മലയാള സാഹിത്യ വിമര്‍ശനത്തില്‍ – ഡോ. മാത്യു ഡാനിയല്‍

ക്രിസ്തുസാന്നിധ്യം


മലയാളസാഹിത്യവിമര്‍ശനത്തിന് ഒരു നൂറ്റാണ്ടിലേറെ ചരിത്രമുണ്ട്. തുടക്കം മുതല്‍ പൗരസ്ത്യവും പാശ്ചാത്യവുമായ സാഹിത്യവിമര്‍ശന പദ്ധതികളുടെ ചുവടു പിടിച്ചാണ്, മലയാള വിമര്‍ശം വികാസംകൊണ്ടത്. ആദ്യകാല വിമര്‍ശകര്‍ പൗരസ്ത്യ കാവ്യമീമാംസയുടെ മാര്‍ഗം അവലംബിച്ചപ്പോള്‍ പില്‍ക്കാല വിമര്‍ശകര്‍ പാശ്ചാത്യ സാഹിത്യ ദര്‍ശനങ്ങളെയാണ്, പിന്‍തുടര്‍ന്നത്. ഉത്തരാധുനിക ഘട്ടത്തില്‍ എത്തിനില്ക്കുമ്പോഴാകട്ടെ, പാശ്ചാത്യനാടുകളില്‍ മുളച്ചുപൊന്തുന്ന നവീന വിമര്‍ശ സങ്കേതങ്ങളെ വേണ്ടത്ര വിവേചനമില്ലാതെ സ്വീകരിക്കുന്നതിനും ശ്രമിച്ചു കാണുന്നുണ്ട്. ഒപ്പം മാര്‍ക്‌സിസംപോലെയുള്ള വിവിധ പ്രത്യയശാസ്ത്രങ്ങളും തത്ത്വചിന്താപദ്ധതികളും സാഹിത്യവിമര്‍ശനത്തെ സ്വാധീനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സാഹിത്യവിമര്‍ശനത്തിലെ ക്രിസ്തുസാന്നിധ്യം അന്വേഷിക്കുന്നതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഒരന്വേഷണത്തിന് ആരംഭം കുറിക്കുക മാത്രമാണിവിടെ.


ഒന്നുരണ്ടു വസ്തുതകള്‍ ആദ്യമേ ഓര്‍മിക്കേണ്ടതുണ്ട്. ഒന്ന്, ബൈബിളും ക്രിസ്തുവും പരസ്പരം ഇഴചേര്‍ന്നിരിക്കുന്നതുകൊണ്ട് വേറിട്ടു കാണാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല; അതിനിവിടെ ഒരുമ്പെടുന്നില്ല. പര്യായപദങ്ങളെപ്പോലെയാണ്, വിവക്ഷിക്കുന്നത്. രണ്ട്, ക്രിസ്തു എന്നു വിവക്ഷിക്കുന്നത് ക്രിസ്തു വിഭാവനം ചെയ്ത ജീവിതദര്‍ശനത്തെയാണ്; സങ്കുചിതമായ അര്‍ത്ഥത്തിലല്ല. ക്രിസ്തു വിഭാവനം ചെയ്ത മനുഷ്യദര്‍ശനവും ദൈവദര്‍ശനവും വിമോചനസങ്കല്പങ്ങളുമെല്ലാം ആ പരിധിയില്‍ ഉള്‍പ്പെടുന്നു. ക്രിസ്തുദര്‍ശനത്തില്‍, ദൈവം സ്‌നേഹപിതാവാണ്; മനുഷ്യര്‍ ദൈവസുതരും- അതുകൊണ്ട് സഹോദരരും. പഴകിയുറച്ചുപോയ പരീശരുടെയും ശാസ്ത്രിമാരുടെയും പുരോഹിതരുടെയും നൈതികബോധത്തെ അതിലംഘിക്കുന്ന ധാര്‍മികതയാണ്, ക്രിസ്തു വിഭാവനം ചെയ്തത്. പുതിയ മനുഷ്യനെക്കുറിക്കുന്ന സ്വപ്നവും അതില്‍നിന്ന് ഉയിരെടുത്ത മൂല്യബോധവും ക്രിസ്തുദര്‍ശനത്തിന്റെ ഹൃദയഭാവമാണ്. മൂന്ന്, ക്രിസ്തുദര്‍ശനത്തിന്റെ സ്വാധീനം ആവിഷ്‌ക്കാരതലത്തിലും ദര്‍ശനതലത്തിലും ഉണ്ടാവാം. എന്നാല്‍ ഇതര സര്‍ഗാത്മക രചനകളെപ്പോലെ (കവിത, കഥ, നോവല്‍, നാടകം) ആ സ്വാധീനം സാഹിത്യവിമര്‍ശനത്തില്‍ പ്രകടമാവണമെന്നില്ല; ദര്‍ശനതലത്തിലാണ്. അതുകൊണ്ട് ദര്‍ശനവിചാരവുമായി ബന്ധപ്പെട്ടു വേണം സാഹിത്യവിമര്‍ശനത്തിലെ ക്രിസ്തുസാന്നിധ്യം അന്വേഷിക്കേണ്ടത്.


ദര്‍ശനം സാഹിത്യവിചാരത്തില്‍


എന്താണ്, സാഹിത്യവിചാരത്തില്‍ ദര്‍ശനം എന്നതുകൊണ്ട് അര്‍ത്ഥമാക്കുക? ദര്‍ശനം സ്രഷ്ടാവിന്റെ ആത്മാംശമാണ്, രചനയിലായാലും വിമര്‍ശനത്തിലായാലും. കൃതിയില്‍ ഉടനീളം അന്തര്‍വാഹിയായി വര്‍ത്തിക്കുന്ന ദര്‍ശനം എഴുത്തുകാരന്റെ സ്വകീയ മുദ്രയാണ്. ജീവിതത്തെ ചുഴന്നു നില്ക്കുന്ന ദുരൂഹതയാണ് എഴുത്തുകാരനെ അന്വേഷിയാക്കുക. പ്രതിജനഭിന്നവിചിത്രമായ മനുഷ്യകഥ അനുസന്ധാനം ചെയ്യുന്നതിലൂടെ, അപഗ്രഥിക്കുന്നതിലൂടെ ജീവിതത്തെക്കുറിച്ച് സ്വകീയമായ ഒരു ദര്‍ശനത്തില്‍ അയാള്‍ എത്തിച്ചേരുന്നു; കാഴ്ചപ്പാട് എന്ന് അര്‍ത്ഥമാക്കിയാല്‍ മതിയാവും. ഈ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതില്‍ അയാള്‍ ഉള്‍പ്പെട്ടു നില്ക്കുന്ന സാംസ്‌കാരിക പരിതോവസ്ഥകള്‍ക്ക് നിര്‍ണായകമായ പങ്കുണ്ട്; അക്കൂട്ടത്തില്‍ മതബോധവുമുണ്ട്. അയാള്‍ മതാനുയായിയാവാം, മതനിഷേധിയാവാം- അതിന്റെ പിന്നില്‍ സവിശേഷമായ മതാത്മകമൂല്യബോധമുണ്ട് എന്നര്‍ത്ഥം. ക്രിസ്തുസാന്നിധ്യം നിയാമകമാകുന്നത് ഇവിടെയാണ്. സാഹിത്യവിമര്‍ശവിചാരത്തില്‍ മൂല്യബോധത്തിന് സവിശേഷ സ്ഥാനമുണ്ടല്ലോ. സുചിന്തിതവും സുവ്യക്തവുമായ വീക്ഷണത്തിന്റെ വെളിച്ചത്തില്‍ സാഹിത്യമൂല്യങ്ങളെ/ജീവിതമൂല്യങ്ങളെ പൊളിച്ചെഴുതാന്‍ മൗലികപ്രതിഭയുള്ള വിമര്‍ശകന്‍ നിയോഗിക്കപ്പെടുന്നു. ഇവിടെ സാഹിത്യവിമര്‍ശനം മൂല്യവിചാരവുമായി സന്ധിക്കുന്നു. ഈ പശ്ചാത്തലത്തില്‍ മലയാളവിമര്‍ശനത്തിലെ ക്രിസ്തുസാന്നിധ്യത്തെ നിരീക്ഷിക്കുവാന്‍ ശ്രമിക്കട്ടെ. മലയാളവിമര്‍ശനത്തിന്റെ മുഖ്യധാരയെ അവലംബിച്ചാണ്, ഈ നിരീക്ഷണം.


പാശ്ചാത്യ സാഹിത്യ വിമര്‍ശം


മലയാള വിമര്‍ശനത്തിലെ കുലപതികളില്‍നിന്നാവട്ടെ തുടക്കം. മലയാള സാഹിത്യത്തിന് പുതിയ ദിശാബോധം നല്കിയവരാണ് കേസരി എ.ബാലകൃഷ്ണപിള്ളയും പ്രഫ.എം.പി.പോളും പ്രഫ. ജോസഫ് മുണ്ടശ്ശേരിയും. പാശ്ചാത്യസാഹിത്യത്തിലെ പുതിയ പ്രവണതകളോട് ആഭിമുഖ്യം കാട്ടിയവരാണ്, കേസരിയും എം.പി.പോളും. നോവല്‍, ചെറുകഥ തുടങ്ങിയ സാഹിത്യരൂപങ്ങളും പുതിയ സാഹിത്യസങ്കേതങ്ങളും മലയാളത്തിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും പരിചയപ്പെടുത്തുകയും ആ വഴിയിലൂടെ ചരിക്കുന്നതിന് പ്രചോദിപ്പിക്കുകയും ചെയ്തു. സാഹിത്യകൃതികളുടെ മൂല്യനിര്‍ധാരണത്തിന് പാശ്ചാത്യ സാഹിത്യ വിമര്‍ശന സമീപനമാണ് കൂടുതല്‍ സഹായകമെന്ന് അവര്‍ കരുതുന്നു. സമകാലികനായ കുട്ടികൃഷ്ണമാരാരാവട്ടെ, പൗരസ്ത്യ ആചാര്യന്മാരുടെ പാദമുദ്രകളാണ് അനുസന്ധാനം ചെയ്തത്. പാശ്ചാത്യ സാഹിത്യവിമര്‍ശനസിദ്ധാന്തങ്ങളുടെ വികാസപരിണാമത്തില്‍, ക്രിസ്തുദര്‍ശനത്തിനും ദൈവശാസ്ത്രത്തിനും പ്രത്യക്ഷമായ സ്വാധീനമുണ്ട്. ഡോ.കെ.എം.തരകന്‍ പാശ്ചാത്യ സാഹിത്യതത്ത്വശാസ്ത്രം എന്ന ഗ്രന്ഥത്തില്‍, ക്രൈസ്തവ ദാര്‍ശനികധാരയോട് പാശ്ചാത്യവിമര്‍ശനത്തിനുള്ള ബന്ധം എടുത്തു കാട്ടുന്നുണ്ട്.


സാമൂഹികാവബോധവും ക്രിസ്തുദര്‍ശനവും


പ്രഫ. ജോസഫ് മുണ്ടശ്ശേരി സാമൂഹികാവബോധത്തോടെ സാഹിത്യകൃതികളെ സമീപിച്ച വിമര്‍ശകനാണ്; നിയോ ക്ലാസിസത്തിന്റെ പതിവ് ശൈലികള്‍ക്കെതിരെ കലാപം കൂട്ടുകയും ചെയ്തു. പ്രഫ. എം.പി.പോളിന്റെയും പ്രഫ. മുണ്ടശ്ശേരിയുടെയും കൃതികളില്‍ ക്രിസ്തുസാന്നിദ്ധ്യം കണ്ടെത്താനാവുമോ? ക്രിസ്തുമതത്തോടുള്ള ഇവരുടെ സമീപനം ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്. ക്രിസ്തുവിനോട് ആഭിമുഖ്യം കാട്ടുമ്പോള്‍ത്തന്നെ ക്രിസ്തുമതത്തോടു കലഹിച്ചവരാണ്, ഇവര്‍. സംഘടിതമതത്തോടും അതിന്റെ പ്രകടരൂപമായ സഭയോടുമാണ് അവര്‍ കലഹിച്ചത്. എന്നാല്‍ മാനവസമൂഹത്തെ അഗാധമാക്കിയ ക്രിസ്തു അവര്‍ക്ക് ആരാധ്യപുരുഷനായിരുന്നു. സുവിശേഷങ്ങളില്‍ വെളിപ്പെടുന്ന ക്രിസ്തു പള്ളിമതവും പൗരോഹിത്യവും വ്യാഖ്യാനിച്ച് അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ക്രിസ്തുവില്‍നിന്ന് വ്യത്യസ്തനാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ക്രിസ്തു സ്‌നേഹസ്വരൂപനാണ്. ‘ചുങ്കക്കാരുടെയും പാപികളുടെയും’ സ്‌നേഹിതനാണ്. ക്രിസ്തു നിന്ദിതരുടെയും പീഡിതരുടെയും പക്ഷംചേര്‍ന്നു നില്ക്കുന്നു. നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരോടൊപ്പം ക്രിസ്തുവിന്റെ സാന്നിധ്യമുണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞു. ‘കൊന്തയില്‍ നിന്ന് കുരിശിലേക്ക്’ എന്നതാണ് ആ സമീപനത്തിന്റെ കാതല്‍. പള്ളിമതത്തിന് ഇതരരാണെന്ന് കരുതപ്പെടുന്ന ഇവരുടെ സമൂഹസങ്കല്പങ്ങള്‍ മെനയുന്നതില്‍ ബൈബിളിന്റെയും ക്രിസ്തുവിന്റെയും സാന്നിധ്യം സൂക്ഷ്മദൃക്കുകള്‍ക്ക് കണ്ടെത്താനാവും.


ക്രിസ്തുവും വിമോചനസങ്കല്പവും

സി.ജെ. തോമസിന്റെ ജീവിതദര്‍ശനവും സാഹിത്യദര്‍ശനവും രൂപപ്പെടുത്തുന്നതില്‍ ബൈബിളിനും ക്രിസ്തുവിനുമുള്ള സ്വാധീനം പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ധിക്കാരിയുടെ കാതല്‍, വിലയിരുത്തല്‍, അന്വേഷണങ്ങള്‍, ഇവന്‍ എന്റെ പ്രിയപുത്രന്‍ തുടങ്ങിയ കൃതികള്‍ സാഹിത്യവിമര്‍ശനത്തിന്റെ പരിധിയില്‍ മാത്രം ഒതുങ്ങുന്നതല്ല. ജ്വലിക്കുന്ന മനസ്സായിരുന്നു സി.ജെ.യുടേത്.