ഒരു സിനിമാക്കാലത്തിന്റെ ഓര്‍മക്കാഴ്ചകള്‍

സോക്രട്ടീസ് കെ. വാലത്ത്

ഓസ്‌കാര്‍ ബഹുമതിയുടെ പടിവാതില്‍ക്കല്‍ ‘ജല്ലിക്കെട്ടി’ന് എത്താന്‍ കഴിഞ്ഞ  ഇന്നത്തെ മലയാള സിനിമാ സംസ്‌കൃതിയില്‍ നിന്ന് ഏതാണ്ട് അര നൂറ്റാണ്ടു പിന്നിലെ മലയാള സിനിമാലോകത്തേക്കു നോക്കുമ്പോള്‍ അക്കാലത്ത് ചില ചലച്ചിത്രകാരന്മാര്‍  നടത്തിയ ധീരമായ വഴിമാറി നടത്തങ്ങള്‍ക്കു മുന്നില്‍ മനസ്സാ നമിച്ചു പോകുന്നു. രാമദാസിന്റെ  ”ന്യൂസ് പേപ്പര്‍ ബോയ്” കൊളുത്തിയ തിരിവെട്ടം എഴുപതുകളില്‍ ഒരു വലിയ പൂത്തിരി വെളിച്ചമായി മാറിയത് അക്കാലത്തെയും തുടര്‍ന്നു വന്ന എണ്‍പതുകളിലെയും യുവ കലാഹൃദയങ്ങളുടെ എഴുത്തിലും ചലച്ചിത്ര പ്രവര്‍ത്തനങ്ങളിലുമൊക്കെ ഉളവാക്കിയ സ്വാധീനം വളരെ വിലപ്പെട്ടതാണ്.
കഥയുടെ അവിശ്വസനീയതയില്‍, സംഭാഷണത്തിന്റെ അതിനാടകീയതയില്‍,  അഭിനയത്തിന്റെ അതിഭാവുകത്വത്തില്‍ മലയാള സിനിമ അഭിരമിച്ചിരുന്ന കാലത്താണ് 1972ല്‍ പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ചലച്ചിത്ര വിദ്യാഭ്യാസം നേടിയ രണ്ടു ചെറുപ്പക്കാര്‍ മലയാള സിനിമയില്‍ സംവിധായകരായി തുടക്കം കുറിക്കുന്നത്. സിനിമയുടെ നടപ്പുരീതികളുമായി എന്നും കലഹിച്ച് സ്വതന്ത്രചിന്തയോടെ സിനിമ എടുത്ത ജോണ്‍ എബ്രഹാമും സാമ്പ്രദായിക രീതികള്‍ക്കകത്തു നിന്നു തന്നെ പുതിയ സിനിമാ അവബോധം സൃഷ്ടിച്ച അടൂര്‍ ഗോപാലകൃഷ്ണനും. ജോണ്‍ എബ്രഹാമിന്റെ ആദ്യ സംഭാവനയായ ‘വിദ്യാര്‍ഥികളെ ഇതിലേ ഇതിലേ’യുടെ നോട്ടീസ് അഞ്ചാം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ക്കിടയില്‍ കുറച്ചുകാലം ഒളിച്ചുവച്ചിരുന്നു.  മധുവിന്റെയും ജയഭാരതിയുടെയും വലിയ ചിത്രങ്ങള്‍ ഉള്ള നോട്ടീസ്.
അക്കാലത്ത് നാട്ടിലെ ക്ലബ്ബുകള്‍ ധനശേഖരണാര്‍ഥം സിനിമാകൊട്ടകയിലും വെള്ളത്തുണി വലിച്ചുകെട്ടി നാട്ടു മൈതാനങ്ങളിലും പള്ളിമുറ്റത്തുമൊക്കെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അങ്ങനെ കണ്ട സിനിമകളില്‍ ഒന്നായിരുന്നു ‘സ്വയംവരം’. അടൂരിന്റെ ആദ്യ ചിത്രം. ’72 ല്‍ ഇറങ്ങിയ 48 മലയാള സിനിമകളില്‍ നിന്ന് സിനിമയുടെ ലോക ഭൂപടത്തിലേക്ക്  ചെന്നെത്തിയ മലയാള ചിത്രം.  ‘പണിമുടക്ക്’, ‘ചെമ്പരത്തി’, ‘മാപ്പുസാക്ഷി’ എന്നീ മൂന്നു പി.എന്‍ മേനോന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആ വര്‍ഷത്തെ മറ്റു സിനിമകള്‍ക്കിടയില്‍ ‘സ്വയംവരം’ വേറിട്ട അനുഭവമായി വിലയിരുത്തപ്പെട്ടിരിക്കാം.  അന്നത്തെ വിലപിടിച്ച താരമായ മധുവായിരുന്നു മൂന്നു മേനോന്‍ ചിത്രങ്ങളിലെയും നായകന്‍. അടൂരും തന്റെ കന്നിച്ചിത്രത്തിലെ നായകനായ വിശ്വത്തെ ഏല്‍പ്പിച്ചത് മധുവിനെ തന്നെ. നായികയാക്കിയത് അക്കാലത്തെ കുടുംബനായിക എന്നു തന്നെ പറയാവുന്ന ശാരദയെയും.
എഴുപതുകളുടെ ആദ്യപാദത്തിലെ ഒരു പത്തുവയസ്സുകാരന്റെ അനുഭവത്തിലേക്ക് ‘സ്വയംവരം’ കടന്നു വന്നത് അതുവരെ കണ്ടു ശീലിച്ച നസീര്‍-ഷീല-ഭാസി-ശ്രീലതാ നിര്‍മിതികളെ പാടെ തള്ളിക്കളയുന്ന ചില കാഴ്ചകളിലൂടെയാണ്. എല്ലാമൊന്നും അന്നു മനസ്സിലായിരുന്നില്ല. പലയിടത്തും ഇഴച്ചില്‍ തോന്നുകയും ചെയ്തു. എന്നിട്ടും അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന ശീര്‍ഷകം ഉള്ളില്‍ കൊത്തിവയ്ക്കപ്പെട്ടു. അതിനു കാരണമായത് എത്രയൊക്കെ ഇഴച്ചില്‍ മനപ്പൂര്‍വമോ അല്ലാതെയോ അടൂര്‍ ‘സ്വയംവര’ത്തിനു നല്‍കിയിട്ടും അതിനുണ്ടായിരുന്ന ഒരു ശില്‍പ്പഭദ്രതയാകണം. രണ്ടേരണ്ടു പ്രധാന കഥാപാത്രങ്ങള്‍. അവരെ ചുറ്റിപ്പറ്റിയുള്ള ചില സാധാരണ മനുഷ്യര്‍. അവരുടെ ഉള്ളില്‍ നിന്നു വരുന്ന സംഭാഷണങ്ങള്‍, ജീവത്തായ പെരുമാറ്റങ്ങള്‍. അതെല്ലാം ചേര്‍ത്ത് അടൂര്‍ പറഞ്ഞ സിനിമയുടെ കയ്യൊതുക്കം.  പില്‍ക്കാലത്ത് വീണ്ടും കണ്ടപ്പോള്‍ മനസ്സിലായി ദൃശ്യത്തോടൊപ്പം ശബ്ദത്തിനും സിനിമയില്‍ പ്രാധാന്യമുണ്ടെന്ന വസ്തുത എന്റെ തലമുറയെ ബോദ്ധ്യപ്പെടുത്തിയത് അടൂര്‍ സിനിമകളാണെന്ന്.
എന്നാല്‍ കുട്ടിക്കാലത്തെ കാഴ്ചയില്‍ ‘സ്വയംവരം’ സംബന്ധിച്ച് മനസ്സില്‍ തങ്ങിയ നാലു ഘടകങ്ങളുണ്ട്. ഒന്ന്- ആ സിനിമ തന്ന കാഴ്ചാനുഭവം; തൊട്ടു മുമ്പു കണ്ട ‘തോക്കുകള്‍ കഥ പറയുന്നു’, ‘മയിലാടും കുന്ന്’ ‘റസ്റ്റഹൗസ്’ തുടങ്ങിയ ചിത്രങ്ങളില്‍ നിന്നൊക്കെ എന്തോ ഒരു വ്യത്യാസം. പ്രധാനമായും അത് മങ്കട രവിവര്‍മയുടെ ദൃശ്യബോധത്തില്‍ നിന്നു രൂപംകൊണ്ട ഫ്രയിമുകള്‍ പകര്‍ന്ന അനുഭൂതിയാണ് എന്നൊന്നും അന്ന് അറിയാനിടയില്ലല്ലോ. സിനിമയുടെ തുടക്കത്തില്‍ മധുവും ശാരദയും സഞ്ചരിച്ച കെ.എസ്. ആര്‍. ടി. സി ബസ്സിന്റെ അകത്തു നിന്നും പുറത്തു നിന്നും കേള്‍ക്കാനായ ശബ്ദങ്ങളുടെ തനിമയാണ് മറ്റൊന്ന്. സാധാരണ ബസ്സുയാത്രയില്‍ കേള്‍ക്കാറുള്ളതു പോലുള്ള ശബ്ദങ്ങള്‍. അതൊരു പുതിയ അനുഭവമായിരുന്നു.  മൂന്നാമത്തേത് സിനിമയുടെ അവസാനത്തിലെ ആ സാക്ഷയാണ്. വിശ്വം മരിച്ചതോടെ അകാലവിധവയായ സീത മുറിയുടെ വാതില്‍ക്കല്‍ ആരോ മുട്ടുന്നതു കേട്ടു ശ്രദ്ധിക്കുമ്പോള്‍ കാണുന്ന  വാതിലിന്റെ സാക്ഷ- മുട്ടുന്നയാള്‍ക്കു മുന്നില്‍ തുറക്കാനും തുറക്കപ്പെടാനും ഉള്ള ആ ഒരു സാധ്യത- അത് മനസ്സില്‍ വല്ലാതെ പതിഞ്ഞു പോയിരുന്നു. ഇതിനേക്കാള്‍ ഒക്കെ  പ്രധാനപ്പെട്ടത് ഈര്‍ച്ചമില്ലില്‍ വിശ്വത്തിന് ജോലി കിട്ടിയതോടെ തൊഴില്‍ നഷ്ടപ്പെട്ട  തൊഴിലാളിയുടെ ആ നോട്ടമാണ്. അഭിനയിക്കാന്‍ രണ്ടേ രണ്ടു കണ്ണു മാത്രം മതി എന്ന് പില്‍ക്കാലത്ത് തെളിയിച്ച ഗോപി എന്ന മഹാനടന്റെ വരവാണതെന്ന് അന്ന് അറിഞ്ഞിരുന്നില്ല.