ഓര്‍മ പേടിയായ പേടിയെല്ലാം…

കെ.വി. ബേബി
1959 ജൂണ്‍. ഒന്നാം ക്ലാസ്സിലേക്കുള്ള ഒന്നാം ദിവസം തന്നെ തുടങ്ങിയത് പേടിയില്‍. ഇതു വിശദമാക്കുന്നതിനു മുന്‍പ് മറ്റൊരു കാര്യം പറയണം. അക്കാലത്ത് എല്‍.കെ.ജി, യു.കെ.ജികളില്ല. ഉള്ളത് നിലത്തെഴുത്ത്. കുട്ടിക്ക് അഞ്ച് വയസ്സായാല്‍ വീട്ടില്‍ നിലത്തെഴുത്താശാന്‍ വന്നു പഠിപ്പിക്കല്‍ തുടങ്ങും. എന്റെ നിലത്തെഴുത്താശാന്‍ ശങ്കരന്‍ മണിയാശാന്‍. ശാന്തശീലന്‍. പക്ഷേ, കണിശക്കാരന്‍. ആശാന്‍ ഇറയത്ത് മണല്‍ വിരിച്ചു എന്നെ അടുത്തിരുത്തി. അതില്‍ എന്റെ വിരല്‍ പിടിച്ച് അക്ഷരങ്ങള്‍ എഴുതിക്കും. അ, ആ… നാരായം കൊണ്ടക്ഷരങ്ങള്‍ എഴുതിയ പനയോല തരും. അതിലെ ഓരോ അക്ഷരവും ചൂണ്ടിക്കാണിച്ച് എഴുതിക്കും. ആശാന്‍ എന്റെ ചൂണ്ടുവിരല്‍ പിടിച്ച് മണലില്‍ എഴുതിക്കുമ്പോള്‍ വിരല്‍ ചുവന്നുതുടങ്ങും, വേദനിക്കും. പഠനം മഹാസങ്കടം. അക്കിത്തം ശൈലിയില്‍ വിദ്യാവ്യസനം. പിന്നെ, ഒരു സന്തോഷം ആശാന്‍ വരുന്ന ദിവസങ്ങളില്‍ നല്ല പ്രാതല്‍. ഇഡ്ഡലിയും ചട്ണിയും ദോശയും ചട്ണിയും ബൂരിയും മസാലക്കറിയും പുട്ടും പഴവും പുട്ടും കടലയും ഉപ്പുമാവും പഴവും എന്നിത്ത്യാദികള്‍. മറ്റു ദിവസങ്ങളില്‍ കഞ്ഞിയും ചമ്മന്തിയും. നല്ല പ്രാതലോര്‍ക്കുമ്പോള്‍ ആശാനോട് സ്‌നേഹം. പക്ഷേ, പഠനം എന്ന സങ്കടം ഓര്‍ക്കുമ്പോള്‍, നീരസം. അങ്ങനെ നിലത്തെഴുത്ത് കഴിഞ്ഞു.
ഇനി ഒന്നാം ക്ലാസ്സിലേക്കുള്ള ഒന്നാം ദിവസം. അക്കാലത്തെ മൂക്കന്നൂര്‍ ഗവ. യു.പി. സ്‌കൂളിലേക്ക്. (പിന്നീട് അത് ഉയര്‍ന്നുയര്‍ന്നു ഹയര്‍ സെക്കന്‍ഡറി വരെയെത്തി.) വഴി അറിയാം. ആ സ്‌കൂളിന്റെ മുന്‍പിലൂടെയാണ് ഓര്‍മവച്ചനാള്‍ മുതല്‍ അതു കഴിഞ്ഞും ഇടവകപ്പള്ളിയിലേക്കു. പോകുന്നത് വീട്ടില്‍നിന്നു പത്തു പതിനഞ്ച് മിനിട്ട് നടന്നാല്‍ മതി. ഇടവഴിയിലൂടെ നടന്ന് റേഷന്‍ കടയുടെ അടുത്തെത്തിയപ്പോള്‍ കട കട കട ശബ്ദം. അതുവരെ കാണാത്ത ഒരു യന്ത്രം. യന്ത്രരാക്ഷസന്‍. റേഷന്‍ കടക്കാരന്‍ ദേവസിയേട്ടന്‍ എന്നോട് ഉറക്കെ; ബേബീ, ഓടിക്കോ, തീവണ്ടി വരണൊണ്ടേ. കേട്ടപാതി കേള്‍ക്കാത്ത പാതി, ഞാന്‍ പേടിച്ചുവിറച്ചു തിരിഞ്ഞോടിച്ചെന്നു, വീട്ടിലേക്ക്. അപ്പന്‍: എന്താ? എന്താ കാര്യം? തീ…വ…ണ്ടി. പറഞ്ഞൊപ്പിച്ചു. അപ്പന്‍ പൊട്ടിച്ചിരിച്ചു. എടാ മണ്ടാ, അത് തീവണ്ടിയല്ല; റോഡ് റോളറാണ്. റോഡുപണി നടക്കുന്നുണ്ട്. അത് റോഡ് നന്നാക്കാനുള്ള മെഷീനാണ്. ഇനി, പേടിക്കാതെ ഇടവഴിയിലൂടെ പോയാല്‍ മതി, അങ്ങനെ, പൊതുവഴി ഒഴിവാക്കി ഇടവഴിയിലൂടെ സ്‌കൂളിലെത്തി. സാക്ഷാല്‍ തീവണ്ടി ആദ്യമായി കണ്ട് പേടിച്ചോടിയത് മറ്റൊരോര്‍മ. അമ്മയും ഞാനും അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍. എറണാകുളത്തുള്ള അമ്മയുടെ അമ്മ വീട്ടിലേക്കുള്ള യാത്ര. അമ്മയുടെ മുന്നറിയിപ്പ്. തീവണ്ടി വരുന്നതു കണ്ടു പേടിക്കരുത്. അതുകൊണ്ടുതന്നെ തീവണ്ടി ചൂളംവിളിച്ചു പുകതുപ്പി ഓടിയടുത്തു വന്നപ്പോള്‍ പേടിച്ചു വിറച്ചു നിലവിളിച്ചുപോയി. എന്റെ കൈയില്‍ മുറുകെ പിടിച്ചിരുന്ന അമ്മയുടെ കൈ വിടുവിച്ചു ഞാന്‍ ഓടിയകുന്നു. മോനെ പിടിച്ചോ എന്ന അമ്മയുടെ അപേക്ഷ കേട്ട് എന്നെ പിടിച്ചുനിറുത്തി ആശ്വസിപ്പിച്ചത് ചുമട്ടുതൊഴിലാളികള്‍. പേടിക്കണ്ടാ മോനേ. തീവണ്ടി നിന്നു.
ഇനി അമ്മയുടെയടുത്തേക്കു പൊയ്‌ക്കോ. ഇതിനകം അമ്മ ഓടിവന്നു എന്നെയെടുത്തു. തീവണ്ടിക്കകത്തു കയറിക്കൂടി. ഒരു സീറ്റില്‍ പേടിച്ചുവിറച്ചിരുന്നു. ട്രെയിന്‍ നീങ്ങാന്‍ തുടങ്ങുമ്പോഴും അതു നില്‍ക്കാന്‍ തുടങ്ങുമ്പോഴും തല ചെന്ന് പുറകിലിടിക്കും. തല വേദനിക്കും. അതെ, തീവണ്ടി നിന്നാലും നീങ്ങിയാലും എനിക്കു തലവേദന. കുറച്ചുകാലം തീവണ്ടി തന്നെ എനിക്കു തലവേദനയായിരുന്നു. പിന്നെപ്പിന്നെ ആ തലവേദന മാറി. അതില്‍പ്പിന്നെ തീവണ്ടിയോട് ഇഷ്ടമായി.