കാരുണ്യ മഴയത്ത് നൃത്തം ചെയ്യുന്നവര്‍ – ടി.എസ് ഇസ്മ
നൃത്തനേരങ്ങളില്‍ മേല്‍പോട്ട് വലതുകൈ ഉയര്‍ത്തികൊണ്ട് സ്വര്‍ഗത്തെ സ്വീകരിച്ച് ഇടത് കൈയ്യിലൂടെ ഭൂമിയിലേക്ക് പ്രസരണം ചെയ്യുന്നു. മനസ്സും ശരീരവും തമ്മിലാണ് ഇവിടെ വിനിമയം നടക്കുന്നത്. ഇവിടെ അനുഷ്ഠാനങ്ങളുടെയും ഭാഷാവിശ്വാസങ്ങളുടെയും യാന്ത്രികമായ വേര്‍തിരിവുകള്‍ ദ്രവിച്ചു പോകുന്നുണ്ട്. ഉള്ളിന്റെ ഉള്ളില്‍ കരുണയുടെ തണല്‍ നൃത്താനുഭവമായി മാറുകയാണ്.
ആത്മക്ഷതമറിഞ്ഞിട്ടില്ലാത്തവരോട്
ഹൃദയത്തിന്റെ നൊമ്പരം
മനസ്സിലാകാത്തവരോട്
സഹാനുഭൂതിയുടെ ഉറവിടം
ഉണര്‍ന്നിട്ടില്ലാത്തവരോട്
ഞാനെങ്ങനെ പറയും:
എന്റെ ഹൃദയത്തില്‍
ഒരു തീമലയുണ്ടെന്ന്.
പ്രേമത്തിന്റെ കടന്നല്‍ക്കൂത്ത്
ഏറ്റിട്ടില്ലാത്തവരോട്
ഞാനെങ്ങനെ പറയും;
സ്‌നേഹത്തിന് ഒരു തീ നാളമുണ്ടെന്ന്
തിരസ്‌കാരത്തിന്റെയും
മരണത്തിന്റെയും ചുംബനമുണ്ടെന്ന്
റൂമിയുടെ മസ്‌നവിയില്‍നിന്ന്
വിവ: ഗുരു നിത്യചൈതന്യയതി
രാവ് തീര്‍ന്നുപോയി ഇരുളുമങ്ങിയില്ല. വെളിച്ചമായിമാറിയ സൂഫിഗുരു നാലുമണി മുതല്‍ ജലാലുദ്ധീന്റൂമിയുടെ മസ്‌നവി ദിവ്യകാവ്യം ആലപിക്കുകയാണ്. അകലെയല്ലാത്ത കാരുണ്യത്തെ നീട്ടി വിളിക്കുമ്പോള്‍ ആരാണ് ആ തീര്‍ത്ഥഘട്ടത്തിലേക്ക് വരാതിരിക്കുന്നത്? ധ്യാനനൃത്തം തുടങ്ങുംനേരം സൂഫിഗുരു റൂമിയുടെ കാവ്യഭാഗം ദിവ്യസങ്കീര്‍ത്തനംപോലെ ചൊല്ലികൊണ്ടിരുന്നു. ആ കാവ്യാനുഭവംപെയ്യുന്ന കാരുണ്യമഴയത്ത് ആരും അകപ്പെട്ടുപോകും. സ്വര്‍ഗത്തിലേക്കുളള ആ യാത്രയില്‍ നിങ്ങളെയും കൊണ്ടുപോകാന്‍ അവര്‍ ആഗ്രഹിക്കുന്നു. തികച്ചും ദിവ്യമായ കാവ്യാനുഭവം തരുന്ന സൂചന അതായിരുന്നു.
ജലാലുദ്ധീന്റൂമിയുടെ സൂഫിമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന അനുയായികള്‍ ധ്യാനനൃത്തം ചെയ്യുന്നതിന് സുഗന്ധവും വെളിച്ചവും നിറഞ്ഞ മുറിയുടെ വിശുദ്ധിയിലേക്ക് പ്രവേശിച്ചു. ആ നൃത്തശാലയിലേക്ക് കറുത്ത ഗൗണ്‍ ധരിച്ച് നീളന്‍ തൊപ്പി അണിഞ്ഞ് എല്ലാവരും എത്തുകയാണ്. അവര്‍ വളരെ വിനയത്തോടെ സൂഫി ഗുരുവിന്റെ കൈയ്യില്‍ ഉമ്മംവയ്ക്കുകയും ശേഷം പിന്‍വാങ്ങി ഗുരുവിന് ചുറ്റുമായി അണിനിരന്നു. അവരുടെ അംഗവസ്ത്രമായ കറുത്ത ഗൗണ്‍ ഉപേക്ഷിച്ച്. ശുഭ്രവസ്ത്രത്താല്‍ കണ്‍വെട്ടത്ത് ആകുന്നു. ഇത് പ്രതീകാത്മകമായി, ശരീരം ഉപേക്ഷിച്ച് വിശുദ്ധിയിലേക്ക് ദേഹത്തെ ഉയര്‍ത്തുന്നതായി തോന്നും. ഈ അടയാളപ്പെടുത്തല്‍ എപ്പോഴും ധ്യാനനൃത്തവേളയില്‍ പ്രകടമാണ്. സൂര്യനുചുറ്റും പരസ്പരാകര്‍ഷണത്തില്‍ കറങ്ങികൊണ്ടിരിക്കുന്നതുപോലെ പരമമായതിനെ കാംക്ഷിച്ചു കറങ്ങികൊണ്ട് നൃത്തം ആരംഭിക്കുന്നു. നിദ്രയിലാഴ്ന്നുപോയി, എന്നതുപോലെ അവര്‍ കറങ്ങിനൃത്തം ചെയ്യുന്നത് ഉരുവിട്ടുകൊണ്ടാണ് അവര്‍ തുടങ്ങുന്നത്. നാമജപനേരങ്ങളില്‍ ശ്വാസമിടിപ്പുകള്‍ നിയന്ത്രണത്തിലാവുകയും സൂഫിഗുരു നേതൃത്വം നല്‍കുകയും സംഗീതോപകരണത്തിന്റെ ഈണപ്പകര്‍ച്ചയില്‍ കൈതലം ഉയര്‍ത്തി ഏകമായ പരംപൊരുള്‍ സ്മരണയില്‍ കറങ്ങി നൃത്തംചെയ്യുന്നു. നൃത്തസമ്പ്രദായത്തിന്റെ രീതി അറുനൂറുവര്‍ഷങ്ങളായി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന പാരമ്പര്യമാണ്. ഹൃദയാന്തരങ്ങളിലും ബാഹ്യലോകങ്ങളിലും നിര്‍ഗളിക്കുന്ന ഊര്‍ജത്തെ ആവഹിച്ചുകൊണ്ട് ധ്യാനനൃത്തം ചെയ്യുന്ന സൂഫിമാര്‍ഗങ്ങളിലെ ഈ അപൂര്‍വ നൃത്തരീതിയെ ‘ദര്‍വേശ് ‘ എന്നു പറയാറുണ്ട്.
ജലാലുദ്ധീന്‍ റൂമിയുടെ വിയോഗത്തിനുശേഷം ഈ സൂഫി മാര്‍ഗം ‘മൗലവിയ്യ’ എന്ന നാമത്തിലാണ് അറിയപ്പെടാന്‍ തുടങ്ങിയത്. ഈ മൗലവിയ്യ മാര്‍ഗത്തിലെ കറങ്ങുന്ന നൃത്തത്തിന്റെ ധ്യാനാത്മകത ആകര്‍ഷകമായി തോന്നിയ ലോകജനത മതജാതിവ്യത്യാസങ്ങള്‍ ഇല്ലാതെ ഇതില്‍ പങ്കുചേരുന്നു. ഈ സൂഫി നൃത്തം നല്‍കുന്ന അതിന്ദ്രീയഭാവം ആന്തരിക പരിവര്‍ത്തനമായി ഭവിച്ചവര്‍ ഈ മാര്‍ഗം അനുധാവനം ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്നു.
നൃത്തനേരങ്ങളില്‍ മേല്‍പോട്ട് വലതുകൈ ഉയര്‍ത്തികൊണ്ട് സ്വര്‍ഗത്തെ സ്വീകരിച്ച് ഇടത് കൈയ്യിലൂടെ ഭൂമിയിലേക്ക് പ്രസരണം ചെയ്യുന്നു. മനസ്സും ശരീരവും തമ്മിലാണ് ഇവിടെ വിനിമയം നടക്കുന്നത്. ഇവിടെ അനുഷ്ഠാനങ്ങളുടെയും ഭാഷാവിശ്വാസങ്ങളുടെയും യാന്ത്രികമായ വേര്‍തിരിവുകള്‍ ദ്രവിച്ചു പോകുന്നുണ്ട്. ഉള്ളിന്റെ ഉള്ളില്‍ കരുണയുടെ തണല്‍ നൃത്താനുഭവമായി മാറുകയാണ്. ഈ സൂഫിവഴിയുടെ ശ്രേഷ്ഠത സമകാലീനലോകം ഇഷ്ടപ്പെടാന്‍ ഇതൊരു കാരണമായി എടുത്തു പറയാവുന്നതാണ്.
പരംപൊരുളിന്റെ കാരുണ്യം മനസ്സിനെ പ്രോജ്ജ്വലമാക്കുകയും അത് ലോകനന്മയിലേക്ക് പ്രതിഷ്ഠിക്കാന്‍ വെമ്പല്‍കൊളളുന്ന ഈ ധ്യാനനൃത്തം താന്‍ സ്വതന്ത്രനാകുമ്പോള്‍ തന്റെ സഹജീവികളും സ്വാതന്ത്ര്യം നേടണമെന്ന അഭിലാഷവും സകലരിലും സകലതിലും ക്ഷേമവും ഔന്നിത്യവും വന്നുചേരണമെന്നതും ഇവരുടെ താല്പര്യമാണ്. മനുഷ്യന്റെ അസ്തിത്വം ഈ ദിവ്യനിമിഷത്തിന്റെ പരിവര്‍ത്തനത്തിലൂടെ കടന്നുപോകാന്‍ ഇടയാവുന്നത് ഇങ്ങനെയാണ്. ആ നിമിഷത്തില്‍ ‘ദൈവത്തിനായി’ അവര്‍ മാറുന്നു ധ്യാനാത്മകമായ അനുഭവത്തെക്കുറിച്ച് ജലാലുദ്ധീന്‍ റൂമി പറയുന്ന ‘ആന്തരികമായ ഉള്‍ക്കാഴ്ചയില്‍ വെളിവ് വന്നണയുന്നു. ഇത് ഒരു പരിസമാപ്തിയാണ് മനുഷ്യന് മാത്രം വാഗ്ദത്തം ചെയ്യപ്പെട്ട വിശുദ്ധിയാണ്.’
സൂഫികളുടെ കറങ്ങുന്ന ധ്യാനനൃത്തം അനുഷ്ഠാനത്തിന്റെ ഉദാത്തഭാവത്തില്‍ കിനാവും ആഗ്രഹവും ഉളളറകളില്‍ മരിച്ചുവീഴുന്ന യാത്രയാണെന്നും മസ്‌നവി ദിവ്യകാര്യ പറയുന്നുണ്ട്. ഓരോ നര്‍ത്തകനും അനായാസം ആ യാത്ര പൂര്‍ത്തിയാക്കുന്നു.
നര്‍ത്തകനും നൃത്തവും എന്ന വിഭജനമില്ലാതെ നൃത്തം മാത്രമാകുന്നു. നര്‍ത്തകന്‍ എന്ന സാന്നിധ്യത്തെ ധ്യാനാനുഭവം ഇല്ലായ്മ ചെയ്യുന്നു. നൃത്തം ചെയ്യുന്നുവെന്ന തോന്നല്‍ മരിക്കുമ്പോള്‍ ഞാന്‍ എന്ന നര്‍ത്തകന്‍ നിഷ്പ്രഭനായിത്തീരുന്നു. നൃത്തം ആരംഭിക്കുമ്പോള്‍ നര്‍ത്തകനും നൃത്തവും ഉണ്ടായിരിക്കാം. ഭാവവിന്യാസക്രമങ്ങളില്‍ നര്‍ത്തകന്‍ നിഷ്പ്രഭനാകുന്നു. ഈ ധ്യാനതലത്തെ യൂണിയോമിസ്റ്റിക്കയെന്ന് ഓഷോ വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇവിടെ ഞാന്‍ എന്നതിന്റെ ഒരു കണികപോലും അവശേഷിക്കുന്നില്ല. ജലയനക്കമില്ലാത്ത ശാന്തമായ നദീമുഖം നീയാകുന്നു. സുവര്‍ണകിരണം നീയാണ്. അവിടെ കാരുണ്യമല്ലാതെ വേറൊന്നുമില്ല. സൂഫിനൃത്തം കാരുണ്യത്തിന്റെ കരങ്ങളില്‍ യാത്ര ചെയ്യുന്നു.
മനസ്സിന്റെ നിഷ്‌ക്കളങ്കതയില്‍ വന്നുചേര്‍ന്നത് കരുണയുടെ ഉറവ് മാത്രമായി, നിരാശ്രയനായിപോയ സൂഫിയുടെ നൃത്തം വിരാമമില്ലാതെ തുടരുകയാണ്. മണ്ണിനും സര്‍വചരാചരങ്ങള്‍ക്കും കൃപാവരം ചൊരിയുന്നു. കറങ്ങുന്ന നൃത്തചുവടുകള്‍ അനുസ്യൂതഗതിയിലാവുന്നു. നൃത്തവേളയില്‍ ഉന്മത്തനായി പോയവന് രാത്രിയും പകലും ഉണ്ടോ? ജലാലുദ്ധീന്‍ റൂമി എഴുതുന്നു; ‘അനശ്വരതയുടെ കാരുണ്യമഴയത്ത് എല്ലാം നീക്കപ്പെടുമ്പോള്‍, ഞാനാകുന്നതെല്ലാം മരിച്ചു വീഴുന്നു.’ അന്നേരം പഴയ മനുഷ്യന്‍ ബോധാന്തരങ്ങളില്‍നിന്ന് ഇറങ്ങിപ്പോകുന്നു. പുതിയ മനുഷ്യന്‍ കടന്നുവരുന്നു അയാളുടെ കാഴ്ച്ചകള്‍ പ്രപഞ്ചനേത്രമാണ്.
സൂഫിയുടെ നൃത്താനുഭവത്തില്‍ ആഴ്ന്നുപോയവന്‍ കാരുണ്യമഴയില്‍ അകപ്പെട്ടുപോയി അവന്റെ മനോരാജ്യം സുഗന്ധം വഹിക്കുന്ന പുഷ്പമായി.
Close Window
Loading, Please Wait!
This may take a second or two.