അമാവാസിക്കാലത്തിന്റെ കവിതകള്‍ക്ക് നാല്പത് വയസ്സ് – വി.ജെ. തമ്പി
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പതിനെട്ട് കവിതകളുടെ പിറവിക്കരച്ചിലിനെക്കുറിച്ച് ഒരു സ്മരണം.
1980 ഡിസംബര്‍ 14 ഞായറാഴ്ച. കേരള സാഹിത്യ അക്കാദമി ഹാള്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കന്നിപ്പുസ്തകം സ്വയം പ്രകാശിതമായ ദിവസം. ഒന്നും മറച്ചുവെയ്ക്കാനില്ലാതെ അലഞ്ഞുനടന്ന ആ കരിഞ്ഞുമെലിഞ്ഞ ചെറുപ്പക്കാരനെ ചരിത്രം വിവസ്ത്രനാക്കിയത് അന്നാണ്. പത്തൊമ്പത് വയസ്സിനും ഇരുപത്തിമൂന്ന് വയസ്സിനുമിടയില്‍ അയാള്‍ എഴുതിയ കുറേ കവിതകളില്‍ നിന്നും പതിനെട്ടു കവിതകള്‍ തൃശൂരില്‍നിന്നും രസനമാസിക പ്രസിദ്ധീകരിച്ചു. അതിനു മുമ്പോ പിമ്പോ പരീക്ഷിക്കപ്പെടാത്ത ഒരു കാവ്യഭാഷ ആ കവിതകളിലുണ്ടായിരുന്നു. തിളച്ചുരുകിയ ഒരു ലോഹദ്രവംപോലെ വായിക്കുന്നവരെ പൊള്ളിക്കുന്ന ഭാഷ. ഒരാളുടെ ആന്തരികതയില്‍ ഇത്രയ്ക്കും അഗാധമായ പാതാളസ്ഥലമുണ്ടെന്നും വന്യതയുണ്ടെന്നും ഇരുണ്ട ചോരയൊഴുക്കുകളുണ്ടെന്നും ആ കവിതകള്‍ വായിച്ച് ഹൃദയം സ്തംഭിച്ച് നിന്നിവരെത്രയോ പേര്‍.
പതിനെട്ട് കവിതകളുടെ ആ രസനാപുസ്തകം എത്രപേര്‍ പുതിയകാലത്ത് കണ്ടിട്ടുണ്ടാകാമെന്ന് അറിയില്ല. ഇതിലും ലളിതമായി ദരിദ്രമായി ഒരു പുസ്തകം സങ്കല്പിക്കാന്‍ പ്രയാസമാണ്. ഇളംപച്ചനിറമുള്ള ലഡ്ജര്‍ പേപ്പറില്‍ ഗ്രന്ഥശീര്‍ഷകവും കവിയുടെ പേരും ബാലന്‍ തന്നെ എഴുതിയത് ബ്ലോക്കെടുത്ത് കവറില്‍ അച്ചടിച്ചു. ഒരു പഴയ എസ്.എസ്.എല്‍.സി. ബുക്കിന്റെ മാതൃകയായിരുന്നു. 46 പേജുകള്‍. 4 രൂപ വിലയിട്ടു. 1500 കോപ്പികള്‍ അച്ചടിച്ചു. രണ്ടുമാസംകൊണ്ട് പുസ്തകം വിറ്റുതീര്‍ന്നു. രസനയുടെ സ്വന്തം പ്രസ്സില്‍ ഒരു മാസമെടുത്തു അതിന്റെ അച്ചടിപ്പണി പൂര്‍ത്തിയാകുവാന്‍. ബാലന്‍ തന്നെ പ്രൂഫ് വായിച്ചു. രസനയുടെ കെ.വി. തോമസാണ് ആ പുസ്തകത്തെ ഇത്രയ്ക്കും സവിശേഷമായി അണിയിച്ചൊരുക്കിയത്. മാണി വിതയത്തില്‍ ബാങ്കില്‍നിന്നും പേഴ്‌സണല്‍ ലോണെടുത്ത് പേപ്പര്‍ വാങ്ങി. നമ്മുടെ യുവകവിതയുടെ ദൃഢപ്രതീക്ഷ ഈ കാവ്യസമാഹാരം ഉള്‍ക്കൊള്ളുന്നുവെന്ന ആദ്യവാചകത്തോടെ ബാലന്റെ പുസ്തകത്തിന് ആമുഖക്കുറിപ്പെഴുതിയത് ഞാനാണ്. നാല്പത് വര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ ആ വരികള്‍ ഇന്ന് വായിക്കുമ്പോള്‍ മനസ്സിടറുന്നു. സമാനതകളില്ലാത്ത ഒരു പുസ്തകപ്രകാശനമാണ് അന്ന് നടന്നത്. പ്രകാശനം ചെയ്യാമെന്നേറ്റ വൈലോപ്പിള്ളിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് ഒരു കുറിപ്പ് ഞങ്ങളെ ഏല്പിച്ചു.
മലയാളകവിതയുടെ നീലജ്വാല എന്നാണ് അദ്ദേഹം ബാലന്റെ കവിതകളെ വിശേഷിപ്പിച്ചത്. ഇത്തരം കവിത സ്വയം പ്രകാശനക്ഷമമാകേണ്ടതാണ്. ആരെങ്കിലും അതിന്റെ മുമ്പില്‍ ഒരു തിരിയുഴിയുക എന്ന ഉപചാരം അധികപ്പറ്റായി വരുകയുള്ളൂ. വൈലോപ്പിള്ളിയുടെ കുറിപ്പ് സദസ്സിലാദ്യം വായിച്ചു. അതിങ്ങനെ:
ആധുനിക കവിതയുടെ ഊര്‍ജ്ജസ്വലതയ്ക്കും തീവ്രതയ്ക്കും ബാലചന്ദ്രന്റെ കവിതകളില്‍ മറ്റെങ്ങും കാണാത്ത നീലജ്വാലയായി കത്തിപ്പടരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ചുരുങ്ങിയ കാലത്തിനിടയ്ക്കു മലയാള കവിതയില്‍ കാലചൈതന്യത്തിന്റെ സര്‍വ്വദാനകമായ ഒരനുഭൂതിയായിച്ചമഞ്ഞിരിക്കുന്നു
വൈലോപ്പിള്ളിയുടെ കുറിപ്പ് വായിച്ചുതീര്‍ത്തപ്പോള്‍ കോവിലനാണ് എഴുന്നേറ്റ് നിന്നു പറഞ്ഞത്. രസന മാസികയുടെ ഡിസംബര്‍ ലക്കം പ്രകാശിപ്പിച്ച് കോവിലന്‍ പറഞ്ഞു: ‘സ്വന്തം രക്തംകൊണ്ട് കവിതയെഴുതുമെന്ന് പറയുന്ന ബാലചന്ദ്രന്‍ അത് ചെയ്‌തേക്കുമോ എന്നാണ് ഞാന്‍ ഭയക്കുന്നത്.’
അപ്പോഴാണ് പ്രകാശനവേദിയിലേക്ക് തകഴി ശിവശങ്കരപ്പിള്ള കടന്നുവരുന്നത്. അന്നദ്ദേഹം അക്കാദമി പ്രസിഡന്റാണ്. ഞങ്ങളദ്ദേഹത്തെ ഔപചാരികമായി ക്ഷണിച്ചിട്ടൊന്നുമില്ലായിരുന്
സാഹിത്യഅക്കാദമിയുടെ മുറ്റം നിറയെ ചെറുപ്പക്കാര്‍. കേരളത്തിന്റെ എല്ലായിടത്തുനിന്നും എത്തിച്ചേര്‍ന്ന മിക്കവരെയും സംഘാടകര്‍ക്കറിയില്ലായിരുന്നു. ഒരു ക്ഷണപ്പത്രിക അച്ചടിക്കാത്ത ആ പ്രകാശനത്തിനെത്തിയ ആള്‍ക്കൂട്ടത്തെ കണ്ട് ഞങ്ങളമ്പരന്നു.
കുഞ്ഞുണ്ണിമാഷ്, കടമ്മനിട്ട, ജി. അരവിന്ദന്‍, മാടമ്പ്, പവനന്‍, സച്ചിദാനന്ദന്‍, എന്‍.കെ.ദേശം, വി.പി. ശിവകുമാര്‍, കൊച്ചുബാവ, എം. ഗംഗാധരന്‍, കല്പറ്റ ബാലകൃഷ്ണന്‍, ടി.കെ. രാമചന്ദ്രന്‍, മുല്ലനേഴി, എന്‍.ടി. ബാലചന്ദ്രന്‍, ബാബു കുഴിമറ്റം, എം. രാജീവ് കുമാര്‍, ഐ. ഇസ്താക്ക്, സിവിക് ചന്ദ്രന്‍, ഹിരണ്യന്‍, പവിത്രന്‍, ചിന്തരവി, അങ്ങനെ ഒരു വലിയ നിര എഴുത്തുകാര്‍. കവിയരങ്ങില്‍ നിറയെ കവികള്‍ വേറെ. തുടര്‍ന്ന് മലയാള കവിതയിലെ കാല്‍പ്പനിക പരിണാമങ്ങള്‍ എന്ന വിഷയത്തില്‍ ഒരു സംവാദം. ബാലചന്ദ്രന്‍ ഇതെല്ലാം കേട്ടുകൊണ്ട് വീര്‍പ്പടക്കി നില്‍പ്പുണ്ടായിരുന്നു. സ്ത്രീകള്‍ എത്രപേര്‍ സദസ്സിലുണ്ടായിരുന്നു എന്നോര്‍ക്കാന്‍ കഴിയുന്നില്ല.