മഹാമാരികള്‍ സാഹിത്യത്തിന്റെ കണ്ണിലൂടെ

ലേഖനം മഹാമാരികള്‍ സാഹിത്യത്തിന്റെ കണ്ണിലൂടെ റെയ്ച്ചല്‍ ജോണ്‍ മഹാമാരികളെ ആസ്പദമാക്കിയുള്ള ലോകസാഹിത്യവും അതുണര്‍ത്തുന്ന മനുഷ്യജീവിതസമസ്യകളും ദാര്‍ശനിക ചിന്തകളും. മഹാമാരികളും പകര്‍ച്ചവ്യാധികളും മനുഷ്യര്‍ നേരിടുന്ന വലിയ പ്രതിസന്ധികളാണ്. ഈ പ്രതിസന്ധിയില്‍ മാനവിക വിഷയങ്ങളുടെ പ്രസക്തി ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. മാനവികവിഷയങ്ങളുടെ പങ്കിനെ ചോദ്യം ചെയ്യുകയെന്നാല്‍ കലയുടെയും സാഹിത്യത്തിന്റെയും പ്രാധാന്യത്തെ നിരാകരിക്കലാണ്. കഥ, ചിത്രരചന. ചലച്ചിത്രം തുടങ്ങിയ സങ്കേതങ്ങളെല്ലാം അസ്തിത്വത്തിന്റെ അര്‍ത്ഥതലങ്ങളിലേക്ക് സംഭാവന നല്കാന്‍ പോന്നവയാണ്. സാര്‍വലൗകികത എന്നത് ഏതൊരു കലാരൂപത്തിന്റേയും കേന്ദ്രമാണ്. മഹാമാരി തീര്‍ച്ചയായും ആഗോളപ്രതിഭാസമത്രേ. ഈ പ്രതിസന്ധിയെ അതിജീവിക്കുന്നതിനും പ്രത്യാശയുടെ പ്രകാശം നഷ്ടപ്പെടാതിരിക്കുന്നതിനും ഒരു കലാസൃഷ്ടിക്ക് നിര്‍ണായക പങ്കാണ് വഹിക്കാനുള്ളത്. ഓരോ കാലഘട്ടത്തിലും വിവിധ രോഗങ്ങള്‍ മാനവരാശിയെ പിടിച്ചുകുലുക്കിയിട്ടുണ്ട്. പ്ലേഗ് മൂലം എത്രയോ ആളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്! സാമൂഹിക ശാസ്ത്രപുരോഗതിക്ക് അത് നിര്‍ണായകമായ രീതിയില്‍ വഴിവച്ചുവെങ്കിലും അതുമൂലമുണ്ടായ ജീവനാശം വിലാപങ്ങള്‍ക്കെല്ലാം അപ്പുറത്താണ്. യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്ടീരിയം മൂലമാണ് പ്ലേഗ് ഉണ്ടാവുന്നത്. എലികളെയും കീടങ്ങളെയും ഈ ബാക്ടീരിയ ആദ്യം ബാധിക്കുന്നു. അത് മനുഷ്യരിലെത്തുമ്പോള്‍ വലിയ തോതില്‍ നാശംവിതയ്ക്കുന്നു. ചരിത്രത്തില്‍ മൂന്നു പ്രാവശ്യം വലിയ തോതിലുള്ള പ്ലേഗ് പടര്‍ന്നുപിടിച്ചിട്ടുണ്ട്. ജസ്റ്റീനിയന്‍ പ്ലേഗ്, കറുത്ത മരണം മൂന്നാമത്തെ പ്ലേഗ് എന്നാണ് അവ അറിയപ്പെടുന്നത്. പ്ലേഗ് പൊട്ടിപ്പുറപ്പെടുന്നതിന് മൂന്നുകാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്: വിദേശവ്യാപാരത്തിലുള്ള വര്‍ധന, നഗരങ്ങളിലെ ജനസംഖ്യാവര്‍ധന, ചികിത്സാവിധിയെക്കുറിച്ചുള്ള അറിവില്ലായ്മ. വര്‍ധിതമായ വിദേശവ്യാപാരംവഴി രോഗാണുക്കള്‍ക്ക് സഞ്ചരിക്കാനുള്ള അവസരം ലഭിച്ചു. നഗരങ്ങളിലെ ജനസംഖ്യാവര്‍ധനയും ജനസാന്ദ്രതയും മൂലം മാലിന്യം അടിഞ്ഞുകൂടുകയും അനാരോഗ്യകരമായ അന്തരീക്ഷം സംജാതമാവുകയും ചെയ്തു. നഗരങ്ങള്‍ രോഗാണുക്കളുടെ വളര്‍ത്തു കേന്ദ്രങ്ങളായി മാറി. പ്ലേഗ് തൂത്തെറിഞ്ഞത് ഭൂമിയിലെ പകുതിയോളം ജനസംഖ്യയെയാണ്. മഹാമാരിയുടെ പൊതുവേയുള്ള പേരായിത്തീര്‍ന്നു, പ്ലേഗ്. ആധുനിക കാലത്തും പലവിധത്തിലുള്ള ഇന്‍ഫ്‌ളുവന്‍സുകളും മനുഷ്യജീവന് ഭീഷണിയായിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെയും പ്രതിഫലനം സാഹിത്യത്തിലും കലയിലും വ്യക്തമായി കാണാം. അല്‍ബേര്‍ കാമുവിന്റെ ‘ദ പ്ലേഗ്’ (1947) എന്ന കൃതിക്ക് ഡാനിയേല്‍ ഡിഫോയുടെ ജേണല്‍ ഓഫ് ദ ഇയര്‍ (1722) പ്രചോദനമായി ഭവിച്ചു. 1665 ലെ ലണ്ടനിലെ വലിയ പ്ലേഗ് ബാധയുടെ 57-ാം വര്‍ഷത്തിലാണ് ഡിഫോയുടെ നോവല്‍ പ്രസിദ്ധീകൃതമായത്. പ്ലേഗ് ബാധയുടെ കഷ്ടനഷ്ടങ്ങളെല്ലാം അതില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജനസംഖ്യയുടെ 20 ശതമാനം അക്കാലത്ത് പ്ലേഗ് അപഹരിക്കുകയുണ്ടായി. അള്‍ജീരിയയിലെ ചെറുപട്ടണമായ ഒറാനില്‍ 1940-കളില്‍ ഉണ്ടായ പ്ലേഗ്, ഒരു മഹാമാരിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തെയാണ് വരച്ചുകാണിക്കുന്നത്. മനുഷ്യാവസ്ഥയെ ഒരു ദൃഷ്ടാന്തം പോലെ അത് വിവരിക്കുന്നു. ഒറാന്‍ പ്ലേഗ് ഒരു ചരിത്രയാഥാര്‍ത്ഥ്യത്തിന്റെ പ്രതീകമാണ്. മനുഷ്യകുലത്തെ ബാധിക്കുന്ന ആയിരക്കണക്കിനു രോഗങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യാന്‍ പോന്നതാണത്. അസംബന്ധങ്ങളായ മഹാമാരികളെ നേരിട്ടുകൊണ്ടുതന്നെ മനുഷ്യാസ്തിത്വത്തിന്റെ അര്‍ത്ഥം നാം കണ്ടുപിടിക്കണമെന്ന കാര്യത്തില്‍ കാമുവിന് ഉത്തമബോധ്യമുണ്ടായിരുന്നു. മനുഷ്യത്വമില്ലാത്ത ശത്രുവിനെ നേരിടാന്‍ മനുഷ്യര്‍ക്ക് എങ്ങനെ സഹകരിച്ചു പ്രവര്‍ത്തിക്കാനാവുമെന്ന് ‘ദ പ്ലേഗ്’ വിശദീകരിക്കുന്നുണ്ട്. വമ്പിച്ച വ്യാപാരത്തില്‍ ഏര്‍പ്പെട്ടും സുഖലോലുപതയില്‍ മുങ്ങിയും കഴിഞ്ഞിരുന്ന ഒറാനിലെ ജനങ്ങളെ ബ്യൂറോണിക്ക് പ്ലേഗ് ആക്രമിച്ചപ്പോള്‍ വലിയ ആഘാതമാണ് അവര്‍ ഏറ്റുവാങ്ങിയത്. ആ നിമിഷം മുതല്‍ അവര്‍ മനസ്സിലാക്കുന്ന വസ്തുത ഇതാണ്, ലോകത്തില്‍ നിന്നുതന്നെ നാം ഒറ്റപ്പെട്ടിരിക്കുന്നു. സ്മരണയും ഭാവനയും സന്ദേശങ്ങളുമെല്ലാം അപഹരിക്കപ്പെട്ട് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ. ഒറ്റപ്പെടല്‍ അവരുടെ ഭയത്തെ വര്‍ദ്ധിപ്പിക്കുന്നു. ‘നീണ്ട ഒറ്റപ്പെടലിന്റെ ഏറ്റവും വേദനാജനകമായ കാര്യമാണ് ഭയം’ പ്ലേഗുമൂലം നിര്‍ബന്ധിതമായി ക്വാറന്റീനില്‍ കഴിയാന്‍ വിധിക്കപ്പെട്ടപ്പോഴാണ് മനുഷ്യബന്ധങ്ങളുടെ മൂല്യവും, ജീവിതത്തിന്റെ അര്‍ഥവും ഒറാനിലെ ജനങ്ങള്‍ക്ക് മനസ്സിലായത്. ജീവിതത്തിന്റെ അര്‍ത്ഥലക്ഷ്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ പരാജയപ്പെട്ട അവര്‍ ജീവിതം ഒരു കുമിളയാണെന്നു കരുതിയിരുന്നു. ഇത് ഒരു ദുരന്തമായിത്തീരാനും എത്ര എളുപ്പമാണ്!. പ്ലേഗിലൂടെ കാമു വിശദീകരിക്കുന്നത് അസംബന്ധമായ ഒരു സാഹചര്യത്തോടുള്ള മാനുഷിക പ്രതികരണമാണ്. അസ്തിത്വപ്രതിസന്ധിയിലും അസംബന്ധലോകവുമായുള്ള ഒരു കണ്ടുമുട്ടലിനെ അര്‍ത്ഥവത്തായ അസ്തിത്വത്തില്‍ കലാശിക്കുന്നു. ‘ദ പ്ലേഗ്’ ചിത്രീകരിക്കുന്നത് അസംബന്ധ സാഹചര്യത്തോടുള്ള മാനുഷികപ്രതികരണമാണ്. കാമു നിര്‍ദേശിക്കുന്നത് അസംബന്ധലോകവുമായുള്ള സത്യസന്ധമായ ഒരു കണ്ടുമുട്ടലാണ്. അര്‍ത്ഥവത്തായ അസ്തിത്വത്തില്‍ അത് പര്യവസാനിക്കാനുള്ള ഒരു വിരോധാഭാസ സാധ്യത അതില്‍ അടങ്ങിയിട്ടുണ്ടെന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. മനുഷ്യചേതനയാണിവിടെ വ്യാപരിക്കുന്നത്.