അറിയപ്പെടാത്ത ഗുരു
അറിയപ്പെടാത്ത ഗുരു
എന്‍.ഇ. സുധീര്‍
നടരാജഗുരുവിന്റെ ജീവിതത്തിലൂടെയുള്ള ചില പാളിനോട്ടങ്ങള്‍.
‘തമ്പീ, നമുക്ക് ആരുമില്ലല്ലോ ? നീയെങ്കിലും നമ്മുടെ കൂടെ നിക്കുമോ ?’
നാരായണ ഗുരുവിന്റെ ചോദ്യം ഡോ. പല്പുവിന്റെ മകന്‍ നടരാജനോടായിരുന്നു. ഒറ്റപ്പെടലിന്റെ വേദന നിറഞ്ഞ ഗുരുവിന്റെ ആ ചോദ്യത്തിനു മുന്നില്‍ നടരാജന്‍ അപ്പോള്‍ത്തന്നെ സര്‍വാത്മനാ കീഴടങ്ങി. ഒരു പുതിയ ചരിത്രബന്ധത്തിന് അവിടെ തുടക്കമിടുകയായിരുന്നു. അന്നുതൊട്ട് ആ ജീവിതം നാരായണ ഗുരുവിനുവേണ്ടി മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ആ നടരാജനാണ് പിന്നീട് ലോക പ്രശസ്തനായ നടരാജഗുരുവായി അറിയപ്പെട്ടത്. അസാധാരണമായ ഒരു ഗുരു ശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു അത്. നാരായണ ഗുരുവും നടരാജഗുരുവും തമ്മിലുണ്ടായിരുന്ന ബന്ധം രാമകൃഷ്ണ പരമഹംസരും സ്വാമി വിവേകാനന്ദനും തമ്മിലുണ്ടായിരുന്ന ഗുരുശിഷ്യബന്ധത്തിനോട് സമാനതകളുള്ളതായിരുന്നു. നടരാജഗുരുവില്ലായിരുന്നുവെങ്കില്‍ നാരായണ ഗുരുവെന്ന ദാര്‍ശനികനെ ലോകം അറിയുമായിരുന്നില്ല എന്നു പോലും സംശയിക്കാവുന്നതാണ്. നടരാജന്റെ ബൗദ്ധികമായ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ വെറുമൊരു സമുദായ പരിഷ്‌ക്കര്‍ത്താവ് മാത്രമായി ഗുരുവിന്റെ ജീവിതം ചുരുങ്ങിപ്പോകുമായിരുന്നു. അതാകട്ടെ മഹാനായ ആ ചിന്തകനോട് കാണിക്കുന്ന മാപ്പര്‍ഹിക്കാത്ത അനീതിയായിരുന്നേനെ.
അങ്ങനെ സ്വന്തം ജീവിതം ഗുരുവിന്‌വേണ്ടി ഉഴിഞ്ഞുവച്ച മഹാനായ ശിഷ്യനാണ് നടരാജഗുരു. മറ്റൊരു ദൗത്യവും സ്വന്തം ജീവിതത്തില്‍ ഉണ്ടാവരുതെന്ന് അദ്ദേഹം സ്വയം നിഷ്‌കര്‍ഷിക്കുകയും ചെയ്തു. ശാസ്ത്രീയ വീക്ഷണംകൊണ്ടും വിവിധ വിഷയങ്ങളിലെ പാണ്ഡിത്യംകൊണ്ടും വേറിട്ടുനിന്ന അദ്ദേഹത്തിന് ഉയര്‍ന്ന തലത്തിലുള്ള മറ്റൊരു ജീവിതം എളുപ്പത്തില്‍ കരഗതമാക്കാനാവുമായിരുന്നു. പഠനവും പ്രവര്‍ത്തനവും വിദേശങ്ങളില്‍ നിര്‍വഹിച്ചെങ്കിലും നാരായണ ഗുരുവിന് കൊടുത്ത വാക്ക് പാലിക്കാനായി അദ്ദേഹം കേരളത്തിലേക്ക് തിരിച്ചു വന്നു. അതിനകം ഗുരുവിന്റെ പ്രകാശം പല രാജ്യങ്ങളിലും പരത്തി. ലോകത്തിലെ പ്രമുഖ വ്യക്തികള്‍ നാരായണ ഗുരുവിനെപ്പറ്റി മനസ്സിലാക്കി. ഗുരുവിന്റെ ദര്‍ശന ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. നാരായണഗുരുവിന്റെ ശിഷ്യന്‍ എന്നതിനപ്പുറം ഒരു സ്ഥാനം അവകാശപ്പെടാതെ ജീവിതം പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തുകയും ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു. സ്വന്തമായ ഒരു ധൈഷണിക മേല്‍വിലാസം നടരാജഗുരുവിന്റെ ലക്ഷ്യമായിരുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകള്‍ പൊതുമണ്ഡലത്തില്‍ താരതമ്യേന അന്നും ഇന്നും കുറവാണ്. ഇപ്പോള്‍ 125-ാം ജന്മവാര്‍ഷികം കടന്നു പോവുമ്പോഴും നടരാജഗുരുവിനെ അടുത്തറിയാന്‍ സാധിക്കാതെ നമ്മള്‍ ഇരുട്ടില്‍ തപ്പുകയാണ്. 1964-ല്‍ നടരാജഗുരുവിന്റെ എഴുപതാം ജന്മദിനം പ്രമാണിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു പ്രത്യേക പതിപ്പ് തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
1895 ഫെബ്രുവരി 18 ന് ഡോ. പല്പുവിന്റെ മകനായി ബാംഗ്ലൂരില്‍ നടരാജന്‍ ജനിച്ചു. തിരുവനന്തപുരത്തുകാരനായ ഡോക്ടര്‍ പല്പു അക്കാലത്ത് മൈസൂര്‍ രാജാവിന്റെ ദര്‍ബാര്‍ ഡോക്ടറായിരുന്നു. തിരുവനന്തപുരത്തും ബാംഗ്ലൂരിലും സിലോണിലുമായി നടരാജന്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ നടരാജന്‍ മിടുക്കനായിരുന്നു. അഞ്ചാം ഫാറത്തില്‍ പഠിച്ചുകൊണ്ടിരുന്ന ബാലനായ നടരാജന്‍ മഹാകവി ആശാന്റെ വീണപൂവ് എന്ന കാവ്യം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തു. മദ്രാസിലെ പ്രസിഡന്‍സി കോളജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. 1899 ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അരുവിപ്പുറത്ത് വച്ച് നാരായണ ഗുരുവിനെ കണ്ടതായി നടരാജഗുരു അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഓര്‍മിക്കുന്നുണ്ട്. 1915-ല്‍ ബാംഗ്ലൂരിലെ പല്പുവിന്റെ വീട്ടില്‍ നാരായണഗുരു കുറച്ചു ദിവസം താമസിച്ചിരുന്നു. അപ്പോഴും നടരാജനും ഗുരുവും കാണാനിടയായി. അന്നത്തെ അടുപ്പമാണ് നടരാജനെ ഗുരുവിലേക്ക് ആകൃഷ്ടനാക്കിയത്. നാരായണ ഗുരുവിനെ കൂടുതല്‍ മനസ്സിലാക്കേണ്ടതാണെന്ന് അന്ന് തീര്‍ച്ചപ്പെടുത്തി. അപ്പോഴും ഗുരുവിന്റെ ലോകം അദ്ദേഹത്തിന്റെ മുന്നില്‍ ഒരു തുറക്കപ്പെടാത്ത പുസ്തകമായി നിലകൊണ്ടു. അത് പിന്തുടരേണ്ടതുണ്ടെന്ന് അന്നേ തീര്‍ച്ചയാക്കി. അതുവരെ സ്വാമി വിവേകാനന്ദനായിരുന്നു നടരാജനെ ഏറ്റവും ആകര്‍ഷിച്ച വ്യക്തി. ഡോ. പല്പു വിവേകാനന്ദനില്‍നിന്ന് നേരിട്ട് കണ്ട് സംസാരിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം കേരളത്തില്‍ വന്ന് സ്വന്തം ഗുരുവിനെ കണ്ടെത്തിയ വ്യക്തിയാണ്. നടരാജനെ ആകര്‍ഷിച്ച മറ്റൊരാള്‍ മഹാത്മാഗാന്ധിയും. 1915ല്‍ മദ്രാസ് പ്രസിഡന്‍സി കോളജില്‍ ശാസ്ത്രം പഠിക്കാന്‍ ചേര്‍ന്നു. 1919-ല്‍ ബി.എ.പാസ്സായി. തുടര്‍ന്ന് അവിടെ ഡെമോണ്‍സ്‌ട്രേറ്ററായി കുറച്ചുകാലം ജോലി ചെയ്തു. തുടര്‍ന്ന് എം.എ ബിരുദവും എല്‍.റ്റി ബിരുദവും നേടി. തുടര്‍ന്ന് നാരായണ ഗുരുവിന്റെ ശിഷ്യനാവാന്‍ തീരുമാനിച്ചു കൊണ്ട് സന്യാസം സ്വീകരിച്ചു. പഠനത്തോടുള്ള സ്‌നേഹം അപ്പോഴും ഉപേക്ഷിച്ചില്ല. പിന്നിടദ്ദേഹം പാരീസ് സര്‍വകലാശാലയില്‍ ഡി.ലിറ്റ് ബിരുദം നേടി. അതും ട്രിപ്പിള്‍ ഓണേഴ്സോടു കൂടി. ഗുരുശിഷ്യബന്ധത്തെപ്പറ്റിയാണ് അദ്ദേഹം ഗവേഷണം നടത്തിയത്. അതും നാരായണ ഗുരുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു. അതിനുശേഷം ജനീവയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫെലോഷിപ്പില്‍ അദ്ധ്യാപകനായും ഡോ. നടരാജന്‍ ജോലി ചെയ്തു.
നാട്ടിലേക്ക് മടങ്ങി വന്ന നടരാജന്‍ നാരായണ ഗുരുവിന്റെ വിദ്യാഭ്യാസ പദ്ധതിയനുസരിച്ച് ഒരു ബ്രഹ്മവിദ്യാകേന്ദ്രം സ്ഥാപിക്കുവാന്‍ പദ്ധതിയിട്ടു. ഗുരുവിന്റെ അടുത്ത ചിലരുടെ തെറ്റായ ഇടപെടലുകള്‍ മൂലം അത് മുന്നോട്ടു പോയില്ല. തുടര്‍ന്ന് ഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രചാരത്തിനും അവയുടെ സമഗ്ര വ്യാഖ്യാനങ്ങള്‍ തയ്യാറാക്കുന്നതിലും മുഴുകി. തുടര്‍ന്ന് ലോകത്ത് പലേടത്തും നാരായണ ഗുരുകുലങ്ങള്‍ സ്ഥാപിച്ചു. അക്കാലത്തുതന്നെ നാരായണ ഗുരുവിന്റെ കൂടെയുള്ള മിക്കവരും ഗുരുവിന്റെ തത്ത്വത്തേക്കാള്‍ അദ്ദേഹത്തിന്റെ സമ്പത്തിനെയും പ്രതാപത്തെയും ആണ് ആദരിക്കുന്നത് എന്ന് നടരാജന് മനസ്സിലായി. മാത്രവുമല്ല, ഇത്രയും ബുദ്ധിയും പഠിപ്പുമുള്ള നടരാജനെ നാരായണ ഗുരുവില്‍ നിന്നകറ്റി നിര്‍ത്തേണ്ടത് ആവശ്യമാണെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഇത് നാരായണ ഗുരുവും മനസ്സിലാക്കിയിരുന്നു. നാരായണ ഗുരു തമ്പിയോട് ‘ദൂരെ പോകണം, വലിയ കാര്യങ്ങള്‍ ചെയ്യണം” എന്ന് ഉപദേശിക്കുകയും ചെയ്തു. (നടരാജനെ തമ്പിയെന്നാണ് ഗുരു ആദ്യം മുതലേ വിളിച്ചിരുന്നത്). ഗുരുവിന്റെ വില്‍പത്രത്തെ ധര്‍മസംഘാംഗങ്ങള്‍ അവഗണിക്കുമെന്നത് തീര്‍ച്ചയായതോടെ നടരാജഗുരു പുതിയൊരു ശിഷ്യ പരമ്പരയ്ക്ക് രൂപംകൊടുത്തു. അതാണ് നാരായണ ഗുരുകുലം. ഗുരുകുലം പൂര്‍ണമായും ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ വേദിയായിരുന്നു. ഗുരുവിന്റെ സുപ്രധാന കൃതികള്‍ക്ക് സമഗ്രവും ശാസ്ത്രീയവുമായ വ്യാഖ്യാനങ്ങള്‍ നടരാജഗുരു തയ്യാറാക്കി. ആത്മോപദേശ ശതകം, ദര്‍ശനമാല, അദ്വൈത ദീപിക, ബ്രഹ്മവിദ്യാ പഞ്ചകം, നിര്‍വൃതി പഞ്ചകം തുടങ്ങിയ 20 കൃതികള്‍ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഇവയിലൂടെയാണ് നാരായണ ഗുരുവിന്റെ ആശയങ്ങള്‍ ലോകസഞ്ചാരം നടത്തിയത്. തുടര്‍ന്ന് ഭഗവദ് ഗീതയ്ക്കും ബൃഹത്തായ ഒരു വ്യാഖ്യാനം എഴുതി. ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനത്തെയും ഉള്‍ക്കൊണ്ടുകൊണ്ട് ‘ഠവല ണീൃറ ീള ഏൗൃൗ ‘ എന്ന പ്രഖ്യാത ഗ്രന്ഥം രചിച്ചു.
ഗുരുവിന്റെ ദര്‍ശനത്തെ വ്യാഖ്യാനിച്ച് ലോകത്തിന്റെ മുന്നിലവതരിപ്പിക്കുന്നതിനായി സ്വന്തം ജീവിതത്തെ അദ്ദേഹം പൂര്‍ണമായും സമര്‍പ്പിച്ചു. ആ ദര്‍ശനത്തിന്റെ മഹത്ത്വത്തില്‍ പണ്ഡിതനായ ഡോ.നടരാജനെന്ന നടരാജഗുരുവിന് അത്ര മാത്രം വിശ്വാസമായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും അക്കാലത്തെ വലിയ ശാസ്ത്ര പ്രതിഭകളോട് ആശയ വിനിമയം നടത്തിയിട്ടും നാരായണഗുരു കണ്ടെത്തിയ ആത്യന്തിക സത്യദര്‍ശനത്തെക്കാള്‍ മികച്ച ഒന്ന് തനിക്കെവിടെയും കാണാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം തന്നോട് പറഞ്ഞതായി അദ്ദേഹത്തിന്റെ ശിഷ്യനും ഇപ്പോള്‍ നാരായണ ഗുരുകുലം അദ്ധ്യക്ഷനുമായ മുനി നാരായണ പ്രസാദ് രേഖപ്പെടുത്തിയിട്ടുണ്ട്. ജ്ഞാന ഗുരുവിന്റെ ബ്രഹ്മ വിദ്യാദര്‍ശനത്തെ ആധുനിക ശാസ്ത്രാവലോകനത്തിലൂടെ പുതിയൊരു മാനത്തിലേക്ക് എത്തിക്കുകയാണ് നടരാജഗുരു ചെയ്തത്.
1937ല്‍ പരിചയപ്പെടുകയും നടരാജഗുരുവിന്റെ ചിന്താരീതിയിലും പ്രവര്‍ത്തനത്തിലും ആകൃഷ്ടനായി 1946 മുതല്‍ അദ്ദേഹത്തിന്റെ ശിഷ്യനായി മാറുകയും ചെയ്ത സ്‌കോട്ട്‌ലന്റുകാരനാണ് ജോണ്‍ സ്പിയേഴ്‌സ്. അദ്ദേഹം ഗുരു ചിന്തകള്‍ ലോകത്തെ അറിയിക്കുന്നതിനായി ‘ഢമഹൗല’െ എന്നൊരു മാസിക നടത്തിയിരുന്നു. അതിലാണ് നടരാജഗുരു ആത്മകഥ എഴുതിയത്. ‘ഠവല അൗീേയശീഴൃമുവ്യ ീള മി അയീെഹൗശേേെ’ എന്ന പേരില്‍ അത് പിന്നിട് പ്രസിദ്ധീകരിച്ചു. ഈ ജോണ്‍ സ്പിയേഴ്‌സ് നടരാജഗുരുവിനെപ്പറ്റി ഒരു കവിത എഴുതിയിട്ടുണ്ട്. അത് ഗുരു നിത്യചൈതന്യയതി പരിഭാഷപ്പെടുത്തി അദ്ദേഹത്തിന്റെ ഒരു ലേഖനത്തില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്. നടരാജഗുരു എന്താണ് ചെയ്തത് എന്ന് വ്യക്തമാക്കുന്ന ഒരു ചിത്രം ആ കവിതയിലുണ്ട്. ചില വരികള്‍ നോക്കാം.
‘കശ്മലമായ ജാതി പടര്‍പ്പുകളുടെ മുള്‍ക്കൂടുകളില്‍ നിന്നും
വര്‍ഗീയതയുടെ നിരാളപ്പിടുത്തത്തില്‍ നിന്നും
നീ നാരായണ ഗുരുവിനെ മുക്തനാക്കി
ഏകലോകത്തിന്റെ വക്താവായി
ഞങ്ങള്‍ക്കു കാണിച്ചു തന്നു.
ആ മഹാത്മാവിന്റെ വജ്രമഹിമ
നിന്നില്‍ നിന്നും അറിഞ്ഞ ഞങ്ങളിന്നു
പുളകിതഗാത്രരായതിനു ആയിരം നമോവാകം.
നിന്നെ അറിഞ്ഞതു കൊണ്ടു ഞങ്ങള്‍
ഇന്നു ഭഗവാന്‍ ബുദ്ധനെയും കുറള്‍ ചുരത്തിത്തന്ന
തിരുവള്ളുവരേയും അറിയുന്നു.
ഭാഷ്യകാരനായ ശങ്കരന്റെ അദ്വൈതരഹസ്യത്തിലേക്ക്
നീ ഞങ്ങളെ ആനയിച്ച് സമ്യക്കായ
യുക്തിഭദ്രതയെ മാനിക്കയാല്‍
അതു വഴി മറ്റു വേദാന്ത ശാഖകളേയും
അവയുടെ ഉപജ്ഞാതാക്കളേയും അറിയുവാനിടയായി.
യവന ഗുരുക്കന്മാരേയും റോമന്‍ പ്രതിഭകളെയും
നീ ഞങ്ങളുടെ ഹൃദയത്തോടടുപ്പിച്ചു
ഞങ്ങള്‍ക്കിപ്പോള്‍ നിന്റെ കാരുണ്യം കൊണ്ട്
പൈതഗോറസ്സിനേയും സ്റ്റോയ്ക്കുകളെയും
സുപരിചിതമായി തീര്‍ന്നിട്ടുണ്ട്.
പുരാണമുനിയായ വ്യാസന്റെ ഭഗവത്ഗീത
നീ ഞങ്ങള്‍ക്കു കരതലാമലകം പോലെ
സുപ്രാപ്യമാക്കിയപ്പോള്‍ത്തന്നെ
എക്കാര്‍ട്ടിന്റെയും ജലാലുദ്ദീന്‍ റൂമിയുടെയും
പ്ലോട്ടിനസ്സിന്റെയും ലാവോത്സുവിന്റെയും
ഗൂഢാവബോധത്തില്‍ നിറഞ്ഞു നില്‍ക്കുന്ന
ആനന്ദാമൃതം നുകരുവാനും നീ ഞങ്ങളെ സജ്ജരാക്കി … ‘
ഇങ്ങനെ നടരാജഗുരു വ്യാപരിച്ച മേഖലകളെയൊക്കെ ഈ കവിത അടയാളപ്പെടുത്തുന്നു.
നാരായണ ഗുരുവും നടരാജഗുരുവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്പിയേഴ്‌സ് പറയുന്നതിങ്ങനെയാണ്. ‘…കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി തന്റെ ഗുരുവിനെ ശരിയായ നിലയില്‍ അവതരിപ്പിക്കുന്നതിന് യത്‌നിച്ചിട്ടുണ്ട്. ഒരു ഗുരുവിനും ഒരിക്കലും ഇത്രയും വിശ്വസ്തനായ ഒരു ശിഷ്യനുണ്ടായിട്ടില്ല. എന്നാല്‍ കേരളത്തില്‍ ഈ ശ്രമങ്ങള്‍ക്കൊന്നും പ്രത്യക്ഷമായ ഫലങ്ങള്‍ ഉണ്ടാക്കാനായിട്ടില്ലെന്നതില്‍ എനിക്ക് ഖേദം തോന്നുന്നു. എല്ലാം മരുഭൂമിയിലൊഴിച്ച വെള്ളം പോലെ പാഴായിപ്പോയി.’ കേരളം ഒരു ഗുരു പാരമ്പര്യത്തെ അവഗണിച്ചതിലുള്ള ദു:ഖവും ഈ വിദേശിയുടെ വാക്കുകളിലുണ്ട്. ഗുരുവിനെപ്പറ്റി ഒരു കാര്യം കൂടി അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. ‘നടരാജഗുരുവിനെക്കുറിച്ച് കൂടുതലാളുകള്‍ അതിശയോക്തി ഒട്ടുമില്ലാതെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം കൂടുതല്‍ മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം ഒരു ലോക ഗുരുവാണ്.’
നടരാജഗുരുവിന്റെ ശിഷ്യരില്‍ പ്രധാനി നിത്യചൈതന്യയതിയാണ്. പൂര്‍ണ പ്രജ്ഞനായ ജ്ഞാനി എന്നാണ് യതി ഗുരുവിനെ വിശേഷിപ്പിച്ചത്. യതിയാകട്ടെ നടരാജഗുരുവിന്റെ പാതതന്നെ ജീവിതത്തില്‍ പിന്തുടരുകയും ചെയ്തു. ധൈഷണികവും ശാസ്ത്രീയവുമായ അന്വേഷണങ്ങളിലാണ് അദ്ദേഹവും വ്യാപൃതനായത്. 1948 ലാണ് നിത്യന്‍ നടരാജഗുരുവിനെ ആദ്യമായി കാണാനിടയായത്. ആ ബന്ധം മരണംവരെ തുടര്‍ന്നു. ഗുരുവിന്റെ സര്‍വസമന്വയദര്‍ശനത്തെപ്പറ്റി യതി ധാരാളം എഴുതിയിട്ടുണ്ട്. യൂറോപ്പിലെ നടരാജഗുരുവിന്റെ ബന്ധങ്ങളെപ്പറ്റിയും യതി വിവരിക്കുന്നുണ്ട്. യൂറോപ്പിലെ പ്രശസ്ത ശാസ്ത്ര ദാര്‍ശനികനായ ഹെന്‍ട്രി ബെര്‍ഗ്‌സണുമായുള്ള പരിചയം നടരാജനില്‍ വലിയ സ്വാധീനമായിരുന്നുവെന്ന് നിത്യചൈതന്യയതി വിശദീകരിച്ചിട്ടുണ്ട്. അക്കാലത്ത് പ്രചാരത്തിലെത്തിയ എല്ലാ ശാസ്ത്ര, ധൈഷണിക ചിന്താധാരകളെപ്പറ്റിയും ഗുരു ആഴത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിന്റെയൊക്കെ പിന്‍ബലത്തോടെയാണ് ഗുരു അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായി കരുതപ്പെടുന്ന ‘അി കിലേഴൃമലേറ ടരശലിരല ീള വേല അയീെഹൗലേ’ എന്ന കൃതി രചിക്കുന്നത്. അത് ശിഷ്യനായ നിത്യനെ മനസ്സില്‍ കണ്ടുകൊണ്ട് രചിച്ചതാണെന്ന് അതിന്റെ ആമുഖത്തില്‍ പറയുന്നുമുണ്ട്. നിത്യന്റെ സംശയങ്ങള്‍ക്കുള്ള മറുപടി എന്നും പറയാം. നിരീക്ഷണശാലയിലെ അറിവും വൈദിക വിദ്യാലയത്തിലെ ജ്ഞാനവും സമന്വയിച്ച രചനയാണ് ഇതെന്ന് യതി വിശേഷിപ്പിച്ചിട്ടുണ്ട്. നടരാജഗുരുവിന്റെ അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോവാനുള്ള ശ്രമവും ശിഷ്യനായ നിത്യചൈതന്യയതി നടത്തിയിട്ടുണ്ട്.
സ്വാമി ജോണ്‍ സ്പിയേഴ്‌സ് സൂചിപ്പിച്ചതുപോലെ കേരളം ഇതിനെയൊന്നും ഉള്‍ക്കൊണ്ടില്ല. നാരായണ ഗുരുവിനെ സാമൂഹിക പരിഷ്‌ക്കര്‍ത്താവ് , നവോത്ഥാന നായകന്‍ എന്നൊക്കെ വിശേഷിപ്പിച്ച് നമ്മള്‍ സന്തുഷ്ടരായി. അദ്ദേഹത്തിന്റെ ദാര്‍ശനിക സംഭാവനകള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചതേയില്ല. ആ അര്‍ത്ഥത്തില്‍ ശിഷ്യന്‍ നടരാജഗുരു താനേറ്റെടുത്ത ദൗത്യത്തില്‍ പരാജയപ്പെട്ടു എന്നും പറയാം. സൂക്ഷ്മ വിശകലനത്തില്‍ നടരാജഗുരു നാരായണ ഗുരുവിനേക്കാള്‍ മികച്ച അദ്വൈതവാദിയുമായിരുന്നു. ജാതി-മത- ദൈവ ചിന്തകളൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല. ഏകലോകം എന്നത് അതിന്റെ പൂര്‍ണാര്‍ത്ഥത്തില്‍ ആ ഗുരു സ്വാംശീകരിച്ചിരുന്നു. നാരായണ ഗുരുവാകട്ടെ ഒരുപാട് സന്ദേഹങ്ങള്‍ക്ക് വഴിയൊരുക്കിയ ജീവിത സന്ദര്‍ഭങ്ങള്‍ ബാക്കിയാക്കുകയും ചെയ്തു. അതുകൊണ്ടാണ് ഈഴവ ഗുരുവായും ഹിന്ദു സന്യാസിയായുമൊക്കെയുള്ള തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇപ്പോഴും അദ്ദേഹം വിധേയനാവുന്നത്. ആ തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനും ഗുരുവിന്റെ ചിന്താലോകത്തെ കൂടുതല്‍ അടുത്തറിയുന്നതിനും ഇപ്പോഴും നമ്മുടെ മുന്നിലെ വഴി നടരാജഗുരുവിന്റേതാണ്.
നടരാജഗുരു 1973 ല്‍ വര്‍ക്കലയില്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ കൃതികളും ചിന്തകളും ഇനിയും ജീവിക്കേണ്ടതുണ്ട്. നമ്മുടെ ബോധമണ്ഡലത്തെ സത്യദര്‍ശനവുമായി ചേര്‍ത്തുനിര്‍ത്താനുള്ള കരുത്ത് അവയ്ക്കിന്നുമുണ്ട്. നടരാജഗുരുവിനെ നമ്മുടെ ആശയവ്യാപാരമണ്ഡലത്തിലേക്ക് തിരിച്ചു കൊണ്ടുവരണം. ജാതി-മത ചിന്തകള്‍ക്കതീതമായ ഒരു ജീവിതദര്‍ശനം മുന്നോട്ടുവയ്ക്കുന്ന ആ ആശയലോകം വിപുലവും സത്യസന്ധവുമാണ്. നാരായണ ഗുരുവിലേക്കുള്ള ശരിയായ വഴികൂടിയാണത്.
Close Window
Loading, Please Wait!
This may take a second or two.