പുതിയ കര്‍ഷകനിയമങ്ങളുടെ വരുംവരായ്കകള്‍ – അഡ്വ. ജോഷി ജേക്കബ്

മൂന്നു പുതിയ നിയമങ്ങള്‍


കൊറോണ വൈറസിന്റെ വ്യാപനവും അതിനോട് അനുബന്ധിച്ച അടച്ചുപൂട്ടലും നടക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ വളരെ വലിയ ഒരു അത്യാവശ്യം എന്ന പോലെ കാര്‍ഷികമേഖലയെ സംബന്ധിച്ച് മൂന്നു ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ചു. പിന്നീട് അതേ ഓര്‍ഡിനന്‍സുകള്‍, പാര്‍ലമെന്റ് അത്യാവശ്യമായി വിളിച്ചുകൂട്ടി അവതരിപ്പിച്ചു. ലോക്‌സഭയില്‍ ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷം ഉള്ളതിനാല്‍ കാര്യമായ ചര്‍ച്ചകള്‍ ഇല്ലാതെ വളരെ എളുപ്പത്തില്‍ സെപ്റ്റംബര്‍ 20-ന് ബില്ല് പാസ്സാക്കി. രാജ്യസഭയില്‍ പ്രതിപക്ഷ കക്ഷികള്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും രാജ്യസഭയുടെ ഉപാധ്യക്ഷന്‍ പാര്‍ലമെന്ററി സംവിധാനത്തെ പോലും അട്ടിമറിച്ചുകൊണ്ട് ശബ്ദവോട്ടെടുപ്പ് എന്നു പറഞ്ഞ് ഭൂരിപക്ഷത്തെ മറി കടന്ന് ആ മൂന്നു ബില്ലുകളും പാസ്സായതായി പ്രഖ്യാപിച്ചു.


ഈ മൂന്നു നിയമങ്ങളുടെയും നിര്‍മാണത്തില്‍ അനുവര്‍ത്തിച്ചത് ജനാധിപത്യവിരുദ്ധതയാണ്. അതുപോലെ സംസ്ഥാനങ്ങളുടെ നിലപാടുകള്‍ പരിശോധിക്കുകയോ കണക്കിലെടുക്കുകയോ ചെയ്യാതെ ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയില്‍പ്പെട്ട കാര്‍ഷിക രംഗത്ത്, ഏകപക്ഷീയമായി നിയമങ്ങള്‍ പാസാക്കിയത് ഫെഡറല്‍ ലംഘനവുമാണ്. എന്നാല്‍ ഇതിനെല്ലാം അപ്പുറം കൃഷിക്കാരും രാജ്യതാല്പര്യമുള്ളവരും കണക്കിലെടുക്കേണ്ടത്, കര്‍ഷകര്‍ ഒരു വിഭാഗമെന്ന നിലയില്‍ തുടച്ച് നീക്കപ്പെടുന്ന പ്രക്രിയ മുന്‍പേ തന്നെ ഇവിടെ ആരംഭമിട്ടു എന്ന സംഗതിയാണ്. കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിക്കുന്ന സര്‍ക്കാര്‍, കമ്പോള സംവിധാനങ്ങളും ഇറക്കുമതിയും കൃഷിഭൂമിയില്‍ നിന്ന് നേരിട്ടുള്ള വ്യാപകമായ കുടിയൊഴിപ്പിക്കലും അവിരാമം മുന്നോട്ടുകൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും അത് കര്‍ഷകരുടെ അന്ത്യംകുറിക്കും. പുതിയ നിയമങ്ങള്‍ ആ പ്രക്രിയയ്ക്ക് ആക്കം കൂട്ടും. പുതിയ നിയമങ്ങളെക്കുറിച്ച് നിരന്തരമായി നുണ പ്രചാരണങ്ങള്‍ പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും സര്‍ക്കാര്‍ സംവിധാനമൊട്ടാകെയും നടത്തി വരുന്ന സാഹചര്യത്തില്‍ ആ നിയമങ്ങളെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.


കര്‍ഷക ശാക്തീകരണ വിലസംരക്ഷണ കാര്‍ഷിക സേവനബില്‍ കര്‍ഷക ഉല്‍പ്പാദന വ്യാപാര വാണിജ്യ പ്രോത്സാഹന നിയമം, അവശ്യസാധന നിയമഭേദഗതി ബില്‍ എന്നിവയാണ് ആ നിയമങ്ങള്‍. അടിയന്തിരമായ ആവശ്യമെന്ന നിലയില്‍ പാസ്സാക്കിയതിനു പുറമെ തൊഴില്‍ രംഗത്തെ നിയമങ്ങളുടെ ഭേദഗതി ഉള്‍പ്പെടെ വേറെയും നിയമങ്ങള്‍ പാസ്സാക്കി.


കര്‍ഷകരെ വളരെ ദോഷകരമായി ബാധിക്കുന്നവ എന്ന നിലയില്‍ ബി.ജെ.പി.യുടെ മുന്നണിയായ എന്‍.ഡി.എ. യിലെ പ്രധാനഘടക കക്ഷികളില്‍ ഒന്നായ അകാലിദളം ആദ്യം കേന്ദ്ര മന്ത്രിസഭയില്‍ നിന്നും പിന്നീട് ബി.ജെ.പി. മുന്നണിയില്‍ നിന്നും പിന്മാറുവാന്‍ നിര്‍ബന്ധിതമായി. ആര്‍.എസ്.എസ്.ഉം ആയി ബന്ധപ്പെട്ട ചില കര്‍ഷക സംഘടനകളും പുതിയ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധരംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളും സമരത്തിലാണ്. നൂറിലധികം കര്‍ഷക സംഘടനകളുടെ ഏകോപന വേദിയായ രാഷ്ട്രീയ കിസാന്‍ സമന്വയ സമിതിയും (ആര്‍.കെ.എസ്.എസ്.) ശക്തമായ പ്രക്ഷോഭത്തിലാണ്. അവയെല്ലാം സൂചിപ്പിക്കുന്നത് ഭരണത്തില്‍ കസേരയിലുള്ളവരൊഴികെ രാജ്യം മുഴുവന്‍ ആ പുതിയ നിയമങ്ങളെ എതിര്‍ക്കുന്നു എന്നാണ്. ജനങ്ങളുടെ പ്രത്യേകിച്ച് കര്‍ഷകരുടെ ശക്തമായ എതിര്‍പ്പുകളെ മാനിക്കാതെയുമാണ് ഒരു ഭേദഗതി പോലും അനുവദിക്കാതെ നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.


പുതിയ കാര്‍ഷിക നിയമങ്ങളുടെ ഉദ്ദേശ്യവും പ്രത്യാഘാതങ്ങളും


കര്‍ഷകരുടെ ശാക്തീകരണത്തിനും വിലസംരക്ഷണം ഉറപ്പുവരുത്തുന്നതിനും എന്ന പേരില്‍ കൊണ്ടുവന്ന നിയമമാണ് പുതിയ കാര്‍ഷിക നിയമങ്ങളുടെയെല്ലാം ആണിക്കല്ല്. അത് കരാര്‍കൃഷി എന്ന കോര്‍പ്പറേറ്റ് കൃഷിയെ സ്ഥാപിച്ചെടുക്കുന്നതിനും കാര്‍ഷികോത്പ്പന്നങ്ങളുടെ വിലയില്‍ കോര്‍പ്പറേറ്റുകളുടെ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള ഒരു കരിനിയമമാണ്. മനുഷ്യഉപഭോഗത്തിനുള്ള ഏതുതരം ഭക്ഷ്യവസ്തുക്കളും എല്ലാത്തരം ധാന്യങ്ങള്‍, കടല, പയറുവര്‍ഗങ്ങള്‍, ഭക്ഷ്യഎണ്ണക്കുരു, എണ്ണ, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അണ്ടിവര്‍ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കരിമ്പ് എന്നിവയും കൂടാതെ, കോഴി, പന്നി, ആട്, മത്സ്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയും അവയുടെ പ്രകൃതിദത്തമായ രൂപത്തിലോ സംസ്‌ക്കരിച്ച രൂപത്തിലോ ഉള്ളതെല്ലാം പുതിയ നിയമപ്രകാരം കാര്‍ഷികോത്പ്പന്നങ്ങളാണ്.


ആ നിയമത്തിലെ വ്യക്തി എന്നാല്‍ ഒരു മനുഷ്യവ്യക്തി, പങ്കേര്‍പ്പാട് സംരംഭം, കമ്പനി, സഹകരണസംഘം തുടങ്ങിയവയെല്ലാം. വാണിജ്യപ്രദേശം എന്നാല്‍ കൃഷിയിടത്തിന്റെ പടിവാതില്‍, ഫാക്ടറി വളപ്പ്, വെയര്‍ഹൗസസ്, കോള്‍ഡ് സ്റ്റോറേജ് മറ്റേതെങ്കിലും സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള ഏത് പ്രദേശവും അല്ലെങ്കില്‍ ലൊക്കേഷന്‍, ഉല്പാദനസ്ഥലം എന്നിവയെല്ലാം വാണിജ്യ പ്രദേശമാണ്. എന്നാല്‍ എ.പി.എം.സി. അഥവാ അഗ്രികള്‍ച്ചര്‍, പ്രൊഡ്യൂസസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി നിര്‍ണയിച്ചിരിക്കുന്ന ഏതെങ്കിലും സ്ഥലമോ ഇടങ്ങളോ വാണിജ്യ പ്രദേശമായി കണക്കാക്കുന്നില്ല. ആ നിയമത്തിലെ ആറാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്‌പോണ്‍സര്‍ എന്ന പുതിയ തരം ഒരു വ്യക്തി കമ്പനികളാണ്. സ്‌പോണ്‍സറാണ് കാര്‍ഷികോത്പന്നങ്ങളുടെ വിളവെടുപ്പിലെ വിലയുള്‍പ്പെടെ തീരുമാനിച്ച് കര്‍ഷകരുടെ കൃഷിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത്. അവിടെ കൃഷി ചെയ്യുന്നതും പരിപാലിക്കുന്നതും വിലയും ഗുണമേന്മയും ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കരാറുടമ്പടിയില്‍ വ്യവസ്ഥ ചെയ്യുന്നതിനാല്‍ കര്‍ഷകരുടെ സ്വാതന്ത്ര്യവും അധികാരവും അവിടെ അവസാനിക്കുന്നു.


കര്‍ഷകനുമായി ഇടപാടുകള്‍ നടത്തുന്ന ഓരോ വ്യാപാരിയും/ സ്‌പോണ്‍സറും വ്യാപാരദിവസം അല്ലെങ്കില്‍ രസീതില്‍ സൂചിപ്പിച്ചിരിക്കുന്ന 30 ദിവസത്തിനുള്ളിലെ ഏതെങ്കിലും ദിവസം പ്രതിഫലം നല്‍കിയിരിക്കണം. കൃഷി ചെയ്യുന്നയാളും വ്യാപാരിയും/ സ്‌പോണ്‍സറും തമ്മിലുള്ള തര്‍ക്കങ്ങള്‍ രാജ്യത്തെ യാതൊരു കോടതിയിലും ഉന്നയിക്കുന്നതിനോ കേസ് ബോധിപ്പിക്കുന്നതിനോ അവകാശമുണ്ടായിരിക്കുന്നതല്ല. പരസ്പരം സമ്മതിക്കുന്ന അനുരഞ്ജന സംവിധാനത്തിലോ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് നല്‍കുന്ന അപേക്ഷയിന്മേല്‍ മജിസ്‌ട്രേറ്റ് ഉണ്ടാക്കുന്ന അനുരഞ്ജന ബോര്‍ഡിനോ മാത്രമേ അത്തരം തര്‍ക്കങ്ങള്‍ പരിഗണിക്കാനാവൂ. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് നിയമിക്കുന്ന അനുരഞ്ജന സമിതിയില്‍ രണ്ടില്‍ കുറയാത്തതും എന്നാല്‍ നാലില്‍ കൂടാത്തതുമായ അംഗങ്ങളുമായിരിക്കണം. മേല്‍പറഞ്ഞ തര്‍ക്കങ്ങള്‍ സമ്മറി വിചാരണയില്‍ 30 ദിവസത്തിനുള്ളില്‍ തീര്‍ത്തിരിക്കണം. ഏതെങ്കിലും കക്ഷിക്ക് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അധികാരത്തില്‍ വന്ന തീരുമാനത്തില്‍ കളക്ടര്‍ അല്ലെങ്കില്‍ കളക്ടര്‍ നിയമിക്കുന്ന അഡീഷണല്‍ കളക്ടര്‍ മുന്‍പാകെ 30 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാവുന്നതുമാണ്.


മേല്‍പറഞ്ഞ വ്യവസ്ഥകളെല്ലാം കര്‍ഷകരെക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കൃഷി ചെയ്യിപ്പിക്കുന്നതിനു വേണ്ടിയുള്ള കരാര്‍ കൃഷിയുടെ വ്യവസ്ഥകളാണ്. കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഉറപ്പുവരുത്തുന്നതാണെന്ന് തോന്നിപ്പിക്കുവാനാണ് സര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില തീരുമാനിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കപ്പെടുകയാണ്. തുടക്കം മുതല്‍ കമ്പോളം കര്‍ഷകരോട് നീതി കാണിച്ചിട്ടില്ല. കമ്പോളത്തിലെ വലിയ ശക്തികള്‍ വില നിര്‍ണയിക്കും. വിലയിടിക്കാനും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകര്‍ വ്യാപാരികള്‍ക്ക് വില്‍പ്പന നടത്തിക്കഴിഞ്ഞ സീസണുകളില്‍ കൃത്രിമമായി വിലയിടിക്കാനും കമ്പോളത്തിലെ വന്‍ശക്തികള്‍ക്ക് എന്നും കഴിയുന്നുണ്ട്. വന്‍ ശക്തികള്‍ നിയന്ത്രിക്കുന്ന കമ്പോളത്തിനാണ് വില നിര്‍ണയിക്കാനുള്ള അധികാരമെങ്കില്‍ എന്നും അവര്‍ അങ്ങനെ തന്നെ ചെയ്യും. അപ്രകാരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തിലെ വലിയ ശക്തികള്‍ കര്‍ഷകരുടെ വിളവെടുപ്പു കാലങ്ങളില്‍ അങ്ങേയറ്റം വിലയിടിക്കുന്ന പതിവും ഭക്ഷ്യ വിഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതും കാര്‍ഷികോല്‍പ്പന്നങ്ങള്‍ പ്രഖ്യാപിച്ച താങ്ങുവിലയ്ക്ക് സംഭരിക്കുന്നതും എന്നാണ് വയ്പ്.