കൊറോണയും വാവലുകളും   – എന്‍. എസ്. അരുണ്‍കുമാര്‍

കൊറോണയും വാവലുകളും   – എന്‍. എസ്. അരുണ്‍കുമാര്‍

കോറോണ വൈറസിന്റെ പ്രാഥമിക ഉത്ഭവസ്ഥാനം വാവലുകളായിരുന്നു. ചൈനയില്‍ കാണപ്പെടുന്ന റൈനോലോഫസ് സിനിക്കസ് (Rhinolophus sinicus) എന്ന ഇനത്തില്‍പ്പെട്ട കുതിരലാടവാവലു(Chinese Rufous Horse-shoe Bats) കളില്‍ നിന്നാണ് അത് പുറംലോകത്തിലേക്ക് പടര്‍ന്നതെന്നാണ് കണ്ടെത്തപ്പെട്ടിരിക്കുന്നത്.  അതുകൊണ്ടുതന്നെ ലോകത്തിലെമ്പാടുമായി വാവലുകള്‍ ഇന്ന് ഭയാശങ്കകളോടെയാണ് വീക്ഷിക്കപ്പെടുന്നത്. ‘ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് വാവല്‍ സ്പീഷീസുകളിലെ കൊറോണ വൈറസിന്റെ കണ്ടെത്തല്‍’ (Detection of coronaviruses in Pteropus & Rousettus species of bats from different States of India) എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ അടുത്തിടെ (വര്‍ഷം : 2020/വാല്യം:151/ലക്കം: 2/ പേജ് : 226-235) പ്രസിദ്ധീകരിക്കപ്പെട്ട പഠനം ഇത്തരം ആശങ്കകളെ അധികരിപ്പിക്കുകയുമുണ്ടായി. എന്നാല്‍, 2020 ഏപ്രില്‍ 24-ന് പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍, ആറ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 64 വാവല്‍പഠനവിദഗ്ധര്‍ വവ്വാലുകളും കൊറോണ വൈറസ് മൂലമുണ്ടാവുന്ന കോവിഡ്-19 രോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന മിക്ക ധാരണകളും തെറ്റാണെന്നാണ് വിശദീകരണം. കോവിഡ് രോഗത്തിന് കാരണമാകുന്ന SARSCoV-2 ന്റെ ജനിതകവിശകലനങ്ങള്‍ അതിന്റെ പ്രഭവസ്ഥാനം വാവലുകളാണെന്ന് അസന്നിഗ്ദ്ധമായിത്തന്നെ തെളിയിച്ചിട്ടുണ്ട്. അതേസമയം വാവലുകള്‍ക്കും മനുഷ്യര്‍ക്കുമിടയില്‍ രോഗാണുവാഹിയായ ഒരു ജീവി കൂടി ഉണ്ടായിരുന്നുവെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ ജീവി ഏതാണെന്ന് ക്യത്യായി തിരിച്ചറിയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ ജന്തുജീവികളും അവയുടെ ശരീരത്തില്‍ വൈറസുകളെ ഉള്‍ക്കൊള്ളുന്നുണ്ട്. വവ്വാലുകളും മറ്റ് സസ്തനങ്ങളും കൊറോണാവൈറസുകളുടെ സ്വാഭാവികവാഹകരായി പ്രവര്‍ത്തിക്കുന്നു.


വാവലുകളെ ഭയക്കുകയല്ല വേണ്ടത്


ഇന്ത്യയിലെ 128  സ്പീഷീസുകളില്‍ രണ്ടെണ്ണത്തെ മാത്രമേ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. അതേസമയം വംശനാശഭീഷണി നേരിടുന്ന വാവല്‍ ഇനങ്ങള്‍ ഇതു രണ്ടും മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. സംരക്ഷണം ആവശ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള വിവരങ്ങളുടെ അഭാവമാണ് ഇതിന് കാരണം. നേപ്പാളിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെയുള്ള 30 വാവല്‍ ഇനങ്ങള്‍ക്കും നിയമപരമായ സംരക്ഷിതപദവിയില്ല. രണ്ടു സ്പീഷീസുകളെ മാത്രമാണ് ദേശീയ വംശനാശപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാനിലും ഇതു തന്നെയാണവസ്ഥ. വാവലുകളെക്കൊണ്ട് ദോഷമല്ലാതെ എന്താണ് പ്രയോജനം എന്ന് ചിന്തിക്കുന്നവരുണ്ട്. ഒരു കാലത്ത് കടല്‍ത്തീരങ്ങളെ അതിരിട്ടു വളര്‍ന്നിരുന്ന കണ്ടല്‍ക്കാടുകളെക്കുറിച്ചും ഇതേ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു. തീരം കവര്‍ന്നെടുത്ത് നാശംവിതച്ച സുനാമിത്തിരകള്‍ വന്നപ്പോള്‍ മാത്രമാണ് കണ്ടല്‍ക്കാടുകള്‍ തീര്‍ക്കുന്ന പ്രക്യതിദത്ത കടല്‍ഭിത്തികളെക്കുറിച്ച് അല്‍പ്പമെങ്കിലും പൊതുബോധം ഉടലെടുത്തത്. കണ്ടല്‍ച്ചെടികളിലെ പൂവുകളില്‍ പരാഗണം നടത്തുന്നത് വാവലുകളാണ്. മുമ്പ്, നെല്‍ച്ചെടികളെ ആക്രമിക്കുന്ന കീടങ്ങളെ വാവലുകള്‍ തിന്നു നശിപ്പിച്ചിരുന്നു. അതുപോലെ തേയിലച്ചെടിയെ ആക്രമിക്കുന്ന ശല്ക്കപ്രാണികളേയും. വാവലുകള്‍ക്കു പകരം കീടനാശിനികള്‍ ആ ജോലി ഏറ്റെടുത്തത്തോടെ ക്യഷിയിടങ്ങളും അതുവഴി ജലാശയങ്ങളും വിഷമയമായി. വാവലുകള്‍ക്ക് വൈറസുകളെ സ്വയം പ്രതിരോധിക്കാന്‍ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാവലുകളില്‍ നിന്ന് നിരവധി കൊറോണ വൈറസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വാവലുകളില്‍ കാണപ്പെടുന്ന കൊറോണാവൈറസുകളെ സംബന്ധിക്കുന്ന സമഗ്രമായ പഠനങ്ങള്‍ പക്ഷേ ഇനിയുമുണ്ടായിട്ടില്ല. വാവലുകളില്‍ നിന്നും പിറവികൊള്ളാന്‍ സാധ്യതയുള്ള പുതിയ കൊറോണാവൈറസുകളെക്കുറിച്ചറിയാനും അവ പകര്‍ച്ചവ്യാധികള്‍ സ്യഷ്ടിക്കുന്നപക്ഷം അവയുടെ കാര്യക്ഷമമായ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനും ഇത്തരം പഠനങ്ങള്‍ ആവശ്യമാണ്.


 വവ്വാലുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പഠനങ്ങള്‍ക്ക് നിലവിലുള്ള ആരോഗ്യപരമായ അടിയന്തിരസാഹചര്യത്തില്‍ പ്രസക്തി വര്‍ധിക്കുന്നുണ്ട്. മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയുയര്‍ത്തുന്ന ഒട്ടനവധി വൈറസുകളെ ശരീരത്തില്‍ വഹിക്കുന്നവയാണ് വാവലുകള്‍. റാബിസ് വൈറസ്, എബോള വൈറസ്, ഹെഡ്ര വൈറസ,് നിപ വൈറസ് എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയില്‍ പലതിനും ചികിത്‌സയില്ല എന്നത് ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ഭീതിദമാക്കുന്നുണ്ട്. സൂണോസസ് (Zoonoses) എന്നു വിളിക്കപ്പെടുന്ന ജന്തുജന്യരോഗങ്ങള്‍ക്കു കാരണമാവുന്ന വൈറസുകളുടെ പ്രാഥമിക ഉറവിടങ്ങളെന്ന തരത്തില്‍ വാവലുകള്‍ എന്നും മുന്‍പന്തിയിലാണ്. എന്നാല്‍ എല്ലാ സസ്തനസ്പീഷീസുകളുടെ ശരീരത്തിലും വൈറസുകള്‍ കാണപ്പെടുന്നുണ്ട്. എലികള്‍, കുരങ്ങുവര്‍ഗത്തില്‍പ്പെട്ട ജീവികള്‍, മാംസഭോജികളായ ജന്തുക്കള്‍ എന്നിവയെല്ലാം വൈറസുകളുടെ വാഹകരാണ്. ഓരോ ജീവിവര്‍ഗത്തിനുള്ളിലും പെടുന്ന സ്പീഷീസുകളുടെ എണ്ണത്തിനനുസരിച്ച് അവ ഉള്‍ക്കൊള്ളുന്ന വൈറസുകളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കുന്നു. വാവലുകളും എലികളും വൈറസ് വാഹകരെന്ന തരത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന് ഒരു കാരണം അവയ്ക്കിടയിലെ സ്പീഷീസ് വൈവിധ്യം തന്നെയാണ്. ലോകമെമ്പാടുമായി 2200-ലധികം എലികളും വാവല്‍ ഇനങ്ങളുമുണ്ട്. എന്നാല്‍ കുരങ്ങുവര്‍ഗത്തില്‍പ്പെട്ടവയിലും മാംസഭോജികളിലും 300-ല്‍ താഴെ സ്പീഷീസുകളേയുള്ളൂ.