മത്തായി പ്രഭാവം – ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും
ഡോ. അമ്പാട്ട് വിജയകുമാര്‍
‘മത്തായിയുടെ സുവിശേഷം’ എന്ന വാക്ക് കേള്‍ക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. അതിഗഹനമായി, അതിന്റെ പ്രസക്തി അറിയാത്തവരാണ് പലരും, പ്രത്യേകിച്ച്, ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചുവെന്നാണ് ആദ്യ നൂറ്റാണ്ടുമുതലുള്ള വിശ്വാസം. യഹൂദമതത്തില്‍ നിന്ന് യേശുവിന്റെ ശിഷ്യത്ത്വം സ്വീകരിച്ച പാലസ്തീനിലെ ക്രൈസ്തവ സമൂഹത്തെ ഉദ്ദേശിച്ചാണ് മത്തായി ഈ സുവിശേഷം രചിച്ചത്. അതുകൊണ്ട് തന്നെ, നൂറ്റാണ്ടുകളിലൂടെ യഹൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി, യേശുവിനെ ഈ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു. അബ്രഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ ‘യേശു ക്രിസ്തുവിന്റെ വംശാവലി’ എന്ന ശീര്‍ഷകത്തോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. മത്തായിയുടെ സുവിശേഷം എന്ന പേരില്‍ ഇന്ന് നമുക്ക് ലഭിക്കുന്ന സുവിശേഷത്തിന്റെ മൂലരൂപം ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ AD 75 നും 90 നും ഇടയ്ക്ക് രചിക്കപ്പെട്ടതാണെന്ന് കരുതപ്പെടുന്നു.
വിശുദ്ധ ബൈബിള്‍ രണ്ടായി തരംതിരിച്ചിരിക്കുന്നു. ഭൂമിയുടെ ഉല്പത്തി മുതല്‍ യേശുവിന്റെ ജനനം വരെയുള്ള സംഭവങ്ങളും, അബ്രഹാമില്‍ നിന്നു ജന്മംകൊണ്ട ഇസ്രായേല്‍ ജനങ്ങളുടെ ചരിത്രം എന്നിവ പ്രതിപാദിക്കുന്ന പഴയനിയമം (Old Testament) മത്തായി, മാര്‍ക്കോസ്, ലൂക്ക, യോഹന്നാന്‍ എന്നീ ശിഷ്യന്മാരുടെ സുവിശേഷങ്ങളും, ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന ഇരുപത്തിമൂന്ന് പുസ്തകങ്ങളുമാണ് പുതിയ നിയമത്തില്‍ (New Testament). ദൈവപുത്രനായ യേശുവിലൂടെ ദൈവം വെളിപാടുകള്‍ നല്കിയിരുന്നു. അന്തോക്ക്യയിലെ, ഗ്രീക്കുഭാഷസംസാരിച്ചിരുന്ന ജൂത-ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയായിരുന്നു പ്രധാനമായും മത്തായിയുടെ രചനകള്‍.
മത്തായിയുടെ സുവിശേഷത്തിലെ, 25-ാം അദ്ധ്യായത്തിലെ പതിനാലു മുതല്‍ ഇരുപത്തി അഞ്ചുവരെയുള്ള വാക്യങ്ങളുടെ ഉള്ളടക്കം ശ്രദ്ധിക്കുക. ”ഒരുവന്‍ യാത്രപുറപ്പെടുന്നതിന് മുമ്പ് ഭൃത്യന്മാരെ വിളിച്ച് അവരെ ഭരമേല്പിച്ചത്‌പോലെയാണ് സ്വര്‍ഗരാജ്യം. അവന്‍ ഓരോരുത്തന്റെയും കഴിവനുസരിച്ച് ഒരുവന് അഞ്ച് താലന്തും, മറ്റൊരുവന് രണ്ടും, വേറൊരുവന് ഒന്നും കൊടുത്തു. ആദ്യത്തെ രണ്ട്‌പേര്‍, വ്യാപാരം ചെയ്ത് തന്റെ കൈയ്യിലുള്ള പണം ഇരട്ടിയാക്കി. ഒരുതാലന്ത് കിട്ടിയവന്‍ ആ പണം മറച്ചുവച്ചു. യാത്രയ്ക്കുശേഷം തിരിച്ചെത്തിയ യജമാനന്‍, ആദ്യത്തെ രണ്ട് പേരുടെ പ്രവൃത്തികളില്‍ സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു.(25:29) ഉള്ളവന് നല്കപ്പെടും, അവന് സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍ നിന്നു ഉള്ളത് പോലും എടുക്കപ്പെടും.” (For, to everyone who has will more be given, and he will have abundance, But from him who has not, even what he has will be taken away).ഗണിതവിജ്ഞാനത്തിന്റെ സാമൂഹ്യശാസ്ത്രം: യുക്തിയില്‍ അധിഷ്ഠിതമായി ഗണിതസിദ്ധാന്തങ്ങള്‍ക്ക് തെളിവുകള്‍ നല്കുന്ന രീതിയുള്ളതുകൊണ്ടും തത്ത്വചിന്തകന്മാരുടെ ശ്രദ്ധ, ഗണിതത്തില്‍ മാത്രം നിലനിറുത്താതെ, സാമൂഹ്യശാസ്ത്രം, ഭൗതികം എന്നീ വിഷയങ്ങളിലേക്കുകൂടി തിരിച്ചുവിടുന്നതുകൊണ്ടും, ഗണിതത്തേയും സാമൂഹ്യവിജ്ഞാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂജിന്‍ വിഗ്നര്‍ (Eugene Wigner), 1960 ല്‍ തുടങ്ങിവച്ച സംവാദം ഇപ്പോഴും ശാസ്ത്രഗവേഷണ മേഖലകളില്‍ സജീവമാണ് – എന്തുകൊണ്ടാണ് ഭൗതികവും ഗണിതവും വളരെയധികം ബന്ധപ്പെട്ടിരിക്കുന്നത്? യൂജിന്‍ പോള്‍ വിഗ്നര്‍ (1902-1995) ഒരു ഹംഗേറിയന്‍ – അമേരിക്കന്‍ സൈദ്ധാന്തിക ഭൗതിക ശാസ്ത്രജ്ഞനായിരുന്നു. പരമാണുക്കളെയും മൗലിക കണങ്ങളെയുംകുറിച്ചുള്ള പഠനങ്ങള്‍ക്ക് 1963-ല്‍ നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്.The Unreasonable effectiveness of mathematics in Natural Sciences’ എന്ന അദ്ദേഹത്തിന്റെ, 1959 ലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രഭാഷണം ചര്‍ച്ചാവിഷയമാണ്. Communications in Pure and Applied Mathematics, Vol.13 (1960) എന്ന ജേര്‍ണലില്‍ പിന്നീട് പ്രസിദ്ധീകരിച്ച ഈ പ്രബന്ധത്തില്‍, ഭൗതികസിദ്ധാന്തങ്ങളിലെ ഗണിതഘടനകള്‍, പലപ്പോഴും ഭൗതികത്തെ കൂടുതല്‍ ഉയരങ്ങളിലേയ്ക്കും, അനുഭവേദ്യ (emperical) പ്രവചനങ്ങളിലേക്കും നയിക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്നു. ഉദ്ദേശ്യലക്ഷ്യത്തേക്കാള്‍ വളരെ മുന്നോട്ട് ഗണിത ആശയങ്ങള്‍ക്ക് പ്രായോഗികത ഉണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഐസക് ന്യൂട്ടന്റെ ‘ഗുരുത്ത്വാകര്‍ഷണനിയമം’ (Universal law of Gravitation) ഒരു ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഭൂമിയുടെ പ്രതലത്തിലേക്ക് വെറുതെ വീഴുന്ന വസ്തുക്കളെക്കുറിച്ച് ന്യൂട്ടണ്‍ നടത്തിയ ചെറിയ നിരീക്ഷണങ്ങളാണ് പിന്നീട് ഗ്രഹങ്ങളുടെ ചലനങ്ങളെക്കുറിച്ചുള്ള അതിഗഹനമായ പഠനങ്ങള്‍ക്ക് സഹായകരമായത്. വിഗ്നര്‍ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെ, പ്രകൃതി ശാസ്ത്രത്തില്‍, ഗണിതത്തിന്റെ വളരെ വലിയ പ്രയോഗികത നിഗൂഢമാണ്, അതിന് യുക്തിക്ക് നിരക്കുന്ന ഒരു വിശദീകരണവും ഇല്ല.” വിഗ്‌നറുടെ നിരീക്ഷണങ്ങള്‍ ഭൗതികത്തെയും ഗണിതശാസ്ത്രതത്ത്വചിന്തകളെയും ബന്ധിപ്പിച്ച് ഒരു പുതിയ ഉള്‍ക്കാഴ്ച ഉണ്ടാക്കി. പിന്നീട,് 1975-കളില്‍ അമേരിക്കന്‍ ഗണിത തത്ത്വചിന്തകനായ ഹിലാരി പുട്ട്‌നാം (Hilary Putnam) ഈ ബന്ധത്തെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയിരുന്നു. മനസ്സ്-ഭാഷ-ഗണിതം-ശാസ്ത്രം എന്നിവയിലെ തത്ത്വശാസ്ത്രത്തിന് അദ്ദേഹം ധാരാളം സംഭാവനകള്‍ നല്കിയിട്ടുണ്ട്. മനുഷ്യരുടെ ശാസ്ത്രചിന്തകളെ ഗണിതം, ഭൗതികം എന്നിങ്ങനെ വേര്‍തിരിക്കുന്നത് അപ്രസക്തമാണെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനിടെ പ്രശസ്ത ഗണിതജ്ഞനായ ഐ.എം. ഗെല്‍ഫാന്‍ഡ് (I.M. Gelfand) ന്റെ’ The Unreasonable in effectiveness in Biological Sciences’ എന്ന പ്രബന്ധവും ശ്രദ്ധേയമായി. ജീവശാസ്ത്രത്തിന് ഗണിതവുമായുള്ള ബന്ധം വ്യര്‍ത്ഥമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. പക്ഷേ, ഗെല്‍ഫാന്‍ഡിന്റെ നിരീക്ഷണങ്ങള്‍ അര്‍ത്ഥശൂന്യമാണെന്ന്, ഇപ്പോഴത്തെ സംയോജിത പഠനങ്ങള്‍ തെളിയിക്കുന്നു. പ്രശസ്ത ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വിന്റെ (Charles Darwin 1809 – 1882) അതിപ്രശസ്തമായ പരിണാമസിദ്ധാന്തത്തിനും (Theory of evolution), പ്രകൃതി നിര്‍ദ്ധാരണ സിദ്ധാന്തത്തിനും (Principle of Natural Selection) ഗണിത മാതൃതകളിലൂടെ കൂടുതല്‍ വിശദീകരണം നടത്തിക്കൊണ്ടിരിക്കുകയാണ,് അമേരിക്കയിലെ ഹാര്‍വര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍.
മത്തായി പ്രഭാവം – ആധുനിക സാമൂഹ്യശാസ്ത്രത്തില്‍ : ആധുനിക സാമൂഹ്യശാസ്ത്രത്തിന്റെ (Sociology) ഉപജ്ഞാതാവ് എന്ന് വിളിക്കപ്പെടുന്ന അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു, റോബര്‍ട്ട് കിംഗ് മെര്‍ട്ടന്‍ (Robert King Merton) (1910 – 2003). ഹാര്‍വര്‍ഡ്, ടെംപിള്‍ എന്നീ സര്‍വകലാശാലകളിലെ പഠനത്തിനുശേഷം അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ കുറെവര്‍ഷം അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്്രതം (Sociology of Science). ക്രിമിനോളജി എന്നിവയിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സംഭാവനകള്‍. ആധുനിക-സാമൂഹ്യ-രാഷ്ട്രീയ-ധനശാസ്ത്രമേഖലകളില്‍ വളരെ പ്രധാന്യമുള്ള പാത്രമാതൃക (Role Model), Self-fulfilling prophecy ഒരു വിശ്വാസമോ, പ്രതീക്ഷയോ ഒരു അനന്തരഫലത്തെ ബാധിക്കുകയോ, ഒരു വ്യക്തിയോ, സംഘമോ, അക്കാരണത്താല്‍ പെരുമാറുകയോ ചെയ്യുന്ന സ്ഥിതിവിശേഷം – എന്നിവ അദ്ദേഹത്തിന്റെ ആശയങ്ങളാണ്.
ബര്‍ട്ടന്റെ ‘പാത്രമാതൃക’ എന്ന ആശയം അദ്ദേഹത്തിന്റെ Reference Group എന്ന സിദ്ധാന്തത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. സ്വയം താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്ന, പക്ഷേ, അതില്‍ അംഗമല്ലാത്ത ഒരു സംഘം വ്യക്തികളുടെ കൂട്ടായ്മയാണിത്. ‘സാമൂഹിക, പാത്രങ്ങള്‍’ അദ്ദേഹത്തിന്റെ ‘സാമൂഹിക കൂട്ടായ്മ’യുടെ കേന്ദ്രപ്രമേയമായിരുന്നു. ഒരു വ്യക്തി, ഒരു പാത്രമോ, അവസ്ഥയോ സ്വായത്തമാക്കുന്നതിനുപകരം അവന് സാമൂഹികഘടനയില്‍ പെരുമാറാന്‍ സാധ്യതയുള്ള ഒരു ‘അവസ്ഥാഗണം’ (Status set) ഉണ്ടെന്ന് മെര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രവും സാങ്കേതികവിദ്യയും സമൂഹവും 17-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടില്‍ എന്ന പ്രബന്ധത്തിലൂടെയാണ് അദ്ദേഹത്തിന്റെ ‘ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്ത്രം’ എന്ന വിഷയത്തിന്റെ തുടക്കം. സാമൂഹ്യശാസ്ത്രത്തില്‍ ഒട്ടനവധി ദേശീയ-അന്തര്‍ദേശീയ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള മെര്‍ട്ടന്‍, നാഷണല്‍ അക്കാദമി ഓഫ് സയന്‍സ്, ബ്രിട്ടീഷ് അക്കാദമി എന്നിവയിലെ വിശിഷ്ടാംഗമായിരുന്നു. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സില്‍ വിശിഷ്ടാംഗത്ത്വം ലഭിക്കുന്ന ആദ്യത്തെ അമേരിക്കന്‍ സാമൂഹ്യശാസ്ത്രജ്ഞന്‍ എന്ന പ്രത്യേകതയും ഉണ്ട്. ഹാര്‍വര്‍ഡ്, യേല്‍, കൊളംബിയ തുടങ്ങി ഇരുപതോളം സര്‍വകലാശാലകളില്‍ നിന്നും ബഹുമനാര്‍ത്ഥം ഡോക്ടറേറ്റ് ബിരുദം ലഭിച്ചിട്ടുണ്ട്. 1997 ല്‍ ധനശാസ്ത്രത്തില്‍ നൊേബല്‍ സമ്മാനം ലഭിച്ച എം.ഐ.ടിയിലെ സ്‌ലോ ആന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലെ പ്രഫസറായ റോബര്‍ട്ട് സി. മെര്‍ട്ടന്‍ അദ്ദേഹത്തിന്റെ പുത്രനാണ്.
ബൈബിളിലെ പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്റെ അന്യാപദേശങ്ങള്‍ മുമ്പ് സൂചിപ്പിച്ചുവല്ലോ. ആ ആശയങ്ങളില്‍ നിന്നു ലഭിച്ച പ്രചോദനങ്ങളില്‍ നിന്നാണ് മെര്‍ട്ടന്‍, 1968 ല്‍ ആദ്യമായി ശാസ്ത്രത്തിലെ ‘മത്തായി പ്രഭാവം’ എന്ന പദം ഉപയോഗിച്ചത്. (The Mathew Effect in Science, Science 159 (1968). രണ്ട് വ്യത്യസ്ത നിലവാരത്തിലുള്ളവരുടെ കണ്ടുപിടിത്തങ്ങള്‍ ഒരേനിലവാരത്തിലുള്ളതാണെങ്കിലും, താരതമ്യേന പ്രശസ്തികുറഞ്ഞ ശാസ്ത്രജ്ഞരെക്കാള്‍ പ്രശസ്തരായ ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ പ്രശസ്തി ലഭിക്കുമെന്നാണ് മെര്‍ട്ടന്‍ അദ്ദേഹത്തിന്റെ ശാസ്ത്രത്തിന്റെ സാമൂഹ്യശാസ്ത്രത്തില്‍ അഭിപ്രായപ്പെട്ടത്. ഗവേഷണ ഫലങ്ങള്‍ ലഭിച്ചത് വിദ്യാര്‍ത്ഥികള്‍ക്കാണെങ്കിലും, അവരുടെ മാര്‍ഗദര്‍ശികള്‍ക്കാണ് അതിന്റെ അംഗീകാരം ലഭിക്കുക.
ഈ അവസ്ഥാവിശേഷമാണ് ചിക്കാഗോ സര്‍വകലാശാലയിലെ സാംഖ്യക പ്രഫസറായ സ്റ്റീഫന്‍ സ്റ്റിഗ്‌ളര്‍ (Stephen Stigler) പിന്നീട്, ‘Stigler’s Law of Eponymy’ (1980) എന്ന പേരില്‍ അവതരിപ്പിച്ചത്. സ്റ്റിഗഌറുടെ എപ്പോണിം നിയമത്തിലെ ചില പ്രസക്ത കാര്യങ്ങള്‍ ഇങ്ങനെ ആണ്,: ഒരു ശാസ്ത്രീയ കണ്ടുപിടുത്തവും അതിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവിന്റെ പേരില്‍ അറിയപ്പെടാറില്ല. Eponym എന്നാല്‍, ഒരു വ്യക്തിയോ, സ്ഥലമോ, വസ്തുവോ ആയിരിക്കാം, അതിന്റെ പേരിലായിരിക്കും ഒരു സംഘം അറിയപ്പെടുക. ഉദാഹരണത്തിന് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ വംശത്തിന്, ഇംഗ്ലണ്ടിലെ എലിസബത്ത് I എന്നാണ് എപ്പോണിം. ‘ഓറിയോണ്‍ നക്ഷത്ര’ സമൂഹം അറിയപ്പെടുന്നത്. – ഓറിയോണ്‍, അന്താരാഷ്ട്രകമ്പനിയായ ഫിലിപ്‌സ് അറിയപ്പെടുന്നത്, ആദ്യത്തെ ബള്‍ബ് നിര്‍മാതാവായ ഗേറാര്‍ഡ് ഫിലിപ്‌സിന്റെ പേരിലുമാണ് (Gerard Philips).
ശാസ്ത്രവിഷയങ്ങളിലും എപ്പോണിമിന് രസകരമായ ചില ഉദാഹരണങ്ങള്‍ ഉണ്ട്. ‘താരസമൂഹങ്ങള്‍, ഭൂമിയില്‍ നിന്നു ദൂരത്തിന് ആനുപാതികമായുള്ള ശീഘ്രതയില്‍ അകന്നുപോകുന്നു എന്നത്’, ജ്യോതിശ്ശാസ്ത്രത്തിലെ ഹബ്ബിള്‍ നിയമ (Hubble’s Law)മാണ്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്‌വിന്‍ ഹബ്ബിള്‍ (Edwin Hubble, 1889-1953)ന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പക്ഷേ, കാത്തലിക് വൈദികനായിരുന്ന, ജോര്‍ജസ് ലെമായിറ്റ്ര്‍ (Georges Lemaitre, 1894-1966) ആണ്, ഈ നിയമത്തിന്റെ യഥാര്‍ത്ഥ ഉപജ്ഞാതാവ്. 2018 മുതല്‍ ഈ നിയമം, ഹബ്ബിള്‍ – ലെമായിറ്റ്ര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതുപോലെ, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുപോലും സുപരിചിതമാണ് – പൈഥഗോറസ് സിദ്ധാന്തം – ഒരു മട്ടത്രികോണത്തില്‍, രണ്ട് വശങ്ങളുടെ വര്‍ഗത്തിന്റെ തുക, വികര്‍ണത്തിന്റെ വര്‍ഗത്തിന്റെ തുകയോട് സമമായിരിക്കും. ഗണിതശാസ്ത്രചരിത്രത്തില്‍ അത്യുന്നതമായ സ്ഥാനത്തിനുടമയാണ് അസാധാരണ ചിന്തയുടെ ഉടമയായ, ഗ്രീക്ക് തത്ത്വജ്ഞാനിയായിരുന്ന പൈഥഗോറസ് (c a 570) . അദ്ദേഹത്തിന്റെ പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നതെങ്കിലും, ഗ്രീക്ക് – ബാബിലോണിയന്‍ തത്ത്വജ്ഞാനികളുടെ ഒരു കൂട്ടായ്മയുടെ പരിണതഫലമാണ് ഈ സിദ്ധാന്തവും, പൈഥഗോറിയനിസവും, പാശ്ചാത്യന്‍ തത്ത്വചിന്തകളും. പൈഥഗോറസ് സിദ്ധാന്തത്തിന്, വ്യത്യസ്തരീതികളുപയോഗിച്ച് ഏകദേശം മുന്നൂറ്റി എഴുപത് തെളിവുകള്‍ ഉണ്ടെന്നത് രസകരമാണ്. ഇത്തരം സത്യങ്ങള്‍ അറിയപ്പെടുന്നത് ‘സ്റ്റിഗളറുടെ നിയമം’ എന്ന പേരിലാണെന്നതും ഒരു എപ്പോണിം ആണല്ലോ! മുമ്പ് സൂചിപ്പിച്ചതുപോലെ റോബര്‍ട്ട് മെര്‍ട്ടന്‍ ആണ് യഥാര്‍ത്ഥ ഉപജ്ഞാതാവ്.
ഗണിതത്തിലെ പ്രശസ്തമായ അനന്തശ്രേണി, ð/4=1-1/3+1/5-1/7+ … എന്നത് അറിയപ്പെടുന്നത്, സ്‌കോട്ട്‌ലണ്ട് ഗണിതജ്ഞനായിരുന്ന ജെയിംസ് ഗ്രിഗറി (James Gregory, 1634 – 1675) യുടെ പേരിലാണ്. പക്ഷേ, 1340-1425 കാലഘട്ടത്തില്‍ ഇരിഞ്ഞാലക്കുടയ്ക്ക് സമീപം ജീവിച്ചിരുന്ന പ്രശസ്ത കേരളീയ ഗണിതാചാര്യന്‍ മാധവനാണ്, ഈ ശ്രേണിയുടെയും കലനസിദ്ധാന്തത്തിന്റെയും (Calculus) ഉപജ്ഞാതാവ്. സ്‌കൂള്‍ പാഠപുസ്തകങ്ങളിലും മറ്റും മാധവ-ഗ്രിഗറി ശ്രേണി എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. 1350-1650 കാലഘട്ടം ഭാരതീയ ഗണിതത്തിന്റെ സുവര്‍ണകാലഘട്ടമായി ഗണിത ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നു. ഭാരതീയ ഗണിത ശാസ്ത്ര പാരമ്പര്യത്തെക്കുറിച്ചും, കേരളത്തിലെ നിളാനദിയുടെ തീരപ്രദേശങ്ങളിലുണ്ടായിരുന്ന ഗണിത ശാസ്ത്രസംസ്‌കാരത്തെക്കുറിച്ചും മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (TIFR) സേവനമനുഷ്ഠിച്ചിരുന്ന പ്രഫ. പി.പി. ദിവാകരന്റെ The Mathematics of India-Concepts, Methods,Connections (2018), എന്ന പുസ്തകത്തില്‍ വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.
നാല്പത്തിഒന്നാമത്തെ കസേര: 1635 ല്‍, പ്രഞ്ചുഭാഷയുടെ പ്രചാരണത്തിനും പഠനത്തിനുമായി കര്‍ദിനാള്‍ റിഷ്‌ലിയെ (Cardinal Richelieu) സ്ഥാപിച്ചതാണ് ‘ദി ഫ്രഞ്ച് അക്കാദമി’. ഫ്രഞ്ചു വിപ്ലവം കാരണം 1793 ല്‍ ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെങ്കിലും, 1803 ല്‍ നെപ്പോളിയന്‍ ചക്രവര്‍ത്തി ഇതിനെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമാക്കി, പ്രവര്‍ത്തനം മറ്റു വിജ്ഞാന ശാഖകളിലേക്കും വ്യാപിപ്പിച്ചു. ഈ അക്കാദമി, അതിന്റെ തുടക്കം മുതല്‍ക്കുതന്നെ ചില രസകരങ്ങളായ തീരുമാനങ്ങള്‍ എടുത്തിരുന്നു. നാല്പതു വൈജ്ഞാനികരെ മാത്രമേ ഒരു സമയത്ത്, സ്ഥിരാംഗങ്ങളായി തിരഞ്ഞെടുക്കുകയള്ളൂ. അവര്‍ക്ക് ഇരിക്കാന്‍ ഒന്നു മുതല്‍ നാല്പതുവരെ നമ്പറുള്ള കസേരകളും. ഒരു നിശ്ചിത സംഖ്യയ്ക്കുള്ള അംഗത്വത്തിനായിരിക്കണം അപേക്ഷകള്‍ നല്‌കേണ്ടത്. ഈ അംഗങ്ങള്‍ ‘അനശ്വരര്‍’ (The Immortals) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇതുവരെ 732 വ്യക്തികള്‍ ഇങ്ങനെ അനശ്വരരായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 9 വനിതകള്‍ മാത്രം! ഈ സംഖ്യാപരിമിതി കാരണം, ഒഴിവാക്കപ്പെട്ട്, നാല്പത്തിഒന്നാമത്തെ കസേരയ്ക്ക് അര്‍ഹരായ പലരുമുണ്ട്. അതില്‍ പ്രശസ്തരായ, ഫ്രഞ്ച് ഗണിതജ്ഞരായ റെനെ ദെകാര്‍ത്ത് (Rene Descartes), ബ്‌ളേസ് പസ്‌കാല്‍ (Blaise Pascal) എന്നിങ്ങനെ പലരും. അതായത്, അകത്തുള്ളവരെക്കാള്‍ പ്രഗത്ഭരായ പലരും പുറത്തുനില്ക്കുന്ന അവസ്ഥ. ഉന്നത തലങ്ങളില്‍ ചില ‘അതിവിദഗ്ദര്‍’ എടുക്കുന്ന തെറ്റായ തീരുമാനങ്ങളുടെ ഫലമാണിത്.
പ്രശസ്ത ചരിത്ര-സാഹിത്യകാരന്‍ വോല്‍ത്തേര്‍ (Voltaire), വിക്തോര്‍ യുഗോ (Victor Hugo), ലൂയി പാസ്‌തേര്‍ (Louis Pasteur) എന്നിവര്‍ സ്ഥിരാംഗങ്ങളായിരുന്നു.
നൊബേല്‍ സമ്മാനിതരുടെ പട്ടികയിലും ചില അസമത്വങ്ങള്‍ നമുക്ക് കാണാം. പലതവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും, മഹാത്മാഗാന്ധിക്ക് നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചില്ല! പ്രശസ്ത ഭാരതീയ ശാസ്ത്രജ്ഞരായ ഇ.സി.ജി. സുദര്‍ശന്‍ (E.C.G. Sudarshan), സത്യേന്ദ്രനാഥ് ബോസ് (S.N. Bose), മേഘ്‌നാഥ് സാഹ (Meghnad Saha) എന്നിവരും നൊബേല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ലോകജനസംഖ്യയില്‍ 0.2% മാത്രമേ ജൂതവംശജര്‍ ഉള്ളൂ എന്നിരിക്കിലും ഇരുപത് ശതമാനത്തോളം നൊബേല്‍ ജേതാക്കള്‍ ജൂതന്മാരാണ്. ആകെ ലഭിച്ച 916 പേരില്‍ 16 പേര്‍ മാത്രമാണ് കറുത്തവര്‍ഗക്കാര്‍! 1950 ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച, അമേരിക്കന്‍ രാഷ്ട്രമീമാംസകനായ റാള്‍ഫ് ബുഞ്ചെ (Ralph Bunche) ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍. 1901 മുതല്‍ നൊബേല്‍ സമ്മാനങ്ങള്‍ നല്കിത്തുടങ്ങിയെന്നത് ശ്രദ്ധിക്കണം. മാര്‍ട്ടിന്‍ ലൂതര്‍ കിംഗ് ജൂനിയര്‍ (1964), ബിഷപ് ഡെസ്മണ്ട് ടുടു (1984), നെല്‍സണ്‍ മണ്ടേല (1993), ബരാക് ഒബാമ (2009) എന്നീ കറുത്തവര്‍ഗക്കാര്‍ക്ക് നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും, ഒരു കറുത്തവര്‍ഗക്കാരനുപോലും ശാസ്ത്രവിഷയങ്ങളില്‍ നൊബേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. 923 നൊബേല്‍ ജേതാക്കളില്‍ 53 പേര്‍ മാത്രമാണ് വനിതകള്‍. പല മേഖലകളിലും ഇത്തരം അസമത്വങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
പ്രകടമായ അമസത്വം ഇപ്പോഴും: ഏകദേശം നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ഫ്രഞ്ച് അക്കാദമിയിലും മറ്റും നിലനിന്നിരുന്ന അസമത്വം ഇപ്പോഴും പല സ്ഥാപനങ്ങളിലും സംവിധാനങ്ങളിലും നിലവിലുണ്ട്. എല്ലാ അര്‍ത്ഥത്തിലും തികച്ചും ‘പുതിയ’ ഒരു വ്യക്തിയെയോ, സംഘത്തെയോ അംഗീകരിക്കുകയോ, അവരെ അവാര്‍ഡിനു പരിഗണിക്കുകയോ ചെയ്യുന്ന രീതി അന്താരാഷ്ട്ര തലത്തില്‍ പോലും വളരെ വിരളമാണ്. നമ്മുടെ നാട്ടില്‍തന്നെ, ഗവേഷണ മികവിന് നല്കിവരുന്ന പല ദേശീയ പുരസ്‌ക്കാരങ്ങളും കോളെജ്-സര്‍വകലാശാല ഗവേഷകര്‍ക്ക് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ എണ്ണത്തെക്കാള്‍ വളരെ കൂടുതല്‍ ആണെങ്കില്‍ പോലും, നിലവാരം കുറഞ്ഞതാണെന്ന് ഒരു സമിതി വലിയിരുത്തിയവര്‍ക്ക് പിന്നീട് ഒരിക്കലും ഉയര്‍ന്ന നിലാവരത്തിലുള്ള അംഗീകാരം ലഭിക്കുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതായത് മത്തായി സുവിശേഷത്തിലെ ‘ധനികര്‍ കൂടുതല്‍ ധനികര്‍’ ആവുന്ന അവസ്ഥ. സാമൂഹികരംഗത്ത് പൊതുവേ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഇതിന് പ്രധാനകാരണം. ഉന്നത സ്ഥാപനങ്ങളുടെ തലപ്പത്തും, ഉപദേശകസമിതികളിലും ‘അനര്‍ഹരായ വിദഗ്ദര്‍’ കടന്നുകൂടാറുണ്ടല്ലോ.
ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ ഇന്ത്യയിലെ നാല്പതോളം സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ മാത്രമാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിജയികളാവുന്നതത്രേ. മാത്രമല്ല, ഒരു പുതിയ സര്‍വകലാശാലയും ഈ പട്ടികയില്‍ സ്ഥലംപിടിക്കുന്നുമില്ലത്രേ! ഉന്നതവിദ്യാഭ്യാസരംഗത്തിലെ മത്തായി പ്രഭാവത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
മത്തായി പ്രഭാവം – വിവരസാങ്കേതിക വിദ്യയില്‍
ഈയിടെയായി നമ്മള്‍ കണ്ടുവരുന്ന വിവരസാങ്കേതി പരമായ പല പ്രതിഭാസങ്ങളും ആശയങ്ങളും വളരെ പഴയ ഗണിതശാസ്ത്രസിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമാണ്. ഒരു വിജ്ഞാന വിസ്‌ഫോടനത്തിന്റെ കാലത്തിലാണിപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും, വ്യാപ്തിയിലും ‘നെറ്റ്‌വര്‍ക്കുകളുടെ’ ലോകം. ഇലക്ട്രിക്കല്‍ നെറ്റ്‌വര്‍ക്കുകള്‍, ഗതാഗത നെറ്റ്‌വര്‍ക്കുകള്‍ എന്നിവയില്‍ തുടങ്ങി, അനന്തവും, സാങ്കല്പികവുമായ ആഗോള വിശ്വവിജ്ഞാനകോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന World Wide Web (www), മസ്തിഷ്‌ക നെറ്റ്‌വര്‍ക്കുള്‍ (Brain Networks) എന്നിവ ഉള്‍പ്പെടുന്ന ‘കോംപഌക്‌സ് നെറ്റ്‌വര്‍ക്കുകളില്‍ (Complex Networks) എത്തിനില്ക്കുന്നു. മത്തായി പ്രഭാവത്തിന്റെ സാന്നിധ്യം ഈ നെറ്റ് വര്‍ക്കുകളില്‍ ഉണ്ട്, പുതിയ പേരുകളിലാണെന്നു മാത്രം. അത് മനസ്സിലാക്കുവാന്‍ ലളിതമായി ‘ഗ്രാഫ് സിദ്ധാന്തം’ (Graph Theory) അറിയേണ്ടിവരും.
ഗ്രാഫ് സിദ്ധാന്തം: നെറ്റ്‌വര്‍ക്ക് ശാസ്ത്രത്തിന്റെ (Network Science) ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടമാകാം. വളരെ ലളിതമെന്ന് തോന്നിക്കുന്ന ഒരു പ്രശ്‌നത്തിന്റെ – ക്യോണിഗ്‌സ് ബര്‍ഗ് ബ്രിഡ്ജ് പ്രോബ്‌ള(Konigsberg Bridge Problem)ത്തിന്റെ – നിര്‍ദ്ധാരണത്തിലൂടെ ആരംഭിച്ച ഗണിതശാഖയാണ് ‘ഗ്രാഫ് സിദ്ധാന്തം’ (Graph Theory). പ്രശസ്ത സ്വിസ്സ് ഗണിതജ്ഞനായ, ‘ഗണിത വിശ്ലേഷണത്തിന്റെ അവതാര’മെന്ന് വിളിക്കപ്പെടുന്ന ലിയോണാര്‍ഡ് യൂളര്‍ (Leonhard Euler, 1707 – 1783), 1736 ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് അക്കാദമിയില്‍ സംഘടിപ്പിച്ച ഒരു സമ്മേളനത്തിലാണ് ഈ പ്രശ്‌നത്തിന്റെ നിര്‍ദ്ധാരണം ആദ്യമായി ചര്‍ച്ച ചെയ്തത്. വെറും അളക്കലും കണക്കുകൂട്ടലുകളും മാത്രമല്ല ഗണിതം എന്ന ചിന്തകളുടെ തുടക്കമായിരുന്നു യൂളര്‍ നല്കിയത്. ഏകദേശം ഇരുന്നൂറ്റി എണ്‍പത്തഞ്ച് വര്‍ഷത്തെ അതിഗഹനമായ ഗവേഷണഫലങ്ങളിലൂടെ, വിവിധ വിജ്ഞാനശാഖകളില്‍ സ്വാധീനവും പ്രായോഗികതയും ഉള്ള ഗണിതശാഖയാണ്. ഗ്രാഫ് സിദ്ധാന്തം ഇപ്പോള്‍ കമ്പ്യൂട്ടറുകളുടെ ആവിര്‍ഭാവം ഈ വളര്‍ച്ചയ്ക്ക് വേഗംകൂട്ടി. ഗണിതശാസ്ത്രത്തിലെ അഗാധമായ ഒരു പ്രശ്‌നമാണ് ഗ്രാഫ് സിദ്ധാന്തത്തിലെ ‘ചതുര്‍വര്‍ണ അഭ്യൂഹം’ (Four Colour Conjecture). ഏകദേശം നൂറ്റിഇരുപത്തഞ്ച് വര്‍ഷത്തിനുശേഷം, ഗണിതചരിത്രത്തില്‍ ആദ്യമായി, കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള തെളിവ് നല്കുന്നരീതി ഉപയോഗിച്ച് (Automated Theorem Proving), 1977 ല്‍ ഈ അഭ്യൂഹത്തിന് തെളിവ് ലഭിച്ചു.
മുമ്പ് സൂചിപ്പിച്ച നെറ്റ്‌വര്‍ക്കുകളില്‍ പലതും, ‘Scale Free Networks’ ആണ്. ഇത്തരം നെറ്റ്‌വര്‍ക്കുകൡലാണ് ‘മത്തായി പ്രഭാവം’ പ്രകടമായിട്ടുള്ളത്, ഹബ്ബുകളുടെ (Hubs) സാന്നിദ്ധ്യത്തിലൂടെ ഗ്രാഫ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം, വസ്തുക്കളും അവ തമ്മിലുള്ള ബന്ധങ്ങളുമാണ്. പ്രകൃതിയില്‍ ധാരാളം ബന്ധങ്ങള്‍ ഉള്ളതുകൊണ്ട്, ഗ്രാഫ് സിദ്ധാന്തം നിത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ഗ്രാഫില്‍ വസ്തുക്കള്‍, വ്യക്തികള്‍ എന്നിവയെ ‘ബിന്ദുക്കള്‍’ (Vertices) ആയും, അവ തമ്മിലുള്ള ബന്ധത്തെ, രേഖകളായും (edges) കണക്കാക്കുന്നു. ഉദാഹരണത്തിന്, ഒരു ചായ സത്ക്കാരച്ചടങ്ങ് നടക്കുന്നുവെന്ന് വിചാരിക്കുക. അതിലെ രണ്ട് വ്യക്തികള്‍ ഒരു ഹസ്തദാനത്തിലൂടെ പരിചയപ്പെട്ടാല്‍, അവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് വിചാരിയ്ക്കാം. അഞ്ച് വ്യക്തികളാണ് ഈ സത്ക്കാരത്തില്‍ പങ്കെടുത്തതെങ്കില്‍ അതിന്റെ ഒരു ഗ്രാഫ് മാതൃക ഇതായിരിക്കാം.
ഇതില്‍ C എന്ന വ്യക്തിയാണ് (IMAGE)
ഏറ്റവും കൂടുതല്‍ മറ്റു വ്യക്തികളുമായി പരിചയപ്പെട്ടിട്ടുള്ളത്. പക്ഷേ, A യ്ക്ക് B യുമായി നേരിട്ട് പരിചയമില്ല, അത് C യുടെ സഹായത്തോടെ സാധ്യമാകും. Facebook നെറ്റ്‌വര്‍ക്കിന്റെയും ഇപ്പോഴുള്ള കൊറോണ വൈറസിന്റെ വ്യാപന നെറ്റ്‌വര്‍ക്കിന്റെയും (Contact Networks) അടിസ്ഥാനം ഇതാണ്. അപ്പോള്‍, ഈ ചിത്രത്തില്‍ C ഒരു പ്രധാനിയാണ്. അതായത,് C ഒരു ‘ഹബ്ബ്’ (Hub) ആണ്. C എന്ന വ്യക്തിയെ നീക്കം ചെയ്താല്‍, ഈ നെറ്റ്‌വര്‍ക്കില്‍ പല ബന്ധങ്ങളും തകരുന്നു. Complex Networksല്‍ ഹബ്ബുകള്‍ കണ്ടുപിടിക്കുക എന്നത് ദുഷ്‌കരമാണ്. എന്താണ് ഹബ്ബുകള്‍? ഒരു നെറ്റ്‌വര്‍ക്കില്‍ കൂടുതല്‍ ബിന്ദുക്കളുമായി ബന്ധമുള്ള ബിന്ദുക്കളാണിവ. നയതന്ത്രജ്ഞര്‍, രാഷ്ട്രനായകന്മാര്‍ സിനിമാനടന്മാര്‍, ഗവേഷകര്‍ എന്നിവരുടെ നെറ്റ്‌വര്‍ക്കുകളിലും ഹബ്ബുകളുണ്ട്. അവ സ്ഥിരമല്ല, ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും, ഇത്തരം നെറ്റ്‌വര്‍ക്കുകള്‍ ചലനാത്മകമാണെന്നാണ് കാരണം.
മനുഷ്യമസ്തിഷ്‌കവും ഒരു കോംപഌക്‌സ് നെറ്റ്‌വര്‍ക്കാണ്. ഏകദേശം 86 ബില്യണ്‍ ‘ന്യൂറോണു’കളും അവയെ ബന്ധിപ്പിക്കുന്ന ധാരാളം ‘സിനാപ്‌സസു’കളും (Synapses) ഉള്ള വളരെ ബൃഹത്തായ നെറ്റ്‌വര്‍ക്കാണിത്. ഗണിതമാതൃകകള്‍ ഉപയോഗിച്ച് മസ്തിഷ്‌ക്കസംബന്ധമായ, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ എന്നീ രോഗങ്ങള്‍ക്ക് ചികിത്സാരീതികള്‍ നിലവിലുണ്ട്. ഇവയിലെ ഹബ്ബുകള്‍ നിര്‍ണയിക്കുകയെന്നതാണ് ഏറ്റവും കഠിനം. എപ്പിഡമിയോളജിക്കല്‍ നെറ്റ്‌വര്‍ക്കുകളില്‍ (Epidemeological Networks) ‘Super spreaders’ ആണ് ഹബ്ബുകള്‍. എട്ടില്‍ കൂടുതല്‍ വ്യക്തികളില്‍ രോഗം പടര്‍ത്താന്‍ സാധ്യതയുള്ള വ്യക്തികളെയാണ് സാധാരണയായി അങ്ങനെ വിളിക്കാറ.്
ചില വ്യാപാരസാമ്രാജ്യത്തിന്റെ വന്‍ വളര്‍ച്ചയിലും മത്തായി പ്രഭാവത്തിന്റെ സ്വാധീനം കാണാം. വ്യാപാര-വാണിജ്യ രംഗത്ത് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട ഫ്രാന്‍സ് യോഹാന്‍സണ്ണിന്റെ (Frans Johannsson), The Click Moment: Seizing Opportunity in an Unpredictable world (2012) എന്ന പുസ്തകത്തില്‍ ഈ രംഗത്തെ മത്തായി – പ്രഭാവത്തെക്കുറിച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്.
വിവിധ ശാസ്ത്ര-സാങ്കേതിക, വിദ്യകളെ സംയോജിപ്പിച്ചുള്ള പഠന-ഗവേഷണ രീതികളിലൂടെയാണ്, വിദേശരാജ്യങ്ങളിലും മറ്റും ശാസ്ത്ര-സാമൂഹ്യശാസ്ത്രപഠനങ്ങള്‍ മുന്നോട്ട് കുതിക്കുന്നത്. അവയില്‍ പലതിലും ഗണിതമാതൃകകളുടെ സാന്നിധ്യവുമുണ്ട്. പ്രശസ്ത ബ്രിട്ടീഷ് സ്റ്ററ്റിസ്റ്റീഷ്യന്‍ ജി.ഇ.വി. ബോക്‌സിന്റെ (George Edward Pelham Box) നിരീക്ഷണം ശ്രദ്ധേയമാണ്.:’എല്ലാ മാതൃകകളും തെറ്റായിരിക്കും. പക്ഷേ, ചിലത് ഉപയോഗപ്രദമാണ്. (All Models are wrong, but some are useful). കൊറോണ രോഗത്തിന്റെ വ്യാപനത്തെ നിയന്ത്രിക്കാനുള്ള, ഗണിതശാസ്ത്രത്തില്‍ അധിഷ്ഠിതമായ, ഗവേഷണങ്ങളിലും ഈ ശുഭാപ്തി വിശ്വാസമാണ് ശാസ്ത്രജ്ഞരെ നയിക്കുന്നത്.