സൈക്കിള്‍

ജോര്‍ജ് ജോസഫ് കെ.
സൈക്കിളിനെക്കുറിച്ച് പറയുമ്പോള്‍ അമ്മയുടെ മരണം പലയിടത്തും എഴുതിയിട്ടുണ്ടെങ്കിലും അതാവര്‍ത്തിച്ച് പറയേണ്ടി വരും. സൈക്കിള്‍ അമ്മയുമായി വളരെ ബന്ധപ്പെട്ട ഒരു വിഷയമാണ്. അമ്മയുടെ മരണത്തിന്റെ  ആമുഖമില്ലാതെ സൈക്കിള്‍ പൂര്‍ണമാകുകയില്ല. വെളമാമ്മായിയുടെവാക്കുകളിലൂടെയാണ് എന്റെ  കുട്ടിക്കാലത്തെ കുസൃതിയും കുന്നായ്മയുമൊക്കെ ഞാനറിയുന്നത്. അമ്മായി ഒരു ചരിത്രകാരിയെപ്പോലെയായിരുന്നു. എല്ലാക്കാര്യങ്ങളും കൃത്യമായി പറയും. എന്റെ  ഒരു വയസു മുതല്‍ പതിനാറു വയസു വരെയുള്ള ചരിത്ര സംഭവങ്ങള്‍ എനിക്കു വെളിപ്പെടുത്തിത്തന്നത് അമ്മായിയുമായി ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോഴാണ്. അമ്മായി അല്പാല്പമായി പറയും ഞങ്ങളുടെ കുടുംബ ചരിത്രം മിക്കപ്പോഴും. അതില്‍  ഒരു പ്രധാനകാര്യം എനിക്കു കുഞ്ഞുനാള്‍ മുതലേ സൈക്കിളിനോട് വലിയ കമ്പമായിരുന്നു.
അമ്മ ജനറലാശുപത്രിയിലേക്ക് പ്രസവിക്കാന്‍ പോകും തൊട്ടുമുന്‍പ് ഞാന്‍ ഒരു കുസൃതി കാട്ടി. അതിന് അമ്മ എന്നെ  തല്ലാനായി കൈ ഓങ്ങിയപ്പോള്‍ ഞാന്‍ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഓടി. ആ ഓട്ടം അവസാനിച്ചത് ഞാന്‍ അന്നുവരെ കാണാത്ത ഒരു മഹാത്ഭുത കാഴ്ചയിലേക്കായിരുന്നു.
മുറ്റത്തേക്ക്, ഞങ്ങളുടെ അയല്‍ക്കാരനും അഗസ്റ്റിന്‍ ചേട്ടന്റെ  കൂട്ടുകാരനുമായ വടക്കേലേ വര്‍ഗീസു ചേട്ടന്‍ ഒരു സൈക്കിളും ഉന്തിക്കൊണ്ടുവരണ്. അന്നത് സൈക്കിളാണെന്ന അറിവൊന്നുമെനിക്കില്ലല്ലോ? ഒരു കുട്ടി ആദ്യമായി കാണുന്ന ഒരു കാഴ്ചവസ്തു. അമ്മായിയും അമ്മയും വരാന്തയില്‍ നിന്ന് വര്‍ഗീസു ചേട്ടന്റെ  വരവ് കാണുന്നുണ്ടായിരുന്നു. അന്നുവരെ വീശിയടിച്ച ചൂലിന്റെ  വര തീര്‍ത്ത ഞങ്ങളുടെ മുറ്റത്ത്, ഒരു സൈക്കിള്‍ ടയറിന്റെയും പാടു വീണിട്ടില്ലായിരുന്നു. സൈക്കിള്‍ എന്ന പേരറിയില്ലങ്കിലും ഞാന്‍ ആദ്യമായി സൈക്കിള്‍ എന്ന ഒരു വണ്ടി കണ്ടു.
വര്‍ഗീസു ചേട്ടന്‍ പുല്ലേപ്പടിയില്‍ നിന്നും വാടകയ്ക്ക് എടുത്തു കൊണ്ടുവന്ന സൈക്കിളായിരുന്നു അതെന്ന്പിന്നീട് ഞാന്‍ മുതിര്‍ന്നപ്പോള്‍ അമ്മായി പറഞ്ഞറിഞ്ഞു. അന്നത്തെ ചെറുപ്പക്കാരുടെ ഫാഷന്‍, സൈക്കിള്‍ ചവിട്ടി നടക്കുന്നതും പാസിംഗ് ഷോ സിഗരറ്റ് വലിക്കുന്നതുമൊക്കെ ആയിരുന്നു. അമ്മായി എന്നോട് പറഞ്ഞിട്ടുണ്ട്. ആരും കാണാതെ എന്റമ്മയും സിഗരറ്റും ബീഡിയും ഒക്കെ വലിക്കുമായിരുന്നു എന്ന്.
വര്‍ഗീസു ചേട്ടന്റെ  മൂക്കിനു താഴെ ഒരു ഈര്‍ക്കില്‍ മീശ ഉണ്ടായിരുന്നു. എന്റെ  ചേട്ടന്മാര്‍ അമ്മയെ പേടിച്ചിട്ട് മീശ വയ്ക്കില്ലായിരുന്നു. അമ്മ വല്ലാത്ത പ്രകൃതമാണ്. സാധാരണ പെണ്ണുങ്ങളെപ്പോലൊന്നുമല്ല. ശരിക്കുമൊരാണിനെപ്പോലെയാണ് ചില നേരത്തെ പെരുമാറ്റം. എന്റെ  അപ്പന്റെ  അമ്മ, അമ്മൂമ്മയും ഒരു തന്റേടിയായിരുന്ന്. അപ്പൂപ്പന്‍ അമ്മൂമ്മയുടെ മുന്നില്‍ വിറയ്ക്കും. അമ്മൂമ്മ വെറ്റില മുറുക്കും, ചുരുട്ടും ബീഡിമൊക്കെ വലിക്കും. ഇടയ്ക്ക് മൂക്കിപ്പൊടിയും വലിക്കും. അമ്മൂമ്മയുടെ വെള്ളമുണ്ടിലും ചട്ടയിലും മൂക്കിപ്പൊടിക്കറയാണ്. അമ്മ തുണിയലക്കിയിട്ട് വെളുക്കാത്തതാണെന്നു പറഞ്ഞ് ചീത്ത പറച്ചിലാ എന്നും അമ്മയെ. അമ്മൂമ്മ വീട്ടിലൊള്ള കുളത്തില്‍ കുളിക്കാന്‍ പോകുമ്പോള്‍ അമ്മ അമ്മൂമ്മയായി മാറുമെന്ന് അമ്മായി പറഞ്ഞുകേട്ടിട്ടുണ്ട്. വെറ്റിലചെല്ലത്തില്‍ തന്നെയാണ് അമ്മൂമ്മ ബീഡി, ചുരുട്ട്, മൂക്കിപ്പൊടി ഇത്യാദികള്‍ വയ്ക്കുന്നത്. അതില്‍ എണ്ണം കുറവു കണ്ടാല്‍ അന്ന് അമ്മയുമായി പൊരിഞ്ഞ വഴക്കായിരിക്കും. അമ്മ പറയും:
‘മൂത്ത് നരച്ച കാരണം കെളവിക്ക് ഒര് ഓര്‍മേം ഇല്ല. അവര് തന്നെ വലിച്ച് തീര്‍ത്തിട്ട് എണ്ണിയാ എവിടെ കാണാനാ.?’
അതുകേട്ട് അമ്മൂമ്മ വിട്ടുകൊടുക്കില്ല. ദേഷ്യംകൊണ്ട് ആ മൂക്ക് ചുവന്നു വിറയ്ക്കും. ‘കള്ളി… അവള് തന്നെ കട്ടെടുത്തതാണെന്ന് എനിക്കൊറപ്പുണ്ട്.’
‘ആ എങ്കി അങ്ങനെ… തള്ളയങ്ങ് സഹിക്ക്. അല്ലാതെ പിന്ന…’ അമ്മയും വിട്ടുകൊടുക്കില്ല
അമ്മ എവിടെ പോകുമ്പോഴും വര്‍ഗീസു ചേട്ടനേയും ഞങ്ങളുടെ അഗസ്റ്റിന്‍ ചേട്ടനേയും കൂടെ കൂട്ടും. അമ്മയ്ക്ക് അത്രയ്ക്ക് ഇഷ്ടമായിരുന്നു അവരെ രണ്ടു പേരെയും. എന്നാല്‍ എന്റെ  മൂത്തചേട്ടന്‍ ചീക്കുവിനെ അമ്മയ്ക്ക് ഇഷ്ടമേ അല്ലായിരുന്നു. ചീക്കു അമ്മൂമ്മയുടെ കണ്ണിലുണ്ണിയായിരുന്നു. വീട്ടില്‍ അമ്മയും അമ്മൂമ്മയും സംസാരിക്കുന്ന ഭാഷ കടുത്ത തെറിയാണ്. മിക്കപ്പോഴും ആ തെറി കേട്ട് പഠിച്ച ചീക്കു ചേട്ടന്‍ അമ്മയുമായി തല്ലുകൂടുമ്പോള്‍ അമ്മയെ അമ്മൂമ്മ പഠിപ്പിച്ച ഭാഷ പ്രയോഗിച്ച് തോല്‍പ്പിക്കാന്‍ ശ്രമം നടത്തും. ചേട്ടന്‍ അമ്മയെ തെറി പറഞ്ഞ ദേഷ്യത്തിന് അമ്മ ചീക്കൂ ചേട്ടന്റെ  കൈ രണ്ടും പുറകോട്ട് വച്ച് തോര്‍ത്തുകൊണ്ട് കെട്ടി, ഒരു ചിരട്ട പപ്പും പൊട്ടിച്ച് ചുണ്ടത്തു വയ്ക്കും. ചുണ്ട് ഇറുകി പൊട്ടി ചീക്കു ചേട്ടന്‍ വേദനകൊണ്ട് അലറിക്കരഞ്ഞു ഒച്ചവയ്ക്കുമ്പോള്‍ അമ്മൂമ്മ ഓടി വരും. പിന്നെ പരസ്പരം പൂവും കായും കൂട്ടി തെറി അഭിഷേകം കൊണ്ടുള്ള യുദ്ധക്കളമാകും ഞങ്ങളുടെ വീട്. അമ്മൂമ്മയും അമ്മയും തമ്മിലുള്ള വഴക്കിലൂടെയുള്ള തെറി പ്രയോഗം കേട്ട്, തെറിയില്‍ അക്കാദമിക് യോഗ്യത നേടിമിടുക്കനായി ചീക്കു ചേട്ടന്‍ വളര്‍ന്നു. എപ്പോഴും അമ്മൂമ്മയുടെ പിന്‍ബലം ചീക്കു ചേട്ടനുണ്ടായിരുന്നു. വെളമാമ്മായി അഗസ്റ്റിന്‍ ചേട്ടന്റെ  കാവല്‍മാലാഖയായിരുന്നു. തെറി പറഞ്ഞാല്‍ നരകത്തില്‍ പോകുമെന്ന് അഗസ്റ്റിന്‍ ചേട്ടനെ അമ്മായി പറഞ്ഞു പേടിപ്പിച്ചതുകൊണ്ട് അഗസ്റ്റിന്‍ ചേട്ടന്‍ തെറിയൊന്നും പറയാത്ത നല്ല കുട്ടിയായി വളര്‍ന്നു. വര്‍ഗീസു ചേട്ടനോട് അമ്മ പറയും:
‘എടാ വര്‍ഗീസേ… എന്റെ  മകനാണെങ്കിലും നീ ചീക്കുവുമായി കൂട്ടു കൂടണ്ട കെട്ടാ… അവന്‍ ശരിയല്ല… ഇങ്ങനെണ്ടോ അമ്മയെ തെറി പറയണ കൊച്ചിങ്ങള്… അതു പിന്നെങ്ങനാ… ആ തള്ളേട സ്വഭാവമല്ലേ അവന്?’
എന്നാലും വര്‍ഗീസു ചേട്ടന്‍ അമ്മ പറയുന്നതൊന്നും കാര്യമാക്കില്ല. അവര്‍ തമ്മില്‍, മരിക്കും വരെ ചീക്കു ചേട്ടനും വര്‍ഗീസു ചേട്ടനും വലിയ കൂട്ടായിരുന്നു. അമ്മയ്ക്ക് മക്കളെ ശിക്ഷിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലായിരുന്നു. ചീക്കു ചേട്ടന്‍ അമ്മയെ തെറി പറഞ്ഞ ഒരു ദിവസം, മുമ്പ് പറഞ്ഞ പോലെ ചുണ്ടത്ത് ചിരട്ടപപ്പ് പൊട്ടിച്ചു വച്ച്, കൈ രണ്ടും പിറകോട്ട് കെട്ടി മുമ്പിലെ ജനലില്‍ ചേട്ടനെ കെട്ടിയിട്ടിരിക്കുമ്പോഴാണ് അപ്പന്റെ പെങ്ങള്‍ കുഞ്ഞേലി അമ്മായിയെ പെണ്ണുകാണാന്‍ ചെറുക്കനും കൂട്ടുകാരനും കൂടി വീട്ടില്‍ വന്നത്. അവര്‍ വന്നത് സൈക്കിളിലായിരുന്നു. അന്ന് കുഞ്ഞേലി അമ്മായിയെ കെട്ടാന്‍ വന്ന ചെറുക്കനാണ് ചീക്കു ചേട്ടനെ കണ്ട് മനസ്സലിവ്‌തോന്നി കെട്ടഴിച്ചുവിട്ടതും ചുണ്ടില്‍ നിന്ന് ചിരട്ടപപ്പ് അകത്തി മാറ്റിയതും. ചിരട്ട പപ്പിറുങ്ങി ചീക്കു ചേട്ടന്റെ  ചുണ്ടു പൊട്ടി ചോരയൊലിച്ചിരുന്നു അപ്പോള്‍.