കലയും കൃഷിയും – പ്രതിഷ്ഠാപനങ്ങള്‍ക്ക് ഒരു പിന്‍കുറിപ്പ്
കലയും കൃഷിയും – പ്രതിഷ്ഠാപനങ്ങള്‍ക്ക് ഒരു പിന്‍കുറിപ്പ്
സി.എഫ് ജോണ്‍
”നിങ്ങളുടെ മുറിവുകളിലേക്ക് വരട്ടെ, എനിക്ക് സൗഖ്യപ്പെടണം” എന്ന കലാവിന്യാസം, സ്വന്തം ഭവനത്തിലേക്ക് വരുവാനുള്ള ഒരു ക്ഷണമാണ്. നമ്മുടെതന്നെ ഉള്‍വിളികളിലേക്ക്, നമ്മെ തിരിച്ചുപിടിക്കാന്‍: നമ്മുടെ ശരീരം, നമ്മുടെ മണ്ണ്, ഭൂമിയേയും ജീവനേയും സംരക്ഷിക്കുവാനുതകുന്ന നമ്മുടെ ശരീരബന്ധങ്ങള്‍.
ഒമ്പതാമത്തെ വിത്തുത്സവത്തിനുള്ള മുഖവുരയില്‍ FTAKയുടെ സ്ഥാപകന്‍ ടോമി വടക്കാഞ്ചേരി എഴുതി: രണ്ട് തുടര്‍പ്രളയങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന വിത്തുത്സവം പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതിലും അതിജീവിക്കുന്നതിലും കര്‍ഷകര്‍ വിത്തുകള്‍ക്ക് കല്‍പിക്കുന്ന പ്രാഥമികത ഉയര്‍ത്തിപ്പിടിക്കുന്നു. സ്ഥിരവിളകള്‍ കടപുഴകിയ, തന്നാണ്ട് വിളകള്‍ പൂര്‍ണമായും നശിച്ച, നീണ്ടുനില്‍ക്കുന്ന വിളനാശങ്ങള്‍ക്ക് കാരണമായ, കൃഷിയിടങ്ങളിലെ മേല്‍മണ്ണ് കുത്തിയൊലിച്ചുപോയ അനിതരസാധാരണമായ സാഹചര്യത്തിലാണ് കര്‍ഷകര്‍ വിത്തുത്സവത്തിലൊരുമിച്ച് വരുന്നത്. അതിജീവനത്തിനും പുനരുജ്ജീവനത്തിനുമുള്ള തങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമായി. ഒരു കര്‍ഷകന്‍ വിത്തു കുറുകെ പിടിക്കുന്നതില്‍നിന്നും അതിന് കാവല്‍നില്‍ക്കുന്നതില്‍ നിന്നും ഈ രാജ്യത്തിന് ഉള്‍ക്കൊള്ളാന്‍ വേണ്ടുന്ന വിവേകങ്ങള്‍ ഉണ്ട്. സ്വയം സൗഖ്യപെടാനും, രാജ്യത്തിന്റെതന്നെ പലവിധത്തിലുള്ള പുനരുജ്ജീവനത്തിനുമായി.
പ്രതീകാത്മകവും പ്രായോഗികവുമായ അര്‍ത്ഥങ്ങളുടെ സൗന്ദര്യാത്മകതയെക്കുറിച്ചുള്ള അവബോധം പുഴകളിലേയും കുളങ്ങളിലേയുമൊക്കെ വെള്ളംപോലെയാണ്. സത്യത്തിന്റെ ഒരു തിളക്കമുണ്ടതിന്. പക്ഷേ, പൈപ്പുകളിലൂടെ നമുക്കെത്തിക്കുന്ന വെള്ളമോ? അതൊരു ഉല്‍പ്പന്നമാണ്. അത് വെള്ളമല്ലാതാവുന്നു. കലയേയും ഭക്ഷണത്തേയും സംബന്ധിച്ചും ഇത് പറയാം. ശരിയായ സാഹചര്യത്തില്‍ ഭക്ഷണം മണ്ണിന്റെ ബോധവും വികാരവും ഉള്‍ചേര്‍ക്കുന്നു. വിത്തിന്റെ മുളപ്പൊട്ടലിന്റെ, പരിപാലനത്തിന്റെ, പുഷ്പിക്കലിന്റെ, സൂക്ഷിക്കലിന്റെ, പങ്കുവയ്ക്കലിന്റെ, ബോധവും വികാരങ്ങളും ഉള്‍ചേര്‍ന്നതാണ്. പക്ഷേ, ഈ സാഹചര്യത്തെ ഒഴിവാക്കിയാല്‍ ഭക്ഷണം വെറുമൊരു ഉല്‍പ്പന്നം, ചരക്കായിമാറും. കലയും അതുപോലെതന്നെ. വിവിധ സങ്കേതങ്ങളുപയോഗിച്ചുള്ള ഈ കലാവിന്യാസം കലയും കൃഷിയുമായി അര്‍ത്ഥവത്തായി ഇടപെടാനുദ്യമിക്കുന്ന, കൃഷിയുടെ സംസ്‌കാരത്തേയും പരസ്പരബന്ധത്തിന്റെ സൗന്ദര്യാത്മകതയേയും അന്വേഷിക്കുന്ന ഒരു സംരംഭമാണ്.
കര്‍ഷകരോടൊപ്പം മൂന്നു വര്‍ഷത്തോളം ഇടപഴകിയതിനൊടുവില്‍ ഞങ്ങള്‍ക്ക് ലഭിച്ച ബോധ്യം: ഞങ്ങളുടെ ഭാവനകളിലും ചിന്തകളിലും അധിഷ്ഠിതമായ കലാവസ്തുക്കള്‍ നിര്‍മിക്കുന്നതിനുപകരം കര്‍ഷകര്‍ നടക്കുന്നയിടങ്ങളിലെ നിശ്ശബ്ദസ്വരങ്ങള്‍ കേള്‍ക്കുന്നതിനുള്ള ഇടങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഉത്തമം എന്നാണ്. അത് തിരിച്ചറിയാനും, ആദരിക്കാനും, ദുഃഖത്തില്‍ പങ്കുചേരാനും, ചെറുത്തുനില്‍ക്കാനും, പുണരുവാനും, കുമ്പസാരിക്കാനും, പ്രതിജ്ഞകള്‍ക്കും, പ്രാര്‍ത്ഥനയ്ക്കും, ധ്യാനത്തിനും ഉള്ള ഇടങ്ങളാണ്. അത് പുനരുജ്ജീവനത്തെ പരിപാലിക്കുന്ന കൂട്ടായ്മയിടങ്ങളാണ്.
ഈ കലാവിന്യാസം 10 പ്രതിഷ്ഠാപനങ്ങളും പെര്‍ഫോമന്‍സുകളും ശില്പശാലകളും വിത്തുകാവല്‍ക്കാരുമായുള്ള പങ്കുവയ്ക്കലുകളും എല്ലാംകൂടി ചേര്‍ന്ന ഒന്നാണ്. ഏതാണ്ട് ഒരേക്കര്‍ വിസ്തൃതിയില്‍ വിത്തുകൂട്ടായ്മകള്‍ സംരക്ഷിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന വിത്തുശേഖരത്തെ പശ്ചാത്തലമാക്കിയാണ് ഈ കലാവിന്യാസരൂപങ്ങള്‍ ഒരുക്കിയത്. വിത്തും മനുഷ്യരുമായുള്ള ഉടമ്പടി കയ്യൊഴിയാത്ത കുറേപ്പേര്‍, ഫെയര്‍ട്രേഡ് അലയന്‍സ് കേരള (FTAK) എന്ന കാര്‍ഷിക കൂട്ടായ്മ, 2005 മുതല്‍ വ്രതനിഷ്ഠയോടെ തുടരുന്ന പ്രവര്‍ത്തനങ്ങളുടെ സിദ്ധിയാണിത്.
കലാവിന്യാസങ്ങള്‍-കിളിര്‍പ്പിനുള്ള ഇടങ്ങള്‍
രക്തസാക്ഷി ചുമര്‍: മുപ്പതടി നീളത്തിലും ഒമ്പതടി ഉയരത്തിലും മണ്ണുകൊണ്ടും വിത്തുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ഒരു ചുമര്‍. ചുമരിനുമുകളില്‍ മുപ്പതടി ഉയരത്തില്‍ മൂന്നടി നീളമുള്ള കൈകൊണ്ടെഴുതിയിട്ടുള്ള ഒമ്പത് പ്രാര്‍ത്ഥനാശീലുകള്‍ തൂക്കിയിട്ടിരിക്കുന്നു. ”മണ്ണിനോട്, വിത്തിനോട്, കിളിര്‍പ്പിനോട് ചേര്‍ന്നുനില്‍ക്കുകയെന്നത് സാമാന്യ ധീരത ആവശ്യപ്പെടുന്ന തീരുമാനമാണ്. ചിലപ്പോള്‍ വീണുപോയെന്നുവരാം. അധികാരവും പണവും പ്രശസ്തിയും മാത്രം ലാക്കാക്കുന്നവരുടെ ചെയ്തികള്‍ക്ക് വഴങ്ങുവാന്‍ വിസമ്മതിക്കുമ്പോള്‍ പ്രത്യേകിച്ചും.” കാറ്റില്‍ ഈ കൊടികള്‍ പാറിപ്പറന്നു. ആദരവോടുകൂടിയ ഈ വാക്കുകളെ ഭൂമിയുടെ അറ്റങ്ങളിലേക്ക് കാറ്റ് കൊണ്ടുപോയി. രണ്ടാമത്തെ പ്രാര്‍ത്ഥന ചോദിച്ചു:
”ദൈവമേ ജീവിക്കുവാനുള്ള ധൈര്യം തരൂ എനിക്ക്…
കാറ്റിലുലഞ്ഞ പുല്‍ച്ചെടിപോലെ
ദുഃഖങ്ങളില്‍ നിന്നെനിക്ക് നിവരണം
നിന്റെ വഴികള്‍ പിഴയ്ക്കില്ലെന്ന തീര്‍ച്ചയില്‍…
ദൈവമേ ധൈര്യം, ഇതിനേക്കാള്‍ ധൈര്യം
ജീവിതം ഈ ഇരുട്ട് കൂടിയാണെന്ന ധൈര്യം
കാഴ്ച നീ തെളിക്കുമെന്ന ധൈര്യം.
ഇരുട്ടിലെ മിന്നും വെളിച്ചത്തെ
ഉറ്റുനോക്കുവാന്‍ തുണയ്ക്കുമെന്ന ധൈര്യം…”
പതാകകളില്‍ രേഖപ്പെടുത്തിയ പ്രാര്‍ത്ഥനകള്‍ താഴെ ഒരിടത്ത് നമുക്ക് വായിക്കാം. കര്‍ഷക ആത്മഹത്യകളുമായി ബന്ധപ്പെട്ട പോലീസ് രേഖകളുടെ പശ്ചാത്തലത്തിലാണ് പ്രാര്‍ത്ഥനകള്‍ എഴുതിയിട്ടിരിക്കുന്നത്. കൂടാതെ ചുമരിനോട് ചേര്‍ന്നു നില്‍ക്കുന്നവരുടെ ചെവികളില്‍ മന്ത്രിക്കുംവിധം ഈ പ്രാര്‍ത്ഥനകളുടെ ഒരു ശബ്ദരേഖയും അവിടെ ഉണ്ടായിരുന്നു. ജീവനും വെളിച്ചവുമായി ഈ മണ്‍ചുമരില്‍ വിത്തുകള്‍ നിറച്ച 12 മണ്‍ചിരട്ടകളും 150ലധികം ചിരാതുകളും കൊത്തിവച്ചിരുന്നു. കാലവും സമയവും നിര്‍ണയിക്കുന്നതാണ് കൃഷി. കമ്പോള മത്സരത്തിന്റെ നിയമങ്ങളനുസരിച്ചല്ല മണ്ണില്‍ വിളവ് പൊലിയുന്നത്. കരുതല്‍ സഹജമായ കര്‍ഷകന്‍ കമ്പോളത്തില്‍ തോറ്റുപോകുന്നതില്‍ അത്ഭുതമില്ല. തോക്കും ലാത്തിയും സ്യൂട്ടുമല്ല, മുറിവേറ്റ സ്വന്തം ശരീരവും ഒരു കൈക്കുടന്ന വിത്തും ആണ് കര്‍ഷകരുടെ ആയുധം. ആത്യന്തിക ആദരവോടെ, ഒരു ചെറിയ പ്രാര്‍ത്ഥനയോടെ ഈ ചുമര്‍ സമര്‍പ്പിച്ചു. പൊലിഞ്ഞുപോയ ആ ജീവിതങ്ങള്‍ക്ക്, അവരുടെ കുടുംബത്തിനും ബന്ധുജനത്തിനും.
പ്രകൃതിയേയും സമൂഹത്തേയും നശിപ്പിക്കുന്ന ഇന്നത്തെ മനുഷ്യന്റെ ഭീതികള്‍ക്കുള്ള മറുമരുന്ന് ഭൂസംരക്ഷണവും കൃഷിയുമായുള്ളബന്ധം പുനഃസ്ഥാപിക്കലുമാണ്. ഭക്ഷണോല്പാദനത്തിനുള്ള സാങ്കേതിക പ്രക്രിയയല്ല കൃഷി. കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സംബന്ധിച്ച് നല്ല വേരുറപ്പുള്ള സാമൂഹിക-സാംസ്‌കാരിക സമ്പ്രദായമാണ് അത്. ഉത്തരവാദിത്വപൂര്‍ണമായ സംരക്ഷണം, പ്രജനനം, പരിപാലനം, ഇതെല്ലാമാണ് കൃഷി. മണ്ണ്, വിത്ത്, ആര്‍ദ്രത, ചൂട്, വായു, കീടങ്ങള്‍, കളകള്‍, സ്‌നേഹം, ദുര്‍ബലത ഇതെല്ലാം ചേര്‍ന്നതുകൂടിയാണ് കൃഷി. അത് നിരീക്ഷണങ്ങളും നിരന്തരമായ ഉണര്‍വുമാണ്. അത് മനുഷ്യനേയും ബന്ധങ്ങളേയും സംബന്ധിച്ചതുമാണ്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിരീതി ഇപ്പറഞ്ഞതിനൊക്കെ നേര്‍വിപരീതമാണുതാനും. വികസന പദ്ധതികളുടെ സ്വപ്നഭൂമികയായ ഈ രാജ്യത്ത് നമുക്കിടയിലെ ഒരുകൂട്ടം ആളുകള്‍ മുറിവുകളും, നഷ്ടങ്ങളും, പ്രതികൂല സാഹചര്യങ്ങളും അതിജീവിച്ച് വിത്തുകള്‍ ശേഖരിക്കുന്നു. മഞ്ഞിലും വെയിലിലും അതിനെ കാത്തുസൂക്ഷിക്കാനും, അതിനെ നട്ടുനനച്ച് വളര്‍ത്താനും പരിപാലിക്കാനും, കീടങ്ങളില്‍നിന്ന് രക്ഷിക്കാനും, അങ്ങനെ ഈ ഭൂമിയേയും അതിലെ ജീവജാലങ്ങളേയും ജീവസുറ്റതാക്കി നിലനിര്‍ത്താനും പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. നമ്മുടെ വികസനപദ്ധതികള്‍ പലതും ഇത്തരം ആളുകളേയും അവരുടെ കൃഷിയിടങ്ങളേയും ചുട്ടുകരിച്ചു. എന്നിട്ടും അവര്‍ ഇപ്പോഴും അവരുടെ കൃഷിയിടം വിത്തുവയ്ക്കുന്നു. വിത്തും നമ്മളും തമ്മിലുള്ള ഉടമ്പടി സൂക്ഷിക്കേണ്ടത് ദൈവികമായ ഒരു ചുമതലയായി അവര്‍ കരുതുന്നു.
വിത്തുകാവല്‍ക്കാരുടെ പിരമിഡ് അവരെ ആദരിക്കുവാനുള്ള ഒരു വിശിഷ്ട ഇടമാണ്. നേര്‍മയുള്ള കോട്ടന്‍ തുണികൊണ്ടും മുളകൊണ്ടും ഉണ്ടാക്കിയിട്ടുള്ള പിരമിഡ് ഒരു വിത്തിന്റെ പോളപോലെയാണ്. പിരമിഡിനുള്ളില്‍ മുളകൊണ്ടും മണ്ണുകൊണ്ടും ഉണ്ടാക്കിയിട്ടുള്ള ഒരു മേശപ്പുറത്ത് വിശുദ്ധഗ്രന്ഥങ്ങള്‍ വയ്ക്കുന്നവിധം, കേരളത്തിലുള്ള 13 വിത്തുകാവല്‍ക്കാരെക്കുറിച്ചുള്ള ലഘുവിവരണം വച്ചിട്ടുണ്ട്. ഒരു വിത്തിന്റെ കണ്ണുപോലെ വച്ചിട്ടുള്ള പിരമിഡിന്റെ തുണിയുടെ വിടവിലൂടെ സന്ദര്‍ശകര്‍ അകത്തുകടക്കുമ്പോള്‍, അവരും വിത്തിന്റെ ഒരു ഭാഗമായിത്തീരുകയാണ്.
രക്തസാക്ഷി ചുമരിന് പിന്നിലാണ് കാല്‍ചുവട്ടിലെ മണ്ണ്, ഭാവനയ്ക്ക് തിരിതെളിയിക്കാനുള്ള ഇടം. കൃഷിയെക്കുറിച്ചുള്ള കാവ്യബോധം കുട്ടികളില്‍ തെളിക്കാനുള്ള ശില്പശാലകള്‍ നടത്തിയ ഒരു ഇടമാണ് അത്. ഓരോ ദിവസം നീണ്ടുനില്‍ക്കുന്ന നാല് ശില്പശാലകള്‍ അവിടെ നടന്നു. പത്രപ്രവര്‍ത്തകയായ ശുഭ ജോസഫ്, നാടകരംഗത്ത് നിന്നുള്ള മനുജോസ്, നോവലിസ്റ്റും ചെറുകഥാകൃത്തുമായ വിനോയ് തോമസ്, പുതുമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിഷ്ണു, നടാഷ ശര്‍മ എന്നിവര്‍ ശില്പശാലകള്‍ നയിച്ചു. വിത്തുകാവല്‍ക്കാരുടെ പിരമിഡിനും ഭാവനയ്ക്ക് തിരിതെളിക്കുവാനുള്ള ഇടത്തിനും മധ്യത്തില്‍ രക്തസാക്ഷി ചുമര്‍ സ്ഥാപിച്ചിരുന്നത് പ്രതീകാത്മകമായി ജീവിതത്തെ തിരിച്ചുപിടിക്കാനും, ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഒരു ഉദ്യമമാണ്. മണ്ണിന്റേയും കര്‍ഷകരുടേയും മുറിവുകള്‍ക്കുള്ള ഒരു പരിചരണമായി അത് അവിടെ നില്‍ക്കുന്നു.
അവിടെ വിന്യസിപ്പിച്ചിരുന്നത്, നോക്കിക്കാണുവാനുള്ള ഭാവനയുടെ വസ്തുക്കളല്ലായിരുന്നു. മറിച്ച് ഇടങ്ങള്‍ തുറക്കുവാനാണ് ശ്രമിച്ചത്, കാര്യങ്ങള്‍ നടത്തുന്ന, നടക്കുന്ന ഇടങ്ങള്‍. വിത്തുസംരക്ഷകരുടെ കസേര- മുറിവോരണങ്ങളില്‍നിന്ന് എന്ന ഇന്‍സ്റ്റലേഷന്‍ ചുവന്ന പരവതാനി വിരിച്ച ഒരു പ്ലാറ്റ്‌ഫോമില്‍ വച്ചിട്ടുള്ള ഒരു മരക്കസേരയാണ്. നിങ്ങള്‍ ഒരു കര്‍ഷകനോ കര്‍ഷകജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ കരുതലുള്ള ഒരാളോ ആണെങ്കില്‍ അവരുടെ ജീവിതസാഹചര്യത്തില്‍ മാറ്റംവരുത്തുവാന്‍ ഈ ദേശത്തിന് എന്തെങ്കിലും ചെയ്യുവാനാകും എന്ന് കരുതുന്നുണ്ടെങ്കില്‍ അത് എന്താകും? നിങ്ങള്‍ക്ക് സ്വന്തമായി എന്ത് ചെയ്യാന്‍ കഴിയും? രാജ്യത്തിനു എന്ത് ചെയ്യുവാനാകും? രാജ്യം നിങ്ങളോട് ഇക്കാര്യത്തില്‍ അഭിപ്രായം ആരാഞ്ഞിരിക്കുന്നു എന്ന് കരുതുകയോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യുവാന്‍ അധികാരം തന്നിട്ടുണ്ട് എന്ന് കരുതുകയോ ചെയ്ത് ആ കസേരയില്‍ കയറിയിരുന്നു മൈക്കിലൂടെ പൊതുജനത്തോട് സംസാരിക്കണം.
ഈ പ്രവൃത്തി ഒരു തലത്തില്‍ പൊതുസമൂഹത്തെ സാക്ഷിനിര്‍ത്തിയുള്ള ഒരു കുമ്പസാരവും പിന്നെ മണ്ണും മണ്ണിനോട് ചേര്‍ന്നുനില്‍ക്കുന്ന സമൂഹവുമായുള്ള ഒരു ഉടമ്പടിയുമാകുന്നു. വേറൊരു തലത്തില്‍ രാജ്യത്തുള്ള പ്രശ്‌നങ്ങളുടെ കൂടെനിന്ന് മറ്റുള്ളവരിലേക്ക് വിരല്‍ചൂണ്ടുന്നതിനു പകരം പ്രശ്‌നോത്തരങ്ങളുടെ ഭാഗമാവുകയാണ്. ഇവിടെ അവള്‍ ദേശത്തോടൊപ്പം ക്രിയാത്മകമായി കൂടെ നില്‍ക്കുന്നു. ചിന്തിക്കുന്നു. കസേരയില്‍ ഇരുന്ന് അപ്രകാരം പറഞ്ഞ കുറിപ്പുകള്‍ അവിടെയുള്ള ഒരു ഫലകത്തില്‍ മറ്റുള്ളവര്‍ക്ക് വായിക്കുവാനായി രേഖപ്പെടുത്തിവച്ചിരിക്കും.
അവിടെയുണ്ടായിരുന്ന കര്‍ഷകരെ സാക്ഷിനിര്‍ത്തി കെ.പി. മോഹന്‍ ദാസ് പറഞ്ഞു: ”കര്‍ഷകന്‍ രാജ്യത്തിന്റെ സമ്പത്താണ്. ഏറ്റവും ഉയര്‍ന്ന ആദരവ് ഒരു കര്‍ഷകന്‍ അര്‍ഹിക്കുന്നു. കര്‍ഷകരെ സംരക്ഷിക്കുന്നതിനായി സമൂഹത്തില്‍ തുടങ്ങിവയ്ക്കുന്ന സംരംഭങ്ങളിലെല്ലാം ഞാന്‍ പങ്കുവഹിക്കും.” രാജ്യത്തോട് പറഞ്ഞു: ”ഈ രാജ്യം ഭരിക്കുന്നവര്‍ ഒരു പട്ടാളക്കാരനേക്കാള്‍ അധികമായി കര്‍ഷകനെ സംരക്ഷിക്കാനായി നടപടികള്‍ എടുത്തിരിക്കണം.” ”പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കണം. (സോജന്‍ കളപ്പുര). ”കര്‍ഷകരുടെ വളര്‍ച്ചയിലേക്കുള്ള ഈ യാത്രയില്‍ ഞാനും പങ്കുകൊള്ളുന്നതായിരിക്കും. ഈ ജീവന്റെ വിസ്മയത്തില്‍ നിന്നുകൊണ്ട് നമുക്ക് കരുത്താര്‍ജിക്കാം. കര്‍ഷകരെ വന്ദിക്കുന്നു” സിനിമാതാരം പ്രകാശ്‌രാജ് കസേരയിലിരുന്നു പറഞ്ഞു. ഒരു കുമ്പസാരമായി പ്രതിജ്ഞയായി മാറ്റത്തിനുള്ള വിളികളായി അവിടെ 120 ലധികം അവതരണങ്ങള്‍ ഉണ്ടായി.
ആ കസേര ഒരു വിത്തുപോലെയായിരുന്നു. രാജ്യത്തേയും മണ്ണിനേയും ഹൃദയത്തില്‍വച്ചുകൊണ്ടുള്ള ഒരു അവബോധം അവിടെ പൊട്ടിമുളയ്ക്കുകയായിരുന്നു.
പ്രതീക്ഷകള്‍ക്കപ്പുറം സ്പര്‍ശവും പഠനങ്ങളും
സുതാര്യമായ തുണികള്‍ പല പാളികളിലായി ഒമ്പതടി ഉയരത്തില്‍നിന്ന് തൂക്കിയിട്ട് നിര്‍മിച്ചിട്ടുള്ളതാണ്. മനുഷ്യ-വന്യജീവിസംഘര്‍ഷം- വേലിക്കെട്ടും കുരുക്കുകളും: മുറിവോരം ചേര്‍ന്ന് നിശ്ശബ്ദപഥവും. വിത്തുസംരക്ഷകര്‍ പിരമിഡില്‍നിന്നും മട്ടക്കോണില്‍ ഇടത്തോട്ടുള്ള നേര്‍രേഖയുടെ ഇരുവശങ്ങളിലുമായാണ് ഇതു രണ്ടും പ്രതിഷ്ഠിച്ചിരിക്കുന്നത്. ഈ രണ്ട് പ്രതിഷ്ഠാപനങ്ങളേയും ആവരണം ചെയ്തുകൊണ്ട് 90 അടി നീളത്തില്‍ ഉള്ള, പഴയസാരികള്‍കൊണ്ട് നിര്‍മിച്ച് എടുത്തിട്ടുള്ള ഒരു വേലിയും ഉണ്ട്. പറമ്പുകളില്‍ കാട്ടുപന്നികള്‍ കയറാതിരിക്കുവാന്‍ കര്‍ഷകര്‍ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു മാര്‍ഗമാണിത്. ഈ സാരികളുടെ പുറംവശത്ത് മനുഷ്യന്‍, വന്യമൃഗങ്ങള്‍, കാട്, പറമ്പ് എന്നീ വിഷയങ്ങളുമായുള്ള ബന്ധങ്ങള്‍ വരച്ചുവച്ചിരിക്കുന്നു. അതിന്റെ ഉള്‍വശത്ത് മനുഷ്യ-വന്യജീവി സംഘര്‍ഷം പ്രതിഷ്ഠാപനം കണ്ടതിനുശേഷം സന്ദര്‍ശകര്‍ ഈ വിഷയത്തില്‍ അവരുടെ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുന്നു. ഭദ്രമായ അടച്ചുപൂട്ടലുകളില്ലാതെ, തുറന്ന, കാറ്റത്തിളകുന്ന, ലോലമായ ഒരിടമുണ്ടാക്കിയ ഈ പ്രതിഷ്ഠാപനം ഒരു കര്‍ഷകപറമ്പിനെ പ്രതിഫലിപ്പിക്കുന്നതാണ്. എന്തെന്നാല്‍ കര്‍ഷകന്റെ അതിരുകളും കാടിന്റെ അതിരുകളും വന്യമൃഗങ്ങള്‍ക്ക് അതിരുകളല്ല. അവയ്ക്ക് എല്ലാം പരന്നുകിടക്കുന്നു ഒരേ ഭൂമി. നിശ്ശബ്ദപഥങ്ങള്‍ അതുപോലെ അതിര്‍വരമ്പുകളില്ലാത്ത ഒരു ജൈവബന്ധത്തിന്റെ ആന്തരിക കാഴ്ചകളിലേക്ക് ചിത്രങ്ങളിലൂടെയും കാവ്യശകലങ്ങളിലൂടെയുമുള്ള ഒരു എത്തിനോട്ടമാണ്. അത് ഇന്ദ്രിയങ്ങളെ നമ്മള്‍ ചവുട്ടിനടക്കുന്ന മണ്ണിനോട് സംവേദനക്ഷമമാക്കാനുള്ള ക്ഷണമാണ്. ഈ രണ്ട് പ്രതിഷ്ഠാപനങ്ങളും പ്രകൃതിയുടെ എല്ലാ കടന്നുകയറ്റിറക്കങ്ങള്‍ക്കും വിട്ടുകൊടുത്ത് കിടക്കുന്ന തൊടികളെ അടിസ്ഥാനമാക്കിയുള്ളതാണ്. സന്ദര്‍ശകര്‍ ലോലമായി തൂക്കിയിട്ടിരിക്കുന്ന ഈ തുണികള്‍ക്കിടയിലൂടെ അതിനുള്ളിലേക്ക് കടന്നുചെല്ലുന്നു. മനുഷ്യ-വന്യജീവിസംഘര്‍ഷ പ്രതിഷ്ഠാപനം ഈ വിഷയത്തെ സംബന്ധിച്ച കാര്യങ്ങള്‍ കാര്യവിവരശേഖരങ്ങളിലൂടെയും, ചിത്രങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും അവതരിപ്പിച്ചിരിക്കുന്നു. പതിന്നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള ശബ്ദരേഖ നമ്മുടെ വൈകൃതമായ വനഭാവനമൂലം മനുഷ്യനും കൃഷിയിടങ്ങള്‍ക്കും വന്യമൃഗങ്ങള്‍ക്കും, കാടിനും ഒരേപോലെ വന്നുചേരുന്ന വിപത്തിനെക്കുറിച്ചും അതിന് കര്‍ഷകന്‍ മുന്നോട്ടുവയ്ക്കുന്ന ലളിതമായ ഏതാനും പരിഹാരമാര്‍ഗങ്ങളെപ്പറ്റിയും രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാര്യങ്ങളെ സാധൂകരിക്കുന്നതിനായി വിവരാവകാശംവഴി ലഭിച്ചിരിക്കുന്ന അനവധി രേഖകളും കര്‍ഷകര്‍ സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നിട്ടുള്ള കുറിപ്പുകളും ജനങ്ങളില്‍നിന്നു ലഭിച്ചിട്ടുള്ള മറ്റു വിവരങ്ങളും ചിത്രങ്ങള്‍ക്കൊപ്പം വിന്യസിപ്പിച്ചുവച്ചിരിക്കുന്നു.
കൃഷിയിടങ്ങള്‍ പ്രകൃതിയുടെ എല്ലാ ശക്തികളേയും അഭിമുഖീകരിക്കുന്നപോലെ ഈ ഇന്‍സ്റ്റലേഷനും പ്രകൃതിയുടെ എല്ലാ കയറ്റയിറക്കങ്ങളേയും ഏറ്റെടുത്ത് രാത്രിയുടെ മഞ്ഞില്‍ നനഞ്ഞു കുതിര്‍ന്നു. പകലത്തെ പൊള്ളുന്ന ചൂടില്‍ കരിയിലപോലെ അവ ഉണങ്ങിച്ചുരുണ്ടു. പൊടികളെയെല്ലാം ഏറ്റെടുത്തു. കാറ്റത്ത് സുതാര്യമായ ആ തുണികള്‍ മുകളിലേക്കും വശങ്ങളിലേക്കും വീശിയടിച്ചു. സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം ഈ ദൃശ്യവികലതകളൊന്നും പ്രശ്‌നമായിരുന്നില്ല. അവയിലൂടെ സംവദിക്കുവാനാഗ്രഹിച്ചവയെ അവരിലേക്ക് വ്യക്തമായി കൈമാറി. കുറച്ചുപേര്‍ക്ക്, ഞെട്ടലോടെ കണ്ണുതുറപ്പിക്കുന്ന വിവരങ്ങളാണ് അതിലൂടെ കിട്ടിയത്. അത് അവര്‍ക്ക് അധികാരികളോടുള്ള തുടര്‍ച്ചര്‍ച്ചകള്‍ക്ക് ഒരിടം കൊടുത്തു. മറ്റു പലര്‍ക്കും അത് അവരുടെ മുന്‍വിധികള്‍ എടുത്തുകളയാന്‍ സഹായിച്ചു. പിന്നെ കുറെപേര്‍ക്ക് അത് അവരുടെ വേദനകള്‍ക്ക് നല്‍കിയ ഒരു ശബ്ദമായിരുന്നു.
കര്‍ഷകര്‍ പറയുന്നു:
കാടിനെ മൃഗങ്ങള്‍ക്ക് വലിയ അല്ലലില്ലാതെ അവിടെ പാര്‍ക്കാന്‍ കാടായിത്തന്നെ നിലനിര്‍ത്തുക. വിവരാവകാശം വഴി ലഭിച്ച കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ 25 ശതമാനം മുതല്‍ 40 ശതമാനത്തിലധികം വരെ കാടെന്ന് പറയുന്ന സ്ഥലങ്ങള്‍ തേക്കും യൂക്കാലിപ്റ്റസും തുടങ്ങിയ തോട്ടങ്ങളാണ്. കാടിന്റെ പലവശങ്ങളും ചെങ്കുത്തായ സ്ഥലങ്ങളാണ്. മൃഗങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാനാകാത്ത സ്ഥലങ്ങള്‍. അതിനുപുറമേ ദുരന്തകൊന്ന തുടങ്ങി കാടിനെ നശിപ്പിക്കുന്ന ചെടികള്‍ കാടിനെ ഞെരുക്കി കൊന്നുകൊണ്ടിരിക്കുന്നു. കൂട്ടത്തില്‍ കാടിനുള്ളില്‍ വര്‍ധിച്ചുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും. ഇവയെല്ലാംകൂടി കാട്ടുമൃഗങ്ങള്‍ക്ക് വസിക്കാന്‍ പറ്റാത്ത ഒരിടമാകുകയാണ്. അവയെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുവാന്‍ ഇത് കുറെ കാരണമാകുന്നു.
നഷ്ടപരിഹാരത്തെക്കുറിച്ച് കര്‍ഷകര്‍ പറയുന്നു: ഒരു തെങ്ങ് മൃഗം നശിപ്പിച്ചാല്‍ പരിഹാരമായി വിലയിരുത്തിയിരിക്കുന്നത് 770 രൂപയാണ്. ഒരു ദിവസക്കൂലിയേക്കാള്‍ കുറവ്. ഒരു തെങ്ങ് നട്ട് പരിഹരിച്ച് വളര്‍ത്തിയെടുത്താല്‍ അഞ്ചുവര്‍ഷംകൊണ്ട് കുറച്ചൊക്കെ വിള തന്നുതുടങ്ങും. ഇത് 80 വര്‍ഷത്തോളം വിള നല്‍കുന്ന വൃക്ഷമാണ്. തന്റെ മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും ഒരു ജീവിതാശ്രയം. 50-60 വയസ്സായ ഒരാള്‍ക്ക് തന്റെ തെങ്ങ് നഷ്ടപ്പെട്ടാല്‍ വീണ്ടു ഒരു തെങ്ങ് വച്ചുപിടിപ്പിച്ച് കൊണ്ടുവരുവാനുള്ള ആരോഗ്യമോ ആയുസ്സോ ഇല്ല. ഒരു തെങ്ങിന്റെ 25 വര്‍ഷത്തെയെങ്കിലും വരുമാനം കണക്കാക്കി 25000 രൂപ തന്നെങ്കില്‍ മാത്രമേ കര്‍ഷകന് ആശ്വാസമാകൂ.
ഒരു ഹെക്ടര്‍ നെല്‍വയല്‍ കൃഷിചെയ്യാന്‍ മാത്രം 75000 രൂപ ചെലവുവരും. ആ സ്ഥലത്തുനിന്നു എടുക്കുന്ന വിള ഒരു ലക്ഷത്തിയറുപതിനായിരം രൂപ വിലമതിപ്പുള്ളതാണ്. അത് മുഴുവന്‍ നശിച്ചാല്‍ കര്‍ഷകന് കൊടുക്കുന്നത് 11000 രൂപമാത്രം. നീതിയുടെ ഭാഷ സംസാരിക്കുന്നതിന് ഇവിടെ ഇടമില്ല. ഇത് കര്‍ഷകനെ അവഹേളിക്കുന്നതാണ്. കാര്‍ഷികവൃത്തിയെ അവഹേളിക്കുന്നതാണ്. അവന്‍ സംരക്ഷിക്കുന്നതിനെ അവഹേളിക്കുന്നതാണ്.
കയറിവരുന്ന വെറുമൊരു കാണിക്ക് ഒരു പ്രതിഷ്ഠാപനങ്ങള്‍ ഒരു കെട്ടുറപ്പില്ലാതെ വെറുതെ ഉലഞ്ഞാടുന്ന കുറേ തുണികള്‍ മാത്രം. അതില്‍ കുറെ കുറിപ്പുകളും ചിത്രങ്ങളും ചുരുണ്ടുകൂടികിടക്കുന്നു. എന്നാല്‍ മറ്റുള്ളവര്‍ക്ക് അത് ഒരു വിശ്വാസി പൂരപ്പറമ്പില്‍ ചെന്നിരിക്കുന്ന പോലെയാണ്. എല്ലാ ബഹളങ്ങള്‍ക്കും, ഒച്ചപ്പാടുകള്‍ക്കും, കച്ചവടങ്ങള്‍ക്കും, വിനോദങ്ങള്‍ക്കും, പൊടി, ചൂട് എന്നിവയ്‌ക്കെല്ലാം അപ്പുറം അവള്‍ വെളിച്ചപ്പാടിന്റെ ചുണ്ടിലൂടെ മന്ത്രിക്കുന്ന ദേവീസ്വരം വ്യക്തമായി കേള്‍ക്കും. അവിടെ വന്നിരുന്ന കുറെ ആളുകളെ പ്രതിനിധീകരിച്ചുകൊണ്ട് ഈ പ്രതിഷ്ഠാപന പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന സുനില്‍ പി. ഉണ്ണി പറഞ്ഞ വാക്കുകള്‍: പ്രതിഷ്ഠാപനകലയെക്കുറിച്ച് വച്ചുപുലര്‍ത്തിയിരുന്ന സാമാന്യകാഴ്ചപ്പാടുകളും പ്രതീക്ഷകളും ഈ പ്രതിഷ്ഠാപന കല പൊളിച്ചുകളഞ്ഞു. ഇവ ജീവപൊരുളിന്റെ വിവര്‍ത്തനങ്ങളായി കാണുവാനാകും. ഈ പ്രതിഷ്ഠാപനങ്ങള്‍ ഓരോ സന്ദര്‍ശകനോടും അവരവരുടെ ജീവിതസാഹചര്യങ്ങള്‍ക്കനുസരിച്ച് വ്യക്തമായി സംസാരിച്ചു. ഒരു കര്‍ഷകന് അവനിലേക്ക് തന്നെ വീണ്ടും ഇറങ്ങിച്ചെല്ലുവാന്‍ ഇവ സഹായിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തീക്കനല്‍ ഉള്ളിലേക്ക് വീണപോലെ. ഈ സംരക്ഷണത്തിലും പരിപാലനത്തിലും താനും പങ്കുകൊള്ളേണ്ടതല്ലേ എന്നൊരു ഉള്‍വിളി. ഒരു ശമ്പളക്കാരന്, എന്തുകൊണ്ട് തനിക്കിന്നുവരേക്കും ഒരു കര്‍ഷകന്റെ കണ്ണുകളിലേക്ക് നോക്കുവാനായില്ല, എന്തുകൊണ്ട് ഇതുവരെയും ഒരു സഹായഹസ്തമായിത്തീരാന്‍ തനിക്ക് കഴിഞ്ഞില്ല എന്ന ചോദ്യം. ഇവ എല്ലാവരേയും പഠിപ്പിച്ചു. അവിടെ നിരത്തിവച്ചിരുന്ന വിത്തുകളിലൂടെ കടന്നുപോകുമ്പോള്‍ കര്‍ഷകന്റെ മുറ്റത്ത് നോക്കുവാന്‍, അവന്‍ പേറുന്ന പാടുകള്‍ കാണുവാന്‍ ഈ പ്രതിഷ്ഠാപനങ്ങള്‍ പഠിപ്പിച്ചു. അങ്ങനെയാണ് ഈ പ്രതിഷ്ഠാപനങ്ങള്‍ സമ്പന്നമായിരിക്കുന്നത്. കലാസൃഷ്ടികള്‍ ദുര്‍ഗ്രാഹ്യവും വിസ്മയവസ്തുക്കളുമായി കണ്ടുശീലിച്ചിട്ടുള്ള ഈ കാലഘട്ടത്തില്‍ ഈ പ്രതിഷ്ഠാപനങ്ങള്‍, മറയില്ലാതെ, ജീവിതത്തെ സ്പര്‍ശിച്ചുനിന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്നപോലെ അവര്‍ വേറെ ഭാഷകളില്‍ സംസാരിച്ചു. എന്നാല്‍ ഓരോരുത്തരും അവരവരുടെ ഭാഷകളില്‍ അതുകേട്ടു. ഇവിടെ ആളുകള്‍ പല ജീവിതസാഹചര്യങ്ങളില്‍നിന്നു വന്നു. എന്നാല്‍ അവരവരുടെ തലങ്ങളില്‍ മനസ്സിലാക്കി. അതായിരുന്നു ഈ കലാവിന്യാസത്തിന്റെ വിജയം.
രക്തസാക്ഷിച്ചുമരില്‍ പിടിപ്പിച്ചിരുന്ന 150 ലധികം എണ്ണത്തിരികള്‍ നാലുദിവസവും ത്രിസന്ധ്യകളില്‍ അവിടെയുള്ളവര്‍ സ്വമേധയാ തെളിച്ചു. രണ്ടാം ദിവസംമാത്രമേ കത്തിക്കുവാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. അവിടെയുള്ളവരുടെ ഇത്തരത്തിലുള്ള പല ഏറ്റെടുക്കലുകളും ഞങ്ങളെ കൂടുതലായി ഉണര്‍ത്തി. ചിലര്‍ പറഞ്ഞു, മരിച്ചവരുടെ ആത്മാക്കളുടെ സാന്നിധ്യം അവിടെയവര്‍ കാണുന്നു എന്ന്. ആ ചുമര്‍ മൗനമായി പ്രാര്‍ത്ഥനയായി അവിടെ ജ്വലിച്ചുനിന്നു.
കര്‍ഷകരോടൊപ്പം മൂന്നുവര്‍ഷത്തോളം ഇടപഴകിയതിനൊടുവില്‍ ഞങ്ങള്‍ അവതരിപ്പിക്കുവാനാഗ്രഹിച്ചത് അവരില്‍നിന്നു ലഭിച്ച വെളിച്ചങ്ങള്‍ മാത്രമാണ്. അവരുടെ ജീവിതത്തിലെ ഏതാനും ഭാഗങ്ങള്‍ ചുരണ്ടിയെടുത്ത് ഞങ്ങളുടെ ഭാവന കലര്‍ത്തിയോ അല്ലെങ്കില്‍ അമൂര്‍ത്ത ചിന്തകളാക്കി മാറ്റിയോ ഒന്നും പ്രദര്‍ശിപ്പിക്കുവാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. കുറേക്കാലമായി ഞങ്ങള്‍ ചെയ്തിട്ടുള്ള കലാപ്രവര്‍ത്തനങ്ങളുടെ ഭണ്ഡാരത്തില്‍നിന്ന് എടുത്ത് നിരത്തുന്ന വസ്തുക്കളുമല്ലായിരുന്നു അത്. നേരെമറിച്ച്, ഒരു മണ്ണിരയെപ്പോലെ രാവും പകലും നിശ്ശബ്ദമായി പണിയെടുക്കുന്ന ഒരു കര്‍ഷകജീവിതത്തിലെ പല തലങ്ങളിലേക്കും. അതിലൊളിഞ്ഞു കിടക്കുന്ന വിവേകങ്ങളിലേക്കും, പ്രത്യാശകളിലേക്കും, കരുത്തുകളിലേക്കും തുറവികൊടുക്കുന്നതായിരുന്നു അവയെല്ലാം. ആര്‍ക്കുംവേണ്ടി കാത്തുനില്‍ക്കാതെ, ആരവങ്ങളില്ലാതെ, ചെറുത്തുനിന്നുകൊണ്ട്, പരിപാലിച്ചും സംരക്ഷിച്ചും നടക്കുന്ന ജീവിതങ്ങളില്‍നിന്ന് ലഭിക്കുന്ന വെളിച്ചങ്ങള്‍ – ആദരവോടെ, പ്രാര്‍ത്ഥനയോടെ, കര്‍മബോധത്തോടെ തെളിഞ്ഞുനില്‍ക്കുവാന്‍ ആയിടങ്ങള്‍ കാരണമായി.
ശരിയാണ്, ഈ കലാവിന്യാസം പലരില്‍നിന്നും സ്വയം മറച്ചുപിടിച്ചു. അങ്ങനെയാണ് ചില കാര്യങ്ങള്‍. കലാവിന്യാസത്തിന്റെ മുഖവുരയില്‍ ഞങ്ങള്‍ പറഞ്ഞിരുന്നു: ഞങ്ങളവിടെ അവതരിപ്പിച്ചിട്ടുള്ളത് നോക്കിക്കാണുവാനുള്ള കലാവസ്തുക്കളല്ല. എന്നാല്‍ തിരിച്ചറിയാനും, ആദരിക്കാനും, ചെറുത്തുനില്‍ക്കാനും, കര്‍മബോധം ഉണര്‍ത്താനും വേദനയില്‍ പങ്കുചേരാനും, പ്രാര്‍ത്ഥിക്കാനും, പരിപാലിക്കാനും, ധ്യാനിക്കാനുമുള്ള ഇടങ്ങളാണ്. ”നിങ്ങളുടെ മുറിവുകളിലേക്ക് വരട്ടെ, എനിക്ക് സൗഖ്യപ്പെടണം” പുതിയ കിളിര്‍പ്പുകളുണ്ടാക്കാനുള്ള ഇടങ്ങളായിരുന്നു. ക്രിയാത്മകമായ പുതിയ സാധ്യതകളുടെ കിളിര്‍പ്പുകള്‍. നമ്മുടെ ജീവിതത്തെ പുതിയ വെളിച്ചത്തിലേക്ക് തുറക്കുന്ന സാധ്യതകളെ അത് കലയായിത്തീര്‍ക്കുന്നു. ജീവിതവും കലയും തമ്മില്‍ നിര്‍മിച്ച് വച്ചിട്ടുള്ള അകലത്തെ എടുത്തുകളഞ്ഞുകൊണ്ട് കലയ്ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ തുറന്നു കൊടുക്കുവാന്‍ ഒരിടം. അത് പങ്കുകൊള്ളാനും വളര്‍ത്തിയെടുക്കുവാനും ഉള്ള ഒരിടമാണ്. ഈ കലാവിന്യാസം സാധാരണമായതിനെ നോക്കിക്കാണുവാന്‍ സഹായിക്കുന്ന ഒരിടമായിരുന്നു. അത് ഒരാള്‍ കാണുവാന്‍. പഠിച്ചാല്‍ അവള്‍ അവള്‍ക്കുചുറ്റും സൗന്ദര്യം ദര്‍ശിക്കുവാന്‍ തുടങ്ങും. വെറും സാധാരണമായതില്‍. അവര്‍ക്ക് പുതിയ അര്‍ത്ഥതലങ്ങള്‍ കാണുവാന്‍ കഴിയും. നമുക്കൊന്നിച്ചുള്ള നിലനില്പിനായുള്ള വിവേകം അവയ്ക്കുള്ളില്‍ മിന്നിത്തിളങ്ങുന്നത് കാണാം. അങ്ങനെ ഇറങ്ങിച്ചെല്ലുവാന്‍ കഴിയാത്തവര്‍ക്ക് ചേനയും, പയറും, മുളകും, മത്തങ്ങയും എല്ലാം അവര്‍ നിത്യവും ഭക്ഷിക്കുവാന്‍ വാങ്ങുന്ന സാധനങ്ങള്‍ മാത്രം. എന്നാല്‍ കാണുവാന്‍ പഠിച്ചവര്‍ പുതിയ കിളിര്‍പ്പിന്റെ സാധ്യതകള്‍ എല്ലായിടത്തും കാണും. സാധാരണമായതിലേക്കുള്ള കാവ്യാത്മകമായ ഒരു ഊളിയിടലാണ് അത്. സാധാരണമായതിന്റെ രഹസ്യങ്ങളെയും അവയുടെ കാവല്‍ക്കാരേയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു തുടക്കം. ഞങ്ങളുടെകൂടെ കൃഷിയിടങ്ങളിലൂടെയും കര്‍ഷകരുടെയും കൂടെ നടന്ന ഒരാള്‍ അത്യന്തം ആഹ്ലാദത്തോടെ ഉറക്കെ പറഞ്ഞു. ”ഇങ്ങനെ നടക്കുമ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. എന്തെ എന്റെ രാത്രികള്‍ തീരാതിരുന്നതെന്ന്.”
മണ്ണ് പൂര്‍ണമാകുന്നത് അതില്‍ വിത്തുമുളയ്ക്കുമ്പോഴാണ്. വിത്ത് മുളയ്ക്കുന്നത് ജലസ്പര്‍ശമേല്‍ക്കുമ്പോഴാണ്. വെള്ളത്തിന് നിറമില്ല, മണമില്ല, രൂപമില്ല, രുചിയില്ല. എന്നാല്‍ വെള്ളം വിത്തിനെ സ്പര്‍ശിക്കുമ്പോള്‍ അത് അവയെയെല്ലാം വിരിയിക്കുന്നു. കലയുടെ ധര്‍മം അതാണ്. സ്പര്‍ശിക്കുക. അതുവഴി നിറവും മണവും രൂപവും ലഭിക്കേണ്ടത് കലയ്ക്കല്ല. നേരെമറിച്ച് എന്തിനെയാണോ സ്പര്‍ശിക്കുന്നത് അതിനാണ്.
ഈ കലാവിന്യാസത്തില്‍നിന്നു സന്ദര്‍ശകര്‍ അവസാനമായി വിടപറയുന്നത് വിത്തുകളുടെ മന്ത്രിക്കലുകള്‍ കേട്ടുകൊണ്ടാണ്. അതിനായി അവര്‍ രണ്ടടിയോളം ആഴമുള്ള ഒരു മണ്‍ഭരണിയുടെ ഇടുങ്ങിയ വായയ്ക്കടുത്ത് ചെവി ചേര്‍ത്തുവയ്ക്കണം. ആ ഗര്‍ഭത്തിന്റെ അകത്തുനിന്നു വിത്തുകള്‍ മന്ത്രിക്കുന്നത് അവര്‍ക്ക് കേള്‍ക്കാം.
”മറഞ്ഞിരിക്കുന്ന ആകാശമുണ്ട്, ഓരോ വിത്തിലും
ഒരു ചെടിയോ ഒരു മരമോ ആയിത്തീരാനുള്ള സ്വപ്നനിദ്ര”
കര്‍ഷകന്റെ നടപ്പില്‍
എല്ലാ മുറിവുകളും ഉണങ്ങുന്നു
മനുഷ്യരുടേയും ഭൂമിയുടേയും മുറിവുകള്‍
ആ നടപ്പുതന്നെ
ഒരു സമരം
ഏകാന്തമായ ഒരു പോരാട്ടം
സഹനവും കരുണയും പ്രത്യാശയും നിറഞ്ഞ ഒരു പ്രാര്‍ത്ഥന പ്രാണനുവേണ്ടിയുള്ള പ്രാര്‍ത്ഥന.
Close Window
Loading, Please Wait!
This may take a second or two.