ആത്മീയത എന്നാല്‍ – ഷൗക്കത്ത്

കൊറോണക്കാലമാണ്. അമ്പലങ്ങളും മസ്ജിദുകളും ചര്‍ച്ചുകളും ഗുരുദ്വാരകളും അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതുകൊണ്ട് മനുഷ്യര്‍ക്ക് കാര്യമായ മാനസിക പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി അറിവില്ല. ദൈവവും പ്രാര്‍ത്ഥനയും ആരാധനയും ആത്മീയതയും ഇല്ലാതായെന്നും തോന്നുന്നില്ല. ഇതില്‍നിന്ന് മനസ്സിലാകുന്നത് ദൈവത്തിനും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും ആകാശംമുട്ടിനില്ക്കുന്ന ആരാധനാലയങ്ങള്‍ അത്ര അത്യാവശ്യമില്ല എന്നുതന്നെയാണ്. പലപ്പോഴും ദൈവത്തില്‍നിന്നും ധ്യാനത്തില്‍നിന്നും പ്രാര്‍ത്ഥനയില്‍നിന്നും ഈ ആരാധനാലയങ്ങള്‍ നമ്മെ അകറ്റിയിട്ടില്ലേ എന്നുപോലും തോന്നാതിരിക്കുന്നുമില്ല.


എന്താണ് ആത്മീയത? ഞാന്‍ എന്നോട് ചോദിച്ചപ്പോഴൊക്കെ ഹൃദയം തന്ന മറുപടി ഒന്നുമാത്രം. ചിന്തയെയും വാക്കിനെയും പ്രവൃത്തിയെയും ശുദ്ധമാക്കുക. അപ്പോള്‍ ഉള്ളില്‍നിറയുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്, ഒരു ദിവ്യത്വമുണ്ട്, ഒരു ധന്യതയുണ്ട്. അതിനെ പേരിട്ടു വിളിക്കണമെന്നു നിനക്ക് നിര്‍ബന്ധമെങ്കില്‍ ആത്മീയത എന്നു വിളിക്കാം. അടിമുടി സ്ഫുടമായി അനുഭവിക്കുന്ന ആ അവസ്ഥയിലാണ് ഞാന്‍ എന്നു പറയുന്നത് ഒരു ഏകകമല്ലെന്നും അത് ഈ സമഷ്ടിയും അതോടൊപ്പം സമഷ്ടിയുടെ ഒരംശവുമായി നില്ക്കുന്ന പ്രതിഭാസമാണെന്നും അനുഭവിക്കുക. ഹൃദയം നിറയുകയും കണ്ണു നനയുകയും ചെയ്യുന്ന ആ അനുഗൃഹീതനിമിഷത്തില്‍ ദൈവമേ എന്നു നാം അറിയാതെ വിളിച്ചുപോകും. ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഉയര്‍ന്നുവരുന്ന ദീര്‍ഘനിശ്വാസം പോലെയോ ആത്മഗതം പോലെയോ ഒരു വിതുമ്പലാണത്. ജീവനോടും ജീവിതത്തോടും എന്തെന്നില്ലാത്ത കൃതജ്ഞത തോന്നുന്ന നിമിഷമാണത്. അങ്ങനെയൊക്കെയുള്ള ആനുഭൂതികമായ അനുഭവലോകത്തെയാണ് ആത്മീയത എന്നു മനസ്സിലാക്കേണ്ടത് എന്നാണ് തോന്നിയിട്ടുള്ളത്.


അങ്ങനെയൊരു വെളിച്ചത്തെ ഹൃദയത്തില്‍ ധ്യാനിച്ചപ്പോള്‍ തെളിഞ്ഞ ചിലത് എഴുതാന്‍ ശ്രമിക്കുന്നു. ഹൃദയത്തെ ആരാധനാലയമാക്കിയപ്പോള്‍ വിരിഞ്ഞ ചിലത്.


ഒന്ന്


ജീവിതത്തോട്, അതിന് കാരണമായതിനോട് ഭയമല്ല, ബഹുമാനവുമല്ല മറിച്ച്, സ്‌നേഹമാണ് വേണ്ടത്. എങ്കില്‍ അതൊരു സമാധാനമാണ്. പൗരാണികവിശുദ്ധികളുടെ ഭാരംചുമക്കണ്ട. ന്റുപ്പാപ്പാക്ക് ഒരാനണ്ടാര്‍ന്നെന്ന് വാകീറിനിലവിളിക്കേണ്ട. ജീവിതത്തെപഴിച്ച് മായയെ വഹിക്കേണ്ട. ആനന്ദത്തെ വാഴ്‌ത്തേണ്ട. ബോധോദയത്തില്‍ അഭിരമിക്കേണ്ട. ത്രയങ്ങളില്‍ മുങ്ങിക്കുളിക്കേണ്ട. ഭക്തിവിനയങ്ങള്‍ക്കായി അഭിനയിക്കേണ്ട. സ്വര്‍ഗനരകബ്രഹ്മ ആത്മാക്കളുടെ ശല്യമില്ല.


വെറുതെ ആ പൊഴിയുന്ന ഇലയെ ഒന്നുകണ്ടാല്‍ മതി. പുഴയരികിലൊന്നിരുന്നാല്‍ മതി. ആകാശത്തേക്കൊന്ന് നോക്കിയാല്‍ മതി. നമ്മെയൊന്ന് ശ്രദ്ധിച്ചാല്‍ മതി.


ചിന്തയുടെ ഭാരമേല്പിക്കാതെ ജീവിതം പറയുമ്പോള്‍ അവിടെ സൗന്ദര്യമാണ് തെളിയുന്നത്. കവിതയാണ് നിറയുന്നത്. കരുണയാണ് വ്വിരിയുന്നത്. മാറ്റത്തിനുവേണ്ടിയുള്ള ദാഹമല്ല; മറിച്ച് ഉള്ളതിനെ പ്രതിയുള്ള സ്‌നേഹമാണ് സജീവമാകുന്നത്.


നമ്മുടെ ശരികളെ പറഞ്ഞുറപ്പിക്കാനായി നാം പെടാപ്പാടുപെടുമ്പോള്‍, പലര്‍ക്കു മുന്നിലും വാദിച്ചുജയിച്ച് ജയമനുഭവിക്കാതെ വിഷണ്ണരാകുമ്പോള്‍ നാം അറിയുന്നുണ്ട്, എവിടെയോ ഒരു ശരിയില്ലായ്മയുണ്ടെന്ന്. ആ ശരിയില്ലായ്മയിലേക്ക് ശ്രദ്ധാലുവാകുമ്പോഴാണ് നാം നമ്മെ മുഖത്തോടുമുഖം കാണുക. വിനയവും സ്‌നേഹവുമെല്ലാം നമ്മില്‍ സജീവമാകുക. ആ ശ്രദ്ധയിലാണ് നാം വര്‍ത്തമാനകാലത്തിന്റെ മഹിമയറിയുക. യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത തെളിഞ്ഞൊരു ദര്‍ശനമായിരിക്കുമത്. സത്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഹൃദ്യമായ അനുഭവം.


നരകത്തെ ഭയന്നോ സ്വര്‍ഗത്തെ കാമിച്ചോ അല്ല. മറിച്ച്, ദൈവമേ നിന്നോടുള്ള അദമ്യമായ പ്രണയംകൊണ്ടാണ് നിന്നെ ഞാന്‍ ആരാധിക്കുന്നതെന്നു പറഞ്ഞവരാണ് യഥാര്‍ത്ഥ ഭക്തര്‍. അത് സ്‌നേഹത്തില്‍നിന്നും കൃതജ്ഞതയില്‍നിന്നും തന്നെയാണ് വിരിഞ്ഞുവരേണ്ടത്. എങ്കിലേ അതിന് സൗന്ദര്യവും സൗരഭ്യവുമുണ്ടാകൂ. അല്ലാതുള്ളതെല്ലാം കൃത്രിമമാണ്. വെറും ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണ്. സ്‌നേഹമെന്നത് ഒരിക്കലും അഭിനയമാകാന്‍ പാടില്ല. അത് അത്രമാത്രം ആഴമാര്‍ന്ന സത്യത്തില്‍നിന്നും ഉണര്‍ന്നുവരേണ്ടതാണ്. മൊട്ടുവിരിഞ്ഞ് പൂവാകുന്നതുപോലെ….


രണ്ട്


ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ബൗദ്ധരും അങ്ങനെയങ്ങനെ ലോകത്തുള്ള നാനാജാതിമതങ്ങളും സൗഹൃദത്തിലാകാനുള്ള ഒരേയൊരുവഴി ഒരു വീട്ടില്‍ കഴിയുന്ന ആ നാലോ അഞ്ചോ പേരെങ്കിലും സമാധാനം എന്ന ഒരു മതത്തിന്റെ കുടക്കീഴില്‍ വന്നുനിന്ന് ഇണങ്ങരാകാന്‍ ഹൃദയം തുറക്കുകയാണ്. കഷ്ടപ്പെട്ട് ഒരു വീടുണ്ടാക്കി അവിടെ നാം കുറച്ചുപേര്‍ സ്വകാര്യമായി കഴിയാന്‍ തീരുമാനിക്കുന്നത് ഒന്നിച്ച് ശാന്തമായി കഴിയാനാണ്. എന്നിട്ടോ പരസ്പരം മുഖംവീര്‍പ്പിച്ച് വേണ്ടതിനും വേണ്ടാത്തതിനും പരിഭവിച്ച് കുടുംബാന്തരീക്ഷത്തെ കലുഷമാക്കാന്‍ മത്സരിക്കുന്നതുപോലെയാണ് നമ്മുടെ സ്ഥിതി.