എന്‍.ഇ. സുധീര്‍
അരുണ്‍ പി. ഗോപിയുടെ ‘ഒറ്റ്’
‘അരയില്‍ തിരുകിയ വടിവാളില്‍ തിരുമ്പിപ്പിടിച്ച് കൊറ്റിയുടെ സൂക്ഷ്മതയോടെ കൊമ്പന് ധ്യാനനിരതനായി. ജീപ്പിന്റെ സീറ്റില്‍ മഴുവച്ച് ഞാനും അഷ്റഫും കാത്തുനിന്നു. തെല്ലിട മൗനത്തിന് ശേഷം അഷ്റഫ് പറഞ്ഞു: ‘നിന്നോട് പറയരുതെന്ന് കൊമ്പന് പറഞ്ഞിരുന്നു.” കട്ടപിടിച്ച ഇരുട്ടില്‍ അഷ്റഫിന്റെ മുഖം വ്യക്തമായില്ലെങ്കിലും വാക്കുകളുടെ ഉന്നം ഊഹിക്കാമായിരുന്നു. ‘എന്ത് ?’ തെല്ലൊരവിശ്വസനീയത കലര്‍ത്തി ഞാന്‍ ചോദിച്ചു. ‘പ്രാവ് ഇന്ന് പരലോകം പൂകും.’ മാധ്യമം ആഴ്ചപ്പതിപ്പില്‍ വന്ന അരുണ്‍ പി. ഗോപിയുടെ ‘ഒറ്റ്’ എന്ന നല്ല കഥയിലെ ഒരു സന്ദര്‍ഭമാണിത്. കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ തന്റെ കഥയെ ചിത്രീകരിക്കുന്നത് എന്ന് വേണം കരുതാന്‍. പ്രതികാര രാഷ്ട്രീയത്തിന്റെ ഭ്രാന്തിനിടയിലും മനുഷ്യന്റെ സഹജവാസനയായ പ്രത്യുപകാരവാഞ്ഛ വിജയം കാണും എന്ന ശാശ്വതസത്യം കാണിച്ചുതരികയാണ് കഥാകൃത്ത്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ഏറ്റുമുട്ടലില്‍ തന്റെ ജീവന് കാത്ത ഒരാളെയാണ് ഇപ്പോഴത്തെ രഹസ്യ ഓപ്പറേഷനില്‍ താനില്ലാതാക്കേണ്ടത് എന്നാണ് അയാള്‍ ആ സമയത്ത് മനസ്സിലാക്കുന്നത്. ഞെട്ടാതെയും പതറാതെയും തീര്‍ത്തും സംയമനം പാലിച്ചുകൊണ്ട് അയാള്‍ അഷ്റഫിനോട് മറുപടി പറഞ്ഞു. ‘പ്രാവല്ല ഏത് പരുന്തായാലും ഇന്നവന്റെ വിസ കഴിഞ്ഞു.’ അത് സംശയമൊഴിവാക്കാനായി അയാള്‍ കണ്ടെത്തിയ പ്രതികരണമായിരുന്നു. പ്രാവ് എന്നറിയപ്പെടുന്ന തന്റെ ചങ്ങാതിയെ രക്ഷിക്കുന്നതിനുള്ള ബുദ്ധി അയാളില്‍ അപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അതിന്റെ ഒരു സൂചനയും അയാള്‍ പുറത്തു കാട്ടിയില്ല. കൊമ്പന് കൊല്ലാനായി തയ്യാറെടുത്തു കഴിഞ്ഞു. പ്രാവ് അടുത്തെത്തിയിരിക്കുന്നു. സമയമടുത്തു എന്നറിഞ്ഞതോടെ ജീപ്പിന്റെ സീറ്റില്‍ ഇരയ്ക്കായ് കരുതിവച്ചിരുന്ന മഴു അയാള്‍ മെല്ലെ ഉരുട്ടി താഴെയിട്ടു. സംശയത്തിനിടകൊടുക്കാതെയാണ് അയാളത് ചെയ്തത്. താഴെവീണ മഴു എടുക്കാനുള്ള ശ്രമത്തിനിടയില്‍ ജീപ്പിന്റെ ഹെഡ് ലൈറ്റ് സ്വിച്ച് അറിയാതെയെന്നപോലെ അയാളൊന്നു തട്ടി. ഹെഡ് ലൈറ്റ് കത്തുകയും വെളിച്ചം കണ്ടതോടെ അടുത്തെത്തിയ പ്രാവ് അപകടം മണത്തറിഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. ഇവിടെയാണ് കഥ തീരുന്നത്. രാഷ്ട്രീയ വൈരാഗ്യത്തിലൂടെ ഇരകളാവുന്നതിനിടയിലെ ജീവിതമാണ് ഈ കഥയിലൂടെ നമ്മളറിയുന്നത്. ഒറ്റ് ഇവിടെ ഒരു പ്രത്യുപകാര ഉപകരണമായി മാറുകയാണ്. പേരു പറയാത്ത കഥാപാത്രത്തിന്റെ ജീവനെ കാത്തത് പ്രാവ് എന്നറിയപ്പെട്ട എതിര് ഗാങ്ങിലെ പ്രധാനിയാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് സൂചനകള്‍ നല്കി അന്നയാള്‍ ചങ്ങാതിയെ പുറത്തെത്തിച്ചു. പകരം സതീശനെന്ന കൂട്ടാളിയെ അവര്‍ വെട്ടിക്കൊന്നു. അത് യഥാര്‍ത്ഥത്തില്‍ തനിക്കു സംഭവിക്കേണ്ട മരണമായിരുന്നു എന്നും പ്രാവിന്റെ കനിവിലാണ് വിധി മാറ്റപ്പെട്ടത് എന്നും അയാള്‍ അറിയുന്നു. അതേ പ്രാവിനെ കൊല്ലാനാണ് താനുള്‍പ്പെട്ട സംഘം കഥ നടക്കുന്ന ദിവസം തയ്യാറെടുത്ത് നില്‍ക്കുന്നത് എന്ന് അവസാനനിമിഷം അയാള്‍ മനസ്സിലാക്കുകയാണ്. യാതൊരു ചാഞ്ചല്യവും കാട്ടാതെ ആര്‍ക്കും സംശയത്തിനിടകൊടുക്കാതെ അയാള്‍ പ്രാവിനെ ബുദ്ധിപൂര്‍വം രക്ഷിച്ചെടുക്കുന്നു. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ എത്ര ഭംഗിയായാണ് അരുണ്‍ തന്റെ ചെറിയ കഥയില്‍ (കഷ്ടിച്ച് ഒന്നര പേജേയുള്ളൂ കഥയ്ക്ക്) തന്മയത്വത്തോടെ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രാവും അയാളും തമ്മിലുള്ള ബന്ധം ഏതാനും വാക്കുകള്‍ കൊണ്ടാണ് പറഞ്ഞുവയ്ക്കുന്നത്. കുറച്ചു വാക്കുകള്‍ കൊണ്ട് ചെറുതല്ലാത്ത കാര്യങ്ങള്‍ പറയുന്നതാണ് ചെറുകഥ എന്ന് ഈ കഥ ബോധ്യപ്പെടുത്തുന്നു. ഒരിടത്തും വിശദാംശങ്ങളിലേക്ക് പോകുന്നതേയില്ല. നല്ല ചെറുകഥ അങ്ങനെയായിരിക്കണം. അരുണ്‍ പി. ഗോപി എന്ന കഥാകൃത്തിനെ ഞാനാദ്യമായാണ് വായിക്കുന്നത്. നേരത്തെ കഥയെഴുതിയിട്ടുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും വളരെ ശക്തമായ കഥയാണ് ഒറ്റ്. ചെറുകഥയുടെ മര്‍മം ഈ കഥാകൃത്തിന് അറിയാം. കഥയിലെ ഭാഷയുടെ മിനുക്കുപണിയില്‍ അയാള്‍ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്നു തോന്നുകയും ചെയ്തു.
എന്താണ് കവിത?
മലയാളത്തില്‍ കവിത എഴുതാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വളരെയധികവും കവികളുടെ എണ്ണം വളരെക്കുറവും ആയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. ആഗ്രഹിച്ചതുകൊണ്ടു മാത്രം സാധിക്കുന്ന ഒന്നല്ല കവിതയെഴുത്ത്. അതിന് കവിത്വം വേണം. ഭാവന വേണം. ഭാഷ വേണം. സാധന വേണം. മണ്ണു കുഴച്ചുണ്ടാക്കുന്നതെല്ലാം ശില്പമാവാത്തതുപോലെ വാക്കുകള്‍ ചേര്ത്തുവയ്ക്കുന്നതെല്ലാം കവിതയാവില്ല. ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ നമ്മുടെ വാരികകളിലെയും മാസികകളിലെയും പേജുകള്‍ പലതും ശൂന്യമാവും. ഇപ്പോഴും അവ കവിതയുടെ കാര്യത്തില്‍ ശൂന്യമാണ്. വാക്കുകളുടെ കൂട്ടിവയ്ക്കലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നേയുള്ളൂ. അങ്ങനെയൊരു നിറച്ചുവയ്ക്കലാണ് സമകാലിക മലയാളം വാരികയുടെ സിസംബര്‍ 7 ന്റെ ലക്കത്തില്‍ കവിത എന്ന പേരില്‍ കാണാനിടയായത്. പേര് ‘തേയില’. എഴുതിയിരിക്കുന്നത് എം.എസ്. ബനേഷ്. ഇനി കുറച്ചു വരികള്‍ വായിക്കുക: ‘ഹണിമൂണ്‍ വീണ്ടും കിട്ടിയാല്‍ തങ്ങാന്‍ തോന്നുന്ന ഹര്‍മ്യങ്ങള്‍. മരിക്കും മുന്‍പൊന്നു നുണയുവാന്‍ കൊതിപ്പിക്കും മഞ്ഞു ഷെയ്ക്കുകള്‍.
വി.എസ് യയാതിയായെങ്കില്‍ വീണ്ടും യൗവനം വന്നെങ്കില്‍ പൊളിച്ചടുക്കുവാന്‍ തോന്നിക്കും ഉദ്ധൃതോത്തുംഗ ഹോട്ടലുകള്‍.’
എം.എസ്. ബനേഷിന് മറ്റനേകം പേരെപ്പോലെ കവിതയെഴുതാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ അതിനുള്ള സിദ്ധിയും സാധനയും ഉണ്ടോ എന്ന് മലയാളം വരികയില് അച്ചടിമഷി പുരണ്ട ഈ അക്ഷരക്കൂട്ടം വായിച്ച് വായനക്കാര്‍ തന്നെ തീരുമാനിക്കുക. ഞാന്‍ യാദൃശ്ചികമായി ബനേഷിനെ വായിച്ചു എന്നുമാത്രം. എല്ലാ വാരികകളിലും ഇത്തരം അക്ഷരക്കൂട്ടങ്ങള്‍ കവിതയെന്നു ഞെളിഞ്ഞു കിടപ്പുണ്ട്. അവയില്‍ പലതും കവിതയല്ലെന്നു മാത്രമല്ല; മലയാള കാവ്യപ്രപഞ്ചത്തിന് അപമാനകരമായ അക്ഷരാഭാസങ്ങളുമാണ്. അത് പത്രാധിപര്മാരെങ്കിലും തിരിച്ചറിഞ്ഞാലേ ഈ വിപത്ത് അവസാനിക്കുകയുള്ളൂ. ഇപ്പോഴാകട്ടെ സാമൂഹ്യമാധ്യമങ്ങളിലും ഇത്തരം കാവ്യാപരാധങ്ങള് നിറഞ്ഞൊഴുകുന്നുണ്ട്.
കവിതയെഴുതണമെന്നാഗ്രഹിക്കുന്
യുവകവികള്‍ക്ക് ഉപദേശം എന്ന പോലെയാണ് അദ്ദേഹം ഇതെഴുതിയിട്ടുള്ളത്. അതിലദ്ദേഹം പറയുന്നത് നോക്കുക.. ‘കവിത എഴുതുക എന്ന് പറയുന്നത് ആര്‍ക്കും എപ്പോഴും എളുപ്പത്തില്‍ പറ്റാവുന്ന കാര്യമല്ല. ദയവായി അങ്ങനെ വിചാരിക്കരുത്. അതിന് ജന്മസിദ്ധി വേണം, ജന്മവാസന വേണം. അത് നമ്മള് സാധനകൊണ്ട് വര്‍ധിപ്പിക്കണം. നല്ല കവിതകള്‍ വായിക്കുക. ചീത്ത കവിതകള്‍ വായിക്കാതിരിക്കുക. നോവലുകള്‍ വായിക്കുക. ചരിത്രം വായിക്കുക. അപ്പോള്‍ വായിച്ചും പഠിച്ചും എഴുതിയും തിരുത്തിയും എഴുതുക. എഴുതിയ ഉടനെ അത് വാട്സ്ആപ്പിലോ ഫെയ്സ് ബുക്കിലോ പത്രങ്ങളിലോ പ്രസിദ്ധീകരിക്കുകയല്ല വേണ്ടത്. അത് വച്ചിരിക്കണം, ക്ഷമ വേണം, തിരുത്തണം, മാറ്റണം. അങ്ങനെ അനവധി കാര്യങ്ങളുണ്ട്.