‘ഫ്രത്തെല്ലി തൂത്തി’ വായിക്കുമ്പോള്‍… – ബിനോയ് വിശ്വം

ഫ്രാന്‍സിസ് പാപ്പ മുന്‍പോട്ട് വയ്ക്കുന്ന ആശയങ്ങള്‍ പലതും വിപ്ലവകരമാണ്. താന്‍ നയിക്കുന്ന സഭയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിലപാടുകളെത്തന്നെ ചോദ്യം ചെയ്യാന്‍ അദ്ദേഹം മടിക്കുന്നില്ല. വിശ്വാസത്തിന്റെയും സഭയുടെയും മുന്‍പില്‍ മാറുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ക്കൊപ്പം ചരിക്കണം എന്ന കാഴ്ചപ്പാണാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഏതു സംവിധാനത്തിലും ഇത്തരം മാറ്റങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നവരെപ്പോലെതന്നെ, അവയ്ക്ക് നേരെ മുഖം ചുളിക്കുന്നവരുമുണ്ടാകും.


സ്വവര്‍ഗലൈംഗികതയെപ്പറ്റി പോപ്പ് ഫ്രാന്‍സിസ് പങ്കുവയ്ക്കുന്ന ആശയങ്ങള്‍ ഇക്കാരണത്താലാണ് അദ്ദേഹത്തിന്റെ അജഗണങ്ങളിത്തന്നെ വ്യത്യസ്ത നിലപാടുകളുയര്‍ത്തിയിട്ടുള്ളത്. അതിലെ ശരിതെറ്റുകളെപ്പറ്റി വ്യത്യസ്ത വീക്ഷണഗതിക്കാര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ കൊടുംപിരികൊള്ളുമ്പോള്‍ ആ വലിയ ഇടയന്‍ പുലര്‍ത്തുന്ന അക്ഷോഭ്യത എടുത്ത് പറയാതിരിക്കാനാവില്ല.


കരുത്തുറ്റൊരു ഇടയന്‍ തന്റെ നിലപാടില്‍ പുലര്‍ത്തുന്ന ശക്തിയുടെ ശാന്തതയാണ് അതില്‍ കാണാനാവുന്നത്. LGBT സമൂഹം ഒരു ലോകയാഥാര്‍ത്ഥ്യമാണ്. അവരോട് സമൂഹം അടുത്തകാലംവരെ കാണിച്ച അവഗണനയും അവഹേളനവും നൂറുശതമാനവും തെറ്റായിരുന്നു. വിശ്വസാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ക്കൊന്നിനും ആ തെറ്റുകള്‍ തിരുത്താതിരിക്കാനാവില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അക്കാര്യത്തില്‍ തന്റെ സഹജമായ തുറവിയോടുകൂടി അതാണ് ചെയ്യുന്നത്. ആ ആര്‍ജവത്തെ നീതിബോധം ഉള്ളവര്‍ക്കാര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ല.


ലോകത്തിലെ സംഘടിതമതങ്ങളില്‍ പ്രമുഖസ്ഥാനമുള്ള കത്തോലിക്കസഭ ഈ വാക്കുകളെ ഉള്‍ക്കൊള്ളാന്‍ പാകപ്പെട്ടുവോ എന്നറിയില്ല. അതിന്റെ പരമാധ്യക്ഷനാണ് ആ വാക്കുകള്‍ പറയുന്നത്. അതുകൊണ്ട് വിശ്വാസി സമൂഹത്തിന് അതിനെ തള്ളിക്കളയുക എളുപ്പമല്ല. ഇതെഴുതുന്നയാള്‍ ക്രിസ്ത്യാനി അല്ല. ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്ത ഭൗതികവാദിയാണ്. മത വിശ്വാസി അല്ലാത്തപ്പോഴും എല്ലാ മതങ്ങളിലുംപെട്ട നേരുള്ള വിശ്വാസികളോട് ആദരവുള്ള അവിശ്വാസി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ എന്നെ പോലെയുള്ള കമ്മ്യൂണിസ്റ്റുകാരെ പല പ്രകാരത്തില്‍ ആകര്‍ഷിക്കുന്നുണ്ട്. കമ്മ്യൂണിസവും മതവിശ്വാസവും തമ്മിലുള്ള ബന്ധത്തിന്റെ പഴയ രസതന്ത്രം മാറ്റിക്കുറിക്കാന്‍ കെല്‍പ്പുള്ള ആത്മീയ ആചാര്യനാണ് അദ്ദേഹം.


കത്തോലിക്ക വിശ്വാസത്തിന്റെ പരമോന്നത പീഠത്തിലിരിക്കാന്‍ അദ്ദേഹം വന്നത് മുതല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ ലോകം ശ്രദ്ധിച്ച് പോന്നു. നീതിപൂര്‍വകമായ സമൂഹത്തിന് വേണ്ടിയുള്ള ആകാംക്ഷയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ മുഴങ്ങുന്നത്. ഏത് വിചാര

ഗതിയില്‍പ്പെട്ടവരായാലും, ലോകം നന്നാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ അഭിപ്രായ സമന്വയത്തിന്റെ സാധ്യതയാണ് അദ്ദേഹം തുറന്നിടുന്നത്. അടുത്തിടെ വത്തിക്കാനില്‍ പുറപ്പെടുവിച്ച ചാക്രിക ലേഖനത്തിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ധീരനൂതനമായ കാഴ്ച്ചപ്പാടാണ് പ്രതിഫലിക്കുന്നത്. കമ്പോള മുതലാളിത്തത്തിന്റെ എല്ലാ മാന്ത്രിക സിദ്ധാന്തങ്ങളും പരാജയപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന വാഗ്ദാനമായിരുന്നു ‘ഇറ്റിറ്റു വീഴല്‍ സിദ്ധാന്തം’ (Trickle down theory). 2013 ല്‍ പുറത്തിറങ്ങിയ തന്റെ അപ്പസ്‌തോലിക പ്രബോധനത്തില്‍ (സുവിശേഷത്തിന്റെ ആനന്ദം) ആ സിദ്ധാന്തത്തെ വെറും മിഥ്യ എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. നിയോ ലിബറല്‍ പരിഷ്‌കാരങ്ങള്‍ ജന്മം കൊടുക്കുന്ന പുതിയ തരം അക്രമങ്ങളും അസമത്വങ്ങളും പരിഹരിക്കാന്‍ ഈ ഇറ്റിറ്റ് വീഴല്‍ വാഗ്ദാനത്തിന് കഴിയില്ല എന്ന് അദ്ദേഹം ഖണ്ഡിതമായി പറഞ്ഞു. കോവിഡ് മഹാമാരി അടിച്ചേല്‍പ്പിച്ച സ്തംഭനത്തിന് ശേഷം പുറത്തിറങ്ങിയ വത്തിക്കാന്‍ ജിഹ്വയായ ‘ലാ ഒസ്സെര്‍വത്തോറെ റൊമാനോ’ യില്‍ പ്രസിദ്ധീകരിച്ച പുതിയ ചാക്രിക ലേഖനം ലോകത്തിന്റെ ചിന്താമണ്ഡലത്തെ സ്വാധീനിച്ച് കഴിഞ്ഞു.


മുതലാളിത്തത്തോടും അതിന്റെ തേര്‍ തെളിക്കുന്ന കമ്പോള മേധാവിത്തത്തോടും ആശയപരമായി തന്നെ അകലംപാലിക്കുന്ന ഒരു മാര്‍പാപ്പയെ ലോകം കാണുകയാണ്. തന്റെ പിതാവിന്റെ ആലയത്തെ അശുദ്ധമാക്കിയ പരീശന്‍മാരേയും ശാസ്ത്രികളേയും ചാട്ടവാറിനാല്‍ അടിച്ച് പുറത്താക്കാന്‍ വന്ന യേശുവിനെ അദ്ദേഹം ഉള്‍ക്കൊള്ളുന്നു. നിന്ദിതരോടും പീഢിതരോടും യേശു പുലര്‍ത്തിയ പക്ഷപാതിത്വത്തെക്കുറിച്ച് ഈ മാര്‍പാപ്പയ്ക്ക് വ്യക്തതയുണ്ട്. ‘ലൗദാത്തോ സി’ (അങ്ങേക്ക് സ്തുതി) എന്ന ചാക്രികലേഖനത്തില്‍ 2015ല്‍ അദ്ദേഹം വിശദമാക്കിയത് ആഗോളവത്കരണം അടിച്ചേല്‍പ്പിച്ച സാമ്പത്തിക അനീതികളെ കുറിച്ചാണ്. അത് ചെറുന്യൂനപക്ഷം വരുന്ന സമ്പന്നരെ വീണ്ടും വീണ്ടും വളര്‍ത്തിയപ്പോള്‍ മഹാഭൂരിപക്ഷം വരുന്ന പാവങ്ങളെ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിപ്പായിക്കുന്നത് അനീതിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. ഭൂമിയിലെ വിഭവങ്ങള്‍ മാനവരാശിക്ക് ഒന്നുപോലെ അവകാശപ്പെട്ടതാണെന്നും അതിന്റെമേല്‍ സമ്പന്നര്‍ക്ക് പ്രത്യേക അധികാരങ്ങളില്ലെന്നും പറയാന്‍ അദ്ദേഹം മടിച്ചില്ല. ഈ മുറിവേറ്റ ‘ലോകത്തെ എങ്ങനെ പുതുക്കിപ്പണിയാം എന്ന ചിന്തയാണ് അദ്ദേഹത്തെ മഥിക്കുന്നത്. ആ വ്യഥയില്‍ ഊന്നിക്കൊണ്ടാണ് മൂലധനം ദുര്‍ബലരോടെല്ലാം കാട്ടുന്ന അനീതിയെകുറിച്ച് അദ്ദേഹം വിരല്‍ചൂണ്ടിയത്. അത് ചെറുപ്പക്കാരോട് വിശ്വാസവഞ്ചനയും വൃദ്ധരോട് അവഗണനയും സ്ത്രീകളോട് അവഹേളനവും പ്രകൃതിയോട് ക്രൂരതയും കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ തീവ്രവലതുപക്ഷം അദ്ദേഹത്തെ നേരിട്ടത് ‘വത്തിക്കാനിലെ കമ്യൂണിസ്റ്റ്’ എന്ന് പേരിട്ട് കൊണ്ടാണ്. അതില്‍ കൂസ്സാതെ മാര്‍പാപ്പ പറഞ്ഞു: ‘ഞാന്‍ കമ്മ്യൂണിസ്റ്റ് അല്ല. പക്ഷേ അവര്‍ ശരി പറഞ്ഞാല്‍ അത് ശരിയാണ് എന്ന് ഞാന്‍ പറയും’.


ലോകത്തിന്റെ ഭാവിയെ പറ്റിയും മനുഷ്യജീവിതങ്ങളുടെ പുരോഗതിയെ പറ്റിയും സദാപുലര്‍ത്തുന്ന ഉത്കണ്ഠയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍ എന്നും മുഴങ്ങിയത്. ഇപ്പോള്‍ പുറത്ത് വന്ന പുതിയ ചാക്രിക ലേഖനത്തിലും അത് തന്നെയാണ് ഉള്ളത്. യുദ്ധത്തോട് സന്ധിചെയ്യാന്‍ സാധ്യമല്ലെന്നാണ് അദ്ദേഹം പറയുന്നത്. മഹാമാരിയുടെ കനത്ത പ്രഹരത്തില്‍ രാജ്യങ്ങള്‍ തോറും ജീവിതം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ചില മൗലിക പ്രശ്‌നങ്ങളില്‍ വിശ്വാസത്തിന്റെ കാഴ്ച്ചപ്പാട് എന്താകണം എന്ന് പറയാനാണ് ഈ ചാക്രിക ലേഖനത്തില്‍ മാര്‍പാപ്പയുടെ ശ്രമം. ഫ്രത്തെല്ലി തൂത്തി (സഹോദരി സഹോദരന്‍മാരെ) എന്ന തലക്കെട്ടില്‍ മനുഷ്യവംശത്തിന്റെ മുമ്പില്‍ സാഹോദര്യത്തിന്റെ സന്ദേശമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. യുദ്ധം ഏത് സാഹചര്യങ്ങളിലും അനീതിയും അധാര്‍മികവുമാണ്. അതിനെ ന്യായമെന്നും അന്യായമെന്നും വേര്‍തിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സഭതന്നെ ദീര്‍ഘകാലം പറഞ്ഞ് പോരുന്ന ‘നീതീകരണമുള്ള യുദ്ധം’ എന്ന സങ്കല്‍പത്തെയാണ് അദ്ദേഹം തള്ളിക്കളയുന്നത്. ആയുധ കച്ചവടത്തിനായി യുദ്ധങ്ങള്‍ കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്ന സൈനിക വ്യാവസായിക സാകല്യങ്ങള്‍ക്ക് (Military Industrial Complex) ഒരിക്കലും മാര്‍പാപ്പയുടെ ഈ നിലപാടിനോട് യോജിക്കാനാവില്ല. അതുകൊണ്ട് തന്നെ ട്രംപ് ഭരണകൂടവും റിപ്പബ്‌ളിക്കന്‍ വലതുപക്ഷവും ഇദ്ദേഹത്തെ വീണ്ടും കടന്നാക്രമിച്ചു എന്നും വരാം. ക്രിസ്തുവിന്റെ വഴിയിലൂടെ സമാധാനം തേടുന്ന ദൗത്യനിര്‍വ്വഹകനെ പോലെയായിരിക്കും മാര്‍പാപ്പ അതിനെ നേരിടുക.