സി. രാധാകൃഷ്ണന്
തുരങ്കത്തിനറ്റത്ത് തീര്‍ച്ചയായും വെളിച്ചമുണ്ട്. പക്ഷേ ഇത് ഒരു വളരെ നീണ്ട തുരങ്കമാണ് എന്ന് തോന്നുന്നു. നന്നേ സൂക്ഷിച്ചുനോക്കിയാലേ അങ്ങേയറ്റത്ത് വെളിച്ചം കാണാനാവുന്നുള്ളൂ.
ആളുകള്‍ ഒരുമിക്കേണ്ടതിനു പകരം കൂടുതല്‍ ഭിന്നിക്കുകയാണ്. ഇണക്കത്തിലേറെ പിണക്കങ്ങള്‍ ഉണ്ടാവുന്നു, വിശ്വാസത്തിലേറെ അവിശ്വാസവും. എത്ര പണം ഉണ്ടായാലാണ് തികയുക എന്ന് അറിയാത്തത്തിനാലുള്ള ആശങ്കയും ഉള്ളത് പോകുമോ എന്ന പേടിയും ഒപ്പം. ഫലം അപരന് കൂടുതല്‍ അന്യനാവുന്നു. അരക്ഷിതത്വവും അശാന്തിയും അത്രയ്ക്കത്രയ്ക്ക് പെരുകുന്നു.
കൂട്ടത്തില്‍ ഏറ്റവും നല്ല ഭരണക്രമം ജനായത്തമാണ് എന്ന് നമുക്കറിയാം. പക്ഷേ, മോശമായാല്‍ ഇത്രയും മോശമാകാവുന്ന വേറെ ഒന്നുമില്ല എന്നു കൂടി ഇപ്പോള്‍ തെളിയുകയാണ്. എല്ലാ കക്ഷികളും വിഭാഗീയതകളെ ആശ്രയിക്കുന്നു. സ്പര്‍ദ്ധയും വെറുപ്പുമാണ് വോട്ടായി മാറുന്നത്. ഇതിന്റെ രണ്ടിന്റെയും അളവ് കുറഞ്ഞാല്‍ കക്ഷികളുടെ നിലനില്‍പ്പ് അപകടത്തിലാവും. അതുകൊണ്ട് എല്ലാ കക്ഷികളും മനുഷ്യരെ ഭിന്നിപ്പിച്ച് നിര്‍ത്താന്‍ മത്സരിക്കുന്നു. ഇതിനു ജാതിയോ മതമോ ദേശമോ ഭാഷയോ ലിംഗമോ എന്തും ഉപയോഗിക്കുന്നു. സമൂഹത്തിന്റെ മൊത്തം സുസ്ഥിതിക്ക് വേണ്ടി നില നില്ക്കാന് ആരുമില്ല. അതുകൊണ്ടുതന്നെ ദുസ്ഥിതിക്ക് ആഴം കൂടുകയും ചെയ്യുന്നു. പ്രശ്നങ്ങളും പരാതികളും പെറ്റുപെരുകുന്നു. ഓരോ പ്രശ്നവും പരിഹരിക്കുന്നതിനുപകരം അതില്‍നിന്ന് എങ്ങനെ മുതലെടുക്കാം എന്നാണ് രാഷ്ട്രീയ കക്ഷികളുടെ നോട്ടം. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പുകള്‍ പ്രായേണ അര്ത്ഥശൂന്യങ്ങളാവുന്നു. രാഷ്ട്രീയകക്ഷി എന്ന വാക്കിന് ഗുണഭോക്താക്കളുടെ ഒരു സംഘം എന്നേ ഇപ്പോള്‍ അര്‍ത്ഥമുള്ളൂ. ആദര്‍ശമോ നയമോ കടലാസ്സില്‍ പോലും ഇല്ല! അവര്‍ പരസ്പരം അടികൂടുന്നു. വെട്ടുകയും കൊല്ലുകയുംവരെ ചെയ്യുന്നു.
മനഃസ്ഥിതിക്കൊപ്പം പരിസ്ഥിതിയും നാശമാകുന്നു. ഏറ്റവും പുതിയ തെളിവ് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളുടെ ജീവനാഡിയായ പശ്ചിമഘട്ടം അപായ മുനമ്പിലെന്ന യുനെസ്കോയുടെ പരിസ്ഥിതി റിപ്പോര്‍ട്ടുതന്നെ. അടിയന്തര സംരക്ഷണ നടപടികളുണ്ടായില്ലെങ്കില്‍ ജൈവവൈവിധ്യങ്ങള്‍ക്കൊപ്പം പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന ജനതയുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്ന് അത് ചൂണ്ടിക്കാട്ടുന്നു.
ലോകത്തെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളില്‍ അതിപ്രാധാന്യമുള്ളതാണ് പശ്ചിമഘട്ടം. ഇതാദ്യമായാണ് പശ്ചിമഘട്ടമെന്ന അപൂര്‍വ ജൈവവൈവിധ്യ മണ്ഡലത്തിന്റെ സംരക്ഷണത്തില്‍ യുനെസ്കോ ആശങ്ക പ്രകടിപ്പിക്കുന്നത്.
പ്രകൃതിസംരക്ഷണത്തില്‍ യുനെസ്കോയുടെ ഔദ്യോഗിക ഉപദേശകസമിതിയായ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍.) ആണ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍, ‘ഗൗരവതരമായ ഉത്കണ്ഠ’വേണ്ട ഇടമായാണ് പശ്ചിമഘട്ടത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതിയെ കുറിച്ച് പറയുന്നവര്‍ വികസനവിരോധികളായി ചിത്രീകരിക്കപ്പെടുന്നു. വികസനമെന്നാല്‍ നികുതിപ്പണം ഉപയോഗിച്ച് എന്തെങ്കിലും കെട്ടിപ്പൊക്കുക എന്നര്ത്ഥമായിട്ടുണ്ട്. അടങ്കല്‍ത്തുകയില്‍ പാതിയും കട്ട് കീശയിലാക്കുക എന്നും. ഉണ്ടാക്കിയത് ഒക്കെ എന്തിന് എത്രകണ്ട് പ്രയോജനപ്പെടുന്നു എന്ന ഒരു ചിന്തയും ഫലത്തില്‍ കാണുന്നില്ല. ആരെങ്കിലും ബഹളം വയ്ക്കുമ്പോഴാണ് ഒരു അന്വേഷണമൊക്കെ സംഭവിക്കുന്നത്. പാലാരിവട്ടം പാലം ഉദാഹരണം. നൂറില്‍ ഒന്നേ അന്വേഷിക്കപ്പെടുന്നുള്ളൂ. നിരവധി വേറെ ഉണ്ട്. ഉദാഹരണത്തിന് ചമ്രവട്ടം പദ്ധതി. അഴിമതി പകല്‍വെളിച്ചംപോലെ വ്യക്തമെങ്കിലും ഇപ്പോഴും ഒരു അന്വേഷണത്തിനും ഇത് വിഷയമല്ല. ജലസംഭരണി എന്ന പേരില്‍ അറിയപ്പെടുന്ന ഈ പദ്ധതിയില്‍ ഇന്നുവരെ ഒരു തുള്ളി വെള്ളവും ശേഖരിച്ചിട്ടില്ല. പുഴയും തീരപ്രദേശങ്ങളും പറ്റെ നശിച്ചു പോവുകയും ചെയ്തു. കോടികള്‍ ചെലവിട്ട് ഉണ്ടാക്കിയ പദ്ധതിയില്‍ താന്താങ്ങളുടെ വിഹിതങ്ങള്‍ എല്ലാവര്ക്കും കിട്ടി ബോധിച്ചിരിക്കണം. ഒരു കക്ഷിയും ഒരക്ഷരവും പറയുന്നില്ല. കാട്ടിലെ മരം തേവരുടെ ആന എന്ന കഥ തന്നെ. ഈ പദ്ധതിയുടെ ഭാഗമായിത്തന്നെ ധാരാളം നെല്ലു വിളയുന്ന നാല് ഏക്കറോളം ഭൂമി നിഷ്ക്കരുണം നികത്തി ഒരു പാര്‍ക്ക് പണിയുന്നുണ്ട്. അതില്‍നിന്നും കോടികള്‍ ആര്‍ക്കൊക്കെയോ ലാഭമുണ്ടായിട്ടുണ്ട് എന്നു സ്പഷ്ടം. നിര്മിതിയാകട്ടെ ഇനിയും ഒരു പാര്‍ക്ക് ആയിട്ടില്ല. മാത്രമല്ല അതൊരു വലിയ ഫലിതവുമാണ്. കാരണം, ഈ നാട്ടില്‍ ഇപ്പോഴും ഒരു ലൈബ്രറിയോ ഒരൂ ഹൈസ്കൂളോ ഒരു പ്രൈമറി ഹെല്‍ത്ത് സെന്ററോ പോലീസ് ഔട്ട്പോസ്റ്റോ ഒന്നും ഇല്ല!