ബദല്‍ രാഷ്ട്രീയത്തിന്റെ ഭാവി

ബദല്‍ രാഷ്ട്രീയത്തിന്റെ ഭാവി
എന്‍. എം. പിയേഴ്‌സണ്‍

വി-ഫോര്‍ കൊച്ചിയും കൊച്ചിയുടെ രാഷ്ട്രീയവും അല്പസ്വല്പം ചര്‍ച്ച ചെയ്ത വിഷയമാണ്. ഞങ്ങള്‍ കൊച്ചിക്ക് വേണ്ടി എന്നത് ഒരു പരസ്യം വാചകമാണ്. ആ പരസ്യ വാചകത്തിന്റെ മേന്മയും പോരായ്മയും അതിനുണ്ട്. കൊച്ചിയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്ന മനുഷ്യരുടെ സ്വപ്നത്തെ അത് മാര്‍ക്കറ്റ് ചെയ്യുന്നു. ‘ഫോര്‍ ദി പീപ്പിളും ബൈ ദി പീപ്പിളും’ എന്നത് ജനങ്ങള്‍ക്ക് വേണ്ടിയുള്ള സംഘടിത സാഹസികതയുടെ ഫിക്ഷനല്‍ പ്രസന്റേഷനാണ്. വി ഫോര്‍ കൊച്ചിയും ഫിക്ഷനല്‍ തലത്തിലാണ് അതിജീവനം സാധ്യമാക്കുന്നത്. കോര്‍പ്പറേഷന്‍ മുതല്‍ നിയമസഭ വരെ വല വിരിച്ചു നില്‍ക്കുന്ന അഴിമതിയുടെ എസ്റ്റാബ്ലിഷ്‌മെന്റിനെതിരെയുള്ള ധാര്‍മിക രോഷമാണ് വി-ഫോര്‍ കൊച്ചിയുടെ പിന്നില്‍ അണിനിരക്കാന്‍ ചില സ്വപ്നജീവികളെ പ്രാപ്തരാക്കുന്നത്. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നത് നീതിക്ക് വേണ്ടിയുള്ള മറ്റൊരു കൂട്ടായ്മയാണ്. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമാണ് എന്ന് ഭരണഘടന പറയുമ്പോള്‍ പെന്‍ഷന്റെ കാര്യത്തിലെങ്കിലും സോഷ്യലിസമായിക്കൂടേ എന്നാണ് അവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ ജോലി ഇന്നൊരു സേവനമല്ല. മറ്റേതൊരു തൊഴില്‍ പോലെയും ആകര്‍ഷകമായ വേതനം കൈപ്പറ്റുന്ന ജോലിയാണ് അത്. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ 2000 രൂപയാണെങ്കില്‍ ഒരു കോളെജ് പ്രഫസര്‍ക്ക് 60,000 രൂപ പെന്‍ഷന്‍ ലഭിക്കുന്നു. ഇതിലെ അനീതിക്കെതിരെയാണ് വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ശബ്ദിക്കുന്നത്. പ്രൊവിഡന്റ് ഫണ്ട് പോലെ പെന്‍ഷന്‍ ഫണ്ട് രൂപീകരിച്ച് എല്ലാവര്‍ക്കും തുല്യപെന്‍ഷന്‍ നല്‍കാവുന്നതാണ്. ഐ.എ.എസ്.കാരനും, കോളെജ് പ്രഫസര്‍ക്കും, പത്രപ്രവര്‍ത്തകനും, ഗുമസ്തനും, ഡെപ്യൂട്ടി കളക്ടര്‍ക്കും, തൊഴിലാളിക്കും, പട്ടാളക്കാരനും, മന്ത്രിക്കും, ജനപ്രതിനിധിക്കും ഒരേ പെന്‍ഷന്‍ നല്‍കിയാല്‍ സാമൂഹ്യനീതി ഉറപ്പാക്കാം. അറുപത് വയസ് തികഞ്ഞവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ഒന്നാകണം. ജോലി ചെയ്യുന്ന കാലത്ത് വ്യത്യസ്ത ജോലിക്ക് വ്യത്യസ്ത ശമ്പളവും. വിശ്രമകാലത്ത് തുല്യ ആനുകൂല്യവും. ഇതൊരു സ്വപ്നമാണ്.

സ്വപ്നങ്ങള്‍ പലപ്പോഴും സ്വപ്നങ്ങള്‍ മാത്രമാണ്. അത് സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയാണ് സ്വപ്നങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. വ്യക്തിനിഷ്ഠമായ സ്വപ്നങ്ങളും സാമൂഹ്യനിഷ്ഠമായ സ്വപ്നങ്ങളും നമ്മുടെ സ്വപ്നങ്ങള്‍ തന്നെയണ്. വ്യക്തിനിഷ്ഠമായ സ്വപ്നങ്ങള്‍ വ്യക്തിയുടെ അസാധാരണമായ ഇച്ഛാശക്തി കൊണ്ട് സാക്ഷാത്കരിക്കപ്പെടുന്നു.പക്ഷേ, സാമൂഹ്യനിഷ്ഠമായ സ്വപ്നങ്ങള്‍ സാക്ഷാതകരിക്കാന്‍ അതു പോരാ. സമൂഹത്തിന്റെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുന്നത് അസാധാരണമായ ഇച്ഛാശക്തി വ്യക്തിയിലും സാമൂഹ്യ കൂട്ടായ്മയിലും ദൃഢീകരിച്ചെത്തുന്ന മാസ്സ് മൂവ്‌മെന്റ് വഴിയാണ്. അങ്ങിനെ ഇളകിയെത്തുന്ന ജനകീയ ശക്തിയ്ക്ക് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണത്തില്‍ സ്വാംശീകരിച്ച കാര്യപരിപാടികളും ഉണ്ടാവും. അതില്ലാതെ പോകുമ്പോള്‍ സ്വപ്നങ്ങള്‍ കൊഴിഞ്ഞു പോകും.

നമുക്ക് ചുറ്റും ഇന്ന് പലയിടത്തും ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നു വരുന്നുണ്ട്. പുതിയ വികസന കാഴ്ചപ്പാടുകള്‍ മണ്ണില്‍ നിന്ന് മനുഷ്യരെ പുറത്താക്കുമ്പോള്‍, ക്വാറികളും ഖനനഭൂമികളും തദ്ദേശവാസികളെ നിഷ്‌കാസിതരാക്കുമ്പോള്‍, പുതിയ റോഡുകളും നാഷണല്‍ ഹൈവേകളും ജനങ്ങളെ വഴിയാധാരമാക്കുമ്പോള്‍ അവിടെയെല്ലാം ജനകീയ ബദലുകള്‍ മുളപൊട്ടുന്നതു കാണാം. കുറച്ചു നാളുകള്‍ക്ക് ശേഷം ലക്ഷ്യങ്ങള്‍ പാതി പോലും പൂര്‍ത്തിയാക്കാന്‍ പറ്റാതെ അവ അപ്രത്യക്ഷമാകുന്നത് കാണാം. കുടിയിറക്കിന്റെ കാര്യത്തിലും, പരിസ്ഥിതി പ്രശ്‌നത്തിന്റെ വിഷയത്തിലും മലിനീകരണ കാര്യത്തിലും, സ്ത്രീപീഡനകാര്യത്തിലുമൊക്കെ ഇത് നമ്മള്‍ വളരെ നേരിട്ടതാണ്. അതില്‍ നിന്നെല്ലാം നാം പഠിച്ച പാഠം നിരന്തരം നിലവിലുള്ള വ്യവസ്ഥിതിയുമായി മനുഷ്യന് കലഹിക്കേണ്ടതുണ്ടെന്നാണ്. അതുകൊണ്ട് ക്ഷോഭത്തിന്റെ സുവിശേഷങ്ങള്‍ ഒരു തുടര്‍ക്കഥയാണ്. എല്ലാ കാലത്തും മുഖ്യധാരാ രാഷ്ട്രീയ നേതൃത്വം എസ്റ്റാബ്ലിഷ്‌മെന്റിന്റെ സംരക്ഷകരാവുക സ്വാഭാവികമാണ്. അതിനെതിരെ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നതാണ് ബദല്‍ രാഷ്ട്രീയം. മനുഷ്യന്‍ ഒന്ന് ഉണര്‍ത്തി കൊടുത്താല്‍ ഏകാധിപത്യത്തിനും, ഫാസിസത്തിനുമെതിരെ അണിനിരക്കും. കാരണം, സ്വാതന്ത്ര്യം അവന്റെ സ്വാഭാവിക ആവശ്യമാണ്. മനുഷ്യന് മുതലാളിത്ത ജീവിത വ്യവസ്ഥയില്‍ സംതൃപ്തനാവാന്‍ ആവില്ല. കാരണം, മുതലാളിത്തം വിവേചനത്തിന്റെയും അസമത്വത്തിന്റേയും അരിവെപ്പുകാരാണ്. ചിന്തയ്ക്ക് കൂച്ച് വിലങ്ങിടാത്ത മനുഷ്യന് മനുഷ്യവിരുദ്ധമായ എന്തിനോടും കലഹിക്കേണ്ടി വരും. ഇതാണ് ബദലിലേയ്ക്കുള്ള വഴിയൊരുക്കുന്നത്. കുറച്ച് ദിവസം മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന ചില ജനകീയ കൂട്ടായ്മകളെകുറിച്ച് നമ്മുടെ മാധ്യമങ്ങള്‍ കൂടുതല്‍ നേരം ചര്‍ച്ച ചെയ്തു. കിഴക്കമ്പലത്തെ ട്വന്റി-ട്വന്റിയും വി-ഫോര്‍ കൊച്ചിയും ചെല്ലാനത്തെ ട്വന്റി-ട്വന്റിയും അതില്‍ പ്രധാനപ്പെട്ടവയായിരുന്നു.

ചെല്ലാനത്തെയും, കൊച്ചിയിലെയും പ്രശ്‌നം അതാതു പ്രദേശത്ത് ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല എന്നതാണ്. അതായത് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ജീര്‍ണതയില്‍ നിന്നാണ് അത് ഉടലെടുത്തതെന്ന് വ്യക്തമാണ്. കിഴക്കമ്പലത്തെ ട്വന്റി-ട്വന്റി ഇതില്‍ നിന്ന് വ്യത്യസ്തമാണ്. കിഴക്കമ്പലത്തെ ബദല്‍ കോര്‍പ്പറേറ്റ് ബദല്‍ ആണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ മറ്റൊരു പരിപ്രേഷ്യം. ചങ്ങാത്ത മുതലാളിത്തത്തില്‍ കോര്‍പ്പറേറ്റ് മൂലധനശക്തികള്‍ രാഷ്ട്രീയ നേതൃത്വത്തിന് പണം നല്‍കി തങ്ങളുടെ നയങ്ങളും, പദ്ധതികളും രാഷ്ട്രീയ നേതൃത്വത്തെ കൊണ്ട് സാധിച്ചെടുക്കും. ഇന്ത്യയില്‍ നരേന്ദ്രമോദിയുടെ രാഷ്ട്രീയ നേതൃത്വത്തെ വിലക്കെടുത്തുകൊണ്ട് എല്ലാ വിമാനത്താവളങ്ങളും എല്ലാ തുറമുഖങ്ങളും അദാനി സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. അംബാനിയാകട്ടെ ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയുടെ മാര്‍ക്കറ്റ് പോയിന്റായി മാറാന്‍ മോദിയെ ഉപയോഗപ്പെടുത്തുകയാണ്. റാഫേല്‍ കരാറിലും ആ ചങ്ങാത്ത മുതലാളിത്തം ശ്രദ്ധേയമായിരുന്നു. കിഴക്കമ്പലത്തെ കിറ്റക്‌സ് മുതലാളി ജനങ്ങളെ പണം നല്‍കി തന്റെ പ്രവര്‍ത്തകരാക്കി മാറ്റുകയും അവരെ ബ്യൂറോക്രാറ്റിക് സംവിധാനത്തിന്റെ ഭാഗമാക്കി തന്റെ കമ്പനിയുടെയും, വ്യവസായത്തിന്റെയും മൂലധന സംരക്ഷണം ഉറപ്പു വരുത്തുകയാണ്. രാഷ്ട്രീയ നേതൃത്വത്തിന് പണം നല്‍കുന്നതിന് പകരം ജനങ്ങള്‍ക്ക് നേരിട്ട് പണം നല്‍കി തന്റെ സാമ്രാജ്യം നിര്‍മിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.