമോ? അങ്ങനെയൊരുകാലത്ത് എഴുത്തുകാർ സജജരാണോ എന്ന് ചോദിച്ചാൽ അല്ല എന്നേ എനിക്ക് പറയാൻ പറ്റുള്ളൂ. എഴുത്തുകാരെ അങ്ങനെ മുൻനിരയിലൊന്നും ഞാൻ കാണുന്നില്ല. പക്ഷേ, നേരിട്ടുള്ള പോരാട്ടം ആയിരിക്കില്ല എഴുത്തുകാർ നടത്തുക. എഴുത്തുകാർ സൃഷ്ടികളിൽ കൂടെ ഇതിനെ മറികടക്കും, തിരിച്ചുവരും. ഈ വർഷത്തെ അക്കാദമി അവാർഡുകൾ രാഷ്ട്രീയ നിലപാടിനുള്ള അംഗീകാരമല്ല എന്നുള്ളത

