അരങ്ങിലെ നഷ്ടവസന്തങ്ങള്‍

ഡോ. രാജാ വാര്യര്‍

കലാലോകത്തിന് ഘനീഭൂതദിനങ്ങള്‍ നല്‍കിയ വര്‍ഷമായിരുന്നു രണ്ടായിരത്തിഇരുപത്. ലോകത്തെ മനുഷ്യരാശി ഒന്നടങ്കം നിശ്ചലമായിപ്പോയ, മരവിച്ച കാലം. ഇതുപോലുള്ള സംഘര്‍ഷ നിമിഷങ്ങള്‍ ലോകത്തെ കലാമേഖലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നതിനെ നിരാകരിക്കുക വയ്യ. ലോകമഹായുദ്ധങ്ങള്‍ക്കും ആണവയുദ്ധങ്ങള്‍ക്കും ശേഷം അതിജീവനത്തിനായി അലഞ്ഞ മനുഷ്യര്‍ അവരുടെ ദുരന്താനുഭവങ്ങളെ കലാത്മകമായി ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിടത്താണ് യാഥാതഥ്യപ്രസ്ഥാനത്തിനുപ്പുറമുള്ള സര്‍റിയലിസത്തിന്റെയും അബ്‌സേഡിസത്തിന്റെയും എക്‌സ്പ്രഷനിസത്തിന്റെയും എക്‌സിസ്റ്റന്‍ഷ്യലിസത്തിന്റെയും മറ്റും പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നത്. സങ്കീര്‍ണമായ മനുഷ്യമനസ്സുകളെ, അവയില്‍ ഉരുത്തിരിവുള്ള ജീവിതവ്യാഖ്യാനങ്ങളെ സര്‍ഗാത്മകമായി ആവിഷ്‌കരിക്കാനുള്ള നൂതനമായ മാര്‍ഗങ്ങളായിരുന്നു അവയൊക്കെയും. ചിത്രകലയിലും തിയേറ്ററിലും ശില്പകലയിലുമൊക്കെ ഇവയുടെ പ്രതിഫലനങ്ങളുണ്ടായി. കലയുടെ കലാപവഴികള്‍ പ്രകാശിതമായി.
ഇതുവരെ മനുഷ്യന്‍ ഭൂമിയില്‍ അനുഭവിച്ചതില്‍നിന്ന് വ്യത്യസ്തമാണ് രണ്ടായിരത്തിഇരുപതിലെ പാന്റമിക് ദിനങ്ങള്‍ പങ്കുവച്ചത്. മനുഷ്യര്‍ തമ്മിലുള്ള നേര്‍ബന്ധങ്ങളെ കടിഞ്ഞാണിടുകയെന്നതായിരുന്നു ആത്യന്തികമായി കോവിഡുകാലം വരുത്തിത്തീര്‍ത്ത ഭൗതികസാഹചര്യം. ഇതുവരെ പരിചിതമല്ലാത്ത പുതിയൊരു ജീവിതചര്യ അനുശീലിക്കാന്‍ ജനത നിര്‍ബന്ധിതമായ സാഹചര്യം. കേവലം ശാരീരികമായ അകന്നുനില്‍ക്കലാണതെന്ന് പ്രത്യക്ഷതലത്തില്‍ തോന്നുമെങ്കിലും ആ അന്തരീക്ഷത്തിലൂടെ കടന്നുപോയപ്പോള്‍ മനസ്സിലായി, ഇത് വെറും ഭൗതികമായ അകല്‍ച്ചയല്ല, മാനസികമായ അന്യവത്കരണമാണെന്ന്. ഇവിടെയാണ് കലാവഴക്കങ്ങളും മനുഷ്യരുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയത്. എല്ലാ കലകള്‍ക്കും ഇത് ഒരുപോലെ ബാധകമായി എന്നു പറയാനാകില്ല. എന്തെന്നാല്‍, എല്ലാ കലകളും നേരിട്ട് സംവേദനം ചെലുത്തുന്നവയല്ലല്ലോ. രംഗകലകള്‍ക്കാണ് ഈ അവസ്ഥ ഏറെയും ബാധകമായത്. ഇതരകലകളെ സാങ്കേതികമായി ബാധിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍, രംഗകലകള്‍ നേരിട്ട് സംവേദനം നടക്കേണ്ടവയാണ് എന്നതിനാല്‍ അവയുടെ സര്‍ഗപ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണമായും വിഘാതമുണ്ടായി എന്നതാണ് നാം തിരിച്ചറിയേണ്ടത്.
ആത്മപ്രേരണയിലൂടെ അടിസ്ഥാനഭാവങ്ങളെ ആവിഷ്‌കരിക്കുക എന്നത് മനുഷ്യസഹജമായ ഒരു സ്ഥിതിവിശേഷമാണ്. കലാസ്രഷ്ടാക്കള്‍ കലാപരമായ പ്രവര്‍ത്തനങ്ങളിലൂടെ സാക്ഷാത്കരിക്കുന്നതും ഈ സര്‍ഗചോദനകളുടെ മൂര്‍ത്തവത്കരണമാണ്. നൃത്തവും നൃത്യവും നാട്യവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സംഗീതംപോലും ശ്രവ്യകലയാണെന്ന് കരുതപ്പെടുന്നെങ്കിലും ദൃശ്യപരതയ്ക്ക് അതിലും പങ്കുണ്ട് എന്നതില്‍ സംശയമില്ല. നേരിട്ട് കണ്ട് ആസ്വാദ്യത കൈവരുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. മനുഷ്യന്‍ ഇടപെട്ടുകൊണ്ടിരുന്ന എല്ലാ മേഖലകളെയും കൊറോണ നേരിട്ട് ബാധിച്ചു. നിത്യജീവിതത്തിലെ അവന്റെ സംസാരക്രമങ്ങളെ അത് നിശ്ചലമാക്കി. ഭൗതികമായ ഈ ചലനവിഘാതം മാനസികമായ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കി. ഇങ്ങനെ അല്ലാതായിരുന്ന പൂര്‍വകാലത്തുപോലും കലയുടെ ധര്‍മമെന്നത് മനുഷ്യന്റെ മനസ്സിനെ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്തുകയെന്നതാണ്. ഒരു മനുഷ്യനെ പൂര്‍ണതയിലേക്ക് അടുപ്പിക്കുന്നത് ശാരീരികവും മാനസികവുമായ വളര്‍ച്ചയിലൂടെയാണ്. കലാപരമായ ഇടപെടലുകള്‍, സൃഷ്ടിപരമായിട്ടാണെങ്കിലും ആസ്വാദനപരമായിട്ടാണെങ്കിലും, ജീവിതത്തിന്റെ വ്യാഖ്യാനങ്ങള്‍ക്കും അര്‍ത്ഥാന്വേഷണങ്ങള്‍ക്കും വഴിയൊരുക്കുന്നു. ഈ വഴിയിടങ്ങളിലാണ് കൊറോണാ വൈറസ് കടമ്പ തീര്‍ത്തിരിക്കുന്നത്.
നൃത്തവും നാടകവുമൊക്കെ അരങ്ങിനൊപ്പം അപ്രത്യക്ഷമായെങ്കിലും അവയുമായി ബന്ധപ്പെട്ട സൃഷ്ടികള്‍ മനുഷ്യരിലേക്കെത്തിക്കാന്‍ ഇലക്‌ട്രോണിക് മീഡിയകളുടെ സഹായത്തോടെ കലാസ്രഷ്ടാക്കള്‍ ഇക്കാലഘട്ടത്തില്‍ ഉദ്യമങ്ങള്‍ നടത്തിയതിന് നാം സാക്ഷികളാണ്.