യുവത: പോരാട്ടങ്ങള്‍ രാജ്യത്തും രാജ്യാന്തരരംഗത്തും – കെ. എം. സീതി
ദേശീയതലത്തില്‍ ഭേദഗതി ചെയ്യപ്പെട്ട പൗരത്വനിയമത്തിനെതിരായും ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണത്തിനായും നടക്കുന്ന സമരങ്ങളില്‍ ഇന്ത്യന്‍ യുവത തങ്ങളുടെ പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ നേടിക്കഴിഞ്ഞു. പൗരത്വനിയമ ഭേദഗതി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക അസ്വാസ്ഥ്യം അസാധാരണമായ രീതിയിലാണ് നഗരങ്ങളിലും പട്ടണങ്ങളിലും അലയടിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുന്ന ഒരു സാഹചര്യം സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളുടെ മുന്‍നിരയില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളുമാണ് അണിനിരന്നിരിക്കുന്നത്.
1968ല്‍ ഫ്രാന്‍സില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ചു ചിന്തകനായ മിഷേല്‍ ഫൂക്കോ പറഞ്ഞപോലെ ‘വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വിപ്ലവം, അവര്‍ വെറും നേതൃത്വം കൊടുക്കുകയോ കേവലം വിപ്ലവം നടത്തുകയോ അല്ല ചെയ്യുന്നത്.’ സമാനമായ സാഹചര്യമാണ് ഇന്ത്യന്‍ ക്യാമ്പസുകളില്‍നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്. ദില്ലിയിലും കൊല്‍ക്കത്തയിലും മുംബൈയിലും ചെന്നൈയിലും ഹൈദരാബാദിലും, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും കേള്‍ക്കുന്നത് യുവതയുടെ ഉറച്ച ശബ്ദമാണ്.
360 ദശലക്ഷത്തോളം വരുന്ന (മൊത്തം ജനസംഖ്യയുടെ 35 ശതമാനത്തോളം) ഇന്ത്യന്‍ യുവത ഇന്നിപ്പോള്‍ പ്രതീക്ഷകള്‍ക്കും അസ്വാസ്ഥ്യങ്ങള്‍ക്കും ഇടയിലാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മ ഒരു ഭാഗത്തും, പണപ്പെരുപ്പം, വിലക്കയറ്റം സമ്പത്തിന്റെ അസമത്വം തുടങ്ങിയവ മറു ഭാഗത്തും രൂക്ഷമായിക്കൊണ്ടിരിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും അസ്വസ്ഥമാകുന്നത് സ്വാഭാവികം.
ഇതിനിടയിലാണ് പൗരത്വനിയമഭേദഗതി ഒരു അശനിപാതം പോലെ വന്നു വീഴുന്നത്. 1980കളില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന രക്തരൂക്ഷിതമായ അസം പ്രക്ഷോഭങ്ങള്‍ക്കുശേഷം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ നിരത്തുകളില്‍ ഇത്രയധികം യുവജനങ്ങള്‍ അണിനിരന്ന സമരങ്ങളുടെ വേലിയേറ്റം ഇതാദ്യമായാണ് രാജ്യം കാണുന്നത്. യഥാര്‍ത്ഥത്തില്‍ അസം പ്രക്ഷോഭങ്ങളുടെ അടിസ്ഥാനംതന്നെ കുടിയേറ്റ വിരുദ്ധ വികാരമാണ്. പുതിയ നിയമത്തിലെ അസമത്വമോ വിവേചനമോ അല്ല അവരെ അസ്വസ്ഥപ്പെടുത്തുന്നത്. പുതുക്കിയ പൗരത്വപട്ടിക പ്രകാരം 19 ലക്ഷം ജനങ്ങള്‍ അസമില്‍നിന്നു പുറന്തള്ളപ്പെടുമ്പോള്‍ അവരില്‍ ഭൂരിപക്ഷം വരുന്ന 14 ലക്ഷത്തോളം ഹിന്ദുവംശജരായവര്‍ക്ക് പുതിയ നിയമഭേദഗതിയിലൂടെ പൗരത്വം ലഭിച്ചേക്കുമെന്ന സാഹചര്യമാണ് അവരെ രോഷാകുലരാക്കുന്നത്.
രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റൊരു വലിയ ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്. അതിന്റെ ഉള്ളടക്കം കുടിയേറ്റവിരുദ്ധമല്ല. നിയമഭേദഗതിയിലെ പ്രകടമായ മതവിവേചനമാണ് ആ പ്രക്ഷോഭങ്ങളുടെ അടിസ്ഥാനം. ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം നല്‍കിയിരിക്കുന്ന മതേതരത്വം എന്ന അടിസ്ഥാന പ്രമാണത്തിന്റെ പ്രകടമായ ലംഘനമാണ് പുതിയ നിയമഭേദഗതി എന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പൗരത്വത്തെയും കുടിയേറ്റത്തെയും കുറിച്ചുള്ള സങ്കീര്‍ണമായ, വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരേസമയം ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിക്കുന്നു. രാജ്യം ഭരിക്കുന്ന സംഘ്പരിവാറിന്റെ രാഷ്ട്രീയപ്രത്യയശാസ്ത്ര ലക്ഷ്യങ്ങള്‍ സൂക്ഷ്മമായി പഠിക്കുന്ന ഏതൊരാള്‍ക്കും പൗരത്വ നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത് എന്താണെന്ന് തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രം ആവിഷ്‌കരിച്ചിരിക്കുന്ന മതരാഷ്ട്ര സങ്കല്‍പ്പത്തില്‍ പുറന്തള്ളപ്പെടേണ്ടവരുടെ പട്ടിക ഒരു നൂറ്റാണ്ടുമുമ്പുതന്നെ തീരുമാനിക്കപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ച പൗരത്വ നിയമഭേദഗതിയിലൂടെയും കേന്ദ്രമന്ത്രിമാര്‍തന്നെ പലപ്പോഴായി പറഞ്ഞ ദേശീയജനസംഖ്യാ പട്ടികയിലൂടെയും ദേശീയപൗരത്വ പട്ടികയിലൂടെയും ആരെങ്കിലും കാണാന്‍ ശ്രമിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
പ്രധാനമന്ത്രി ദേശീയപൗരത്വ പട്ടിക സംബന്ധിച്ചു ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ യഥാര്‍ത്ഥ ചിത്രം ഇനിയും വ്യക്തമായിട്ടില്ല. അതുകൊണ്ടാണ് സര്‍വകലാശാല കാമ്പസുകളിലും മറ്റു പഠനകേന്ദ്രങ്ങളിലും തെരുവുകളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ബഹുജനങ്ങളും ഒത്തുചേരുന്നത്, പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത്. ദില്ലി-ഹരിയാന അതിര്‍ത്തിയിലെ ഷഹീന്‍ബാഗ് അത്തരത്തില്‍ വേറിട്ട് നില്‍ക്കുന്ന സമരം കൂടിയാണ്. സ്ത്രീകളുടെ പങ്കാളിത്തംകൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ‘ഷഹീന്‍ബാഗ് മാതൃക’ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും പ്രതീകാത്മകമായി നടക്കുന്നു.