കുടിയേറ്റത്തിനു നൂറുവര്‍ഷം: കേരളം എന്തുനേടി? – ആറ്റക്കോയ പള്ളിക്കണ്ടി

കുടിയേറ്റത്തിനു നൂറുവര്‍ഷം: കേരളം എന്തുനേടി? – ആറ്റക്കോയ പള്ളിക്കണ്ടി

മലയാളികളുടെ കുടിയേറ്റം അവസാനിക്കുകയും കേരളത്തിന്റെ ഭൗതിക ഉല്‍ക്കര്‍ഷത്തെ പ്രചോദിപ്പിച്ച പ്രവാസകാലം അസ്തമിക്കുകയും ചെയ്തതോടെ തീഷ്ണമായ വറുതിയും കെടുതിയും നേരിടാന്‍ നാട് തയ്യാറെടുക്കണമെന്നു സാമ്പത്തിക നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നൂറ്റാണ്ടുകാലത്തെ കുടിയേറ്റം കേരളത്തിനു എന്ത് നല്‍കി? ഗള്‍ഫ് നാടുകളുടെ പ്രതാപം മങ്ങിയതോടെ പുതിയ മേച്ചില്‍പ്പുറംതേടുന്ന മലയാളികളുടെ ഭാവിഎന്ത്? ഗള്‍ഫ് നാടുകളില്‍നിന്നുള്ള മലയാളികളുടെ കൂട്ടായ തിരിച്ചുവരവില്‍ ഒരു അവലോകനം.


ആധുനിക സമൂഹത്തിന്റെ കിനാവും പുഞ്ചിരിയും പകിട്ടും പ്രൗഢിയുമെല്ലാം രൂപപ്പെടുന്നത് പ്രവാസികളെ കേന്ദ്രീകരിച്ചാണ്. അന്നംതേടിയും ജീവിതംതേടിയും മലയും കടലും താണ്ടിയുള്ള മലയാളിയുടെ പ്രയാണം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടുപൂര്‍ത്തിയാവുന്നു.


സ്വന്തം നാട്ടില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ സാധിക്കില്ലെന്നും എങ്ങനെയെങ്കിലും നാടുവിടുന്നതാണ് അഭികാമ്യമെന്നുമുള്ള ചിന്ത മലയാളി യുവത്വത്തെ ബാധിച്ച് തുടങ്ങിയതോടെയാണ് മലയാളികള്‍ ഉപജീവനം തേടി നാടുവിടാന്‍ തുടങ്ങിയത്.


വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, ചുരുങ്ങിവരുന്ന കൃഷി, അകന്നുപോകുന്ന വ്യവസായം, സ്വന്തം മാന്യതയെക്കുറിച്ചുള്ള അഭിമാനം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് ഇങ്ങനെയൊരു മനോഭാവം ഉണ്ടാകുന്നത്. ഗ്രാമാധിഷ്ഠിതജീവിതത്തിന്റെ നിശ്ചലതയില്‍ നിന്നുണര്‍ന്നതു മുതല്‍ മലയാളികള്‍ വിദേശത്തേക്കുള്ള പ്രയാണം ആരംഭിച്ചു. ഒന്നാംലോക മഹായുദ്ധം തുറന്നുകാട്ടിയ ബാഹ്യലോകവും തൊഴില്‍ സാധ്യതകളും സാമൂഹികവിപ്ലവം നല്‍കിയ ആത്മവിശ്വാസവും ഈ പ്രയാണത്തെ പ്രോത്സാഹിപ്പിച്ചു.


രണ്ടാം ലോകമഹായുദ്ധം ഏല്പിച്ച സാമ്പത്തികാഘാതമാണ് കൂട്ടംകൂട്ടമായി കേരളീയരെ പ്രേരിപ്പിച്ച മറ്റൊരുകാരണം. സിലോണ്‍, ബര്‍മ, മലയ, സിങ്കപ്പൂര്‍ തുടങ്ങിയ നാടുകളില്‍ച്ചെന്നു ജീവിതം വേരുപിടിപ്പിച്ചവര്‍ നിരവധി. ബര്‍മയിലെത്തിയ മലയാളികളില്‍ വലിയ ശതമാനം ഐ.എന്‍.എ. ഭടന്മാരായി പൊരുതിമരിച്ചു. സിലോണ്‍, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ നാടുകളിലെത്തിയവര്‍ കച്ചവടംകൊണ്ടു തൃപ്തിപ്പെട്ടു. ഇവരില്‍ ഒരു വിഭാഗം അവര്‍ എത്തിപ്പെട്ട നാടുകളില്‍ സ്ഥിരവാസമാക്കി. അവിടെത്തന്നെ വിവാഹംകഴിച്ച് കുടുംബമായികഴിഞ്ഞു.


സിലോണിലുണ്ടായ ഭാഷാ-പ്രാദേശികവാദങ്ങള്‍ വലിയൊരു വിഭാഗം മലയാളികളെ കേരളത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. എന്നാല്‍ മലേഷ്യയിലും മറ്റുമുള്ളവര്‍ സസുഖം അവിടെ കഴിഞ്ഞു. സിങ്കപ്പൂര്‍ പ്രസിഡന്റായിരുന്ന ദേവന്‍ നായരും മലേഷ്യന്‍ ക്യാബിനറ്റ് മന്ത്രിയായും ഐ.എന്‍.ഒ. അധ്യക്ഷനായും പ്രവര്‍ത്തിച്ച ഡോ. പി.വി. നാരായണനുമെല്ലാം ഇക്കൂട്ടത്തിലെ മികച്ച മാതൃകകളാണ്. യൂറോപ്പ്-ഗള്‍ഫ് നാടുകളിലേക്ക്


മലയാളികള്‍ യൂറോപ്യന്‍ നാടുകളിലേക്ക് പ്രവഹിക്കാന്‍ കാരണമൊരുക്കിയ സാഹചര്യങ്ങള്‍ സെന്റര്‍ ഫോര്‍ മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് വിശദീകരിക്കുന്നതിങ്ങനെ: രണ്ട് ലോകമഹായുദ്ധങ്ങള്‍ തകര്‍ത്ത യൂറോപ്പിനു പുനര്‍നിര്‍മാണം അത്യാവശ്യമായിത്തീര്‍ന്നു. മധ്യതിരുവിതാംകൂറിലെ തിരുവല്ല, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി, കോട്ടയം, കോഴഞ്ചേരി തുടങ്ങിയ നാടുകളില്‍ നിന്നുള്ള യുവതികള്‍ നഴ്‌സിംഗ് സേവനത്തിനു മുന്നോട്ടുവന്നു. അമേരിക്കയിലും മറ്റു യൂറോപ്യന്‍ നാടുകളിലും നേഴ്‌സിംഗ് സേവനത്തിനെത്തിയ ഇവരില്‍ വലിയ ശതമാനം കാലക്രമേണ അതത് നാടുകളിലെ പൗരത്വം സ്വീകരിച്ചു.


അമ്പതുകളില്‍ ഗള്‍ഫ് നാടുകളിലേക്ക് നടന്ന കുടിയേറ്റമാണ് ഈ നൂറ്റാണ്ടിലെ കേരളത്തില്‍നിന്നു വിദേശത്തേക്കു നടന്ന ഏറ്റവും വലിയ മനുഷ്യപ്രവാഹമായി രേഖപ്പെടുത്തുന്നത്. പക്ഷേ, ഇന്ന് ഇരുപത്തഞ്ച് ലക്ഷത്തോളം മലയാളികള്‍ അധിവസിക്കുന്ന അറബ്-ഗള്‍ഫ് നാടുകളില്‍ ആദ്യമായെത്തിയ മലയാളി ആരാണെന്നോ,  ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചത് എന്നാണെന്നോ ഉള്ള വ്യക്തമായരേഖകള്‍ എവിടെയുമില്ല.


ഗള്‍ഫ് നാടുകളില്‍ ഇപ്പോഴുള്ള പഴമക്കാരായ മലയാളികളെ കണ്ട് ഞാന്‍ അന്വേഷിച്ചു. 1930-35 കാലത്ത് ഷാര്‍ജയ്ക്കടുത്ത ഖൂര്‍ഫക്കാന്‍ എന്ന സ്ഥലത്ത് മമ്മദ് മലബാരി എന്ന പേരിലറിയപ്പെട്ടിരുന്ന കോഴിക്കോട് സ്വദേശി മമ്മദ് എന്നൊരാള്‍ ചായക്കട നടത്തിയിരുന്നു. കുട്ടിക്കാലത്ത് ഒരു അറബി ലോഞ്ചില്‍ ഫോര്‍ഫക്കാനിലെത്തിയ ഈ കോഴിക്കോട്ടുകാരനായിരിക്കണം ആദ്യ ഗള്‍ഫ്മലയാളിയെന്നു അരനൂറ്റാണ്ടുകാലമായി യു.എ.ഇ.യിലെ അരമാനില്‍ താമസിക്കുന്ന പറവൂര്‍ സ്വദേശി അബ്ദുല്‍ മജീദ് പറയുന്നു.