ശ്രീനാരായണഗുരുവും മനുഷ്യജാതിയും – ഡോ. കെ. ബാബു ജോസഫ്

കൊല്ലവര്‍ഷം 1104 കന്നി 5-ാം തീയതിയാണ് ശ്രീനാരായണഗുരു സമാധിയടഞ്ഞത്. മരണമടുത്തുവെന്ന് മനസ്സിലാക്കിയ അദ്ദേഹം ചുറ്റും നിന്നിരുന്ന ശിഷ്യരോട് പറഞ്ഞു: ”നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു.” ദൈവദശകമെന്ന തന്റെ ഹ്രസ്വകൃതിയിലെ അവസാന ശ്ലോകം ചൊല്ലിക്കേള്‍ക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ശിഷ്യര്‍ ആ പ്രാര്‍ത്ഥന മൃദുലസ്വരത്തില്‍ ചൊല്ലി:


ആഴമേറും നിന്‍മഹസ്സാം

ആഴിയില്‍ ഞങ്ങളാകവേ

ആഴണം, വാഴണം നിത്യം

വാഴണം വാഴണം സുഖം.

ഇതുകേട്ടുകൊണ്ടാണ് അദ്ദേഹം ശാന്തി പ്രാപിച്ചത്.


92 വര്‍ഷം മുമ്പ് നടന്ന ഈ വേര്‍പാട് കേരളത്തിന് മാത്രമല്ല, ഭാരതത്തിന് മൊത്തത്തില്‍ സംഭവിച്ച ഒരു മഹാനഷ്ടമാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പാരംഭിച്ച ജാതിസമ്പ്രദായം, അല്‍പം മാര്‍ദവത്തോടെ ഭാരതത്തില്‍ ഇപ്പോഴും തുടരുന്നുണ്ടല്ലോ. 1892-ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന്‍ ഇവിടുത്തെ ജാതി സമ്പ്രദായത്തിന്റെ കാഠിന്യം കണ്ടിട്ട്, കേരളത്തെ ”ഭ്രാന്താലയം” എന്നു വിശേഷിപ്പിച്ചത് ചരിത്രമാണ്. ജാതിക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഗുരുവിനെ ഒരു ദാര്‍ശനികനെന്നതിലുപരി വിപ്ലവകാരിയായ സാമൂഹികപരിഷ്‌കര്‍ത്താവെന്ന കീര്‍ത്തിക്ക് അര്‍ഹനാക്കിയത്.


‘ജാതിനിര്‍ണ്ണയം’ എന്ന രചനയിലാണ് ഗുരു ജാതിക്കെതിരെയുള്ള തന്റെ പ്രസിദ്ധമായ വരികള്‍ ഉള്‍ക്കൊള്ളിച്ചത്.


ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

ഒരു യോനിയൊരാകാരമൊരുഭേദവുമില്ലതില്‍

ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി

നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും

പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?


ജാതി എന്ന ശബ്ദത്തെ സ്പീഷീസ് എന്ന ജീവശാസ്ത്രപരമായ അര്‍ത്ഥത്തില്‍ വേണം പരിഗണിക്കേണ്ടതെന്നാണ് ശാസ്ത്രീയമാനങ്ങളുള്ള ഈ നിരീക്ഷണം. ജാതിലക്ഷണം എന്ന അദ്ദേഹത്തിന്റെ മറ്റൊരു കാവ്യത്തില്‍, ജീവശാസ്ത്രപരമായ ഒരു നിര്‍വചനം നല്‍കുന്നു:


പുണര്‍ന്നു പെറുമെല്ലാമൊ-

രിനമാം; പുണരാത്തത്

ഇനമല്ലിനമായിങ്ങൊ-

രിണയാര്‍ന്നൊത്തുകാണ്‍മതും

സസ്തനികളെല്ലാം ഒരിനം അല്ലെങ്കില്‍ കിംഗ്ഡം ആണെന്ന് സൂചന. ഒരേ സ്പീഷീസില്‍പെട്ട മൃഗങ്ങളെ ഇണചേരാറുള്ളൂ എന്ന വസ്തുതയുടെ പ്രഖ്യാപനമാണോ ഈ ശ്ലോകത്തിന്റെ മൂന്നും നാലും വരികളെന്ന് തോന്നും.


ജാതി, മതം, ദൈവം എന്നിവയേപ്പറ്റി ഗുരു സ്വീകരിച്ച നിലപാടെന്തായിരുന്നുവെന്ന് നോക്കാം. ജാതിയെന്നാല്‍ മനുഷ്യരുടെ, അല്ലെങ്കില്‍ ഹോമോ സാപ്പിയന്മാരുടെ സ്പീഷീസെന്നര്‍ത്ഥം. വ്യക്തികള്‍ക്കിടയിലെ ഭിന്നതകള്‍ തൊലിപ്പുറത്തുള്ളവ മാത്രമാണ്. ജീവശാസ്ത്രപരമായി, എല്ലാ മനുഷ്യരും തുല്യരാണ്. ഒരേ അവയവങ്ങളും അവയുടെ പ്രവര്‍ത്തനവും ഒരേ രീതിയില്‍. നിസ്സാരമായ വ്യത്യാസങ്ങളേ മതങ്ങള്‍ തമ്മിലും, ദൈവങ്ങള്‍ തമ്മിലും ഉള്ളൂവെന്ന് ഇതിനോട് ചേര്‍ത്തുവായിക്കണം. ഒരു ദൈവമേ ഉള്ളൂവെന്നും, ആ ദൈവത്തെ വ്യത്യസ്ത രൂപങ്ങളില്‍, സവിശേഷതകളോടെ വിഭാവനം ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു. ഗുരു നടത്തിയ ശിവലിംഗ പ്രതിഷ്ഠയും കണ്ണാടി പ്രതിഷ്ഠയും പ്രതീകാത്മക പ്രാധാന്യം ഉള്ളവയാണ്.


യക്ഷി, പേയ്, മല്ലന്‍, മറുത, ചാവുണ്ണി തുടങ്ങിയ മൂര്‍ത്തികളെ അവര്‍ണ വിഭാഗങ്ങള്‍ ഇഷ്ടദൈവങ്ങളായി ആരാധിച്ചിരുന്നു. സവര്‍ണ വിഭാഗങ്ങള്‍ ആരാധിച്ചിരുന്ന ശിഷ്ടദൈവങ്ങളെ ആരാധിക്കാന്‍ അദ്ദേഹം ഉപദേശിച്ചുവത്രേ. എല്ലാ ദൈവങ്ങളും തുല്യരാണെങ്കില്‍ എന്തുകൊണ്ട് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞു? സവര്‍ണദൈവങ്ങളെ ആരാധിക്കുന്നതിലൂടെ, അവരുമായി സമത്വം കൈവരിക്കാവുന്നതാണെന്ന ചിന്തയാവാം അദ്ദേഹത്തെ പ്രേരിപ്പിച്ചത്.


മൈസൂര്‍, ചെന്നൈ, ശ്രീലങ്ക തുടങ്ങിയ പല പ്രദേശങ്ങളിലും പോയി ഗുരു ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി. ശിവഗിരിയില്‍ വിദ്യയുടെ ദേവതയായ സരസ്വതിയേയും, മറ്റുചില അമ്പലങ്ങളില്‍ സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ ലക്ഷ്മിയേയും അദ്ദേഹം പ്രതിഷ്ഠിച്ചു. ശിവന്‍ ഉര്‍വരതയുടെയും ശക്തിയുടെയും ദൈവമായി കരുതപ്പെടുന്നു. ഇത്തരം നടപടികളുടെ പിന്നില്‍ ഗുരുവിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. ”സംഘടിച്ച് ശക്തരാകുവിന്‍” എന്നദ്ദേഹം ഉദ്‌ബോധിപ്പിച്ചതിന്റെ ഫലമാണല്ലോ എസ്.എന്‍.ഡി.പി. സംഘടന. സമ്പത്തിനും വിദ്യാഭ്യാസത്തിനും പുറമേ, തുല്യതാബോധവും നേടുക എന്ന ജനാധിപത്യപരമായ സന്ദേശമാണ് വിഗ്രഹപ്രതിഷ്ഠകളിലൂടെ അദ്ദേഹം സംഭാവന ചെയ്തത്.


മതങ്ങളുടെ തുല്യത ഗുരുവിന് ഏറ്റവും പ്രിയപ്പെട്ട ആശയങ്ങളിലൊന്നാണ്. മതസൗഹാര്‍ദം പുലരുന്നതിന്, വ്യത്യസ്ത മതങ്ങള്‍ വ്യത്യസ്ത സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ബോധ്യപ്പെടണം. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഭാഷയുടെ സ്ഥാനമേ മതത്തിനുള്ളൂവെന്ന് സമ്മതിക്കണം. വിഭിന്നങ്ങളായ ജനസമൂഹങ്ങള്‍ തങ്ങളുടേതായ ഭാഷയും സംസ്‌കാരവും വികസിപ്പിച്ച കൂട്ടത്തില്‍, മതവും ആവിഷ്‌കരിച്ചിരിക്കണം. പൗരാണിക ഹിന്ദൂയിസത്തിന് ഈ രീതിയിലുള്ള ബഹുത്വം പുത്തരിയല്ല. എന്നാല്‍, സെമറ്റിക്ക്മതങ്ങളുടെ ചരിത്രത്തില്‍, ഇമ്മാതിരിയുള്ള സഹിഷ്ണുത പ്രദര്‍ശിപ്പിക്കപ്പെട്ടുകാണുന്നില്ല. സ്വന്തം മതത്തിന് വെളിയിലുള്ളവരെ അവിശ്വാസികളായിട്ടാണ് അവര്‍ കരുതിയിരുന്നത്. ഹിന്ദുത്വ എന്നറിയപ്പെടുന്ന, ഹിന്ദുവീക്ഷണത്തിന്റെ പുതിയ ആവിഷ്‌കാരമെന്ന് സ്വയംപ്രഖ്യാപിക്കുന്ന, പ്രസ്ഥാനത്തിന് സെമറ്റിക്ക് അസഹിഷ്ണുത അനുകരണീയമായി തോന്നുന്നു. ഗുരുവിന്റെ അനുയായികളില്‍ ചിലരെങ്കിലും ഈ പാതയിലൂടെ സഞ്ചരിക്കുകയാണോയെന്ന് സംശയിക്കണം. ഹിന്ദൂയിസം ഒരു ദര്‍ശനസംഹിതയാണെങ്കില്‍, ഹിന്ദുത്വയെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായേ കാണാന്‍ കഴിയൂ. മതം, ജാതി, വര്‍ഗം തുടങ്ങിയവയുടെ പേരില്‍ ജനങ്ങളെ വിഭജിച്ചു കാണുന്നതിനെതിരായിരുന്നു ഗുരുവെങ്കില്‍, ഹിന്ദുത്വപ്രസ്ഥാനം വിഭജനത്തിലൂടെ ആധിപത്യം സ്ഥാപിക്കുന്നതാണ് ലക്ഷ്യമാക്കുന്നത്.


മതങ്ങളെല്ലാം തുല്യമാണെന്ന വീക്ഷണമാണ് ഗുരു പഠിപ്പിച്ചത്. അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പറഞ്ഞതായി പ്രഫ. എം.കെ. സാനു രചിച്ച ‘നാരായണഗുരുസ്വാമി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്: ‘മതങ്ങള്‍ തമ്മില്‍ പൊരുതിയാല്‍ ഒടുങ്ങാത്തതുകൊണ്ട്, ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാകണമെങ്കില്‍, എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍, പ്രധാന തത്ത്വങ്ങളില്‍ അവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ‘ഏകമതം’.’