കോവിഡ് കാലവും നാലാം ലോകവും – ഡോ. ആന്റണി പാലക്കല്‍

”വിപണിക്കു പുറമെ രക്ഷയില്ല” എന്ന ആഗോളവത്കരണത്തിന്റെ പ്രമാണം, ”ഇന്റര്‍നെറ്റിനു പുറമെ രക്ഷയില്ല” എന്ന് കോവിഡ് കാലം തിരുത്തിക്കുറിച്ചു. ഇന്ത്യന്‍ സമൂഹത്തിലെ ഭീകരമായ അസന്തുലിതാവസ്ഥയുടെ അടിവേരുകള്‍ എത്രമാത്രം ആഴത്തിലുള്ളതാണെന്നും കോവിഡിന്റെ നാളുകള്‍ അനാവരണം ചെയ്തു. കോവിഡ് കാരണത്താല്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമ്പോള്‍, നാലാംലോകത്തുള്ള ജനത എങ്ങനെ ജീവിക്കുമെന്ന് അന്വേഷിക്കുവാനുള്ള ബാധ്യത ഒരു ജനാധിപത്യസമൂഹത്തിനുണ്ട്. തിരസ്‌കൃതരായ ജനത കൂടുതല്‍ തിരസ്‌കൃതരാകുന്ന അവസ്ഥ ഒരു ജനാധിപത്യരാഷ്ട്രത്തിന് ഒട്ടും ഭൂഷണമല്ല. കോവിഡ് കാലത്ത് ഇന്റര്‍നെറ്റിനു കൈവന്ന പ്രാധാന്യത്തെക്കുറിച്ചും വര്‍ദ്ധമാനമായ അസമത്വങ്ങളെക്കുറിച്ചും.
കൊറോണ എന്ന ജീവാണു ലോകത്തെയാകെ വിഴുങ്ങിയിരിക്കുന്നു. ഈ മഹാമാരിയുടെ ഭയാനകമായ ഗര്‍ത്തത്തില്‍പ്പെട്ട്, അവികസിത രാഷ്ട്രങ്ങളെപ്പോലെതന്നെ, വികസിത രാഷ്ട്രങ്ങളും കൈകാലിട്ടടിക്കുകയാണ്. ലോകത്തെയൊന്നടങ്കം ഇത്ര പ്രചണ്ഡമായി പിടിച്ചുലച്ച ഒരു മഹാവിപത്തു മാനവരാശിയുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടില്ല. പൂര്‍വകോവിഡ് യുഗമെന്നും ഉത്തരകോവിഡ് യുഗമെന്നും ഈ മഹാമാരി ചരിത്രത്തെ കീറിമുറിക്കുമെന്നതില്‍ സംശയമില്ല.
ഈ ജീവാണുവിന്റെ വിളയാട്ടം മാനവരാശിയുടെ സാമൂഹികവും വൈയക്തികവുമായ പ്രതലങ്ങളില്‍ കനത്ത വിനാശം വിതച്ചുകൊണ്ട് അരങ്ങേറുന്നു. ഒരുവശത്ത്, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മത മേഖലകളെയും ആഗോളവിപണിയെയുമൊക്കെ ലോകവ്യാപകമായി ഈ ജീവാണു വിതച്ച മഹാവ്യാധി ഉഴുതുമറിച്ചു. ഇത് കോര്‍പറേറ്റുകളെയും വന്‍കിട കച്ചവടക്കാരെയും ഭരണകൂടങ്ങളെയും ഉദ്യോഗസ്ഥരെയുമൊക്കെ സാരമായി ബാധിക്കുകയും ചെയ്തു. മറുവശത്താകട്ടെ, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ആദിവാസികള്‍, നാട്ടിലും പ്രവാസലോകത്തുമുള്ള തൊഴിലാളികള്‍, ദിവസക്കൂലിക്കാര്‍, ചെറുകിട കച്ചവടക്കാര്‍, അഭയാര്‍ത്ഥികള്‍ തുടങ്ങിയ സാധാരണക്കാരായ മനുഷ്യരുടെ അനുദിനജീവസന്ധാരണത്തിനുള്ള ദുര്‍ബലമായ സാധ്യതകളെയാണ് ഇത് തകര്‍ത്തുകളഞ്ഞത്. കോവിഡ് കേസുകള്‍ ദിവസം ചെല്ലുന്തോറും കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തില്‍, ജീവിതം എന്ന് സാധാരണഗതിയിലാകുമെന്ന കാത്തിരിപ്പു നീണ്ടുപോകുന്നതിന്റെ നെടുവീര്‍പ്പുകളാണ് എവിടെയും. അതിനിടയില്‍ രോഗം ബാധിച്ചും, നിരാശയും വിഷാദവുമൊക്കെ സഹിക്കാനാകാതെ ആത്മഹത്യ ചെയ്തും കൊഴിഞ്ഞുപോകുന്ന ജീവിതങ്ങള്‍ കണക്കുകളുടെ കള്ളികള്‍ക്കുമപ്പുറമാകുന്നു.
വിധിവൈപരീത്യമെന്നു പറയട്ടെ, ഈ മഹാമാരിയുടെ ദുരന്തമുഖം നമ്മെ മറ്റൊരു നീര്‍ച്ചുഴിയിലേക്കു എടുത്തെറിഞ്ഞിരിക്കുകയാണ്. ഇന്റര്‍നെറ്റിന്റെ ഭയാനകമായ നീര്‍ച്ചുഴി. മഹാമാരിയുടെ സംഹാരതാണ്ഡവത്തില്‍ സാമൂഹികമായ പ്രവര്‍ത്തനമണ്ഡലങ്ങള്‍ സര്‍വവും ഏതാണ്ട് നിശ്ചലമായപ്പോള്‍ ഇന്റര്‍നെറ്റ് സാര്‍വത്രികമായ ഒരു അനിവാര്യതയായിത്തീര്‍ന്നു. സാമൂഹിക അകലം പാലിക്കുകയെന്നത് ഒരു നിര്‍ബന്ധിത പ്രമാണമായി മാറിയ കോവിഡ് കാലത്ത്, ജനസമ്പര്‍ക്കത്തിനും ക്രയവിക്രയങ്ങള്‍ക്കുമുള്ള മുഖ്യ ഉപാധിയും കേന്ദ്രവുമായി ഇന്റര്‍നെറ്റ്. കോവിഡില്‍നിന്നു രക്ഷപ്പെടുന്നതിനായി വീട്ടിലകപ്പെട്ട ജനങ്ങളില്‍ വളരെപ്പേര്‍ക്കും, ഒരു പിടിവള്ളിയായിരിക്കുന്നത് ഇന്റര്‍നെറ്റാണ്. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ വര്‍ഗ, വര്‍ണ, ജാതി, ലിംഗ, രാഷ്ട്രീയ ഭേദമില്ലാതെ സകലരും ഇന്റര്‍നെറ്റ് കേന്ദ്രമായുള്ള വിവരവിനിമയ സങ്കേതത്തെ ആശ്രയിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ദേശീയ ലോക്ക്ഡൗണ്‍ ആരംഭിച്ച ആദ്യദിവസങ്ങളില്‍ത്തന്നെ ഇന്റര്‍നെറ്റിന്റെ ഉപയോഗം പതിമൂന്നുമടങ്ങായി വര്‍ധിച്ചുവെന്നാണ് ടെലികോം വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. അതിനാല്‍ ഇന്റര്‍നെറ്റിനും അനുബന്ധ സാങ്കേതിക ഉപകരണങ്ങള്‍ക്കും ഒരു ”രക്ഷക്” പരിവേഷം ഇപ്പോള്‍ കൈവന്നിരിക്കുന്നു.
ഇന്റര്‍നെറ്റ് എന്ന മഹാത്ഭുതം
ഇന്റര്‍നെറ്റ് ഒരു വിവര വിനിമയ ശൃംഖലയായി വികസിച്ചതും പടര്‍ന്നുപന്തലിച്ചതും പോയ നൂറ്റാണ്ടിന്റെ അന്തിമപാദങ്ങളിലാണ്. വര്‍ത്തമാന കാലഘട്ടത്തിന്റെ നിയാമക പ്രതിഭാസമായി കരുതുന്ന ആഗോളവത്കരണത്തിനു വഴിമരുന്നിട്ടത് മുഖ്യമായും രണ്ടു ഘടകങ്ങളായിരുന്നു: സാമ്പത്തിക ഉദാരവത്കരണനയവും, വിവര-വിനിമയ സാങ്കേതികതയുടെ രംഗപ്രവേശവും. മനുഷ്യസംസ്‌കൃതിയുടെ ചരിത്രപന്ഥാവില്‍ തീ കണ്ടുപിടിച്ചതിനുശേഷം ഭൂമുഖത്തുണ്ടായ വിസ്‌ഫോടനമായിട്ടാണ് വിവര-വിനിമയ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തെ വിശേഷിപ്പിക്കുന്നത്. സര്‍വസംഹാരിയായ തീ നിയന്ത്രണപൂര്‍വം ഉപയോഗിക്കാന്‍ ശീലിച്ചത് മനുഷ്യസംസ്‌കൃതിക്കു നാന്ദികുറിച്ച ചരിത്ര സംഭവമായിരുന്നു. അതിനുശേഷം മനുഷ്യകുലത്തിന്റെ ഭാഗധേയങ്ങളെയും അഭിനിവേശങ്ങളെയും ഗതിവിഗതികളെയും ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കണ്ടുപിടുത്തമില്ല. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ക്കാണ് ഇന്റര്‍നെറ്റ് തിരികൊളുത്തിയത്. ആഗോളവത്കരണം എന്ന പ്രതിഭാസം ലോകമാസകലം വ്യാപിക്കുവാനും വര്‍ത്തമാനകാലത്തിന്റെ മുഖമുദ്രയായി മാറുവാനും ഇടയാക്കിയത് ഇന്റര്‍നെറ്റിന്റെ വികാസമാണ്.
ഇലക്ട്രോണിക് രേഖാസംജ്ഞകളെ ദ്വന്ദസംഖ്യാസംജ്ഞകളായി പരിവര്‍ത്തിപ്പിക്കുന്ന മോഡത്തിന്റെ (MODEM) കണ്ടുപിടുത്തമായിരുന്നു ഇന്റര്‍നെറ്റ് വിപ്ലവത്തിലെ നാഴികക്കല്ല്. 1960-കളില്‍ അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്പ്യൂട്ടറുകളെ ഏകോപിപ്പിക്കാനായി സമാരംഭം കുറിച്ച ഇന്റര്‍നെറ്റ് ഗവേഷണം, 1962-ല്‍ ഡെന്നിസ് ഹെയ്‌സ് വികസിപ്പിച്ച പേര്‍സണല്‍ കമ്പ്യൂട്ടര്‍ മോഡത്തില്‍ എത്തിയപ്പോള്‍ മാനവരാശിയുടെ ചരിത്രത്തില്‍ ഇന്റര്‍നെറ്റ് യുഗത്തിന് നാന്ദികുറിക്കുകയായിരുന്നു; അത് ഒരു പുതിയ ചരിത്രത്തിനു വഴിമരുന്നിട്ടു. തുടര്‍ന്ന്, 1990-ല്‍ ടിം ബെര്‍ണേഴ്‌സ്-ലീ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ ഗവേഷകന്‍, ആഗോള കമ്പ്യൂട്ടര്‍ ശൃംഖലകളെ ഒന്നാകെ സംയോജിപ്പിക്കുവാനായി വേള്‍ഡ് വൈഡ് വെബ് (World Wide Web – WWW) എന്ന ഇലക്ടോണിക് സൂപ്പര്‍ഹൈവേ രൂപകല്‍പന ചെയ്തതോടെ, ഇന്റര്‍നെറ്റ് യുഗത്തിലെ മഹാവിപ്ലവം അതിന്റെ പാരമ്യതയിലെത്തി. തന്മൂലം ലോകമെമ്പാടുമുള്ള കംപ്യൂട്ടറുകള്‍ തമ്മില്‍ അന്യോന്യം ‘സംസാരിക്കാമെന്ന’ അവസ്ഥ സംജാതമായി. അതേത്തുടര്‍ന്ന് വിവിധ മാധ്യമങ്ങള്‍ തമ്മിലുള്ള സംയോജനവും ഏകോപനവും സാധ്യമായി. ഇന്റര്‍നെറ്റ് മുഖാന്തിരം വിനിമയ-സമ്പര്‍ക്കരംഗത്ത് സംഭവിച്ച ഏറ്റവും വിപ്ലവാത്മകമായ മാറ്റമിതായിരുന്നു. തദ്ഫലമായി വിവിധ വിനിമയ-സമ്പര്‍ക്ക മാധ്യമങ്ങളെല്ലാം ഒരൊറ്റ മാധ്യമത്തിലൂടെ (all-in-one) ലഭ്യമായി. സ്മാര്‍ട്‌ഫോണുകളാണ് ഇന്റര്‍നെറ്റിലൂടെ സംസിദ്ധമായ ഈ അപാരസാധ്യതയുടെ ഉത്തമ ദൃഷ്ടാന്തം. ഈ അപാര സാധ്യത നിമിത്തം പോയനൂറ്റാണ്ടിലെ ഒരു മഹാത്ഭുതമായി ഇന്റര്‍നെറ്റ് മാറി; മനുഷ്യജീവിതത്തിന്റെ അരങ്ങു കീഴടക്കി. ക്രമേണ വ്യക്തികളുടെയും സമൂഹത്തിന്റെയും അവിഭാജ്യ ഘടകമായിത്തീര്‍ന്നു ഇന്റര്‍നെറ്റ്. മനുഷ്യജീവിതത്തെ അത്രമേല്‍ നിയന്ത്രിക്കുന്ന അനിവാര്യതയായി അത് മാറി. പലവ്യഞ്ജന സാധനങ്ങള്‍, ഭക്ഷണം എന്നീ ദൈനംദിന കാര്യങ്ങളില്‍ മുതല്‍ വന്‍കിട സാമ്പത്തിക വ്യവഹാരങ്ങള്‍ക്കും, രാഷ്ട്രീയകക്ഷികളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്കും സമരപരിപാടികള്‍ക്കും വരെ, ഇന്റര്‍നെറ്റ് ഒരു മാധ്യമമായി വര്‍ത്തിക്കുന്നതായി കാണാം. അതുകൊണ്ടാണ് കോവിഡിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഒരു ‘രക്ഷ’യായിത്തീര്‍ന്നത്. ഇന്ന് ‘ഇന്റര്‍നെറ്റ് കൂടാതെ മനുഷ്യജീവിതം അസാദ്ധ്യമാണെന്ന സ്ഥിതിവിശേഷമാണ്. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ഇഷ്ടാനുസൃതം വേണ്ടെന്നുവയ്ക്കുവാനോ ഇന്റര്‍നെറ്റിന്റെ ലോകത്തുനിന്ന് വിട്ടുനില്ക്കുവാനോ സാധിക്കാത്ത സാഹചര്യം; കമ്പ്യട്ടറിനെയും ഇന്റര്‍നെറ്റിനേയുമൊക്കെ ആദ്യകാലത്തു തള്ളിപ്പറയുകയും എതിര്‍ക്കുകയും ചെയ്ത വ്യക്തികളും പ്രസ്ഥാനങ്ങളുമൊക്കെ, പിന്നീട് ഈ സങ്കേതത്തെ സര്‍വാത്മനാ ആശ്ലേഷിക്കുവാനിടയായത് അതുകൊണ്ടാണ്. വളരെ കുറഞ്ഞ ചിലവില്‍, അനായാസമായി സമീപത്തും വിദൂരത്തുമുള്ള വ്യക്തികളോടും സ്ഥാപനങ്ങളോടും, സ്ഥല-കാല പരിധികളില്ലാതെ വിനിമയത്തിലേര്‍പ്പെടുവാനും ക്രയവിക്രയം നടത്തുവാനും കഴിയുമെന്നായപ്പോള്‍, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഒരു സ്വകാര്യാഭിമാനമായി ഇന്റര്‍നെറ്റ് മാറി.