മഹാമാരികളും, രുചിബോധരസതന്ത്രവും – ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

മഹാമാരികളും, രുചിബോധരസതന്ത്രവും  – ഡോ. സെബാസ്റ്റ്യന്‍ ജോസഫ്

മനുഷ്യചരിത്രത്തിലുടനീളം കാണുന്ന പോരാട്ടങ്ങള്‍ അന്നത്തിനുവേണ്ടിയുള്ളതായിരുന്നു. വേട്ടയാടി ജീവിച്ച പ്രാകൃത മനുഷ്യര്‍ മുതല്‍ ആധുനിക മനുഷ്യന്‍വരെ ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ചിട്ടുള്ളത് ഈ ആഹാരസമൃദ്ധിക്കുവേണ്ടിയും, അതുമൂലം സമൂഹത്തിലുണ്ടാകുന്ന സുഖത്തിനുവേണ്ടിയുമാണ്. വിവിധ കാലങ്ങളില്‍ ഇതിന്റെ സാമൂഹിക/സാംസ്‌കാരിക രീതികള്‍ക്ക് പരിണാമമുണ്ടായിട്ടുണ്ട്. ഭക്ഷണ രുചിബോധം പുതിയ സാംസ്‌കാരിക രൂപങ്ങളെ സൃഷ്ടിക്കുകയും, സമൂഹത്തില്‍ വിവിധയിനം സാമൂഹികവര്‍ഗ ഭേദങ്ങളെ സൃഷ്ടിക്കുവാന്‍ ഈ അന്ന സംസ്‌കാരം വഴിതെളിക്കുകയും ചെയ്തു. രുചിബോധങ്ങള്‍ നാം അധിവസിക്കുന്ന ഭൂമിക്കുമേലുള്ള അധികാര വടംവലിക്കു വഴിതെളിച്ചിട്ടുണ്ട്. അതുവഴി ചില പ്രദേശങ്ങളിലെ ഭൂസംവിധാനം തന്നെ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്. രുചിയുല്‍പ്പന്ന വ്യവസായ ശക്തികള്‍ ആധുനികലോകത്തിലെ സാംസ്‌കാരിക വ്യവഹാരങ്ങളെത്തന്നെ നിയന്ത്രിക്കുന്ന അധീശത്വ ശക്തികേന്ദ്രങ്ങളായി മാറുകയും, സാധാരണ ജനങ്ങള്‍ക്കു പ്രകൃതിയില്‍ നിന്നു ലഭിച്ചിരുന്ന ജലവും, വായുവും, മറ്റു വിഭവങ്ങളും വിഷമയമായി മാറുന്ന അവസ്ഥ സംജാതമാവുകയും ചെയ്തു. ഇതേസമയം തന്നെ കോവിഡിനുമുമ്പുള്ള കാലഘട്ടത്തിലെ രുചിയുത്സവങ്ങളും, ബഹള ആഡംബരങ്ങളും തികച്ചും സ്വാഭാവികമാണെന്നു തോന്നിക്കുന്ന തരത്തിലുള്ള ആഗോള അന്നസംസ്‌കാരത്തെ സൃഷ്ടിച്ചെടുക്കുകയും ഇല്ലാത്തവനും തിരസ്‌കരിക്കപ്പെട്ട ജനതയും സമൃദ്ധിയുടെ ഒരു മിഥ്യാബോധത്തിലകപ്പെടുകയും ചെയ്തു എന്നതാണ് വാസ്തവം.


പൊതിസംസ്‌കാരത്തിലെ മാറിനടത്തം


വീട്ടില്‍ പാകം ചെയ്ത ആഹാരം പൊതിയിലാക്കി ജോലിസ്ഥലങ്ങളിലും, വിദ്യാലയങ്ങളിലും പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ രീതിക്കും നഗര സംസ്‌കാര ഭൂമികയില്‍ ആശ്ചര്യകരമായ വ്യതിയാനങ്ങളാണ് അടുത്ത കാലത്തുണ്ടായിരിക്കുന്നത്. ഞൊടിയിടയ്ക്കുള്ളില്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളിലെത്തുന്ന ഇഷ്ട വിഭവങ്ങള്‍ ആരെയും കാണാതെ, ആരോടും സംസാരിക്കാതെ, ആഹാരത്തെ വിഴുങ്ങുന്ന ആധുനിക മനുഷ്യനാക്കി നിങ്ങളെ മാറ്റി. ബഹുരാഷ്ട്ര കുത്തക ‘അന്ന/രുചി’ മുതലാളിമാരുടെ ഉല്പന്നങ്ങള്‍ ലോകത്തെ ഏതു മുക്കിലും മൂലയിലും കിട്ടുന്ന അവസ്ഥ, രുചിബോധങ്ങള്‍ക്ക് അടിമപ്പെടുന്ന ജനതയെ പൊടുന്നനെയാണ് സൃഷ്ടിച്ചെടുത്തത്. ‘കെന്റക്കി ഫ്രൈഡ് ചിക്കന്‍ (KFC) കിട്ടിയില്ലെങ്കില്‍ ‘അങ്കമാലി ഫ്രൈഡ് ചിക്കന്‍ (AFC) കിട്ടിയാല്‍ മതിയെന്ന അഭിനവരുചിബോധങ്ങളെപ്പോലും സൃഷ്ടിച്ചെടുത്ത്, പരസ്യവാചകങ്ങളിലൂടെയും, തലക്കെട്ടുകളിലൂടെയും പുതിയ അന്നസംസ്‌കാരത്തെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. ഇത്തരം കാഴ്ചാനുഭവങ്ങള്‍ നോക്കി മാത്രം സംതൃപ്തിയടയുന്ന പാവപ്പെട്ട മനസ്സുകളെക്കൂടി ഇതിലേക്കാകര്‍ഷിച്ചു. ജീവനുള്ള കോഴിയെ കാണാത്ത കുട്ടികള്‍ ആരെയും ആകര്‍ഷിക്കുന്ന ഭക്ഷണപായ്ക്കറ്റുകളില്‍ കാണുന്ന കോഴിച്ചിത്രങ്ങളെ ഇഷ്ടപ്പെട്ടുപോകുന്ന മനോഭാവത്തിലാക്കി. എന്നാല്‍ ഈ അന്ന ആഗോളവത്കരണ സംസ്‌കാര പ്രസരണത്തിനിടയിലും, പഴംകഞ്ഞിയും, കാന്താരിമുളകും, പയറുമൊക്കെ വീണ്ടും ‘നാടന്‍’ സംസ്‌കാരത്തെ സൂചിപ്പിക്കുന്ന വ്യത്യസ്ത രുചിയിടങ്ങളെത്തീര്‍ത്തു. പിസ്തയാണെങ്കിലും, പഴംകഞ്ഞിയാണെങ്കിലും അടിച്ചുപൊളിച്ചു കഴിക്കുകയെന്ന നിലപാടിലെത്തിയ സമൂഹം, അന്ന/തീറ്റ സംസ്‌കാരത്തെ മറ്റൊരു ‘കുടമാറ്റത്തിനു’ (Paradigm shift) വിധേയപ്പെടുത്തി. ആരോഗ്യപരമായ ഭക്ഷണത്തിനല്ല, രുചിക്കു അടിമപ്പെട്ട ആധുനികസമൂഹമാണിന്നുള്ളത്; രുചികള്‍ സൃഷ്ടിക്കുന്നത് ആഗോള കുത്തക മുതലാളിമാരും.


അന്നസംസ്‌കാരത്തിന്റെ പാരിസ്ഥിതിക രൂപകല്പനകള്‍


ചരിത്ര-ചരിത്രാതീതകാലഘട്ടങ്ങളില്‍ മനുഷ്യലോകത്തിന്റെ ആഹാരമാതൃകകള്‍ അവര്‍ അധിവസിക്കുന്ന ജീവലോകത്തിന്റെ ഘടനയ്ക്കുള്ളിലാണ് രൂപപ്പെട്ടുവന്നത്. ഇത് അന്നസംസ്‌കാരത്തിന്റെ പാരിസ്ഥിതിക ബന്ധങ്ങളെയും പാരസ്പര്യത്തെയും സൂചിപ്പിക്കുന്നതാണ്. ദൈനംദിന ഭോജനത്തെക്കുറിച്ചല്ലാതെ മറ്റൊന്നുംതന്നെ മാനസ്സികമായി അലട്ടാതിരുന്ന മനുഷ്യര്‍ വേട്ടയാടി ശേഖരിച്ചു ജീവിതം തള്ളിനീക്കിയ കാലഘട്ടം. ഒരു നിശ്ചിത ഭൂപ്രദേശത്തുനിന്നുമാത്രം കിട്ടുന്ന പ്രകൃതിവിഭവങ്ങളെ സസ്യഭോജന/മാംസഭോജന സമ്പ്രദായങ്ങള്‍ക്കനുസരിച്ച് ശേഖരിച്ച് ജീവിച്ചുപോന്ന കാലം. ഭൂപ്രദേശങ്ങളുടേയും വിഭവങ്ങളുടേയും ജ്ഞാനലോകം തികച്ചും പരിമിതമായിരുന്ന ഇക്കൂട്ടര്‍ നാളത്തേക്കെന്തെങ്കിലും ഉണ്ടാവുമോയെന്ന ഭയത്തിലായിരുന്നു ജീവിച്ചുപോന്നത്. ഈ ഭയംതന്നെയാവണം തങ്ങള്‍ ജീവിച്ചുപോന്ന ഇടങ്ങളിലെ ജന്തു/സസ്യലോകത്തോട് ആദരവു കാണിക്കുന്ന സംസ്‌കാരത്തെ സൃഷ്ടിച്ചെടുത്തത്. കാരണം പ്രകൃതിയുടെ രഹസ്യങ്ങള്‍ ഇക്കൂട്ടരുടെ ജ്ഞാനമേഖലയ്ക്ക് അപ്രാപ്യമായിരുന്നതിനാലായിരിക്കണം, പ്രകൃതിസംവിധാനത്തിന്റെ അധീശ്വത്തെ ചോദ്യം ചെയ്യാനിവര്‍ക്കായില്ല. മൃഗങ്ങളെയും, പക്ഷികളെയും മത്സ്യങ്ങളെയും വേട്ടയാടി ജീവിക്കുന്നതിനിടയിലും, ഈ വിഭവങ്ങളുടെ നിലനില്‍പ്പിനായി ചില നിയന്ത്രണങ്ങള്‍ പ്രാകൃതമനുഷ്യന്‍ വിഭവചൂഷണത്തിനുമേല്‍ ഏര്‍പ്പെടുത്തിയിരുന്നു. പുനരുല്‍പ്പാദന കാലത്ത് ജീവജാലങ്ങളെ വേട്ടയാടുന്നതും ശേഖരിക്കുന്നതും കര്‍ശനമായി വിലക്കിയ സമൂഹത്തിന്റെ അടിത്തട്ട് പാരിസ്ഥിതിക പരിപാലനം (Conservation from below) ലോകചരിത്രത്തിലാദ്യമായി നടപ്പിലാക്കിയ പാരിസ്ഥിതിജ്ഞാനമാണ്. സൈദ്ധാന്തിക നിലപാടുമൂലമല്ല ഇതു സംഭവിച്ചത്, മറിച്ച്, ജീവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള മനുഷ്യന്റെ അന്തര്‍ലീനമായ അവബോധത്താലായിരുന്നു. കൊടുങ്കാറ്റിലും, ഭൂകമ്പത്തിലും, പ്രളയത്തിലും വാസയിടങ്ങള്‍ നഷ്ടപ്പെട്ടു പോയവര്‍ അന്ന/രുചി വൈവിധ്യത്തിന്റെ കാര്യത്തില്‍ വലിയ വാശിപിടിക്കുന്ന മനോഭാവത്തിനു വിധേയപ്പെടാതിരുന്നത് യാദൃശ്ചികമായി സംഭവിച്ച കാര്യമാണ്.