ജാരചിന്തകള്‍

കഥ ജാരചിന്തകള്‍ റീന പി.ജി ചിന്തകള്‍ക്ക് പലപ്പോഴും ഒരു ജാരസ്വഭാവമുണ്ട്. വേദനിപ്പിക്കുന്ന ചിന്തകളെ തലച്ചോറിലെ കുരുത്തംകെട്ട ചില സെല്ലുകള്‍ പ്രത്യേകം സൂക്ഷിച്ചുവയ്ക്കുകയാണ്. ഏത് സമയത്താണോ ഓര്‍ക്കണ്ടായെന്ന് നിനയ്ക്കുന്നത് അതേസമയത്ത്തന്നെ അവയെ മുന്നിലേക്കിട്ട് തരും. ഒരു ജാരന്റെ രംഗപ്രവേശം എങ്ങനെയാണെന്ന് നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടോ? ചുറ്റുപാടും ആരുമില്ലെന്നുറപ്പ് വരുത്തി മുങ്ങാം കുഴിയിടുന്നതുപോലെ ഒരു വരവാണ്. ഒരു തെളിവ് പോലും പുറത്ത് അവശേഷിപ്പിക്കാതെ ഒരാഴ്ന്നിറങ്ങലാണ്. ഓരോ പരിചയങ്ങളും ഓരോ നാഴികക്കല്ലുകളാണ്. ഒരു വ്യക്തിയുടെ ജീവിതത്തില്‍ അയാളിന്നുവരെ കടന്നു പോയ ഓര്‍മകളോരോന്നും തലച്ചോറില്‍ കോഡ് ചെയ്യപ്പെട്ടിരിക്കുന്നു. ചില സമയങ്ങളില്‍ അവ അയാള്‍പോലും അറിയാതെ പുറത്തെടുക്കപ്പെടും. പതിവുപോലെ ശേഖരന്‍ മാഷ് അതിരാവിലെ നടക്കാനിറങ്ങി. തനിച്ചാണ് താമസം എന്നതുകൊണ്ട്തന്നെ സ്വയം കാപ്പിയിട്ട് കുടിക്കല്‍ ഒരു ശീലമാണ്. മഫ്‌ലര്‍ തലയില്‍ ചുറ്റി വാതില്‍ പൂട്ടി താക്കോല്‍ ചെടിച്ചട്ടിക്കരികില്‍ വച്ച് ഇറങ്ങി. വയസ്സ് അന്‍പത്തഞ്ച് ആയെങ്കിലും ഒത്ത ആരോഗ്യമാണ്. ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിങ്ങനെയുള്ള ആര്‍ഭാടങ്ങളൊന്നും തന്നെയില്ല. ഇപ്പോഴും അവിവാഹിതനായി കഴിയുന്നതിന്റെ രഹസ്യം മാത്രം ഇതുവരെ ആര്‍ക്കും പിടികിട്ടിയിട്ടില്ല. മാഷ് പഞ്ചായത്ത് റോഡിനടുത്തുള്ള വളവിലെത്തി. നല്ല കോടമഞ്ഞുള്ള സ്ഥലമാണ്. സൂര്യനുദിക്കുന്നതുവരെ ആളുകളുടെ മുഖംപോലും വ്യക്തമായി കാണാന്‍ സാധിക്കില്ല. അത്യാവശ്യം സ്പീഡില്‍ തന്നെ മാഷ് നടന്നു. അഹമ്മദിന്റെ പെട്ടിക്കടയുടെ അടുത്തെത്തുമ്പോഴാണ് സാധാരണയായി യൂസുഫാക്കയെ കാണാറുള്ളത്. ഇന്ന് അദ്ദേഹത്തെ കണ്ടില്ല. എന്ത് പറ്റിയാവോ എന്ന് മനസ്സില്‍ ചിന്തിച്ചു. മാഷുടെ പുറകെ നടന്നു വരുന്ന രണ്ടാളുകളുടെ സംസാരം മാഷ് ശ്രദ്ധിച്ചു. ‘എന്തു പറയാനാ ഹംസാ പെട്ടെന്നായിരുന്നു. ഇന്നലീം കൂടി ഞാനും മൂപ്പരും ചായപ്പീടികേന്ന് ചായ കുടിച്ച് പിരിഞ്ഞതാണ്. അപ്പോഴൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ’. മാഷ് തിരിഞ്ഞുനോക്കി. മുഖം വ്യക്തമല്ല. ‘ആരെപ്പറ്റിയാ നിങ്ങള്‍ പറയുന്നത്?’ ‘മ്മളെ യൂസുഫാക്കാന്റെ കാര്യം തന്നെ. മൂപ്പര് മയ്യത്തായിലെ. അറ്റാക്കായിരുന്നത്രെ. ഞങ്ങളങ്ങോട്ട് പോവാണ്.’ മാഷ് അന്ധാളിച്ച് നിന്നു പോയി. ആകെ ഒരു തളര്‍ച്ച. അദ്ദേഹം ആ കലുങ്കില്‍ ഇരുന്നു. ‘എന്താ മാഷേ സുഖമില്ലേ? വെള്ളം കുടിക്കണോ?’ ‘വേണ്ട. ഞാന്‍ അല്പസമയം ഇവിടെയിരിക്കട്ടെ.’ നാലോ അഞ്ചോ മാസങ്ങള്‍ക്ക് മുന്നെയാണ് യൂസുഫാക്കയെ കാണുന്നത്. എന്നും പഞ്ചായത്ത് റോഡിന്റെ വളവ് തിരിയുന്ന ഭാഗത്ത് നിന്നാണ് യൂസുഫാക്ക നടന്നുവരാറുള്ളത്. ഹെല്‍ത്ത് സെന്റര്‍ വരെ നടന്ന് അവിടെ നിന്ന് രണ്ടുപേരും തിരിച്ച് നടക്കാറാണ് പതിവ്. ഏകദേശം ഒന്നര മണിക്കൂര്‍ സമയം. മൂടല്‍മഞ്ഞ് കാരണം മുഖം വ്യക്തമായി കാണുകയില്ല. എങ്കിലും ആ സമയമത്രയും ലോകത്തുള്ള സകല കാര്യങ്ങളും സംസാരിക്കും. സ്വന്തം കുടുംബത്തെപ്പറ്റിയും കുട്ടികളെപ്പറ്റിയും വാതോരാതെ സംസാരിക്കും. മകന്റെ വിസയ്ക്ക് ചെലവായ പണത്തെക്കുറിച്ചും അതിനായി വീടും പുരയിടവും പണയം വെച്ചതും കടം വീട്ടാന്‍ ബുദ്ധിമുട്ടുന്നതിനെക്കുറിച്ചും എല്ലാം സംസാരത്തില്‍ വരും. ഇന്നലെയും പിരിയാന്‍ നേരം ചോദിച്ചതാണ് ‘അല്ല യൂസഫാക്കാ… നമ്മള് പകല്‍ വെളിച്ചത്തില്‍ എവിടേലും വെച്ച് കണ്ടാല്‍ തിരിച്ചറിയുമോ?’ ‘അതിനെന്താ മാഷേ… ഞാന്‍ നിങ്ങളെ മുന്നെ കണ്ടിട്ടുണ്ടല്ലോ. എനിക്ക് നിങ്ങളെ അറിയാലോ. അല്ലേല് ഒര് കാര്യം ചെയ്യീം. ങ്ങള് ഒരീസം ന്റെ പൊരീ ല്ക്ക് വരീം. വൈകണ്ട. നാളെത്തന്നെ ആയ്‌ക്കോട്ടെ. നാളെ ന്റെ മൂത്തമോന്‍ ദുബായീന്ന് വരുന്നുണ്ട്. ഓനീം കാണാലോ. വൈകുന്നേരം വന്നാല്‍ മതിട്ടോ. പഞ്ചായത്ത് കിണറിന്റെ ഇടത്തെ റോഡില് മൂന്നാമത്തെതാണ് മ്മളെ പെര.’ ആ യൂസുഫാക്ക ഈ ലോകം വിട്ട് യാത്രയായിരിക്കുന്നു. മനുഷ്യന്‍ എത്ര നിസ്സാരന്‍ അല്ലേ. ലോകം മുഴുവന്‍ തന്റെ കൈക്കുള്ളിലെന്നഹങ്കരിച്ച് ഓരോന്ന് ആസൂത്രണം ചെയ്യും. അടുത്ത സെക്കന്റില്‍ എന്ത് സംഭവിക്കുമെന്ന് അവനറിയുന്നുണ്ടോ. പതുക്കെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി നടന്നു. രാവിലത്തെ മൂടല്‍മഞ്ഞില്‍ അദ്ദേഹത്തിന്റെ മുഖം ഇതുവരെ വ്യക്തമായി കണ്ടിട്ടില്ല. എങ്കിലും മനസ്സ് വ്യക്തമായി കണ്ടിട്ടുണ്ട്. മുഖം മനസ്സിന്റെ കണ്ണാടിയാണെന്നല്ലേ പറയുന്നത്. അകലെ നിന്നേ കണ്ടു. റബ്ബര്‍തോട്ടത്തിനിടയില്‍ നീല ചായം തേച്ച ഓടിട്ട ഒരു പഴയ വീട്. തൊട്ടപ്പുറത്ത് ഒരു പുതിയ വീടിന്റെ പണി നടക്കുന്നുണ്ട്. മകനുള്ളതാവും. റബ്ബര്‍തോട്ടത്തിലും മറ്റുമായി ആളുകള്‍ അവിടവിടെയായി നില്‍ക്കുന്നുണ്ട്. പരിചയക്കാര്‍ ആരൊക്കെയോ അടുത്തുവന്നു.