ഛായാമരണം കുറ്റാന്വേഷണ നോവലാണോ?  – എന്‍.ഇ.സുധീര്‍

മൊഴിയാഴം


കുറ്റാന്വേഷണകഥകള്‍ക്ക് സാഹിത്യ തറവാട്ടില്‍ ആരാധകര്‍ ധാരാളമുണ്ട്. ടി.എസ്. എലിയറ്റ് തൊട്ട് എം.ടി. വാസുദേവന്‍ നായര്‍ വരെ ക്രൈം ഫിക്ഷനുകള്‍ വായിച്ചു രസിക്കുന്നവരാണ്. എന്നാല്‍ ഇപ്പോഴും സാഹിത്യമണ്ഡലത്തില്‍ കുറ്റാന്വേഷണരചനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൈവന്നിട്ടില്ല. ലോകസാഹിത്യത്തില്‍ അവയ്ക്കിപ്പോഴും ‘ശ്രേഷ്ഠ’ സ്ഥാനം നല്‍കാന്‍ സാഹിത്യ പണ്ഡിതന്മാര്‍ക്ക് പൊതുവില്‍  മടിയാണ്. അപസര്‍പ്പകസാഹിത്യത്തോടുള്ള മനോഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ അടുത്ത കാലത്തായി കാണുന്നുണ്ട്. യൂറോപ്പിലെ  കുറ്റാന്വേഷണകൃതികള്‍ക്ക് വലിയ സ്വീകാര്യത തന്നെ സാഹിത്യവായനക്കാര്‍ക്കിടയില്‍ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അവയുടെ സ്വാധീനം മറ്റു ഭാഷകളിലെ സാഹിത്യത്തിലും കാണാന്‍ തുടങ്ങിയിട്ടുമുണ്ട്. പരസ്പരം പ്രേരകശക്തിയാവുക എന്നത് കുറ്റാന്വേഷണ എഴുത്തുകാര്‍ക്കിടയിലെ പതിവുരീതിയാണ്.


നോവലുകളുടെ രംഗത്ത്  ഇപ്പോള്‍ കണ്ടു വരുന്ന ഇത്തരം വേര്‍തിരിവ് അവയുടെ സാഹിത്യമൂല്യം തിരിച്ചറിയുന്നതില്‍ വിലങ്ങുതടിയാവുന്നു എന്നും കാണാം. ദസ്‌തെയോവ്‌സ്‌കിയുടെ ക്രൈം ആന്റ് പണിഷ്‌മെന്റ് ഒരു കുറ്റാന്വേഷണനോവലായല്ല വായിക്കപ്പെടുന്നത്. എന്നാല്‍ ഇക്കാലത്താണ് അത് പ്രസിദ്ധീകരിക്കപ്പെടുന്നതെങ്കില്‍ അങ്ങനെയാവും ആ രചന അറിയപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുക. ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ. വിശ്വസാഹിത്യത്തില്‍ ഇങ്ങനെ ധാരാളം ഉദാഹരണങ്ങള്‍ കണ്ടെത്താനാവും. ജെയിംസ് എം. കെയിന്‍ എഴുതിയ The Postman Always Rings Twice എന്ന നോവല്‍ മറ്റൊരു പ്രസിദ്ധമായ ക്രൈം നോവലാണ്. അതേസമയം കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യകൃതിയായും ഇത് കണക്കാക്കപ്പെടുന്നു.


ഇത്തരം വര്‍ഗീകരണം സൃഷ്ടിക്കുന്ന പ്രതിസന്ധി സാഹിത്യരംഗത്ത് പുതിയതാണ്.   ഇപ്പോള്‍ കുറ്റാന്വേഷണസാഹിത്യത്തെപ്പറ്റി ചിന്തിക്കാനിടയാക്കിയത് പ്രവീണ്‍ ചന്ദ്രന്‍ എഴുതിയ ‘ഛായാമരണം’ എന്ന പുതിയ  നോവല്‍ വായിച്ചപ്പോഴാണ്. പ്രസാധകരായ മാതൃഭൂമി ബുക്‌സ് പ്രവീണ്‍ ചന്ദ്രന്റെ ഏറ്റവും പുതിയ കുറ്റാന്വേഷണനോവല്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.  ഇത്തരമൊരു വര്‍ഗീകരണം ഈ  കൃതിയുടെ കാര്യത്തില്‍ അനാവശ്യമാണ് എന്നാണ് എന്നിലെ വായനക്കാരന്‍ കരുതുന്നത്.


പുതിയ കാലത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സൈബര്‍ ലോകവും സോഷ്യല്‍ മീഡിയയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന കാലം. അതില്‍ മുഴുകി  ജീവിക്കുന്നവരും അതുപോലെ അതിന്റെ ഇരകളാവാന്‍ വിധിക്കപ്പെട്ടവരും ഈ നോവലിന്റെ ഭാഗമാണ്. പ്രഫസര്‍ സിദ്ധാര്‍ഥന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നോവലിന്റെ ഇതിവൃത്തം. സിസിലി റോസ് എന്ന എഴുത്തുകാരിയുമായി അദ്ദേഹം അടുപ്പത്തിലാണ്. അടുപ്പത്തിലാണ് എന്ന വാക്ക് ആ ബന്ധത്തെ അടയാളപ്പെടുത്താന്‍ പ്രാപ്തിയുള്ളതാണ് എന്ന് ഞാന്‍ കരുതുന്നില്ല.  അവര്‍ തമ്മിലുള്ള ബന്ധം നിര്‍വചിക്കാനാവാത്തതാണെന്ന് നോവലില്‍ ഒരിടത്തു പറയുന്നുമുണ്ട്. കോളജില്‍ ഒന്നിച്ചു പഠിച്ച ശിവദാസനെന്ന സുഹൃത്തിന്റെ ഭാര്യയാണ് സിസിലി. ശിവദാസന്‍ ഒരു ഗവണ്‍മെന്റുദ്യോഗസ്ഥനായും സിദ്ധാര്‍ഥന്‍ കോളജദ്ധ്യാപകനായും ജീവിച്ചു. കോളജുകാലത്തിനുശേഷം അവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഫോണിലൂടെ  അവര്‍ ബന്ധപ്പെടുന്നു. അങ്ങനെ ഒരു നാള്‍ സിദ്ധാര്‍ഥന്‍ ശിവദാസന്റെ വിട്ടിലെത്തുന്നു. ശിവദാസന്റെ ഭാര്യയാണ്  ക്രൈം ഫിക്ഷന്‍ എഴുത്തുകാരിയായ സിസിലി റോസ്  എന്ന് മനസ്സിലാക്കുന്നു.  അവരുടെ നോവലുകളെല്ലാം തന്നെ സിദ്ധാര്‍ത്ഥന്‍ വായിച്ചിട്ടുണ്ട്. വായനക്കാരനും എഴുത്തുകാരിയും തമ്മിലുള്ള ഒരടുപ്പം അവിടം മുതല്‍ പുതിയ തലത്തിലെത്തുന്നു. സിദ്ധാര്‍ഥന്‍ ആ വീട്ടിലെ പതിവു സന്ദര്‍ശകനാവുന്നു.


പെട്ടെന്നുണ്ടായ ശിവദാസന്റെ മരണത്തോടെ അവരുടെ അടുപ്പം ശക്തിപ്പെടുന്നു. ഇരുവരും വൈകാരികമായി പരസ്പരാശ്രിതരാവുന്നു. ഭാര്യയില്‍ നിന്നും മകളില്‍ നിന്നും പ്രഫസര്‍ ഈ ബന്ധം മറച്ചുവയ്ക്കുന്നു. സിസിലിയുടെ മകള്‍ക്ക് ഈ ബന്ധം അറിയാമായിരുന്നു. എന്നാല്‍ അവളതിനെ ഇഷ്ടപ്പെട്ടില്ല. ഇതാണ് നോവലിന്റെ  പൊതുവായ പശ്ചാത്തലം.


പ്രഫസര്‍ യാദൃച്ഛികമായി  ഔദ്യോഗിക സ്ഥലത്ത് വച്ച്  കാണാനിടയായ ഒരു മരണം അയാളെ ചില സന്ദേഹങ്ങളിലെത്തിക്കുന്നു. അതൊരു അസ്വാഭാവിക മരണമാണോ എന്ന സംശയം അയാള്‍ക്കുണ്ടാവുന്നു. ആ സംഭവം ഒരു നോവലിന് പ്രയോജനപ്പെട്ടേക്കാം എന്നൊരു ചിന്തയും അയാളിലുണ്ടായി. സിസിലി റോസ് ശിവദാസന്റെ മരണത്തോടെ എഴുത്തില്‍ നിന്ന് അകന്നിരിക്കുകയായിരുന്നു. സിസിലിക്ക് പ്രയോജനപ്പെട്ടേക്കാവുന്ന  ഒരു കുറ്റാന്വേഷണകഥ ആ സംഭവത്തില്‍ അയാള്‍ കാണുകയും സിസിലിയെക്കൊണ്ട് അതെഴുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ ആ മരണത്തിന്റെ അന്തര്‍നാടകങ്ങള്‍ തേടി അവരിരുവരും സഞ്ചരിക്കുന്നു. നോവലെഴുതാനായി മുന്നോട്ടുപോയ അന്വേഷണം അവരുടെ ജീവിതത്തില്‍  വലിയ പ്രതിസന്ധികളുണ്ടാക്കുന്നു. മറ്റ് ചില മരണങ്ങളും കൂട്ടത്തില്‍ സംഭവിക്കുന്നു. കുറ്റാന്വേഷണസ്വഭാവമുള്ള കഥയായതിനാല്‍ തുടര്‍ഭാഗങ്ങള്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല.  


പ്രവീണിന്റെ നോവലിനകത്ത് അതിശക്തമായ ഒരു കുറ്റാന്വേഷണ കഥ നിറഞ്ഞു കിടപ്പുണ്ട്. എന്നാല്‍ ആ കൃതി അതു മാത്രമല്ല. അതിനുവേണ്ടി മാത്രം എഴുതപ്പെട്ടതുമല്ല. എടുത്തു കാണിക്കാവുന്ന ഒരു കുറ്റാന്വേഷക കഥാപാത്രം പോലുമില്ലെന്നും പറയാം. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ഒരു സമാന്തരലോകത്തെ സൃഷ്ടിക്കുകയും അവിടെ നടക്കുന്ന വിചിത്രമായ സംഭവങ്ങള്‍ ഉദ്വേഗജനകമായ ആഖ്യാനചാരുതയോടെ പ്രവീണ്‍ നമുക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുകയാണ്. അതോടൊപ്പം പ്രഫസറും എഴുത്തുകാരിയും തമ്മിലുള്ള ബന്ധത്തിന്റെ മനോഹരമായ ഒരു തലം നോവലില്‍ വികാസം കൊള്ളുന്നുണ്ട്. അതുണ്ടാക്കുന്ന സങ്കീര്‍ണതകളെയും പ്രവീണ്‍ അവതരിപ്പിക്കുന്നുണ്ട്. കഥയെയും കഥയ്ക്കകത്തെ കഥയെയും ഇഴചേര്‍ത്ത് കൊണ്ടുപോവുന്നതിലും നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പാളിച്ചകള്‍ പറ്റിയിട്ടില്ലെന്നല്ല. കുറ്റാന്വേഷണ നോവലിസ്റ്റിന് കഥയിലുടനീളം  അതിസൂക്ഷ്മമായ യുക്തി നിലനിര്‍ത്താന്‍ കഴിയണം. ഛായാമരണം ഇക്കാര്യത്തില്‍ നല്ല വിജയം കൈവരിച്ചിട്ടുണ്ട്. ഒന്നു രണ്ടിടങ്ങളില്‍ ചെറിയ പ്രശ്‌നങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ അവ കഥയുടെ ശക്തിയെ ക്ഷയിപ്പിക്കുന്നത്ര കടുത്തവയായിരുന്നില്ല. മറ്റൊരു പ്രധാന കാര്യം കഥയുടെ നിഗൂഢമായ മര്‍മം അവസാനം വരെ രഹസ്യമാക്കി  വയ്ക്കുക എന്നതാണ്. നോവലിസ്റ്റ് അക്കാര്യത്തില്‍ പരാജയപ്പെട്ടു എന്നാണ് എന്റെ അനുഭവം. സ്വാഭാവികമായും ഇത് ആപേക്ഷികമായ കാര്യമാണ്. ഇക്കാര്യത്തില്‍ എല്ലാ വായനക്കാരും ഒരുപോലെ അനുഭവസ്ഥരാവണമെന്നില്ല. യഥാര്‍ത്ഥ സത്യത്തിലേക്ക്  എത്താതെ വായനക്കാരെ  തെറ്റായ വഴിയിലൂടെ കൊണ്ടുപോവുന്നതില്‍ വേണ്ടത്ര സാമര്‍ത്ഥ്യം കഥാകാരന്‍ കാണിച്ചിട്ടില്ല. സത്യം അറിയാനുള്ള ഉത്കണ്ഠ നിലനിര്‍ത്തുന്നതില്‍ മിടുക്ക് കാണിച്ചിട്ടുമുണ്ട്.


നോവലിലെ വൈകാരിക തലത്തിന്റെ ബലത്തിനും ചില പോറലുകള്‍ സംഭവിച്ചിട്ടുണ്ട്. കഥയുടെ കുറ്റാന്വേഷണസ്വഭാവം ഇത്തരം പോറലുകളെ വായനക്കാരനില്‍ നിന്നു  മറച്ചുവച്ചു എന്നതാണ് സത്യം. ദാമ്പത്യജീവിതത്തിന്റെ പ്രശ്‌നങ്ങളും അതിന്റെ വിരസതയുമൊക്കെ ഭംഗിയായി ചിത്രീകരിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അതിന് ജീവന്‍ നഷ്ടപ്പെടുന്നതുപോലെ തോന്നി. നോവലിലൂടെ ചില ബന്ധങ്ങളെ പുനര്‍നിര്‍വചിക്കാന്‍ നോവലിസ്റ്റ് ഒരു ശ്രമം നടത്തുന്നുണ്ട്.