കറുത്ത കരുത്തിനാല്‍ തിരുത്തപ്പെടുന്ന വെളുത്ത ചരിത്രം – വിന്‍സന്റ് പെരേപ്പാടന്‍

കറുത്ത കരുത്തിനാല്‍ തിരുത്തപ്പെടുന്ന വെളുത്ത ചരിത്രം – വിന്‍സന്റ് പെരേപ്പാടന്‍
മാനവ ചരിത്രത്തില്‍ എന്നു മുതലാണ് മനുഷ്യശരീരത്തിന്റെ വര്‍ണവൈവിധ്യം അധീശത്വത്തിന്റെയും, ഔന്നത്യത്തിന്റെയും, ഉത്കൃഷ്ടതയുടെയും, അധമത്വത്തിന്റെയും, അവമതിപ്പിന്റെയും, നികൃഷ്ടജീവിതത്തിന്റെയും നിറങ്ങളായി വ്യാഖ്യാനിക്കപ്പെട്ടത്? എന്നു മുതലാണ് വെളുപ്പുനിറം മേധാവിത്വത്തിന്റെയും മറ്റു നിറങ്ങള്‍ അധോന്മുഖതയുടെയും അടിമത്വത്തിന്റെയും അടയാളമായിത്തീര്‍ന്നത്? കൃത്യമായി നിരീക്ഷിച്ചാല്‍ വെളുപ്പിന്റെ മേല്‍ക്കോയ്മ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച കോളണിവത്ക്കരണത്തില്‍ തുടങ്ങി എന്നു കാണാം. വെളുത്ത ശരീരമുള്ള മനുഷ്യരെ മാത്രം കണ്ടുശീലിച്ച യൂറോപ്യന്‍മാര്‍ അറ്റ്‌ലാന്റിക്കിന് മറുതീരത്തെത്തിയപ്പോള്‍ അവിടെ കണ്ട വര്‍ണ വൈവിധ്യമുള്ള മനുഷ്യരില്‍ നിന്നു തുടങ്ങുന്നു മേല്‌ക്കോയ്മയുറപ്പിച്ച് അധീശത്വം സ്ഥാപിക്കാനുള്ള ദുരയുടെയും അപരനിന്ദ സാംസ്‌കാരികൗന്നത്യമായി പ്രതിഷ്ഠിച്ച് നേടിയ ആധിപത്യത്തിന്റെയും മൂലധന ചരിത്രം. അതൊരു യുക്തിബോധവും, സാമൂഹികവ്യവസ്ഥിതിയും, രാഷ്ട്രീയനിര്‍മിതിയും, സമ്പദ്ഘടനയുമായി മാറിയതാണ് ആധുനിക മാനവചരിത്രം. ഏതാണ്ട് ആറു നൂറ്റാണ്ടുകളിലൂടെ വെട്ടിപ്പിടിച്ചും, കൊന്നൊടുക്കിയും, അപ്രത്യക്ഷമാക്കിയും, ഉന്മൂലനം ചെയ്തും, അടിമവേല ചെയ്യിച്ചും, മാന്തിക്കുഴിച്ചും, തുരന്നെടുത്തും, ബലാല്‍ക്കാരം ചെയ്തും, ചതിച്ചും, ചൂഷണം ചെയ്തും പണിതുയര്‍ത്തിയ ആധുനികവ്യവസ്ഥിതിയുടെ പറുദീസയെന്നു വിശേഷിപ്പിക്കാവുന്ന അമേരിക്കയിലെ അത്യന്താധുനിക കാലഘട്ടത്തിലെ കഴിഞ്ഞ നാലു മാസത്തെ ചില വാര്‍ത്തകളൊന്നു നോക്കൂ:   ഒന്നാമതായി, ലോകമെമ്പാടും പടര്‍ന്നുപിടിച്ച കോവിഡ്-19 എന്ന മഹാമാരിക്കു മുന്‍പില്‍ എല്ലാവരും സമന്‍മാരാണെന്നത് തത്ത്വത്തില്‍ ശരിയാണെങ്കിലും അമേരിക്കയില്‍ അതിനിരകളായവരില്‍ എഴുപതു ശതമാനവും ശരീരനിറത്തില്‍ വെളുപ്പില്ലാത്തവരായിരുന്നു. ന്യൂയോര്‍ക്കിലും, ന്യൂ ജഴ്‌സിയിലും, മിഷിഗണിലും മറ്റുമാണ് വ്യാധിയുടെ വ്യാപനം ഏറ്റവുമധികം ജീവനപഹരിച്ചത് എന്നു നാമറിയുമ്പോഴും അങ്ങനെ മരിച്ചവരില്‍ ഭൂരിഭാഗവും ജനസംഖ്യയില്‍ 14 ശതമാനത്തില്‍ താഴെ മാത്രമുള്ള കറുത്തവരും ഇരുണ്ട നിറമുള്ളവരുമായിരുന്നു എന്നത് വാര്‍ത്താപ്രാധാന്യം നേടിയില്ല.   രണ്ടാമതായി, ചില നരഹത്യകളാണ്. കൊലയാളികള്‍ നിയമത്തിന്റെയും സാമൂഹിക സുരക്ഷിതത്വത്തിന്റെയും കാവല്‍ക്കാരും സേവകരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്. കോവിഡ്-19 ഭീഷണിയായ ഫെബ്രുവരി മാസം മുതല്‍ പൊലീസിന്റെ കൈകളാല്‍ കൊല്ലപ്പെട്ടവരെല്ലാം തന്നെ കറുത്തവരായിരുന്നു. ജോര്‍ജിയയിലെ ബ്രണ്‍സ്വികില്‍ ഫെബ്രുവരി 23ന് വ്യായാമത്തിനായുള്ള ഓട്ടത്തിലായിരുന്ന അഹമൂദ് ആര്‍ബറി എന്ന 25 വയസ്സുള്ള കറുത്ത യുവാവിനെ മൂന്നു വെളുത്ത യുവാക്കള്‍ പിന്തുടര്‍ന്ന് വെടിവെച്ചു കൊന്നു. കൊലയാളികളില്‍ ഒരാള്‍ നിയമപാലകനായ ഉദ്യോഗസ്ഥനായിരുന്നു. അടുത്ത കൊലപാതകവാര്‍ത്ത കെന്റക്കിയിലെ ലൂയിവില്‍ പട്ടണത്തില്‍ നിന്നാണ്. മാര്‍ച്ച് 13ന് ബെയോനാ ടെയ്‌ലര്‍ എന്ന 26കാരിയുടെ താമസസ്ഥലത്തേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ, മതിയായ കാരണങ്ങളുമില്ലാതെ, മൂന്നു പൊലീസ് ഓഫീസര്‍മാര്‍ അതിക്രമിച്ചെത്തി. ടെയ്‌ലറോടൊപ്പമുണ്ടായിരുന്ന അവരുടെ ആണ്‍സുഹൃത്ത് ഭയചകിതനായി തന്റെ പക്കലുണ്ടായിരുന്ന തോക്കിന്റെ കാഞ്ചിയില്‍ വിരലമര്‍ത്തി. നിമിഷങ്ങള്‍ക്കകം എട്ടു വെടിയുണ്ടകള്‍ ബെയോനാ ടെയ്‌ലറിന്റെ ശരീരത്തിലേക്ക് പായിച്ച് ഓഫീസര്‍മാര്‍ പ്രതികരിച്ചു. പൊലീസ് എന്തിനായിരുന്നു അവരുടെ വീട്ടിലെത്തിയത് എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു. മെയ് 25 നായിരുന്നു ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച ആ കൊലപാതകം. രാജ്യരക്ഷയ്ക്കുവേണ്ടി ജീവന്‍ വെടിഞ്ഞ സൈനികരുടെ ‘സ്മൃതി ദിനം’ അമേരിക്കയെങ്ങും ആചരിക്കുകയായിരുന്നു. മിനെസോട്ടയിലെ മിനിയാപൊളിസില്‍ 20 ഡോളറിന്റെ കള്ളനോട്ട് ഒരു സ്റ്റോറില്‍ നല്കി എന്നു ധരിച്ച് കറുത്ത നിറക്കാരനായ ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കഴുത്തിനുമേല്‍ ഒരു പൊലീസ് ഓഫീസര്‍ 8 മിനിട്ട് 46 സെക്കന്റു നേരം മുട്ടു കാലമര്‍ത്തി നിന്നു. ‘എനിക്കു ശ്വാസം മുട്ടുന്നു!’ എന്ന് ഫ്‌ലോയ്ഡ് അലറിക്കരഞ്ഞിട്ടും, ചുറ്റും കൂടിയവര്‍ ‘അയാളെ കൊല്ലരുതെ’ന്ന് ആര്‍ത്തു വിളിച്ചിട്ടും ബലിഷ്ഠമായ ആ കറുത്ത ശരീരം നിശ്ചലമാകുന്നതുവരെ ഓഫീസര്‍ പിന്‍മാറിയില്ല. ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ കൊലപാതകം ഒരു വിഡിയോ ദൃശ്യമായി ലോകമെങ്ങും പ്രചരിച്ചു. കറുത്തവര്‍ അമേരിക്കയില്‍ കൊല്ലപ്പെടാനുള്ളവര്‍ തന്നെയെന്ന് ധ്വനിപ്പിച്ചുകൊണ്ട് ജൂണ്‍ 12ന് വീണ്ടുമൊരാളെ പൊലീസ് വെടിവെച്ചു കൊന്നു. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ ഒരു റെസ്റ്റോറന്റിന്റെ പാര്‍ക്കിങ്ങില്‍ പൊലീസിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടോടുകയായിരുന്ന 27 വയസ്സുള്ള റെഷാര്‍ഡ് ബ്രൂക്സ് രണ്ടു വെടിയുണ്ടകള്‍ ശരീരത്തില്‍ കയറിയാണ് പിടഞ്ഞു മരിച്ചത്. അതിനുള്ള യോഗ്യത അയാളുടെ കറുത്ത ശരീരം തന്നെയായിരുന്നു.   ഫ്‌ലോയ്ഡ് ഒരു പ്രതിനിധാനം   എന്തുകൊണ്ടാണ് ഈ കറുത്തവരുടെ കൂട്ടമരണത്തിലും കൊലപാതക പരമ്പരയിലും ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റേത് ലോകമെങ്ങും അലയടിച്ച പ്രതിഷേധക്കൊടുങ്കാറ്റായി മാറിയത്? എന്തുകൊണ്ടാണ് വംശീയാഹന്തയ്ക്കും അതിക്രമങ്ങള്‍ക്കുമെതിരെ ആ നരഹത്യ പ്രതിഷേധാഗ്‌നി കൊളുത്തിയത്? കാരണം, എല്ലാ അര്‍ത്ഥത്തിലും അതൊരു പ്രതിനിധാനമായിരുന്നു. വംശവെറിയുടെ ക്രൂരമായ വെളുത്ത മുഖം മറയില്ലാതെ അതില്‍ കാണാം. വെടിയേറ്റു ചത്ത വേട്ടമൃഗത്തിനരികില്‍ തോക്കുനിലത്തൂന്നി മുട്ടുകുത്തി നില്ക്കുന്ന വേട്ടക്കാരന്റെ നീലക്കണ്ണുകളുള്ള അതേ മുഖം തന്നെയാണ് ആ പൊലീസ് ഓഫീസര്‍ അവതരിപ്പിച്ചത്. പുസ്തകങ്ങളിലും സ്വീകരണമുറികളിലെ അലങ്കാര ചിത്രങ്ങളിലും അമേരിക്കയില്‍ നിങ്ങള്‍ക്കിതു കാണാം. വംശാധിപത്യത്തിന് നിറമുണ്ടെന്നും അതിന് മനുഷ്യതയുടെ നിറഭേദങ്ങളെ ഭയക്കുന്ന വെളുത്ത ശരീരവും, നേര്‍വരയില്‍ മാത്രം വളരുന്ന ചെമ്പു നിറമുള്ള മുടികളും, അപരനെ ശത്രുവായി മാത്രം നോക്കാന്‍ ശീലിച്ച വിഷനീല കണ്ണുകളുമാണെന്നും സ്ഥാപിക്കുന്ന ചിത്രങ്ങള്‍ ചരിത്രത്തിലെമ്പാടുമുണ്ട്. ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കഴുത്തിനുമേല്‍ ഇടതുമുട്ടൂന്നി ഇരുകൈകളും കാല്‍ക്കുപ്പായക്കീശകളിലാഴ്ത്തി ഒരു വേട്ടമൃഗത്തിന്റെമേല്‍ നേടിയ ആധിപത്യമുറപ്പിച്ചുകൊണ്ടുള്ള ആ നില്പ്, ക്രൂരവിനോദം സേവനമാക്കിയ അമേരിക്കന്‍ പൊലീസിനെയും, നീതിശാസ്ത്രത്തെ വെളുത്ത പക്ഷത്തുറപ്പിക്കുന്ന ഭരണകൂടനിഷ്ഠൂരതയെയും, നൂറ്റാണ്ടുകളായുള്ള വംശീയാധീശത്വത്തെയും, വികാരഭേദമന്യേ പ്രതിനിധാനം ചെയ്യുകയായിരുന്നു.   വംശാധിപത്യത്തിന്റെ ആ വെളുത്ത മുഖം അമേരിക്കന്‍ ചരിത്രത്തെ മുഴുവന്‍ സാധൂകരിക്കുന്നുണ്ട്. 1492 ല്‍ ക്രിസ്റ്റഫര്‍ കൊളമ്പസ് കണ്ടെത്തിയെന്നവകാശപ്പെടുന്ന വന്‍കരയുടെ പിന്നീടുള്ള കഥയാഴങ്ങളില്‍ അറ്റ്‌ലാന്റിക്കിന് കുറുകെ വീശിയ കാറ്റില്‍ സഞ്ചരിച്ച പായ്ക്കപ്പലുകളുടെ അടിത്തട്ടില്‍ വേട്ടമൃഗങ്ങളുടെ ദൈന്യതയാര്‍ന്ന മുഖങ്ങളും കൈകളിലും കാലുകളിലും ചങ്ങലകളുമായി 60 ദശലക്ഷം കറുത്ത ശരീരങ്ങളുണ്ടായിരുന്നു.