ഒരുമയില്‍ ഒരു രോഗമുക്തി

സി.എഫ് ജോണ്‍
ഇരുണ്ട ഭ്രമാത്മകതയുടെ തിയേറ്റര്‍
അടക്കിപ്പിടിച്ച ചെറിയ ഒരു ബഹളം കേട്ടാണ് മക്കിയാട് കോവിഡ് കെയര്‍ സെന്ററിലെ എന്റെ മുറി ഞാന്‍ തുറന്നത്. ചെറുപ്പക്കാരായ ദമ്പതികളും രണ്ടു കുട്ടികളും വരാന്തയില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചു നില്ക്കുന്നു. നിങ്ങളെ എങ്ങനെയാണ് എനിക്കു സഹായിക്കാനാവുകയെന്ന് അവരോടു ചോദിച്ചു. ആ സ്ത്രീ പൊട്ടിക്കരയാന്‍ പോവുയുമെന്ന് തോന്നി. അവര്‍ പറഞ്ഞു, ‘കോവിഡ് പോസിറ്റീവാണ് എന്നറിഞ്ഞുകൊണ്ട് ഭൂമിയില്‍ ഏതെങ്കിലും ഒരു മകള്‍ തന്റെ വൃദ്ധരായ മാതാപിതാക്കളെ കാണാനെത്തുമോ? കോവിഡ് മഹാമാരിമൂലം മാതാപിതാക്കളെ എത്രയോ മാസങ്ങളായി കണ്ടിട്ട്. അതൊരു വല്ലാത്ത ശൂന്യതയാണ് പ്രദാനം ചെയ്തത്. കണ്ണൂരിലെ അവരുടെ വീട്ടില്‍ നിന്നും വയനാട്ടിലുള്ള മാതാപിതാക്കളോടൊത്ത് ഓണം ആഘോഷിക്കാനവര്‍ എത്തിയ പിറ്റേദിവസം തൊണ്ടയില്‍ ഒരസ്വസ്ഥത അനുഭവപ്പെട്ടു. ഡോക്ടറെ കാണണമെന്നുള്ള നിര്‍ദേശം അനുസരിച്ച് പരിശോധ നടത്തി.  കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞതുമുതല്‍, മാതാപിതാക്കളെ സന്ദര്‍ശിക്കാനെത്തിയ അവര്‍ക്കെതിരെ കുറ്റാരോപണവര്‍ഷം തന്നെയുണ്ടായി. അറിഞ്ഞുകൊണ്ട് ഇങ്ങനെ ഏതെങ്കിലും ഒരു മകള്‍ ചെയ്യുമോ’ എന്നായിരുന്നു ആ സ്ത്രീയുടെ ചോദ്യം. അവരെ എങ്ങനെയാണ് ആശ്വസിപ്പിക്കുകയെന്നറിയാതെ ഞാന്‍ കുഴങ്ങി. കണ്ണീര്‍ തുടച്ചുകൊണ്ട് അവര്‍ തന്റെ മുറിയിലേക്കു മടങ്ങി. യുക്തിബോധം ഒട്ടുമില്ലാതെ അന്ധമായ ഇരുണ്ടമനസ്സുമായി നടക്കാന്‍ മനുഷ്യര്‍ക്ക് ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ സാധിക്കും?
കോവിഡ് തന്ന ഞെട്ടല്‍
ബാംഗ്ലൂരില്‍ നിന്നു കേരളത്തിലെത്താന്‍ വേണ്ടി കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ ആറു തവണ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ആറാമത്തെ ശ്രമത്തിലാണ് അനുമതി ലഭിച്ചത്. തുടര്‍ന്നു ബാംഗളൂരുവില്‍ നിന്നും മുത്തങ്ങ വഴി ഞങ്ങള്‍ വയനാട്ടിലെത്തി. ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം അവിടെയും ഞങ്ങള്‍ കോവിഡ് ടെസ്റ്റിനു വിധേയരായി. രണ്ടുദിവസം കഴിഞ്ഞ് ഓണനാളില്‍, ഉച്ചയൂണിനുശേഷം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ഫോണ്‍ വന്നു. തോണ്ടര്‍നാട് പഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററില്‍നിന്നു യൂസഫ് ആണ് വിളിച്ചത്. ‘റിസല്‍റ്റിനെക്കുറിച്ച് സിബിന്‍ വല്ലതും പറഞ്ഞോ’ എന്നായിരുന്നു ചോദ്യം. ഇല്ല എന്ന് എന്റെ മറുപടി. ‘പോസിറ്റീവാണ്.’ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഞങ്ങള്‍ക്കതൊരു ഷോക്കായിരുന്നു. ‘കോവിഡ് എങ്ങനെ പിടിച്ചു’? ഈ മഹാമാരിയില്‍പെടാതിരിക്കാന്‍ അതീവ ജാഗ്രതയാണ്, കഴിഞ്ഞ അഞ്ചു മാസമായി ഞങ്ങള്‍ പുലര്‍ത്തിവന്നത്.
‘ടെസ്റ്റ് റിസല്‍റ്റ് തെറ്റായി വന്നതാവും’. മകനും മരുമകളും ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടു. അവര്‍ അസ്വസ്ഥരായി. ഒരു ടെസ്റ്റ് കൂടി നടത്തിക്കളയാം ഞാന്‍ പറഞ്ഞു. അതിനായി എളുപ്പത്തില്‍ അങ്ങനെ ഒരു ക്ലിനിക്കില്‍ കയറിച്ചെല്ലാനാവില്ല. ഏറ്റവും അധികം ആശ്രയിക്കാനാവുന്നത്. RT-PCR ടെസ്റ്റു തന്നെയാണ്. ‘റെഡിയായിരിക്കുക  ആംബുലന്‍സ് ഉടനെ എത്തും’ ഹെല്‍ത്ത് ഡെസ്‌കില്‍ നിന്ന് അറിയിപ്പുവന്നു.
എന്തുവേണം?
ബാംഗളൂരുവിലേക്കുതന്നെ കാറില്‍ യാത്ര തിരിക്കുക മക്കള്‍ പറഞ്ഞു. അവിടെ ഞങ്ങള്‍ക്ക് എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു. പരിചയമുള്ള ആശുപത്രി, ഡോക്ടര്‍മാര്‍, സുഹൃത്തുക്കള്‍, ഇന്‍ഷ്വറന്‍സ് അങ്ങനെ പലതും. യൂസഫിനോട് ഞാന്‍ ചോദിച്ചു: ബാംഗളൂരുവിലേക്കു തന്നെ മടങ്ങാന്‍ അനുമതി തരാമോ? കോവിഡ് പോസിറ്റീവായ ഒരാളെ മറ്റൊരു സംസ്ഥാനത്തേക്കു പോകാന്‍ അനുവദിക്കാറില്ല: ഇതായിരുന്നു ലഭിച്ച മറുപടി.