തോറ്റ ജനതയെ വീണ്ടും തോല്‍പ്പിക്കുന്ന അടച്ചിടല്‍ ജീവിതം – ബിജു ജോര്‍ജ്
ഇന്നോളം നാം ആര്‍ജിച്ചെടുത്ത സകല അറിവുകളും സംവിധാനങ്ങളും ഉപയോഗപ്പെടുത്തി ഭരണകൂടവും പുത്തന്‍പരീക്ഷണങ്ങള്‍ നടത്തി ശാസ്ത്രലോകവും ഒരു കുഞ്ഞുവൈറസിനെ വരുതിയിലാക്കാന്‍ പരിശ്രമിക്കുകയാണ്. ഈ ശ്രമങ്ങള്‍ക്കൊപ്പം താഴെക്കിടയിലുള്ള മനുഷ്യരോട് സഹാനുഭാവം പ്രകടിപ്പിക്കുന്ന നൈതികബോധം ഉപയോഗപ്പെടുത്തികൊണ്ടും മാത്രമേ ഈ കെട്ടകാലത്തെ നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയൂ
കോവിഡ് താണ്ഡവമാടിയ അടച്ചിടല്‍ ജീവിതത്തില്‍ ലോകത്തെങ്ങും സംഭവിക്കുന്നത് ഒന്നുതന്നെയാണ്. മഹാമാരിക്കുമുന്നില്‍ നിന്നു ലോകം സാവകാശം തുറന്നുവരികയാണ്. നമ്മുടെ ജീവിതശീലങ്ങളും മനോഭാവങ്ങളും മാറിവരുന്നുണ്ട്. മുന്‍കാലങ്ങളിലും നമ്മെ ഭയപ്പെടുത്തിയ മഹാവ്യാധികളെ അതിജീവിച്ചതിന്റെ തിളക്കങ്ങള്‍ ഈ അടച്ചിരുപ്പുകാലത്തും ഒരു ബലമായിത്തീര്ന്നിട്ടുണ്ട്. ലോകം തിരിച്ചുവരുമെന്ന് നമുക്കറിയാം. പക്ഷേ, ഇനിയുള്ളകാലം പഴയതുപോലെയായിരിക്കില്ല എന്ന ആകാംക്ഷയുണ്ട്. ഈ പ്രതിസന്ധിഘട്ടത്തില്‍ നമ്മുടെ സമൂഹം കണ്ടിട്ടുള്ളതില്‍വച്ച് വലിയ ശ്രദ്ധ അര്‍ഹിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് അടഞ്ഞുകിടക്കുന്ന വിദ്യാലയങ്ങള്‍. രാജ്യത്ത് സ്കൂളുകളും കലാശാലകളും എപ്പോള്‍ ഔപചാരികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നത് അനിശ്ചിതത്വത്തിലാണ്. രണ്ടാമത്തേത് അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷനേടി പലായനം ചെയ്യുന്ന കുടിയറ്റത്തൊഴിലാളികള്. ഈ പ്രശ്നങ്ങളെ മറികടക്കാന്‍ ഭരണകൂടങ്ങളും പൊതുസമൂഹവും കൈക്കൊള്ളുന്ന വേറിട്ട തീരുമാനങ്ങളാണ് ഭാവി ഇന്ത്യയുടെ രൂപംതന്നെ നിശ്ചയിക്കുന്നത്.
ലോകം സാക്ഷ്യം വഹിച്ചതുപോലെ ഇതൊരു അടിയന്തരഘട്ടമാണ്. ഇത്തരം അസാധാരണ സന്ദര്‍ഭങ്ങളില്‍ തിടുക്കത്തില്‍ ചില തീരുമാനങ്ങള്‍ നാം എടുക്കേണ്ടിവരും. അടിയന്തരഘട്ടങ്ങളുടെ സ്വഭാവത്തെക്കുറിച്ച് യുവാല്‍ നോവ ഹരാരിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. സാധാരണ സമയങ്ങളില്‍ വര്‍ഷങ്ങളുടെ ആലോചനകള്‍ വേണ്ടി വന്നേക്കാവുന്ന തീരുമാനങ്ങള്‍ മണിക്കൂറുകള്‍കൊണ്ട് നടപ്പില്‍വരും. പാകമാവാത്തതും പലപ്പോഴും അപകടകാരികള്പോലുമായ സാങ്കേതികവിദ്യകള്‍ നിര്‍ബന്ധപൂര്‍വം ഉപയോഗിക്കേണ്ടിവരും. കാരണം നിഷ്ക്രിയത അതിനേക്കാള്‍ അപകടം പിടിച്ചതാവും. വന്‍തോതിലുള്ള സാമൂഹിക പരീക്ഷണങ്ങള്‍ക്കും മുഴുവന്‍ രാജ്യങ്ങളും ഗിനിപ്പന്നികളാകേണ്ടിവരും. എല്ലാവരും വീട്ടിലിരുന്നു ജോലി ചെയ്യുകയും സാമൂഹിക അകലം പാലിച്ചുകൊണ്ട് ആശയവിനിമയം നടത്തുകയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കും? എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ആയാല്‍ എന്തുണ്ടാകും? ഹരാരിയുടെ ഈ ചിന്തകള്‍ നമ്മുടെ ജീവിതപരിസരത്തു മുഴങ്ങുന്നുണ്ട്. നാം അഭിമുഖികരിക്കുന്ന അടിയന്തരഘട്ടത്തെ അതിജീവിക്കാന്‍ കേരളത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചുകഴിഞ്ഞു.
കോവിഡ് കാലത്തെ മറികടക്കാനുള്ള ഈ താല്‍ക്കാലിക സംവിധാനം ഭാവിയില്‍ വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന സ്വഭാവമായി മാറ്റുവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിദ്യാഭ്യാസമേഖല ഒരു വഴിത്തിരിവിലെത്തി നില്ക്കുമ്പോള് നാം സ്വീകരിക്കുന്ന പുത്തന്‍ പരീക്ഷണങ്ങള്‍ ആദിവാസികളും പിന്നാക്കക്കാരുമായ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളുണ്ട്. അതിദരിദ്രരും പിന്നാക്കം നില്‍ക്കുന്നവരും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുമെല്ലാം അടങ്ങുന്ന പൊതുവിദ്യാലയങ്ങള്‍ നിലനില്‍ക്കുന്നത് സാമൂഹികനീതിയുടെയും സമത്വത്തിന്റെയും ജനാധിപത്യചിന്തകളുടെയും അടിത്തറയിലാണ്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ മനോഭാവമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയും. കേരളത്തിന്റെ വിദ്യാഭ്യാസമണ്ഡലം തുടക്കം മുതല്‍ പരിഗണിച്ചിരുന്ന അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള കരുതലും സാമൂഹികനീതിബോധവും ഓണ്‍ലൈന്‍ കാലത്തും മുറുകെപ്പിടിക്കണമെന്ന് ചുരുക്കം. ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകളെ തിരസ്കരിക്കുകയല്ല മറിച്ച് അത്തരമൊന്നിനെ സ്വീകരിക്കുമ്പോള്‍ നാം ഉറപ്പാക്കേണ്ട കരുതലിനെ കുറിച്ചാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ മറ്റൊരു ദയനീയ ചിത്രമാണ് കുടിയേറ്റത്തൊഴിലാളികളുടെ പലായനം. ഭരണകൂടം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെ മുന്‍കൂട്ടി കാണാതെ നടത്തിയ ഒരു പരീക്ഷണത്തിന്റെ ഇരകള്‍. 14 കോടിയോളം വരുന്ന ദുര്‍ബല ജനത. ജീവനോടെതന്നെ ബാക്കിയുണ്ടാകുമോ എന്നറിയാതെ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അവര്‍ നടന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ബലപ്പെടുത്തുവാന്‍ സഹാനുഭാവത്തിന്റെ വെളിച്ചം പകര്‍ന്നു നല്കിയ ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ നമ്മോട് ആവശ്യപ്പെടുന്നത് ദുര്‍ബലരുടെ കഷ്ടതകളിലേക്ക് ഇറങ്ങിച്ചെല്ലുവാനാണ്. നിങ്ങള്‍ ഏതൊരു തീരുമാനങ്ങളും എടുക്കുമ്പോള്‍ അത് ദുര്‍ബലര്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് ആലോചിക്കണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് കോവിഡ് കാലത്തും നാം ഓര്‍ത്തെടുക്കേണ്ടതുണ്ട്. ആഗോള പ്രതിസന്ധിയെ തരണം ചെയ്യുന്നതോടൊപ്പം നമുക്ക് ചെയ്തുതീര്ക്കാന് ചില ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട്. എങ്ങനെയുള്ള ലോകത്താവും കോവിഡനന്തരം നാം ജീവിക്കേണ്ടത്, ഏതു വിധത്തിലുള്ള മാനവസമൂഹത്തെയാണ് നമുക്ക് വേണ്ടത് എന്നിങ്ങനെയുള്ള ആലോചനകള്‍ നമ്മുടെ മുന്‍ഗണനയില്‍ ഉണ്ടാവണം. കോവിഡ്-19 ഒരു വൈറസിന്റെ പേരു മാത്രമല്ല, സഹാനുഭൂതിയോടെ അപരനിലേക്ക് കടന്നുചെല്ലാനുള്ള സാധ്യതയുടെ വഴികൂടിയാണത്.
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വാക്കുകള്‍ നാം പുലര്‍ത്തേണ്ട സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആവശ്യകത ബോധ്യപ്പെടുത്തുന്നതാണ്. ”ഒരു മനുഷ്യസമൂഹമെന്ന നിലയില്‍ ഒത്തൊരുമിച്ച് മാത്രമേ ഈ കഠിനകാലത്തെ നമുക്ക് മറികടക്കാനാവൂ. അതുകൊണ്ട് സഹാനുഭാവത്തോടെയും ഐക്യബോധത്തോടെയും നാം പരസ്പരം ജീവിക്കണം.” മാനുഷികഗുണമായ കാരുണ്യം ഉള്ളവരെ മാത്രമേ മനുഷ്യരായി കരുതാന്‍ കഴിയുമെന്ന് നമ്മെ പഠിപ്പിച്ച വ്യക്തിയാണ് ശ്രീനാരായണ ഗുരു. അനുകമ്പാദശകം എന്ന കൃതിയില്‍ ”അരുമില്ലയതെങ്കിലസ്ഥി തോല്/സിര നാറുന്നൊരുടമ്പുതാനവന്‍/മരുവില്‍