പ്രണയത്തിന്റെ ന്യൂറോണുകള്‍ പ്രണയം ഹൃദയത്തിലല്ല… തലച്ചോറിലാണ്… – ഡോ. അബേഷ് രഘുവരന്‍

പ്രണയത്തിന്റെ ന്യൂറോണുകള്‍ പ്രണയം ഹൃദയത്തിലല്ല… തലച്ചോറിലാണ്…  – ഡോ. അബേഷ് രഘുവരന്‍
”ഹൃദയസരസ്സിലെ പ്രണയപുഷ്പമേ” എന്നുപാടിയ കവി എന്നോട് ക്ഷമിക്കണം. പറയാതെ തരമില്ല; പ്രണയത്തിന് ഹൃദയവുമായി യാതൊരു ബന്ധവുമില്ല സാര്‍. അത് രക്തം പമ്പുചെയ്യാന്‍ വേണ്ടിയുള്ള വെറുമൊരു ഉപകരണം മാത്രമാണ്. പിന്നാരാ കാരണം;? മറ്റാരുമല്ല. നമ്മുടെ തലച്ചോറിലെ ന്യൂറോണുകള്‍. അവര്‍ പറ്റിക്കുന്ന പണിയാണ് സാര്‍ പ്രണയവും, പ്രണയനൈരാശ്യവുമൊക്കെ”.   പ്രണയം സമാനതകള്‍ ഇല്ലാത്ത മൃദുലവികാരങ്ങളാണ്. പ്രണയത്തെപ്പറ്റി എത്രയോ കഥകള്‍, കവിതകള്‍. മനുഷ്യരിലെ ഏറ്റവും പ്രധാനപ്പെട്ട, അടുത്തറിയുന്ന വികാരം ഏതെന്ന ചോദ്യത്തിന് പ്രണയം എന്നുതന്നെ പറയേണ്ടിവരും. പ്രണയം ഒരു തോന്നലാണ്, ഇണയോട് തോന്നുന്ന, തികച്ചും നിഷ്‌കളങ്കമായ ഒരു വികാരം. സ്വന്തമാക്കാന്‍ തോന്നുന്ന ഒരുതരം ആഗ്രഹം. പരിശുദ്ധപ്രണയമെന്നൊക്കെ അതിനെ എഴുത്തുകാര്‍ നിര്‍വചിച്ചിട്ടുമുണ്ട്. പക്ഷേ, ഒരു ചിന്തയ്ക്കപ്പുറം, നിര്‍വചനത്തിനപ്പുറം അവയെ നമുക്ക് ഉണ്ടെന്ന് ഉറപ്പിക്കുന്നതെങ്ങനെ? ഒരു ആണ്‍കുട്ടി പെണ്‍കുട്ടിയെ പ്രണയിക്കുന്നു എന്നതിന് തെളിവെവിടെ? ശാസ്ത്രത്തിനും, കോടതിക്കും എന്നും തെളിവാണല്ലോ പ്രധാനം. സൈക്കോളജിയും, സൈക്കൊളജിസ്റ്റും പരാജയപ്പെടുന്നത് ഇവിടെയാണ്. ന്യൂറോസയന്‍സ് വിജയിക്കുന്നതും ഇവിടെത്തന്നെ.   രാജ്യത്തെതന്നെ എണ്ണംപറഞ്ഞ ന്യൂറോശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് എതിരന്‍ കതിരവന്‍. പേരുകൊണ്ട് തമിഴ്‌നാട് ഓര്‍മിപ്പിക്കുന്നെങ്കിലും അദ്ദേഹം കോട്ടയം സ്വദേശിയാണ്. കോട്ടയത്തെ പാലയാണ് അദ്ദേഹത്തിന്റെ നാട്. കൊച്ചി സര്‍വകലാശാലയിലെ യൂത്ത്‌വെല്‍ഫെയര്‍ വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ അദ്ദേഹം കേള്‍വിക്കാരോട് സംവദിച്ചു. വിഷയം അതിസുന്ദരം, ”പ്രണയത്തിന്റെ ന്യൂറോണുകള്‍”.   ”ഹൃദയസരസ്സിലെ പ്രണയപുഷ്പമേ” എന്നുപാടിയ കവി എന്നോട് ക്ഷമിക്കണം. പറയാതെ തരമില്ല; പ്രണയത്തിന് ഹൃദയവുമായി യാതൊരു ബന്ധവുമില്ല സാര്‍. അത് രക്തം പമ്പുചെയ്യാന്‍ വേണ്ടിയുള്ള വെറുമൊരു ഉപകരണം മാത്രമാണ്. പിന്നാരാ കാരണം;? മറ്റാരുമല്ല. നമ്മുടെ തലച്ചോറിലെ ന്യൂറോണുകള്‍. അവര്‍ പറ്റിക്കുന്ന പണിയാണ് സാര്‍ പ്രണയവും, പ്രണയനൈരാശ്യവുമൊക്കെ”. ചിരിച്ചുകൊണ്ട് എതിരന്‍ ഇത് പറയുമ്പോള്‍ മനുഷ്യരുടെ പ്രണയത്തെപ്പറ്റിയുള്ള കാല്പനികത പോലും മാറിമറിയുകയാണ്. വെറും പറച്ചിലല്ല. തെളിവുകളും ഉണ്ട് അദ്ദേഹത്തിന്റെ കൈവശം.   പ്രണയം മാംസനിബന്ധമാണോ? അല്ലയെന്നാണ് കാലം നമുക്ക് പറഞ്ഞുതന്നിരിക്കുന്നത്. എന്നാല്‍, എതിരന്‍ അടിവരയിടുന്നു: പ്രണയം മാംസനിബന്ധമാണ്. എന്തിനാണ് പ്രണയം? അതിജീവനത്തിന്, പാരമ്പര്യം നിലനിര്‍ത്താന്‍ അടുത്ത തലമുറയ്ക്ക് ജന്മം നല്‍കാന്‍, ഇരയെ തേടാന്‍. ലൈംഗികതയ്ക്ക്‌വേണ്ടി. അതേ, അതിനപ്പുറം ഒന്നുമില്ലത്രേ പ്രണയം.   ”LOVE IS A TRICK WHICH LEADS TO SEX’ ലൈംഗീകതയിലേക്ക് ആകര്‍ഷിക്കാനുള്ള മനുഷ്യന്റെ ഒരു ട്രിക്ക് മാത്രമാണ് പ്രണയം. പരിണാമത്തിനു വേണ്ടിയുള്ള ഉപകരണം. പ്രത്യുല്പാദനം ഓരോ ജീവിയുടെയും ആവശ്യമാണ്. അതിനായ് അവര്‍ പരസ്പരം ബന്ധപ്പെട്ടേ പറ്റൂ. അതിനുള്ള അല്ലെങ്കില്‍ അതിനായി അവന്‍ ഒരുക്കുന്ന വഴിയാണ് പ്രണയം. മറ്റുള്ള ജീവികളെപ്പോലെ അല്ല, മനുഷ്യര്‍ക്ക് 10 മാസം കുഞ്ഞിനെ ഉദരത്തില്‍ പേറണം. അപ്പോളും അവര്‍ക്ക് പ്രണയം ആവശ്യമാണ്. കുഞ്ഞ് ജനിച്ചുകഴിഞ്ഞാലും അവന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നതുവരെ രക്ഷിതാക്കള്‍ക്ക് പ്രണയം സൂക്ഷിക്കണം. അപ്പോള്‍ എന്തിനാണ് പ്രണയം? പ്രത്യുല്പാദനത്തിനുതന്നെ,  പരിണാമത്തിന് തന്നെ.   ജീവിതത്തില്‍ എപ്പോളെങ്കിലും മനസ്സില്‍ പ്രണയം തോന്നാത്തവര്‍ ഉണ്ടോ? ഇല്ല എന്ന് ഉറപ്പിച്ചു പറയാം. കാരണം, എപ്പോളെങ്കിലുമൊക്കെ നമ്മുടെ തലച്ചോറില്‍ പ്രണയത്തിന്റെ ഔഷധങ്ങള്‍ നുരഞ്ഞുപൊങ്ങിയിട്ടുണ്ടാകും. എന്താണ് ഈ ഔഷധങ്ങള്‍? കഞ്ചാവ് പോലെ, കറുപ്പുപോലെ ഉള്ള ഒരുതരം വസ്തുക്കള്‍. ജന്തുക്കളുടെ ശരീരത്തില്‍ ആണ് അത് ആദ്യം ഉണ്ടായത്. പിന്നീട് അത് സസ്യങ്ങള്‍ അനുകരിച്ചു. എന്തിന്? തന്റെ ഇല കടിച്ചാല്‍ അവന്‍ മയങ്ങിപ്പോകണം. പിന്നെ ആരും കടിക്കരുത്. ഒരുതരം പ്രതിരോധപ്രവര്‍ത്തനം. ജന്തുക്കളില്‍ ഇവ പ്രതിരോധത്തിന് അല്ല. വേദന സംഹാരിയായും, ഒപ്പം ഒരുതരം ഉന്മാദം കിട്ടാനുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയുള്ള തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും, അവ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ ധര്‍മങ്ങളും നിര്‍വചിക്കുമ്പോള്‍ ആണ് ന്യൂറോസയന്‍സിന് സാംഗത്യം ലഭിക്കുന്നത്. ഈ ശാഖയുടെ വരവാകട്ടെ, സൈക്കൊളജിയുടെയും, സൈക്കാട്രിയുടെയും പരമ്പരാഗത സങ്കല്പങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്.   മനുഷ്യര്‍ തമ്മില്‍ ഇടപെടുമ്പോള്‍ ”എന്‍ഡോര്‍ഫിന്‍” എന്ന വസ്തുവാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ കൂട്ടുകാര്‍ക്കൊപ്പം രസകരമായ നിമിഷങ്ങള്‍ ചെലവിടുമ്പോള്‍ ”എന്‍ഡോര്‍ഫിന്‍” ഉല്പാദിപ്പിക്കുന്നു. ഒരുമിച്ച് സൊറപറയുമ്പോള്‍, ഡാന്‍സ് കളിക്കുമ്പോള്‍, ഭക്ഷണം പാകം ചെയ്യുമ്പോള്‍. പഴയ കാമുകന്റെയോ, കാമുകിയുടെയോ ഫോട്ടോ കാണുമ്പോള്‍ നമ്മുടെ തലച്ചോറില്‍ ”ഡോപ്പമിന്‍” എന്ന വസ്തു ഉല്പാദിപ്പിക്കപ്പെടുന്നു. അതായത്, ഇതിന്റെ ഉല്പാദനം പ്രണയം എന്നാ വികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. എം.ആര്‍.ഐ സ്‌ക്യാനിങ്ങിലൂടെ നമുക്ക് ഇത് വ്യക്തമായി കാണുവാനുമാകും. ഓരോ വികാരം ഉണ്ടാകുമ്പോളും അതിനനുസരിച്ച വസ്തുക്കളുടെ ഉല്പാദനം എം.ആര്‍.ഐ സ്‌ക്യാനിങ്ങില്‍ തത്സമയം ദര്‍ശിക്കാന്‍ കഴിയും. ഇങ്ങനെ പ്രണയത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞതാണ് ന്യൂറോസയന്‍സിനെ സൈക്കോളജിയില്‍നിന്നും, സൈക്ക്യാട്രിയില്‍നിന്നും വേര്‍തിരിച്ചുനിര്‍ത്താന്‍ കഴിഞ്ഞതും.   പ്രണയം തോന്നുന്ന നിമിഷം നമ്മുടെ തലച്ചോറിലെ പ്രതിഫലകേന്ദ്രത്തില്‍ (Reward Centre) നിന്നു ചില പദാര്‍ഥങ്ങള്‍ ഒരു അണക്കെട്ട്‌പൊട്ടി ഒഴുകുന്നപോലെ ഒഴുകുകയാണ്. പ്രണയത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ”കോര്‍ട്ടിസോണ്‍” എന്ന വസ്തുവാണ് ഉല്പാദിപ്പിക്കുന്നത്. പ്രണയത്തില്‍ വീഴുമ്പോള്‍ ഉള്ള ഉല്‍ക്കണ്ഠ, ത്രില്‍ എന്നിവയൊക്കെ ”കോര്‍ട്ടിസോണ്‍” ഉല്പാദനം മൂലമാണ്. അത് തലച്ചോറ് അറിഞ്ഞുകൊണ്ടുചെയ്യുന്ന പ്രവൃത്തിയാണ്. എന്തിന്? നാം പ്രണയത്തില്‍ വീഴാന്‍. ഇതുപോലെ യാതൊരു മാറ്റവും മേല്‍ സൂചിപ്പിച്ചപോലെ ഹൃദയത്തില്‍ നടക്കുന്നില്ല. ”ഹൃദയസരസ്സിലെ പ്രണയപുഷ്പമേ”എന്നത് മാറ്റി, ”തലച്ചോര്‍ സരസ്സിലെ പ്രണയപുഷ്പമേ” എന്ന് പാടുന്നതാണ് ശരി. പ്രണയത്തില്‍ ആകുമ്പോള്‍  നമ്മുടെ തലച്ചോറിന്റെ എം.ആര്‍.ഐ സ്‌ക്യാനിംഗ് എടുത്താല്‍ അത് ചെയ്യുന്ന ടെക്‌നീഷ്യന് നമ്മളെക്കാള്‍ വ്യക്തമായ് നാം പ്രണയത്തില്‍ ആണെന്ന് അറിയാന്‍ കഴിയും.   പ്രണയത്തിലെ മറ്റൊരു പ്രധാനപ്പെട്ട ആളാണ് ”സെറോട്ടോണിന്‍” എന്ന പദാര്‍ഥം. പ്രണയം തോന്നുന്ന നിമിഷത്തില്‍ ”കോര്‍ട്ടിസോള്‍” ആണ് ഉല്പാദിപ്പിക്കുന്നതെങ്കില്‍, ”സെറോട്ടോണിന്‍” നാം ഇതുമായി ബന്ധപ്പെട്ട് സന്തോഷമായിരിക്കുമ്പോള്‍ മാത്രം ഉല്പാദിപ്പിക്കപ്പെടുന്ന വസ്തുവാണ്. ഇതിന്റെ ഉല്പാദന അളവ് കുറയുമ്പോളാണ് നമുക്ക് ഡിപ്രഷന്‍ ഉണ്ടാകുന്നത്. കോര്‍ട്ടിസോണ്‍ ആദ്യമായി ഉണ്ടാകുമ്പോള്‍ ”സെറോട്ടോണിന്‍” ഇല്ലാതാകുന്നു. അതുകൊണ്ടാണ് ആദ്യം പ്രണയത്തില്‍ വീഴുമ്പോള്‍ നമുക്ക് ഒരുതരം തരിപ്പും, വിഭ്രാന്തിയും ഒക്കെ ഉണ്ടാകുന്നത്. അതുപോലെതന്നെ ”ഒക്‌സിറ്റൊസിന്‍, വാസോപ്രസ്സിന്‍” തുടങ്ങിയ ഹോര്‍മോണുകളും പ്രണയസമയങ്ങളില്‍ ഉണ്ടാകുന്നവയാണ്. ഇതില്‍ ഒക്‌സിറ്റൊസിനെ ”പ്രണയഹോര്‍മോണ്‍” എന്നാണ് വിളിക്കുന്നത്. പ്രണയം ഏതാണ്ട് ഉറപ്പിക്കുന്ന ഘട്ടത്തില്‍ ആണ് ഇവ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നത്. ”വാസോപ്രസിന്‍”ആവട്ടെ അല്പംകൂടി കഴിഞ്ഞ് ഒരു മുഴുനീള വിവാഹബന്ധങ്ങളിലേക്കും മറ്റും ഇറങ്ങുമ്പോള്‍ ആണ് ഉണ്ടാകുന്നത്. ഇതേ ഹോര്‍മോണുകള്‍ അമ്മയുടെ തലച്ചോറില്‍, തന്റെ കുഞ്ഞിനെ താലോലിക്കുമ്പോള്‍ ഉണ്ടാകുന്നുണ്ട്. രണ്ടും സ്‌നേഹം തന്നെയാണ്. പക്ഷേ, അതിന്റെ വ്യത്യാസം അറിയണമെങ്കില്‍ മേല്പറഞ്ഞ എം.ആര്‍.ഐ സ്‌ക്യാനിങ്ങിനെ ത്തന്നെ ആശ്രയിക്കണം. അതിലെ കളര്‍ പാറ്റെണില്‍ ഉള്ള വ്യത്യാസം അത് നിങ്ങള്‍ക്ക് പറഞ്ഞുതരും.   ”പ്രയറി വോള്‍സ്” എന്ന എലിയുടെ കുടുംബത്തില്‍ ഉള്ള ജീവിയില്‍ ആണ് പഠനങ്ങള്‍ പ്രധാനമായും നടന്നിരിക്കുന്നത്. അത്ഭുതപ്പെടുത്തുന്ന ഫലങ്ങള്‍ ആണ് ഉണ്ടായിരിക്കുന്നതും. ആദ്യത്തെ കാഴ്ചയില്‍ പ്രണയബദ്ധര്‍ ആവുകയും, ആദ്യത്തെ ബന്ധപ്പെടല്‍ കഴിഞ്ഞാല്‍ പിന്നെ തലച്ചോറില്‍ മേല്‍പ്പറഞ്ഞ തരത്തിലെ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുകയും, അവര്‍തമ്മില്‍ അതിതീവ്രമായ ബന്ധത്തിന്റെ ഇഴയടുപ്പം സൂക്ഷിക്കുകയും ചെയ്യുന്നു. ആദ്യദിവസംതന്നെ വേഴ്ച നടത്തുകയും, സ്ത്രീ പ്രസവിക്കുന്ന സമയം വരെ അതീവ ശ്രദ്ധയോടെ പരിചരിക്കുകയും, പ്രസവത്തിനു ശേഷവും കുഞ്ഞുങ്ങളെ നോക്കുന്ന ജോലിയും ആണുങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. തലച്ചോറില്‍ ആദ്യദിനംതന്നെ ഉടലെടുക്കുന്ന ഹോര്‍മോണുകള്‍ ആണ് ഇതിനു നിദാനം. ഈ കാലയളവില്‍ മറ്റേതൊരു സുന്ദരി വന്നാലും ആണ്‍ പ്രയറി ഒന്ന് മൈന്‍ഡ് ചെയ്യുകപോലും ഇല്ലത്രേ. അവരുടെ തലച്ചോറിലെ പ്രണയകേന്ദ്രങ്ങള്‍ തെല്ലും കുറവില്ലാതെ ഹോര്‍മോണുകള്‍ ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. പ്രണയത്തിലും, പ്രണയനൈരാശ്യത്തിലും ഒക്കെ കൃത്യമായ ഹോര്‍മോണ്‍ തലച്ചോറില്‍ ഉണ്ടാകുന്നെന്നും, അതിന്റെ കൃത്യമായ നിയന്ത്രണംമൂലം വേണമെങ്കില്‍ മനുഷ്യരില്‍ പ്രണയം, നൈരാശ്യം തുടങ്ങിയവ മൂലമുള്ള ആത്മഹത്യകളും മറ്റും ഒഴിവാക്കുകയും ചെയ്യാം എന്നുതന്നെയാണ് പ്രയറി ജീവികളിലെ പഠനം കാണിച്ചുതരുന്നത്.   ഒരു സൈക്യാട്രിസ്റ്റിന് വേണമെങ്കില്‍ ഒരു പ്രണയിതാവിനോട് പത്തു മിനിറ്റ് സംസാരിക്കുമ്പോള്‍ അവരുടെ ഉള്ളിലെ പ്രണയം മനസ്സിലാക്കാന്‍ കഴിഞ്ഞേക്കും. പ ക്ഷേ, അവരെ പറഞ്ഞുപിന്തിരിപ്പിക്കാന്‍ സാധ്യമല്ല. കാരണം, മനസ്സല്ല. ശരീരമാണ് അവരെ നിയന്ത്രിക്കുന്നത്. ശരീരത്തിലെ തലച്ചോറില്‍ ഉണ്ടാകുന്ന പദാര്‍ഥങ്ങള്‍ ആണ്. അവതന്നെയാണ് പ്രണയമെന്ന വികാരത്തിന് നിദാനവും.