അനുസ്മരണം ഖാദറിന്റെ മക്കോണ്ട

ജമാല്‍ കൊച്ചങ്ങാടി

കോഴിക്കോട് റെയില്‍വേ സ്റ്റേഷനു മുന്നിലുള്ള നിരത്തിലൂടെ മംഗോളിയന്‍ മുഖമുള്ള ഒരാള്‍ നടന്നുവരുന്നു. പതിഞ്ഞ മൂക്ക്. കട്ടിയില്ലാത്ത മീശ. ചീകി മിനുക്കിയ മുടി. ഇസ്തിരിയിട്ട ഉടുപ്പുകള്‍. ആലോചനയിലാണ്ട മുഖം. ചോദിച്ചുപോയി: കാദര്‍ക്കയല്ലെ? പെട്ടെന്നദ്ദേഹം തിരിഞ്ഞു. പേര് പറഞ്ഞപ്പോള്‍ എന്നെ തിരിച്ചറിഞ്ഞു. തുടങ്ങിയ വര്‍ത്തമാനം നിര്‍ത്താനാവാതെയായി. കൊച്ചിയെക്കുറിച്ച് തനിക്കും പറയാനും അതിലേറെ അറിയാനും ഉണ്ടെന്ന മട്ട്. മിഠായിത്തെരുവിന്റെ  തെക്കേയറ്റത്തെ ഹലുവ സ്റ്റാളുകള്‍ക്കിടയിലെ  മെട്രോ ഹോട്ടലിലെ മുകള്‍തട്ടില്‍ പോയിരുന്നു സംസാരിച്ചത് ഒന്നരമണിക്കൂറോളം.

ബഷീര്‍ എന്ന എഴുത്തുകാരനോടുള്ള ആരാധനമൂത്ത് അദ്ദേഹത്തെ കാണാന്‍ കൊയിലാണ്ടിയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പന്ത്രണ്ടുകാരന്‍. ബാലപംക്തിയിലൂടെ പരിചയപ്പെട്ട എന്‍. കെ. എ. ലത്തീഫ് എന്ന കൂട്ടുകാരനെ തേടി പിന്നീട് കപ്പലണ്ടി മുക്കിലേക്കുള്ള യാത്ര. ലത്തീഫ്ക്ക എനിക്കും ജ്യേഷ്ഠ സഹോദരനായിരുന്നുവെന്നറിഞ്ഞപ്പോള്‍ താല്‍പ്പര്യങ്ങളൊന്നായി. പിന്നെ അറിയേണ്ടിയിരുന്നത് ഖാലിദിനെക്കുറിച്ചാണ്. ‘സിംഹവും’ ‘അല്ലാഹുവിന്റെ  അടിമകളും’ ‘ഗിര്‍ദാരിയുടെ ലോകവും’ ‘ഹാര്‍ബറും’ എഴുതിയ ഒരേ ദേശക്കാരനായ കഥാകാരന്‍.

എണ്‍പതുകളുടെ ആദ്യദശകത്തിലുള്ള ഈ കണ്ടുമുട്ടല്‍ എനിക്ക് ഒരു ആത്മസുഹൃത്തിനെ, ജ്യേഷ്ഠസഹോദരനെ തന്നു. ‘ചങ്ങല’യും ‘ഖുറൈശിക്കൂട്ട’വും ‘ഒരു മാപ്പിളപെണ്ണിന്റെ കഥ’യും ‘പവന്‍ മാറ്റും’ വായിച്ച് പണ്ടേ ഞാന്‍ ഇഷ്ടപ്പെട്ടിരുന്ന വടക്കേമലബാറിന്റെ  കഥാകാരന്‍.

വാസ്തവത്തില്‍ തൃക്കോട്ടൂര്‍പ്പെരുമയ്ക്കു മുമ്പേ യു.എ.ഖാദര്‍ രചിച്ച മാസ്റ്റര്‍പീസ് കൃതിയാണ്  ‘ചങ്ങല’. പക്ഷേ, എന്തുകൊണ്ടോ അത് പെരുമ നേടിയില്ല. ചങ്ങലയിലെ കോലോത്ത് അവറാന്‍ അധികാരിയും  കുഞ്ഞാമു അധികാരിയുമൊക്കെ വടക്കേമലബാറിലെ നാടുവാഴിക്കാലത്തിന്റെ  നേര്‍ചിത്രങ്ങള്‍ വരച്ചുവച്ച കഥാപാത്രങ്ങളായിരുന്നു. പെരുന്നാള്‍ മാസം കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം പ്രമാണിമാരായ അന്ത്രു ഹാജിയെയും കുഞ്ഞാമു അധികാരിയെയും രണ്ടു ചേരിയാക്കി. കുന്നുംപുറം പള്ളിക്കാര്‍ വെള്ളിയാഴ്ച പെരുന്നാള്‍ നമസ്‌കരിച്ചു. അന്നുതന്നെയായിരുന്നു ജും അയും. പെരുന്നാള്‍ രാവില്‍ മമ്മൂട്ടി പുതിയാപ്ല കൊടുത്തയച്ച കോള് കുഞ്ഞാമു അധികാരി മടക്കി. പിറ്റേന്ന് പുതിയാപ്ലയെ വിളിക്കാന്‍ ആളെയും അയച്ചില്ല. ഭാര്യ പ്രസവിച്ചതറിഞ്ഞ മമ്മൂട്ടിക്ക് കുഞ്ഞിനെ കാണാന്‍ പോലും കഴിഞ്ഞില്ല. പ്രമാണിത്തത്തിന്റെ  പേരില്‍ നടക്കുന്ന മത്സരങ്ങള്‍ ഒരു കൊലപാതകത്തില്‍ പോലും എത്തുന്നുണ്ട്. മിഥ്യാഭിമാനത്തിന്റെയും മതാനുഷ്ഠാനങ്ങളുടെയും പേരില്‍ കുടുംബ ബന്ധങ്ങള്‍ തമ്മിലുണ്ടാകുന്ന മത്സരങ്ങളുടെയും കുടിപ്പകയുടെയും കഥപറയുന്ന ചങ്ങല എന്തുകൊണ്ടാണ് മലയാള സാഹിത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്? ഫ്യൂഡലിസ്റ്റ് കാലത്തെ മുസ്ലീം സാമൂഹ്യ ജീവിതത്തിന്റെ  ഇരുണ്ട ചിത്രങ്ങളാണ് ഈ നോവലില്‍ അദ്ദേഹം വരച്ചിട്ടത്. അവറാന്‍ അധികാരി മരിച്ചപ്പോള്‍ അനുജന്‍ അതൃമാന്‍ കുട്ടിക്ക് കിട്ടേണ്ടിയിരുന്ന അധികാരം കവര്‍ന്നെടുത്ത കുഞ്ഞാമു അധികാരി ക്രൂരതയുടെ മൂര്‍ത്തരൂപമാണ്. സ്വന്തം ബാപ്പ മരിച്ചു കിടക്കുമ്പോള്‍ പോലും അയാള്‍ പറയുന്നത് മയ്യത്ത് നാറട്ടെ, പുഴുക്കട്ടെ, എനിക്കെന്റെ  അവകാശം കിട്ടണമെന്നാണ്. രോഗിയായി കിടക്കുന്ന അതൃമ്മാന്റെ  മോള്‍ ബീവിയോടയാള്‍ കല്പിക്കുന്നു: ‘ഓന്‍ ചാകുംവരെ നീ ഓന്റെ  സിതി  അറിയാമ്മേണ്ടിയിട്ട് മേലേപ്പാടത്ത് പോകരുത്.’ അതൃമ്മാന്‍കുട്ടി മരിച്ച് ഖബറടക്കി പിറ്റേന്ന് തന്നെ അയാള്‍ പടക്കങ്ങളും പാട്ടുകച്ചേരിയുമായി സാഘോഷം  ബീവിയുടെ വിവാഹം  നടത്തുന്നു. ബീവി പ്രസവിച്ചതറിഞ്ഞിട്ടും  അവളുടെ ഭര്‍ത്താവ് മമ്മൂട്ടിക്ക് കുഞ്ഞിനെ കാണാനാവുന്നില്ല. പിന്നീട് വാതം പിടിച്ചു കിടക്കുന്ന മമ്മൂട്ടിയുടെ വീട് അധികാര ബലംകൊണ്ട് സേര്‍ച്ച് ചെയ്യിക്കുന്നു. കുഞ്ഞാമുവിനെ പോലെ തന്നെ തീരെ അലിവില്ലാത്ത കഥാപാത്രമാണ് അയിശുമ്മയും ! സ്വന്തം പിതാവിനോട് ഒന്നു മിണ്ടാന്‍വരെ ബീവിയെ ആയമ്മ അനുവദിക്കുന്നില്ല. മമ്മൂട്ടി മരിച്ചതറിഞ്ഞപ്പോള്‍ അവള്‍ ചോദിക്കുന്നു: ‘നായീം പൂച്ചേം ചത്താലും വേണോ നാല്പതുദിവസം കാത്തിരിക്കാന്‍ ‘?

കുഞ്ഞാമു അധികാരിയെകൊണ്ട് എല്ലാ  വേണ്ടായ്കകളും ചെയ്യിച്ച് അവസാനം കോലോത്തിന്റെ കുളംതോണ്ടുന്ന ബാപ്പുട്ടിക്കയെപ്പോലുള്ള കാര്യസ്ഥനെയും, ചങ്ങലയില്‍ കാണാം.