കലയ്ക്കുമപ്പുറം നീളുന്ന ലാവണ്യചിന്ത – ഡോ. എബി കോശി.

ഭാവാവിഷ്‌ക്കാരം (Expression)


കലയുടെ ധര്‍മവും ലക്ഷ്യവും വികാരങ്ങള്‍ അഥവാ ഭാവങ്ങളുടെ ആവിഷ്‌ക്കാരമല്ലാതെ മറ്റൊന്നുമല്ല എന്നു സമര്‍ത്ഥിക്കുന്ന ഈ സിദ്ധാന്തം സൗന്ദര്യശാസ്ത്ര ചരിത്രത്തിലെ സുപ്രധാന നിലപാടുകളിലൊന്നാണ്. കാല്പനികതയുടെ വരവോടുകൂടി പ്രബലമായിത്തീര്‍ന്ന ഈ കാവ്യസിദ്ധാന്തം ഇംഗ്‌ളിഷ് കവി വില്യം വേര്‍ഡ്‌സ്‌വര്‍ത്ത്, സൗന്ദര്യചിന്തകരായ ബനഡിറ്റോ ക്രോച്ചേ, ആര്‍.ജെ. കോളിംഗ് വുഡ്, ലിയോ ടോള്‍സ്റ്റോയ് എന്നിവരിലൂടെയാണ് ശ്രദ്ധേയമായിത്തീര്‍ന്നത്. ഭാവാവിഷ്‌ക്കാര സിദ്ധാന്തത്തിലെത്തുമ്പോഴേക്കും ബാഹ്യവസ്തുക്കളാണ് കലയുടെ മൂലകങ്ങള്‍ എന്ന നിലവിട്ടിട്ട് ആന്തരികതയിലേക്ക് സൗന്ദര്യചിന്ത എത്തിച്ചേരുകയാണ് ചെയ്യുന്നത്.


ഇതിന്റെ വീക്ഷണത്തില്‍ കലാസൃഷ്ടിയെന്നത് ഒരു വ്യക്തി മൂര്‍ത്തമായി ജീവിച്ചനുഭവിച്ച വികാരങ്ങളുടെ ആവിഷ്‌ക്കാരമായിരിക്കണം. ഭാവനയില്‍ കണ്ട വികാരങ്ങളെ പകര്‍ത്തിയാല്‍ അതിനു കലയാവാന്‍ കഴിയുകയില്ല.  ഒരു നിര്‍മിതി, അതു ഒരു കെട്ടിടമായിക്കോട്ടെ, ചിത്രമായിക്കോട്ടെ, കവിതയായിക്കോട്ടെ, ശില്‍പമായിക്കോട്ടെ, കലയെന്ന് വിളിക്കപ്പെടണമെങ്കില്‍ അതില്‍ വികാരങ്ങള്‍ സാന്ദ്രീകൃതമായിരിക്കണം. സ്രഷ്ടാവ് യഥാര്‍ത്ഥജീവിതത്തില്‍ ആ വികാരങ്ങള്‍ ജീവിച്ചിട്ടുണ്ടങ്കില്‍ മാത്രമെ അയാളുടെ കലാസൃഷ്ടിയിലും അവ അന്തര്‍ഭവിച്ചിട്ടുണ്ടാവുകയുള്ളൂ. എങ്കിലേ അതേവികാരാനുഭവങ്ങള്‍ ആസ്വാദകനില്‍ പുനര്‍സൃഷ്ടിക്കപ്പെടുകയുള്ളൂ. ആസ്വാദകന് കലാനുഭൂതി പകര്‍ന്നു കിട്ടണമെങ്കില്‍ കലാസൃഷ്ടി ഒരാള്‍ യഥാര്‍ത്ഥമായി ജീവിച്ച ജീവിതനിമിഷങ്ങളുടെ ആവിഷ്‌ക്കാരമായിരിക്കണം.


ഭാവാവിഷ്‌ക്കാരവാദികളുടെ കാഴ്ചപ്പാടില്‍ വികാരവും കലയും രണ്ടു വസ്തുക്കളല്ല. വികാരങ്ങളെ കലയെന്ന മാധ്യമത്തില്‍ അവതരിപ്പിക്കുകയല്ല കലാകാരന്‍ ചെയ്യുന്നത്, മറിച്ച് വികാരപ്രകടനം തന്നെയാണ് കല. അവ കലാസൃഷ്ടിയായി കാന്‍വാസിലോ ശില്പത്തിലോ പിറന്നുവീഴണമെന്ന് നിര്‍ബന്ധമില്ല. സാധാരണമായ ഭാവപ്രകടനങ്ങള്‍ പോലും ചെറിയതരം കലകളാണ്. വൈകാരികാവസ്ഥകള്‍ എപ്പോഴും പ്രകടിതമാവുന്നത് ശാരീരികമോ വാചികമോ ആയ പ്രതിഫലനങ്ങളുടെ അകമ്പടിയോടെയായിരിക്കും. പ്രേമവികാരമുണ്ടാകുമ്പോള്‍ കണ്ണുകള്‍ വിടരുകയും, കവിളുകള്‍ തുടുക്കുകയും, ശരീരം താളാത്മകമാകുകയും, ഈണങ്ങള്‍ മുളപൊട്ടുകയും ചെയ്യുന്നു. കോപമുടലെടുക്കുമ്പോള്‍ കണ്ണു ചുവക്കുകയും മുഷ്ടി ചുരുട്ടുകയും ആഞ്ഞുചവിട്ടുകയും ഒക്കെയാണു ചെയ്യാറ്. ഇവയെ അനുഭാവങ്ങള്‍ എന്ന് ഭരതമുനിയുടെ നാട്യശാസ്ത്രം നാമകരണം ചെയ്യുന്നു. ഇവിടെയെല്ലാം വികാരങ്ങള്‍ ഒരു വ്യക്തിയില്‍ ബോധപൂര്‍വമല്ലാതെതന്നെ പ്രകടിതമാകുകയാണ് ചെയ്യുന്നത്. നൃത്തത്തിന്റെയും നാടകത്തിന്റെയും സംഗീതത്തിന്റെയുമൊക്കെ തുടക്കം ഇവിടെ ദര്‍ശിക്കാനാകും. വ്യക്തിയറിയാതെ സംഭവിക്കുന്ന ആംഗികവും വാചികവും സാത്വികവുമായ ഈ ഭാവപ്രകടനങ്ങളെത്തന്നെയാണ് കലയായിക്കാണേണ്ടത്.


വൈകാരികപ്രകടനങ്ങള്‍ നടന്നുകഴിഞ്ഞശേഷം പിന്നീടൊരു സമയത്ത് അവയെ ഓര്‍മയില്‍നിന്നും ചികഞ്ഞെടുത്ത് ബുദ്ധിശക്തിയിലൂടെ പ്രതിനിധാനം ചെയ്യുന്ന പ്രവര്‍ത്തനമല്ല കലാനിര്‍മാണം. ഇവിടെയാണ് വേര്‍ഡ്‌സ്‌വര്‍ത്ത് കവിതയെപ്പറ്റി നടത്തിയ ”ഉന്മാദാവസ്ഥകളിലുണ്ടാവുന്ന ശക്തമായ വികാരങ്ങളുടെ സ്വയമറിയാതെയുള്ള നിറഞ്ഞൊഴുകല്‍” എന്ന വിഖ്യാതമായ നിരീക്ഷണം അര്‍ത്ഥവത്തായിത്തീരുന്നത്. ഈ നിറഞ്ഞൊഴുകലുകള്‍ ഭാഷയിലൂടെ സംഭവിക്കുമ്പോള്‍ കവിതയും, ശരീരചലനങ്ങളായി ആവിര്‍ഭാവം കൊള്ളുമ്പോള്‍ നൃത്തവുമായി മാറുന്നു. ഒരുവനിലുണ്ടാകുന്ന ഈ അതിരേകത്തെപ്പറ്റി (excess) ആ വ്യക്തി അതിനുവിധേയമാകുന്ന അവസരത്തില്‍ ബോധവാനാകുന്നില്ല. അതില്‍ മുഴുകി ജീവിക്കുകയാണു ചെയ്യുന്നത്. വികാരപ്രകടനങ്ങള്‍ സ്വയമേവ ആവിഷ്‌കൃതമായശേഷം മാത്രമാണ് അയാള്‍ യുക്തിപരമായ വിശകലനത്തിലൂടെ താന്‍ അനുഭവിച്ച മാനസികാവസ്ഥ പ്രണയത്തിന്റെയോ, ശോകത്തിന്റെയോ കോപപ്രകടനത്തിന്റെയോ ഒക്കെ വേളകളായിരുന്നുവല്ലോയെന്ന് ഓര്‍ത്തെടുക്കുന്നത്. കടുത്ത ആവിഷ്‌ക്കാരവാദികളെ സംബന്ധിച്ചിടത്തോളം കല ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍വേണ്ടി സൃഷ്ടിക്കപ്പെടുന്ന ഒരു നിര്‍മിതിയല്ല, മറിച്ച്, പലപ്പോഴും, സ്രഷ്ടാവറിയാതെ അതു ജനിച്ചുവീഴുകയാണു ചെയ്യുന്നത്. അതു ദൂരെനിന്ന് കണ്ടനുഭവിക്കാന്‍ അവസരം ലഭിക്കുന്നവനാണ് ആസ്വാദകന്‍.  


ഈ മാനദണ്ഡമുപയോഗിച്ച് വിലയിരുത്തിയാല്‍ ലോകത്ത് കലകളായി അവതരിക്കപ്പെട്ടിട്ടുള്ള ബഹുഭൂരിപക്ഷം നിര്‍മിതികളും കലയെന്ന നിലയില്‍ യോഗ്യതനേടുന്നതില്‍ പരാജയപ്പെടും. കലയെന്ന് വിളിക്കപ്പെടുന്നവയില്‍ പലതും വികാരസ്പര്‍ശമില്ലാത്ത അലങ്കാരവസ്തുക്കള്‍ മാത്രമാണെന്നു കാണാനാവും. സ്രഷ്ടാവിന്റെ കരചാതുര്യം (craft) പതിഞ്ഞിട്ടുള്ളതിനാല്‍ അവയ്ക്ക് സൗന്ദര്യമുണ്ടാകാമെങ്കിലും കലയില്‍ നിന്നു പ്രതീക്ഷിക്കുന്ന തീവ്രമായ ആനന്ദാനുഭൂതി അവയിലുണ്ടാവുകയില്ല. സൗന്ദര്യം എന്ന ഏക ഗുണംകൊണ്ടുമാത്രം കലയുടെ മാസ്മരികതയെ വിശദീകരിക്കാനാവില്ല എന്നതാണ് ഇവിടെ തിരിച്ചറിയേണ്ടത്.  സുന്ദരവസ്തുക്കള്‍ ആസ്വാദകന്റെ ബാഹ്യേന്ദ്രിയങ്ങളെ രമിപ്പിക്കുമെന്നല്ലാതെ ആഴത്തിലുള്ള സ്പര്‍ശങ്ങളെ കൊണ്ടുവരാന്‍ പര്യാപ്തമല്ല. അലങ്കാരവസ്തുക്കളായി പ്രദര്‍ശിപ്പിക്കാനാവുന്നതിനപ്പുറം അവയ്ക്ക് മനുഷ്യജീവിതത്തെ പുതുക്കി നിര്‍മിക്കുന്നതിനാവശ്യമായ കരുത്തവകാശപ്പെടാനാവില്ല. അവയെ ഒരു വ്യക്തിയുടെ കരചാതുര്യപ്രകടനം മാത്രമായിട്ടേ കാണാനാവുകയുള്ളൂ. കരവിരുതിലൂടെ അയാള്‍ നിലവിലുള്ള സുന്ദരവസ്തുക്കളെയും മറ്റുള്ളവര്‍ ആവിഷ്‌ക്കരിച്ചുവച്ചിട്ടുള്ള ഭാവങ്ങളെയും അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. നമുക്ക് ചുറ്റും കലകളായി പടച്ചുവിടപ്പെടുന്ന നോവലുകളും സിനിമകളും തന്നെയാണ് ഉദാഹരണങ്ങള്‍. അവയുടെ രചയിതാക്കള്‍ പലപ്പോഴും മറ്റുള്ളവരാല്‍ വിരചിതമായ നല്ല കലാസൃഷ്ടികള്‍ പകര്‍ന്നുതന്ന വൈകാരികാനുഭവങ്ങള്‍ക്കു വിധേയരായശേഷം അവയെ ഭാവനയുപയോഗിച്ച് പരാവര്‍ത്തനം ചെയ്യുകയാണു ചെയ്യുന്നത്. അവ അതിനാല്‍ അനുകരണങ്ങള്‍ മാത്രമായി തരംതാഴുന്നു.


നല്ല കലയെയും വ്യാജകലയെയും തിരിച്ചറിയാനുള്ള ഒരു ഉപാധികൂടിയായി ആവിഷ്‌ക്കാരവാദികള്‍ മുന്നോട്ടുവച്ചിട്ടുള്ള ഈ മാനദണ്ഡത്തെ ഉപയോഗിക്കാം. ഒരാള്‍ ജീവിച്ച വികാരത്തിന്റെ ആവിഷ്‌ക്കാരമായി ഭവിച്ചിട്ടുള്ള കലാനിര്‍മിതികളില്‍നിന്നു മാത്രമാണ് ആസ്വാദകന് യഥാര്‍ത്ഥമായ കലാനുഭൂതി ലഭിക്കുക. അതുണ്ടാകുന്നില്ലായെങ്കില്‍ അത്തരം കലകളെ അനുഭവത്തിന്റെ സാക്ഷ്യമില്ലാത്ത കേവലം പകര്‍പ്പുരചനകളായി വിലയിരുത്താം.