കലയ്ക്കുമപ്പുറം നീളുന്ന ലാവണ്യചിന്ത – എബി കോശി
കലയുടെ ഉറവിടം സൃഷ്ടാവിന്റെ മനസ്സിലാണോ കലയ്ക്കു കാരണഭൂതമാകുന്ന വസ്തുവിലാണോ ആസ്വാദക മനസ്സിലാണോ അതോ അതിഭൗതികമായ ചോദനയിലാണോ എന്നതിനെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കലാ തത്വചിന്തയുടെ ചരിത്രത്തില്‍ എക്കാലവും സജീവമായിരുന്നു. അതിന്റെ വിശദീകരണമെന്ന നിലയിലാണ് പ്രമുഖങ്ങളായ ലാവണ്യദര്ശനങ്ങളൊക്കെയും ഉണ്ടായിട്ടുള്ളത്. കലയുടെ ഉറവിടം ബാഹ്യവസ്തുവിലാണ് എന്ന് പറയുന്ന അനുകരണവാദത്തെയും, ആന്തരിക മനസ്സിലാണ് എന്ന് വാദിക്കുന്ന ഭാവാവിഷ്ക്കാരവാദത്തെയും, വസ്തു-മനസ്സ് എന്ന ദ്വന്ദചിന്തയെ അതിവര്‍ത്തിക്കുന്ന പ്രതിഭാസവിജ്ഞാനീയത്തിന്റെ കാഴ്ചപ്പാടില്‍ വിശകലനം ചെയ്തുകൊണ്ട് കലാവസ്തുനിര്മ്മണമെന്ന ആദര്‍ശത്തെ പ്രശ്നവല്‍ക്കരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. കല എപ്പോഴും മനുഷ്യര്‍ ബാഹ്യവസ്തുക്കളില്നിന്നും അപരമനുഷ്യരില്നിന്നുമൊക്കെയുള്
മനുഷ്യനു പ്രകൃതിയുമായുള്ള ബന്ധത്തില്‍ സംഭവിച്ച പിളര്പ്പോടുകൂടിയാണ് പ്രകൃതി പ്രതിഭാസങ്ങളെ മനുഷ്യര്‍ മാറിനിന്നു വിശകലനം ചെയ്തു പഠിക്കാനുള്ള വസ്തുക്കളായി കാണാന്‍ തുടങ്ങിയത്. ഇത് സോക്രട്ടീസിന്റയും പ്ലേറ്റോയുടെയും ഒപ്പം ആരംഭിച്ച ഗ്രീക്ക് തത്വചിന്തയുടെ കാലം മുതല്‍ കാണാനാവും. മനുഷ്യനെ പ്രകൃതീസ്പര്ശമില്ലാത്ത ശുദ്ധ ആത്മീയതയായി കാണാനാരംഭിച്ചതുമുതലാണ് ഇതിന്റെ തുടക്കം. മനുഷ്യന്റെ ബോധം അചേതനം മാത്രമായ ലോകത്തില്‍നിന്നും വിഭിന്നമായ ഒരു അതിഭൗതിക തലത്തില്‍നിന്നും വരുന്നതാണെന്നും, അടിസ്ഥാനപരമായി യുക്തിയുടെ കേദാരമായ മനുഷ്യമനസ്സ് ലോകസംബന്ധമില്ലാതെതന്നെ സ്വയം പര്യാപ്തമായ ഒന്നാണെന്നുമുള്ള വീക്ഷണത്തില്നിന്നുമാണ് തത്വചിന്തയും ശാസ്ത്രങ്ങളുമൊക്കെ ആരംഭിക്കുന്നത്. എന്നാല്‍ മനുഷ്യബോധമെന്നതുതന്നെ പ്രകൃതിസംബന്ധമില്ലാതെ ഉണ്ടാവുകയില്ലെന്ന പ്രതിഭാസവിജ്ഞാനീയം പകരുന്ന അറിവ് വരുന്നതോടുകൂടിയാണ് കലയെയും ലാവണ്യചിന്തയെയുമൊക്കെ ഇന്ന് തികച്ചും വ്യത്യസ്തമായ ഒരു കോണിലൂടെ കാണുന്നതിന് സഹായകരമായി തീര്‍ന്നിട്ടുള്ളത്. ലാവണ്യശാസ്ത്രചരിത്രത്തില് എക്കാലത്തും പ്രമുഖമായിനിന്ന അനുകരണമാണ് (imitation) കലയെന്ന പ്രതിനിധാനസിദ്ധാന്തവും വികാരങ്ങളുടെ പ്രകാശനമാണ് ഉത്തമമായ കലാസൃഷ്ടിനിര്മ്മാണത്തിന് വഴിയൊരുക്കുന്നതെന്ന ഭാവാവിഷ്ക്കാരസിദ്ധാന്തവും (expression theory) പരിശോധിച്ചുകൊണ്ടുമാത്രമേ കലയെ അതിവര്‍ത്തിക്കുന്ന പ്രതിഭാസവിജ്ഞാനപരമായ ലോകവീക്ഷണത്തിലേക്ക് എത്താനാവുകയുള്ളു.
അനുകരണ സിദ്ധാന്തം
മനുഷ്യബോധത്തിറെ പ്രകൃതിയില്നിന്നുമുള്ള അകല്‍ച്ചയുടെ ലാവണ്യശാസ്ത്രപരമായ അവതരണം വ്യക്തമായിക്കാണാനാവുക അനുകരണ സിദ്ധാന്തത്തിലാണ്. കലയുടെ ഉറവിടം വസ്തുവിലാണു കുടികൊള്ളുന്നത് എന്നു കരുതിയ അനുകരണവാദം മനുഷ്യമനസ്സിനു വെളിയിലാണ് കലയുടെ ഉല്പത്തിയെ കണ്ടത്തുന്നത്. ബാഹ്യവസ്തുക്കളുടെ പ്രതിനിധാനമാണ് കലയെന്നു അനുകരണ സിദ്ധാന്തം പറയുമ്പോള്‍ പുറമേനിന്നുള്ള സുന്ദരരൂപങ്ങളുടെയും ആശങ്ങളുടെയും ഒക്കെ പ്രതിനിധാനത്തെപ്പറ്റിയാണ് ഉദ്ദേശിക്കുന്നത്. അനുകരണത്തെ ഗ്രീക്ക് ചിന്ത ‘മിമസിസ്’ എന്ന സംജ്ഞകൊണ്ടാണ് വിശദീകരിക്കപ്പെട്ടിട്ടുള്ളത്. മിമസിസ് ആണു കല എന്ന വാദം ക്രിസ്തുവിന് മുന്‍പുള്ള പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും കാലം മുതല്‍ ആധുനിക കാലം വരെ പ്രബലമാണ്. മനുഷ്യര്‍ പ്രകൃത്യാ അനുകരണവാസനയുള്ള ഒരു ജീവിയാണെന്നും അതിലവര്‍ ആഹ്ലാദം കണ്ടത്തുന്നുവെന്നും അരിസ്റ്റോട്ടില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സുന്ദര വസ്തുക്കളെയും ഉത്തമരായ മനുഷ്യരുടെ പ്രവൃത്തികളെയുമൊക്കെ ചിത്രമായോ നാടകമായോ കവിതയായോ ഒക്കെ ആവിഷ്ക്കരിക്കലാണ് കലയുടെ പ്രവര്‍ത്തനമായി അവിടെ വിവരിക്കപ്പെടുന്നത്. അരിസ്റ്റോട്ടില്‍ തന്റെ ‘പോയറ്റിക്സ്’ ഇല് ദുരന്തനാടകങ്ങളുടെ ധര്‍മ്മമായി വിവരിക്കുന്നത് തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഉന്നതിയില്‍നിന്നും വിധിവൈപരീത്യംമൂലം തകര്‍ച്ചയുടെ ഗര്‍ത്തങ്ങളിലേക്ക് പതിക്കുന്ന മഹത്തുക്കളുടെ ജീവിതത്തിന്റെ അനുകരണമെന്നാണ്. റിയലിസത്തിന് സമാനമായ നിലപാടാണ് കലാതത്വചിന്തയില് അനുകരണവാദത്തിനുള്ളത്.
ഇതിന്റെ കാഴ്ചപ്പാടനുസരിച്ച് കലാകാരന് പുതിയ ഒരു സത്യത്തിന്റെയോ സൌന്ദര്യത്തിന്റെയോ സൃഷ്ടാവാകുന്നില്ല. പ്രപഞ്ചത്തില്‍ അനാദിയായി നിലനില്‍ക്കുന്ന സത്യ സൌന്ദര്യാരി വസ്തുക്കളെയും ഭാവങ്ങളെയും തങ്ങളുടെ സൃഷ്ടികളില്‍ പ്രതിനിധാനം ചെയ്യാന്‍ മാത്രമാണ് മനുഷ്യനു കഴിയുക. കലകാരനെ പുതിയ വസ്തുക്കളുടെ നിര്‍മ്മാതാവായി കാണുമ്പാള്‍ അയാള്‍ സൃഷ്ടാവെന്ന നിലയില്‍ ദൈവതുല്യനാണ്. എന്നാല്‍ അനുകരണവാദികളായ തത്വചിന്തകരെ സംബന്ധിച്ചിടത്തോളം ലോകത്ത് പുതുതായി സത്യങ്ങള്‍ ഒന്നും തന്നെ സംജാതമാവുന്നില്ല. എല്ലാക്കാലത്തും നിലനിന്നിരുന്ന വസ്തുക്കള്‍തന്നെയാണ് തുടര്‍ന്നും ആവര്‍ത്തിക്കപ്പെടുന്നത്. നിലനില്‍ക്കുന്ന സത്യങ്ങളെ ധ്യാനാത്മകമായ പരിചിന്തനത്തിലൂടെ പ്രതിനിധാനം ചെയ്യുകയെന്നതാണ് തത്വചിന്ത അനുഷ്ടിക്കേണ്ട ധര്‍മ്മം. ഇവിടെ യുക്തിയാണ് തത്വചിന്തകനെ നയിക്കേണ്ടത്. സുന്ദരവസ്തുക്കളെയും ഉത്തമങ്ങളായ അനുഭൂതികളെയും പ്രതധിനിധാനം ചെയ്യുകയാണ് കലയുടെ വഴി. പക്ഷേ തനിക്കുചുറ്റുമുള്ള സുന്ദരരൂപങ്ങളെ ഒരു ചിത്രകാരന് പകര്‍ത്തിവെച്ചാല്‍ അവയൊക്കെ കലയാകുമോ എന്നതാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത്.
പ്രപഞ്ചത്തില്‍ കാണുന്ന വസ്തുക്കള്‍ക്കെല്ലാം പിന്നില്‍ അവയെ സംജാതമാക്കുന്ന അവയുടെ സത്ത നിലനില്‍ക്കുന്നുണ്ട് എന്നതാണ് പ്ലേറ്റോയും അരിസ്റ്റോട്ടിലും അടക്കമുള്ള പ്രതിനിധാനവാദത്തിന്റ വാക്താക്കളുടെ പക്ഷം. അതിനെയാണ് അടിത്തറവാദം (foundationalism) എന്നു വിളിക്കുന്നത്. അരിസ്റ്റോട്ടിലിന് വസ്തുക്കളുടെ സത്യം ഭൌതിക പ്രഞ്ചത്തില്‍ തന്നെയായിരിക്കുമ്പോള്‍ പ്ലേറ്റോ അവയുടെ സത്യത്തെ ഐഹികലോകത്തിനുമപ്പുറമുള്ള സത്യ-സൌന്ദര്യാരികളുടെ ഒരു അതീതലോകത്താണ് ദര്‍ശിക്കുന്നത്. ഈ കാഴ്ചപ്പാടില്‍ പ്രപഞ്ചത്തില്‍ ഇന്ദ്രിയങ്ങള്‍കൊണ്ട് ഗ്രഹിക്കുന്ന വസ്തുക്കള്‍ അതീതലോകത്തിലെ ആദിരൂപങ്ങളുടെ പകര്‍പ്പുമാത്രമാണ്. അമൂര്‍ത്തങ്ങളായ ആദിരൂപങ്ങളെ പഞ്ചേന്ദ്രിയങ്ങള്ക്കൊണ്ട് അറിയാനാവതല്ല. അവിടെയാണ് യുക്തിയാലധിഷ്ഠിതമായ ധ്യാനാത്മകമായ പരിചിന്തനം വേണ്ടിവരുന്നത്. സൗന്ദര്യത്തെ സംബന്ധിച്ചും ഇതുതന്നെയാണ് പ്ലേറ്റോയ്ക്ക് പറയുവാനുള്ളത്. ഇന്ദ്രിയനിഷ്ടമായ ലോകത്ത് നിത്യേനെ കാണപ്പെടുന്ന വസ്തുക്കള്ളില് സൌന്ദര്യമുള്ളവ കണ്ടെത്താനാവുമെങ്കിലും അതീതലോകത്തുള്ള അവയുടെ ആദിരൂപങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രപഞ്ചസൗന്ദര്യങ്ങള് അപൂര്‍ണ്ണവും മാഞ്ഞുപോകുന്നവയുമാണ്.