തുറന്നു പറഞ്ഞാൽ

രാഷ്ട്രീയമെന്നാൽ രാഷ്ട്രത്തെ കുറിച്ചുള്ളത് എന്നാണല്ലോ അർത്ഥം. എന്നുവച്ചാൽ നാട്ടിലുള്ള കല്ലിനെയും മണ്ണിനെയും കുറിച്ചല്ല അവിടത്തെ ജനങ്ങളെ കൂടി കുറിച്ചുള്ളത് എന്നുതന്നെ. പക്ഷേ അങ്ങനെയല്ലാതെ ആയിട്ട് ഏറെക്കാലമായി. ഇത് ഇവിടെ മാത്രമുള്ള ഒരു പ്രശ്നമല്ല. ലോകത്ത് പലയിടത്തും ഇങ്ങനെ തന്നെയാണ്. വല്ല സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളിലും സ്വിറ്റ്സർലൻഡിലും മറ്റും മാത്രമാണ് അല്ലാതെ ഉള്ളത്.

ജനങ്ങൾ ആശിക്കുന്നതും അവർക്ക് കിട്ടുന്നതും തമ്മിൽ വലിയ അന്തരം ഉണ്ടാകാനുള്ള കാരണം എന്താണ്? ഇതിനുള്ള ഉത്തരം കണ്ടു കിട്ടാതെ, പരിഹാരം നടപ്പിലാക്കാതെ രാഷ്ട്രീയം ജനങ്ങൾക്ക് മാതൃകാപരമായി ഗുണകരമാവില്ല.

ഇന്ന് ഏറ്റവും പ്രചാരത്തിലുള്ളത് ജനാധിപത്യം ആണല്ലോ. കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല വ്യവസ്ഥ അതാണെന്ന കാര്യത്തിൽ നമുക്ക് ആർക്കും സംശയവുമില്ല. പക്ഷേ ഇതിൽ പോലും നമ്മുടെ നടപടികൾ വാസ്തവത്തിൽ ആദർശപരമായ മാർഗങ്ങളിൽ നിന്ന് മാറി പോകുന്നു. ഇതിന് രണ്ടു കാരണങ്ങളുണ്ട് എന്ന് എനിക്ക് തോന്നുന്നു. അഥവാ ഒരേ കാരണ്യത്തിലെ തന്നെ രണ്ടു മുൾമുനകൾ. ഒന്ന്, ഭരിക്കുന്നത് ആരായാലും മുഴുവൻ ജനങ്ങൾക്കുവേണ്ടിയാണ് ഭരിക്കുന്നത് എന്ന സമീപനം ഇല്ല. കക്ഷിരാഷ്ട്രീയത്തിൽ കക്ഷികൾ ആണല്ലോ ഭരിക്കുന്നത്. ജയിക്കുന്ന കക്ഷി ഭൂരിപക്ഷ കക്ഷി ആയിരിക്കണമെന്നില്ല എന്ന ഒരു കുഴപ്പം കൂടിയുണ്ട്. ഭിന്നിച്ചു പോകുന്ന വോട്ടിൽ കഷ്ടി ഭൂരിപക്ഷം മതിയല്ലോ. രണ്ട്, കഷ്ടി ഭൂരിപക്ഷം തന്നെ കിട്ടാൻ പലപ്പോഴും അനാശാസ്യ വികാരങ്ങളെ ഉയിർപ്പിക്കുകയും വേണ്ടിവരുന്നു. ജാതിയും മതവും ദേശവും ഭാഷയും ഒക്കെ വോട്ടു പിടിക്കാനുള്ള ഉപാധികളായി മാറുന്നു. സമൂഹം വിഭജിക്കപ്പെടുന്നു. ഭരണം ജനക്ഷേമ വിരുദ്ധവുമായി പോവുന്നു. എന്റെ കുട്ടിക്കാലത്ത് ഇല്ലാത്ത വിഭാഗീയതകൾ ഇപ്പോൾ എന്റെ ചുറ്റുമുണ്ട്. ഇതുവരെയുള്ള നമ്മുടെ രാഷ്ട്രീയം നൽകിയ സംഭാവനയാണ്. കളിച്ചു കളിച്ചു തീകൊണ്ടുള്ള ഈ കളി നമ്മുടെ പുരയ്ക്ക് തീ പിടിക്കുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. ഒരു തീയും പുരയ്ക്കു നന്നല്ല എന്ന് കാരണവന്മാർ പറയാറുണ്ടല്ലോ. അധികാരം ഭൂഷണമായി കരുതപ്പെടുന്നതാണ് ഏറ്റവും വലിയ കഷ്ടം. അങ്ങനെ ആകുമ്പോൾ അധികാരം അധികാരത്തിനുവേണ്ടി തന്നെയാകുന്നു. നാടിനു വേണ്ടിയോ ജനങ്ങൾക്ക് വേണ്ടിയോ അല്ല എന്നർത്ഥം. ഇത് മൗലികമായ പ്രശ്നമാണ്. വികാര വിക്ഷുബ്ധമായ പക്ഷത്തിന്റെ ന്യായങ്ങൾ ശരിയായിക്കൊള്ളണമെന്നില്ല. അതിനാൽ ജനായത്തം പോലും ഇങ്ങനെ ഉപയോഗിക്കപ്പെടുമ്പോൾ സമുദായത്തിന് ദ്രോഹകരമാ ഭവിക്കുന്നു. തെളിവ് എവിടെ എന്ന് ചോദിക്കേണ്ടതില്ല ചുറ്റും നോക്കിയാൽ മതി. ഈ അവസരത്തിൽ പരിഹാര ചിന്ത അനിവാര്യവും അഭിലഷണീയവുമാണ്. ആലോചിച്ചിട്ടു ഫലമുണ്ടായില്ല എങ്കിലും ആലോചിക്കാതെ ഇരിക്കുന്നതിനേക്കാൾ ഭേദമാണല്ലോ ആലോചിക്കുന്നത്. അതിനാൽ നമുക്ക് Books currently availആലോചിക്കാം. വീണ്ടും വീണ്ടും ആലോചിക്കാം. ചികിത്സ മുറുകും തോറും രോഗം വർദ്ധിക്കാതിരുന്നാൽ മാത്രം മതി!