ചെറുകഥാകൃത്തും കലാതത്ത്വചിന്തകനുമായിരുന്ന ടി.ആറുമായി നടത്തിയ അഭിമുഖം

പ്രതിഭയുടെ സര്‍പ്പസാന്നിദ്ധ്യം


വേണു: പൊള്ളയായ നമ്മുടെ കാലത്തെപ്പറ്റി? ടി.ആര്‍: നമ്മുടെ കാലം പൊള്ളയല്ല. ശാസ്ത്രശാഖകളിലും ചരിത്രഗവേഷണത്തിലും പുരാവസ്തുപഠനത്തിലും മറ്റും അഭൂതപൂര്‍വമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നമ്മുടെ കൊച്ചുകുട്ടികളുടെപോലും പൊതുവിജ്ഞാനവും സാമാന്യജ്ഞാനവും വളരെ വലുതാണ്. കലകളുടെയും അവയെക്കുറിച്ചുള്ള പഠനങ്ങളുടെയും ആഴവും പരപ്പും വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഓരോ ദിവസവും ഓരോ വിജ്ഞാനശാഖ പിറവികൊള്ളുന്നു. 1500 മുതല്‍ 1600 വരെയുള്ള 100 വര്‍ഷം കണ്ടു പുരോഗതി 1980 മുതല്‍ 1990 വരെയുള്ള പത്തുവര്‍ഷം കണ്ടു. മാര്‍ക്‌സിന്റെ ഭാഷയില്‍ വേഗത്തിന്റെ വേഗമെന്നു


വിളിക്കാവുന്ന ഈ പ്രതിഭാസം നാം കാണാതിരിക്കരുത്.


വേണു: വായനയുടെ ലോകത്തില്‍ അങ്ങയെ മോഹിപ്പിച്ച പുസ്തകങ്ങള്‍? കാരണം?


ടി.ആര്‍: കാല്‍വിനോയുടെ പാലോമര്‍, കടല്‍, ഗ്രാമം, നഗരം, ആകാശം, ജനനം, മരണം, ലൈംഗികത എന്നീ ക്രമത്തില്‍ അഗാധദാര്‍ശനിക വീക്ഷണം പ്രകടമാക്കുന്ന കൃതി. ആദ്യത്തെ ആധുനിക നോവലായ മന്‍സോണിയുടെ ‘ദി ബിട്രോത്ത്ഡ്’ – ആഖ്യാനകോണിലുള്ള നവീനതയാണതിനു കാരണം. കപ്പന കൃഷ്ണമേനോന്റെ ‘ചേരമാന്‍ പെരുമാള്‍’ എന്ന ചരിത്രാഖ്യായിക, ഒരു കേരളീയനായതില്‍ ആത്മഹര്‍ഷം ഉല്‍പ്പാദിപ്പിച്ചു.


വേണു: മൗലിക കലാകാരന്മാരെന്നു കരുതപ്പെടുന്നവരുടെ പൊയ്ക്കാല്‍ ഇരട്ട ജീവിതനൃത്തത്തെപ്പറ്റി?


ടി.ആര്‍: കാലം, പ്രകൃതി, സമൂഹം എന്നീ ഘടകങ്ങള്‍ ഏതൊരാളുടെയുമെന്നപോലെ കലാകാരന്റെയും വ്യക്തിത്വത്തെ ശിഥിലീകരിക്കും. അത് പൊയ്ക്കാലും സംഭാവന ചെയ്യും. സ്വച്ച, അനിവാര്യത, ആകസ്മികത എന്നീ മൂന്നു ഘടകങ്ങളാണ് മനുഷ്യവ്യക്തിത്വത്തിന്റെ ഭവിഷ്യത് നിര്‍ണയിക്കുന്നത്. അത്യന്തം സങ്കീര്‍ണമായ ഈ വിധിനിര്‍ണയത്തില്‍ പൊയ്ക്കാല്‍ കൂടിയേതീരൂ. മറ്റൊന്ന്, അമ്മയുടെ മുന്നില്‍ കാമിനിയുടെ മുന്നിലെന്നപോലെ ശൃംഗാരചേഷ്ട പാടില്ല. അവിടെ പൊയ്ക്കാല്‍ വേണം.


വേണു: യുവാക്കളിലെ സരഗാത്മകത.


ടി.ആര്‍: മനുഷ്യജീവിതത്തില്‍ യൗവനത്തിലാണ് സര്‍ഗാത്മകത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്.In youth the music of the flesh is heard melodiously എന്ന് ട്രില്ലിംഗ് പറഞ്ഞതോര്‍ത്തുപോകുന്നു. മൗലികതയും ഭാവനയും വാസ്തവത്തില്‍ വിഭ്രമാത്മകതയുടെ സന്തതികളാണ്. വിഭ്രമാത്മകത അപക്വതയില്‍നിന്നും ജനിക്കുന്നു. അപക്വതയാവട്ടെ യൗവനത്തിന്റെ പ്രത്യേകതയും. സര്‍ഗവ്യാപാരം സ്വാഭാവികമായും തിരുതകൃതിയാകുന്നത് യൗവനത്തിലാണ്. യൗവനം പിന്നിട്ടവരുടെ സര്‍ഗവ്യാപാരത്തിന്റെ സ്രോതസ്സ്


യൗവനത്തെക്കുറിച്ചുള്ള ഓര്‍മയാണ്. യൗവനത്തിലെ അനുഭൂതികള്‍ എന്നുമെന്നും ഓര്‍മിക്കുകയും അവയെപ്പറ്റി എഴുതുകയും വരയ്ക്കുകയും പാടുകയും ചെയ്യുമ്പോഴും കല ഉണ്ടാകുന്നു.