ശാസ്ത്രം ജനക്ഷേമത്തിന്

ഡോ. എസ്. ഇഗ്നാസി മുത്തു

മനുഷ്യജീവിതത്തെ വിവിധ തലങ്ങളില്‍, ആഴത്തില്‍ സ്വാധീനിക്കാനുള്ള കഴിവ് ശാസ്്ത്ര-സാങ്കേതിക വിദ്യകള്‍ക്കുണ്ട്. നമുക്ക് എന്തെല്ലാം ഉണ്ട് എന്തെല്ലാം നേടാം, നാം എങ്ങനെ ഇപ്രകാരമായി, നാം ഇനി എന്താകണം എന്നെല്ലാം തീരുമാനിക്കുന്നതില്‍ വലിയ പങ്കാണ് അവ നിര്‍വഹിക്കുന്നത്. ലോകത്തെയും പ്രപഞ്ചത്തെയും മനസ്സിലാക്കുന്നതിനും പ്രശ്‌നങ്ങളെ അപഗ്രഥിക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമുള്ള ഉപകരണങ്ങള്‍ അവ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. നാം ഇന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നോക്കിയാല്‍ത്തന്നെ മനുഷ്യജീവിതം മെച്ചപ്പെടുത്തുന്നതില്‍ ശാസ്ത്രസാങ്കേതിക വിദ്യ വഹിച്ച പങ്ക് എളുപ്പം ബോധ്യമാവും. മൊബൈല്‍ ഫോണും, മരുന്നും പോലെതന്നെ ഈ ഉപകരണങ്ങള്‍ എല്ലാം കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനായാല്‍ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അവയുടെ ഗുണം ലഭിക്കും. ഗവേഷകര്‍ പാവപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പ്രതിബദ്ധതയോടെ അവരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യണം.

പരിസ്ഥിതി സംരക്ഷിക്കുന്നതിനും ശാസ്ത്രസാങ്കേതിക വിദ്യ ഉപയുക്തമാക്കേണ്ടതുണ്ട്. നാം അധിവസിക്കുന്ന ഭൂമിയുടെ സുസ്ഥിതിയിലേക്ക് സംഭാവന നല്കാന്‍ നമുക്കാവണം. പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള മാനുഷിക പ്രവൃത്തികളെക്കുറിച്ച് ഇന്ന് കൂടുതലാളുകള്‍ ബോധമുള്ളവരാണ്. ഗവേഷണഫലമായി വ്യവസായത്തിലും കൃഷിയിലും ഒട്ടേറെ പുരോഗതി ഉണ്ടായിട്ടുണ്ട്. മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതി വിഭവങ്ങളില്‍ നിന്ന്, അവയ്ക്ക് ശോഷണം വരാതെതന്നെ ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനും, രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനും നമുക്ക് സാധിച്ചു.

നാട്ടറിവുകളാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ജനത. കൃഷി, രോഗചികിത്സ, പ്രകൃതിസംരക്ഷണം എന്നീ മേഖലകളില്‍ ഇത് ഏറെ പ്രകടമാണ്. ജനക്ഷേമത്തിനും പ്രകൃതിസംരക്ഷണത്തിനുമായി അവയെ ഉപയുക്തമാക്കാനാവും. ഞങ്ങള്‍ ഉത്പാദിപ്പിച്ച പൊന്നീം എന്ന ജൈവ കീടനാശിനി ഏറെ ഫലപ്രദമാണെന്ന് കര്‍ഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

സമ്പദ് വ്യവസ്ഥയുടെ സമതുലിതവും സുസ്ഥിരവുമായ വികസനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും ശാസ്ത്രീയമായ ഗവേഷണം അത്യന്താപേക്ഷിതമാണ്. പോഷകാഹാരക്കുറവ്, സ്ത്രീകളിലെ വിളര്‍ച്ച, പാവപ്പെട്ടവരുടെ ഇടയിലെ ഭവനരാഹിത്യം, പകര്‍ച്ചവ്യാധികളുടെ വ്യാപനം പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം എന്നിവയ്ക്ക് പരിഹാരം ഉണ്ടാവണം. ജനങ്ങളെ ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഗവേഷകരുമായി സഹകരിക്കണം. അപ്രകാരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാനും പുരോഗതിയും ഐശ്വര്യവും കൈവരിക്കാനും സാധിക്കും.

ഏതൊരു രാജ്യത്തിന്റെയും പുരോഗതിക്ക് ഗവേഷകര്‍ കൂടിയേതീരു. നൂതന സാങ്കേതികവിദ്യയും പുതിയ ഉപകരണങ്ങളും നവീന മാതൃകകളും, രീതിശാസ്ത്രവും വികസിപ്പിച്ചെടുക്കുന്നത് അവരാണ.് ഈ മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കണം. സയന്‍സ് വിഷയങ്ങളോട് യുവാക്കള്‍ ആഭിമുഖ്യം പുലര്‍ത്താത്തതിനു പല കാരണങ്ങള്‍ ഉണ്ട്. സയന്‍സില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം ഉണ്ടാക്കുന്നതില്‍ മാതാപിതാക്കള്‍, അധ്യാപകര്‍, ശാസ്ത്രജ്ഞര്‍, ആദര്‍ശ-മാതൃകാവ്യക്തികള്‍ എന്നിവരുടെ പങ്ക് ഏറെ നിര്‍ണായകമാണ്. ചില ശാസ്ത്രജ്ഞരുടെ വിജയഗാഥകളും ഏറെ സഹായകമാണ്. പ്രശ്‌നങ്ങളെ യുക്തിപൂര്‍വം അപഗ്രഥിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും ശാസ്ത്രീയ ചിന്താഗതിക്കും സമീപനത്തിനും സാധിക്കും. ക്ലാസ്മുറിക്കു വെളിയിലും ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കണം. വിദ്യാര്‍ത്ഥികളില്‍ വിമര്‍ശനാത്മക ചിന്തയും വളര്‍ത്തിയെടുക്കണം. മെഡിസിനില്‍ നൊബേല്‍ സമ്മാനജേതാവായ ഡോ. റൊസാലിന്‍ യാലോന്‍ പറയുന്നു: ശാസ്്ത്രമെന്നാല്‍, കേവലം വിവരങ്ങളുടെ ശേഖരമല്ല; പ്രശ്‌നങ്ങള്‍ക്കുള്ള യുക്തിഭദ്രമായ പരിഹാരം തേടിയുള്ള ചിന്തയുടെ ശിക്ഷണമാണ്. നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിക്കപ്പെടുന്ന വസ്തുതകളുടെ പിന്‍ബലം അതിനുണ്ട്. ആദ്യം വേണ്ടത് യുക്തിഭദ്രമായ ചിന്തകളാണ്. വസ്തുതകള്‍ പിന്നീട് ലഭ്യമാകും. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51 ല്‍ വ്യക്തമായി പറയുന്നു: ‘ശാസ്ത്രീയമനോഭാവം, മാനവികത, ജിജ്ഞാസയുടെയും പരിഷ്‌ക്കരിക്കലിന്റെയും ചൈതന്യം എന്നിവ വളര്‍ത്തിയെടുക്കുക ഇന്ത്യയിലെ ഓരോ പൗരന്റെയും കടമയാണ്.’

ജനങ്ങളുടെമേലുള്ള ശാസ്്ത്രത്തിന്റെ സ്വാധീനം വളരെ വലുതാണ്. മനുഷ്യകുലത്തിന് അതുകൊണ്ടുള്ള പ്രയോജനവും മഹത്താണ്. ജനങ്ങളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് നാട്ടറിവുകള്‍ പ്രയോജനപ്പെടുത്താം. ജിജ്ഞാസയും വിമര്‍ശനാത്മക ചിന്തയും ശാസ്ത്രമേഖലയിലെ മുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്രീയാഭിമുഖ്യം വഴി നമ്മുടെ അന്ധവിശ്വാസങ്ങളെയും മിഥ്യാധാരണകളെയും മിത്തുകളെയും വിലയിരുത്താനാവും. നിരീക്ഷണം, പരീക്ഷണം, യുക്തിപരത, ആന്തരികമായ സുസ്ഥിരത, വിമര്‍ശനം എന്നിവ ഉപയോഗപ്പെടുത്താന്‍ നാം മറക്കരുത്.