വേട്ടാളന്‍

കഥ വേട്ടാളന്‍ മേധിനി കൃഷ്ണന്‍ വീട് നഷ്ടപ്പെട്ട വേട്ടാളന്‍ വീണ്ടും കൂടൊരുക്കുകയാണ്… മരത്തിന്റെ അഴികളുടെ താഴെ പടിയില്‍ മണ്ണിന്റെ വീടൊരുങ്ങുന്നു. വേട്ടാളന്റെ ഗര്‍ഭഗൃഹം. നനഞ്ഞ മണ്ണും പശിമയും… ഇടയ്ക്കു പറന്നു പുറത്തു പോയി തിരിച്ചു വരുന്നു. ആ ചെറിയ പെണ്‍കുട്ടി കൗതുകത്തോടെ അത് നോക്കിയിരിക്കുകയാണ്. പിന്നെപ്പോഴോ ഇരുട്ട് പരന്നതുപോലെ… കൈയിലെ ചെറിയ വടികൊണ്ടു ആ കുട്ടി കൂട് ഇളക്കി… പൊട്ടിച്ചു താഴെയെറിഞ്ഞു… തറയില്‍ മണ്‍പുറ്റുകള്‍ക്കിടയില്‍ വെളുത്ത പാടയ്ക്കുള്ളില്‍… എന്തായിരുന്നു അത്… ഒരു പ്രാണന്‍ പിടയുന്നു. ചെവിയിലേക്ക് ആര്‍ത്തു വരുന്ന വേട്ടാളന്റെ മൂളല്‍… ദേഹം വിറച്ചു… തുടകള്‍ക്കിടയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നുവല്ലോ… കാല്പാദങ്ങളില്‍ രക്തം… മണ്‍പുറ്റുകളെ മൂടി ആ രക്തം പരന്നൊഴുകുന്നു… വേദന… വേദന… ഉരുകിയൊലിച്ച ഭ്രൂണത്തിന്റെ വേദന… കാതില്‍ മുഴങ്ങുന്ന വേട്ടാളന്റെ കരച്ചില്‍… മീനാക്ഷി അലറി വിളിച്ചു… സ്വപ്നം… വിയര്‍ത്തു കുളിച്ചിരുന്നു… ഒഴുകുന്നത് വിയര്‍പ്പു തന്നെയോ… അതോ ചോരയാണോ… വയറില്‍ കൈഅമര്‍ത്തി പിടിച്ചു. കാല്പാദങ്ങളില്‍ ചോരയില്ലെന്നു ഉറപ്പു വരുത്തി… മീനാക്ഷി…. വിഷ്ണു പരിഭ്രമത്തോടെ വിളിച്ചു… ആ കണ്ണുകളിലെ പിടച്ചില്‍… ‘എന്റെ കുഞ്ഞ്… ഞാന്‍ കണ്ടു… പതിവ് പോലെ ആ വേട്ടാളന്‍ എന്റെ കുഞ്ഞിനെ കൊന്നു…’ വിറയ്ക്കുന്ന സ്വരം… അവളെ വിഷ്ണു നെഞ്ചോട് ചേര്‍ത്തുപിടിച്ചു… ആ നെഞ്ചില്‍ തലയിടിച്ചു അവള്‍ കരഞ്ഞുകൊണ്ടിരുന്നു… ‘ഈ കുഞ്ഞ് കൂടെ പോയാല്‍… മീനാക്ഷി പിന്നെ ഉണ്ടാവില്ല വിഷ്ണു…’ ‘ഒന്നുമില്ല…എല്ലാം നിന്റെ തോന്നലാണ്… ഒന്നും വരില്ല… ഈ കുഞ്ഞ്… നിന്റെ നെഞ്ചില്‍ ചേര്‍ന്നു കിടക്കും…’വിഷ്ണു അവളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു… ഏറെനേരം അവള്‍ ശാന്തമായി അയാളുടെ നെഞ്ചില്‍ ചേര്‍ന്നുകിടന്നു. പിന്നെ മെല്ലെ എഴുന്നേറ്റു. തുറന്നിട്ട ജനലിലൂടെ ആകാശം കാണാം. കാവില്‍ ഉറങ്ങുന്ന പാലമരം. പൂത്ത പാരിജാതപ്പൂവിന്റെ ഗന്ധം. അഴിഞ്ഞുലഞ്ഞ മുടിയുമായി നില്‍ക്കുന്ന പനമരം. മുന്‍പൊക്കെ ഈ കാഴ്ചകളെ എത്ര മാത്രം സ്‌നേഹിച്ചിരുന്നു. പിന്നെ എപ്പോഴോ ഭയമായി മാറി ഈ തറവാട്. വരാന്‍ കൂട്ടാക്കാതെ ഭയന്നു ഭയന്നു… എന്നിട്ടും വരേണ്ടി വന്നു. മരത്തിന്റെ അഴികള്‍ക്കു താഴെ… മണ്‍പുറ്റിന്റെ പാട്… അതില്‍ മെല്ലെ വിറയ്ക്കുന്ന കൈകളോടെ തലോടി. പക്വതയില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ തെറ്റ്… അതിന്റെ കറ ഇപ്പോഴും മനസ്സിലെവിടെയോ പറ്റിപ്പിടിച്ച്… വിട്ടുപോകാതെ… വയറില്‍ അറിയാതെ കൈകള്‍ ചേര്‍ത്തുപോയി. അവിടെ വെളുത്ത പാടയ്ക്കുള്ളില്‍ തുടിക്കുന്ന പ്രാണന്‍… ഇത് നാലാമത്തെ തവണ… ഉടഞ്ഞു ചിതറിയൊഴുകിപ്പോയ മൂന്ന് ഭ്രൂണങ്ങളുടെ കഥ. അമ്മ നോവറിയിക്കാത്ത അലസിപ്പോവുന്ന ഗര്‍ഭപാത്രത്തിന്റെ വേദന. ഓര്‍ത്തെടുക്കുമ്പോള്‍ ഓര്‍മയിലെങ്ങോ ഗര്‍ഭഗൃഹം നഷ്ടപ്പെട്ട ഒരു വേട്ടാളന്റെ നോവ് ഹൃദയത്തില്‍ ഒഴുകിപ്പടരും. വിഷ്ണു പറയും. ഒക്കെയും നിന്റെ അന്ധവിശ്വാസം ആണെന്ന്. ആയിരുന്നുവോ? അവധിക്കു നാട്ടില്‍ അച്ഛമ്മയുടെ വീട്ടില്‍ ഓടിയെത്താറുള്ള മീനാക്ഷി. ആ പഴയ വീടും കാവും തൊടിയുമെല്ലാം മീനാക്ഷിക്കു അത്ഭുതമായിരുന്നു. ആ വീട്ടിലെ മുകളിലെ ചെറിയ മുറിയില്‍ അച്ഛമ്മയോട് ചേര്‍ന്നുകിടക്കുമ്പോഴാണ് പഴയ കഥകള്‍ കേള്‍ക്കുക. അന്നൊരിക്കല്‍ ആദ്യമായി മരത്തിന്റെ ജനലഴികളില്‍ താഴെ കണ്ണുകളില്‍ തെളിഞ്ഞ ആ മണ്‍പുറ്റ്… ‘ഇതെന്താ അച്ഛമ്മേ…’ ‘അത് വേട്ടാളന്‍ കൂടു കൂട്ടണതാ…’ വേട്ടാളന്‍… മീനാക്ഷി പിറുപിറുത്തു. എന്തോ ആ പേര് ഒരു ഭയംപോലെ. പിന്നെ പിന്നെ ആ കൂട്ടിലേക്ക് നോക്കിയിരുന്നപ്പോള്‍ പുറത്തുവന്ന ആ ജീവിയെ കണ്ടു. അറപ്പ് തോന്നി. അന്ന് ഒരു കോലെടുത്തു ആ പുറ്റ് പൊട്ടിച്ചു കളഞ്ഞു. പിന്നെയാണ് ശ്രദ്ധിച്ചത്. ആ വീടിനുള്ളില്‍ പലയിടങ്ങളിലും ആ പുറ്റ് ഉണ്ട്. മച്ചിനുള്ളില്‍, പത്തായപ്പുരയില്‍, ഓടിന്മേല്‍. അങ്ങനെ അങ്ങനെ ആ വീട് മുഴുവന്‍ വേട്ടാളന്റെ ആയി മാറുമോന്നു ഭയന്നുപോയി… ഒരു കോലെടുത്തു എല്ലാ കൂടുകളും പൊട്ടിച്ചെറിഞ്ഞു. പക്ഷേ, ആ ജനലരികിലെ പടിയുടെ താഴെ ഓരോ തവണ വീട് നഷ്ടപ്പെടുമ്പോഴും കൂടൊരുക്കുന്ന വേട്ടാളനെ മീനാക്ഷി കണ്ടു. അതിനുള്ളില്‍ വെളുത്ത പാടയ്ക്കുള്ളിലെ പ്രാണനും… ഒരിക്കല്‍ പൊട്ടിച്ചെറിഞ്ഞ കൂടുകണ്ട് അച്ഛമ്മ വഴക്കു പറഞ്ഞു. ‘എന്ത് ദ്രോഹമാണ് കുട്ട്യേ ചെയ്യണേ… അത് അതിന്റെ കുട്ട്യോള്‍ക്കുവേണ്ടി കഷ്ടപ്പെട്ടു ഉണ്ടാക്കണതല്ലേ… അതില് വേട്ടാളന്റെ മുട്ടയുണ്ടാവും… ശാപം കിട്ടൂലോ ന്റെ കുട്ടിക്ക്…’ അച്ഛമ്മ തലയില്‍ കൈവച്ചു പിറുപിറുത്തു. അന്ന് തെല്ലൊന്നു വിറച്ചു. കണ്‍മുന്നില്‍ അതാ വേട്ടാളന്‍. കണ്ണുകളിലേക്കു പകയോടെ നോക്കുന്നു. ചെവിയില്‍ അതിന്റെ സ്വരം ഇരമ്പിയാര്‍ക്കുന്നു. നോക്കിയിരിക്കെ അത് പറന്നു കൈകളില്‍ അമര്‍ത്തി കുത്തിയിട്ട് തിരികെപോയി. വേദനകൊണ്ട് അലറിക്കരഞ്ഞു. ഉള്ളിലെവിടെയോ കുറ്റബോധത്തിന്റെ കനല്‍. നീറി നീറി… പിന്നീടൊരിക്കലും അച്ഛമ്മയുടെ വീട്ടില്‍ വേട്ടാളന്റെ കൂട് കണ്ടിട്ടില്ല. ഓരോ തവണയും തറവാട്ടിലെത്തിയാല്‍ ആദ്യം തിരയുക ആ കൂടാണ്. പിന്നീട് ഒരിക്കല്‍പ്പോലും അതവിടെ കണ്ടിട്ടില്ലല്ലോയെന്ന് അതിശയത്തോടെ ഓര്‍ത്തുപോകും. ഒപ്പം, ഉള്ളില്‍ പടര്‍ന്നു കയറുന്ന അസ്വസ്ഥതയും. പുറ്റിന്റെ ഒരു പാട് അവശേഷിപ്പിച്ചുകൊണ്ടു വേട്ടാളന്‍ എവിടെയോ പോയി മറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിരിക്കുന്നു. വിവാഹംകഴിഞ്ഞു പത്തു വര്‍ഷങ്ങള്‍. ഒരു കുഞ്ഞിനെ കാത്തിരിക്കുന്ന മനസ്സിലേക്ക് എപ്പോഴും തെളിഞ്ഞുവരുന്ന ഒരു ചിത്രം. തച്ചുടച്ച ഒരു വേട്ടാളന്റെ കൂട്… തുടയിലൂടെ ഒഴുകിയിറങ്ങുന്ന ഉടഞ്ഞ ഗര്‍ഭത്തിന്റെ നോവ്… മൂന്ന് തവണ… ഗര്‍ഭപാത്രത്തിലൂറിയ പ്രാണനെ നെഞ്ചോട് ചേര്‍ക്കാനാവാതെ… പാതിയില്‍ പിടയുന്ന പ്രാണനായി ഉരുകിയൊലിച്ചു…