മാധവന്‍ നായര്‍ എങ്ങോട്ടാണ് പോകുന്നത്! – ടി.കെ. ശങ്കരനാരായണന്‍
കാലത്ത് പത്തരയ്ക്ക്, ഉച്ചയ്ക്ക് മൂന്നരയ്ക്ക്, സന്ധ്യയ്ക്ക് ഏഴരയ്ക്ക് എന്നിങ്ങനെ കൃത്യം സമയനിഷ്ഠ പാലിച്ച് മാധവന്‍ നായര്‍ എങ്ങോട്ടാണ് പോകുന്നത്?.
”നീ ശ്രദ്ധിച്ചോടി മോളേ?.” വേശമ്മയുടെ ശബ്ദത്തില്‍ ആശങ്കയോ അമിത ഉല്‍ക്കണ്ഠയോ ആയിരുന്നില്ല. അവരത് ആദ്യമായി കാണുകയുമായിരുന്നില്ല. കഴിഞ്ഞാഴ്ചയോ മറ്റോ തൊടിയില്‍ തുണികള്‍ അയയിലിടുമ്പോള്‍ തെക്കുഭാഗത്തെ ചുറ്റുമതിലിനു മുകളിലൂടെ മാധവന്‍ നായരുടെ തല മന്ദം മന്ദം നീങ്ങുന്നതു കണ്ടു. മതിലോരം ഓടിച്ചെന്നു നോക്കുമ്പോള്‍ നിരത്ത് അവസാനിക്കുന്നിടത്ത് മാധവന്‍ നായര്‍ മറ്റൊരു നിരത്തിലേക്ക് അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു, ഒരു പിന്‍വിളി സാധ്യമല്ലാത്ത വിധം.
അടച്ചുപൂട്ടലിന്റെ ആദ്യദിനങ്ങളില്‍ വലിയ അച്ചടക്കക്കാരനായിരുന്നു. പെരുമാറ്റത്തില്‍ എന്തെങ്കിലും മടുപ്പുള്ളതായി തോന്നിയില്ല. കമ്പനി വര്‍ക്ക് അറ്റ് ഹോം പ്രഖ്യാപിച്ചപ്പോള്‍ മകന്‍ അനിരുദ്ധ് ബംഗ്ലൂരുവില്‍ നിന്നും ബന്ധപ്പെട്ടവരുടെ അനുവാദമെടുത്ത് വണ്ടിയോടിച്ച് വന്നു. മകള്‍ക്കും മരുമകനും സ്‌കൂള്‍ അവധിയായപ്പോള്‍ ഒമ്പതും ഏഴും പ്രായമുള്ള പേരക്കുട്ടികള്‍ വീട്ടില്‍ സജീവമായി. അനിയന്മാരായ കുഞ്ഞികൃഷ്ണനും ശങ്കരന്‍കുട്ടിയും ഒന്നിടവിട്ട് വന്ന് ശീട്ടു കളിച്ചും കാരംസ് വിളയാടിയും മാധവന്‍ നായരുടെ ദിനസരികളില്‍ പങ്കാളികളായി. ചക്കയുടേയും മാങ്ങയുടേയും പ്രതാപകാലത്തായിരുന്നല്ലോ ലോക്ഡൗണ്‍. അതും മാധവന്‍ നായരെ ഉല്ലാസത്തിലാക്കാന്‍ ഹേതുവായി. ചക്ക അരിയുന്നതിലും ചുള വേര്‍പെടുത്തുന്നതിലും കുരു തൊലി കളഞ്ഞ് ഫ്രിഡ്ജില്‍ വയ്ക്കുന്നതിലും പതിവില്ലാത്ത അഭിനിവേശം കാണിച്ചു. തൊടിയില്‍ നാലഞ്ചു തരം മാങ്ങകളുണ്ട്. അതില്‍ കൂട്ടാന്‍ വയ്‌ക്കേണ്ടത്, പുളിശ്ശേരിയുണ്ടാക്കേണ്ടത്, ചതുരത്തില്‍ മുറിച്ച് കറിയിടേണ്ടത്, പെരക്കിനു വേണ്ടത് എല്ലാം കൃത്യമായി തരംതിരിച്ച് അതാത് വിഭവങ്ങളുണ്ടാക്കുന്നതില്‍ പ്രത്യേക ഉത്സാഹം കാണിച്ചു. ഒരു മാസത്തോളം വീട്ടില്‍ നിന്നിറങ്ങിയില്ല എന്നു തന്നെ പറയാം. ഇപ്പോള്‍ ഒരാഴ്ചയായി കാലത്ത് കൃത്യം പത്തരയ്ക്കും ഉച്ചയ്ക്ക് മൂന്നരയ്ക്കും സന്ധ്യയ്ക്ക് ഏഴരയ്ക്കും എങ്ങോട്ടോ പോകുന്നു. എങ്ങോട്ടാണ് പോകുന്നത്?
ഇരുപത്തേഴുകൊല്ലം മെഡിക്കല്‍ റെപ്രസെന്റേറ്റീവായി പല ജില്ലകളില്‍ അലയുമ്പോള്‍ തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഓരോ ദിവസം ഓരോ മാര്‍ക്കറ്റ്, വിചാരിക്കാത്ത മാനേജര്‍ വിസിറ്റ്, വീക്‌ലി ക്ലോസിങ്ങ്, മന്ത്‌ലി മീറ്റിങ്ങ്, ഡോക്‌ടേഴ്‌സ് ഗെറ്റ് റ്റുഗെതര്‍ അങ്ങനെ രണ്ടു കാലുകള്‍ മതിയാകാത്ത ഓട്ടമായിരുന്നു. ഇനി ഓടാന്‍ കഴിയില്ല എന്നു തോന്നിത്തുടങ്ങിയ സമയത്ത് കൃത്യമായും മെര്‍ജര്‍ വന്നു. മെര്‍ജറെത്തുടര്‍ന്ന് പിരിഞ്ഞുപോക്കു നയം വന്നു. കിട്ടിയ കാശും വാങ്ങി രാജിയായി.
ഒരുപാട് തിരക്കുകളുണ്ടായിരുന്നവര്‍ പെട്ടെന്ന് തിരക്കൊഴിഞ്ഞ് ഏകാന്തതയുടെ തടവുകാരാവുമ്പോള്‍ ഭ്രാന്ത് വരാം. അങ്ങനെയൊരു ഒറ്റപ്പെടല്‍ ഭ്രാന്ത് ബാധിക്കുന്നുവോ എന്നു സന്ദേഹിച്ച സമയത്താണ് സുഹൃത്തിന്റെ ഡിപാര്‍ട്‌മെന്റ് സ്റ്റോറില്‍ പാര്‍ട്‌ടൈം ജോലിക്ക് പോക്ക് തുടങ്ങിയത്. കാലത്ത് ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ. വലിയ അദ്ധ്വാനമില്ല. നേരംപോകും, ചെറുതെങ്കിലും മാന്യമായ വരുമാനവും. ഉച്ചയ്ക്ക് ഊണു കഴിഞ്ഞാല്‍ ഒന്നു കിടക്കും. വൈകുന്നേരം വലിയ കുഴപ്പമില്ല. സന്ധ്യയോടടുക്കുമ്പോള്‍ അകാരണമായ ഒരസ്വസ്ഥത അരിച്ചരിച്ച് കയറി വരും. പണ്ടാണെങ്കില്‍ ആ സമയത്ത് രണ്ടെണ്ണം സേവിക്കുന്ന പതിവുണ്ട്. അത് അസ്വസ്ഥതയെ അലിയിച്ചു കളയും. അത്താഴം കഴിഞ്ഞാല്‍ പിന്നെ ഗാഢനിദ്രയാണ്.
ബൈപാസ് കഴിഞ്ഞതോടെ സേവ നിര്‍ത്തി. ധൂമപാനത്തോടും വിട പറഞ്ഞു. സന്ധ്യയെ മറികടക്കല്‍ അതോടെ പ്രയാസമായി. അങ്ങനെയാണ് മോഹന്‍ദാസിന്റെ സരിത സ്റ്റുഡിയോവില്‍ വൈകുന്നേരം പോയിത്തുടങ്ങിയത്. അഞ്ചുമണി മുതല്‍ എട്ടു വരെ അവിടെയിരിക്കും. കാലത്ത് ഡിപാര്‍ട്‌മെന്റ് സ്റ്റോര്‍, വൈകീട്ട് സരിത സ്റ്റുഡിയോ. വലിയ മടുപ്പില്ലാതെ ദിനങ്ങള്‍ നീങ്ങുന്നതിനിടെയാണ് കൊറോണ എന്ന മഹാമാരി ലോക്ഡൗണ്‍ രൂപത്തില്‍ അവതരിക്കുന്നത്. ആദ്യദിനങ്ങളില്‍ വലിയ അച്ചടക്കക്കാരനായിരുന്ന മാധവന്‍ നായര്‍ ഇപ്പോള്‍ കാലത്ത് കൃത്യം പത്തരയ്ക്കും ഉച്ചയ്ക്ക് മൂന്നരയ്ക്കും സന്ധ്യയ്ക്ക് ഏഴരയ്ക്കും എങ്ങോട്ടോ പോവുന്നു. എങ്ങോട്ടാണ് പോവുന്നത്?.
ചോദിച്ചാല്‍ ‘വെറുതെ, ദാ ഇതു വരെ’ എന്നാണ് ഉത്തരം. കുഞ്ഞികൃഷ്ണനോട് കാര്യം പറഞ്ഞപ്പോള്‍ ഉടനെ വന്നു പോംവഴി. ”ഒരു കാര്യം ചെയ്യാം… ഞാന്‍ കുറച്ചകലം പാലിച്ച് പിന്നാലെ പൂവ്വാം… എവിടെപ്പോവുന്നു എന്നു കണ്ടുപിടിക്കാലോ…”
ആദ്യം സമ്മതംമൂളിയെങ്കിലും പെട്ടെന്നൊരു വീണ്ടു വിചാരത്തില്‍ പിന്‍തിരിപ്പിച്ചു. മൂക്കിന്റെ അറ്റത്താണ് മാധവന്‍ നായര്‍ക്ക് ശുണ്ഠി. കുഞ്ഞികൃഷ്ണന്‍ തന്നെ പിന്‍തുടരുന്നതെങ്ങാനും അറിഞ്ഞാല്‍ ആദ്യ അടി കിട്ടുക വേശമ്മയ്ക്കായിരിക്കും. മാധവന്‍ നായരുടെ ഒരു വിചിത്ര സ്വഭാവമാണത്. ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അടി വീണാല്‍ അന്ന് വീട്ടിലെല്ലാവര്‍ക്കുമുണ്ട് അടി. ചിലര്‍ക്ക് കൂടിയ അളവിലും ചിലര്‍ക്ക് നാമമാത്രമായും. ചിലപ്പോള്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും അതിന്റെ വേദന. കരിങ്കല്ലു പോലത്തെ കയ്യാണ്!
ലോക്ഡൗണ്‍ കഴിയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാന്‍ വേശമ്മ തീരുമാനിച്ചു. അടച്ചുപൂട്ടല്‍ പിന്‍വലിച്ചതിനു ശേഷവും ഈ സമയങ്ങളില്‍ സഞ്ചാരമുണ്ടെങ്കില്‍ അപ്പോള്‍ കാരണമന്വേഷിക്കാം. പണ്ട് ജ്യോതിഷത്തിലും മന്ത്രവാദത്തിലുമൊക്കെ കമ്പമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടതാണോ ഈ വരവുപോക്കുകള്‍ എന്ന സംശയം ആരോടും പങ്കുവയ്ക്കാതെ വേശമ്മ തന്റെ മാത്രം സ്വകാര്യമായി സൂക്ഷിച്ചു.
എന്നാല്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നതുപോലെ ലോക്ഡൗണ്‍ പിന്‍വലിച്ചില്ല എന്നു മാത്രമല്ല വീണ്ടും നീട്ടുകയാണുണ്ടായത്. രണ്ടാഴ്ച കാത്തിരുന്നു. വീണ്ടും നീട്ടി. ഇതിങ്ങനെ നീട്ടി നീട്ടിപ്പോയാല്‍ മാധവന്‍ നായരുടെ യാത്രകള്‍ക്ക് അറുതിയുണ്ടാവില്ലല്ലോ എന്ന് അവര്‍ ആശങ്കയിലായി.
‘വെറുതെ, ദാ ഇതുവരെ’ എന്ന പതിവു പല്ലവി നായര്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
ഒരു ദിവസം മകള്‍ രുഗ്മിണി ലോകത്തിലാരും കേള്‍ക്കരുതെന്ന കരുതലോടെ വേശമ്മയുടെ ചെവി കടിച്ചു. ”അമ്മ ശ്രദ്ധിച്ചോ?.” ”എന്ത്?.” ”വളരെയടുത്തു ചെന്നാല്‍ അച്ഛന്റെടുത്ത് സിഗരറ്റ് വാസനിക്കുന്നുണ്ട്…”
ആ വാര്‍ത്ത കേട്ട് വേശമ്മയ്ക്ക് തല പെരുത്തു. ഡോക്ടര്‍ തൊടരുതെന്ന് വിലക്കിയ സാധനം… ഏഴുകൊല്ലമായി നിര്‍ത്തിയ മാരകവിഷം… അതിന് ഒരു പുനരാരംഭമോ?. മകളുടെ വാക്കുകളെ നമ്പാനാവാതെ വേശമ്മ മാധവന്‍ നായരോട് തൊട്ടുരുമ്മി പെരുമാറുകയും സിഗരറ്റ് വലിയുടെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇല്ല, ഒരു തരിമ്പു മണം പോലും മൂക്കിലടിച്ചില്ല. മോള്‍ക്ക് തോന്നിയതാവും. മാത്രമല്ല, ഒരു സിഗരറ്റു വലിയെ ഇത്രയും വലിയ സ്വകാര്യമാക്കി കൊണ്ടു നടക്കാന്‍ മാത്രം ഭീരുവുമല്ല നായര്‍. ആരെയും കൂസാത്ത പ്രകൃതക്കാരന്‍. എങ്കിലും മേലാകെ ഉറുമ്പരിക്കും പോലെ ഒരു സന്ദേഹം വേശമ്മയെ തൊയിരം കൊടുക്കാതെ ചൊറിഞ്ഞു കൊണ്ടിരുന്നു.