നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര – എം.എച്ച് രമേഷ് കുമാര്‍

നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര – എം.എച്ച് രമേഷ് കുമാര്‍

മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടത്തിയ ‘നന്മകളിലൂടെ ഒരു സൈക്കിള്‍ യാത്ര’ എന്ന പരിപാടിയുടെ ലക്ഷ്യം നന്മനിറഞ്ഞ മനുഷ്യരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കാണുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു


സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിനും പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നതിനും വിദ്യാര്‍ത്ഥികളെ സാമൂഹികബോധമുള്ളവരാക്കുന്നതിനും പാഠ്യപദ്ധതികള്‍ പര്യാപ്തമല്ല എന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ യാത്രയായിരുന്നു ”നന്മകളിലൂടെ ഒരു സൈക്കിള്‍യാത്ര”. ഇത് വിനോദത്തിനായി നടത്തിയ ഒരു അവധിക്കാല യാത്രയായിരുന്നില്ല. ഈ യാത്രയില്‍ പങ്കെടുത്ത മറ്റുള്ളവര്‍ എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥികളായ ജയശങ്കര്‍, അംജദ് അലി, സിബിന്‍ ഫാരിസ് എന്നിവരും പരിസ്ഥിതി പ്രവര്‍ത്തകരായ അരുണ്‍ തഥാഗത്, കണ്ണന്‍ ബാബു എന്നിവരുമായിരുന്നു.


രണ്ട് ലക്ഷ്യങ്ങളുടെ സഫലീകരണത്തിനായിരുന്നു ഈ യാത്ര. പരിസ്ഥിതി സൗഹൃദവാഹനമായ സൈക്കിള്‍ പൊതുജനങ്ങളില്‍ പ്രചരിപ്പിക്കുകയും അതുവഴി കൊച്ചി നഗരം അനുഭവിക്കുന്ന ഗതാഗത-മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യുക. മോട്ടോര്‍വാഹനങ്ങളില്‍നിന്നു പുറത്തേക്കു വരുന്ന വാതകങ്ങള്‍ പരിസ്ഥിതി മലിനീകരണത്തിനു കാരണമാകുന്നുവെന്നു മാത്രമല്ല ആഗോളതാപനത്തിനു കാരണമായിത്തീരുന്നു. ഇതൊക്കെ അറിയാമെങ്കിലും ഇത് പ്രവൃത്തിപഥത്തിലെത്തിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. നമ്മുടെ പരിസരത്തിന് യാതൊരു പോറലുമേല്‍പ്പിക്കാതെ ജീവിക്കാന്‍ കഴിയുമെന്ന സന്ദേശമാണ് യാത്ര മുന്നോട്ട്‌വച്ച ഒരു പ്രധാനകാര്യം.


ജീവിതശൈലീ രോഗങ്ങള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സൈക്കിള്‍ യാത്ര എന്നത് ആരോഗ്യത്തിലേക്കും സന്തോഷത്തിലേക്കുമുള്ള ഒരു യാത്ര കൂടിയാണ്. ശരീരത്തിന് സമഗ്രമായ ചലനം പ്രദാനം ചെയ്യുന്ന സൈക്ലിംഗ് ആരോഗ്യത്തിലേക്ക് മനുഷ്യനെ നയിക്കുന്നു. തന്നെയുമല്ല സമൂഹത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ള യാത്രയാണിത്. അതുവഴി സാമൂഹികബന്ധമുള്ളവനാക്കി മാറ്റുന്നതിനും സൈക്കിള്‍ യാത്രയ്ക്കു കഴിയുന്നു. ഇത്തരം കാര്യങ്ങളും യാത്രയിലൂടെ മുന്നോട്ട്‌വയ്ക്കുക എന്നതായിരുന്നു ലക്ഷ്യം.


ഇത്തരം കാര്യങ്ങളൊക്കെ ജീവിതത്തില്‍ പകര്‍ത്തിയ നല്ല മാതൃകകളെ അവരുടെ താമസസ്ഥലങ്ങളില്‍ പോയി കാണുക എന്നതും അവരുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയെന്നതുമായിരുന്നു രണ്ടാമത്തെ ലക്ഷ്യം. സാധാരണയായി ഈ വിശിഷ്ഠവ്യക്തികളെ വിളിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി വിദ്യാര്‍ത്ഥികള്‍ അവരുടെ അടുത്തേക്ക് ചെല്ലുക എന്ന രീതിയായിരുന്നു . ഇതുവഴി കോളജിനെ സമൂഹത്തിലേക്കും സമൂഹത്തിനെ കോളജിലേക്കും എത്തിക്കുന്നതിനെക്കുറിച്ചാണ് ആലോചിച്ചത്. പാഠ്യപദ്ധതിയില്‍നിന്ന് പല കാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട ഇത്തരം ആളുകളുമായുള്ള സംവാദം ഒരു പുത്തന്‍ അനുഭവം പ്രദാനം ചെയ്യുന്നതുതന്നെയായിരുന്നു.


മട്ടുപ്പാവ് കൃഷിയിലൂടെ


കാര്‍ഷിക ജീവിതംതന്നെ അന്യംനിന്നുപോകുന്ന കേരളത്തില്‍ അതിനെയൊക്കെ തിരിച്ചുപിടിക്കേണ്ടതിന്റെ ആവശ്യകത വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമായിരുന്നു, ഇതിനുപിന്നില്‍. സ്ഥലപരിമിതികള്‍ക്കിടയിലും മട്ടുപ്പാവില്‍ കാര്‍ഷിക സമൃദ്ധി സൃഷ്ടിച്ച എ.ആര്‍.എസ്. വാദ്ധ്യാര്‍, പരേതനായ പരമേശ്വരന്‍ എന്നിവരുടെ വീടുകളിലേക്ക് പോയത് നവ്യാനുഭവമായി. നഗരത്തിനു നടുവില്‍ വീടിനുമുകളില്‍ മണ്ണിട്ടുകൊണ്ടുള്ള കൃഷിരീതിയാണ് അത്ഭുതപ്പെടുത്തിയത്. ഗ്രോബാഗു നിറച്ചുകൊണ്ടുള്ള കൃഷിരീതിയായിരുന്നില്ല ഇത്. കൂറ്റന്‍ തെങ്ങുകളും മാവും പ്ലാവും നാരകവും വാഴയും ചേമ്പും കപ്പയും എല്ലാമിവിടെ വളരുന്നു.


മാലിന്യ സംസ്‌ക്കരണത്തിനായും ഇന്ധനത്തിനായും വളത്തിനായും ബയോഗ്യാസ് നിര്‍മിച്ചിരിക്കുന്നു. നല്ല ഭക്ഷണവും അതുവഴി ആരോഗ്യകരമായ ജീവിതവും നയിക്കാന്‍ സാധിക്കുന്നുവെന്നു മാത്രമല്ല നഗരത്തിന്റെ കൊടുംചൂടിലും വളരെ കുളിര്‍മയോടെ വീട്ടില്‍ ഇരിക്കാന്‍ കഴിയുന്നു എന്നത് എടുത്തുപറയേണ്ടതുതന്നെയാണ്. മൂന്നുപതിറ്റാണ്ടായി ഇതേരീതിയില്‍ കൃഷി ചെയ്തിട്ടും വീടിന്റെ സുരക്ഷിതത്വത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നതും പരിഷ്‌കൃതസമൂഹം തിരിച്ചറിയേണ്ട കാര്യംതന്നെ.


കൊച്ചി നഗരത്തില്‍ കഴിഞ്ഞ 50 വര്‍ഷംകൊണ്ട് വളര്‍ത്തിയെടുത്ത കാടിന്റെ ഉടമയായ എ.വി. പുരുഷോത്തമ കമ്മത്തിനേയും യാത്രയുടെ ഭാഗമായി കാണാന്‍ കഴിഞ്ഞു. അപൂര്‍വമായ ചെമ്പരത്തി, ഇന്തോനേഷ്യയില്‍ നിന്നുകൊണ്ടുവന്ന മക്കൊട്ട, അകില്‍, മേധ, ചന്ദനം തുടങ്ങി രാമായണ കഥയിലെ ശിംശിപ വൃക്ഷം വരെ ഒന്നരഏക്കര്‍ വിസ്തൃതിവരുന്ന ഈ നഗരവനത്തിലുണ്ട്. ഭൂമിക്ക് വല്ലാതെ പൊള്ളുമ്പോള്‍ മരങ്ങളുടെ ഈ കുട അല്ലാതെ മറ്റൊരു പരിഹാരവുമില്ല. ഇതൊരു പ്രായശ്ചിത്തം കൂടിയാണ്. മനുഷ്യന്‍ ഭൂമിയോട് ചെയ്യുന്ന ക്രൂരതകള്‍ക്ക് ഒരു പ്രായശ്ചിത്തം എന്ന പുരുഷോത്തമ കമ്മത്തിന്റെ വാക്കുകള്‍ പുതിയ തലമുറ ഏറ്റെടുക്കേണ്ടതുതന്നെ എന്നതില്‍ സംശയമില്ല.


കാടിനെ അതിന്റെതായ രീതിയില്‍ തന്നെയാണിവിടെ നിലനിര്‍ത്തുന്നത്. ഒരു കരിയിലപോലും വെറുതെ എടുത്തുകളയാറില്ല. വീണമരങ്ങള്‍ ഒക്കെ അതേപടി കിടക്കുകയാണിവിടെ. പഴുത്ത അത്തിക്കായ്കളും ചാമ്പയും രുദ്രാക്ഷവും കുറ്റിമുല്ലകള്‍ക്കിടയില്‍ വീണുകിടക്കുന്നു. മരങ്ങള്‍ക്കിടയില്‍ കുയിലും ഉപ്പനും കുളക്കോഴിയും സദാ ചിലയ്ക്കുന്നു. പൂമ്പാറ്റകളുടെ നൃത്തവും കാടിനുനടുവിലുള്ള കുളത്തിലെ മീനുകളുടെയും ആമകളുടെയും ചലനങ്ങളും കാണാം. ചീവിടുകളുടെ പാട്ടും ഇവിടെ മുഴങ്ങിക്കേള്‍ക്കാം.


രണ്ടായിരത്തിലധികം ഔഷധ സസ്യങ്ങളുള്ള ഇവിടെ പ്രകൃതിസ്‌നേഹികള്‍ക്കായി ഔഷധസസ്യങ്ങളും ഫലവൃക്ഷങ്ങളും പ്രത്യേകം വളര്‍ത്തുന്നു. ”ഞങ്ങള്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് ഒരു അടയാളമാണ് ഈ കാട്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നതിന് ഞങ്ങളുടെ പങ്ക്” എന്ന അവരുടെ വാക്കുകള്‍ സാമൂഹികപ്രതിബദ്ധതയുടെയും ഉയര്‍ന്ന സാമൂഹികബോധത്തിന്റെയും സൂചനകൂടിയാണ്. ഭൂമി എന്നത് ഉല്പാദനത്തിന്റെ ഇടം എന്നതില്‍നിന്ന് ഒരു കൈമാറ്റ വസ്തുവായും ലാഭത്തിനുള്ളതായും കണക്കാക്കുന്ന ഇക്കാലത്ത് നഗരമധ്യത്തിലെ കാടും ഇവിടത്തെ മനുഷ്യരും മാതൃകകളായി മാറുന്നു.


പീഡിതരോടൊപ്പം ഒരു പുരോഹിതന്‍


കത്തോലിക്കാ സഭയില്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ നീതിക്കായുള്ള സമരങ്ങള്‍ക്കു പിന്തുണയും നേതൃത്വവുമായി മുന്നോട്ടുവന്ന കത്തോലിക്കാ സഭയിലെ പുരോഹിതശ്രേഷ്ഠന്‍ എന്ന നിലയിലായിരുന്നു ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയെ അറിഞ്ഞിരുന്നത്. മൂലമ്പിള്ളി സമരത്തിനും കൂടംകുളം സമരത്തിനും ഫാദറിന്റെ നിര്‍ലോപമായ പിന്തുണ ഉണ്ടായിരുന്നു. പ്ലാച്ചിമട സമരത്തില്‍ പങ്കെടുത്ത് ഏഴുദിവസം ജയിലിലും കിടന്നിരുന്നു. ശാന്തിവനം സംരക്ഷിക്കുന്നതിനായുള്ള സമരത്തിന്റെ നേതൃനിരയിലും അച്ചന്‍ നിലകൊള്ളുന്നു.


ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാദറിനെ നേരിട്ടു കാണണമെന്നും, പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് മനസ്സിലാക്കണമെന്നുമുള്ള ആഗ്രഹത്തോടെയായിരുന്നു ഞങ്ങള്‍ ചെന്നത്. കൊച്ചി നേവല്‍ബേസിന് എതിര്‍വശത്തുള്ള വാത്തുരുത്തി കോളനിയിലായിരുന്നു അത്. കോളനി നിവാസികള്‍ ഹൃദ്യമായ സ്വീകരണമാണ് ഞങ്ങള്‍ക്ക് നല്‍കിയത്. നഗരഹൃദയത്തില്‍ താമസിക്കുമ്പോഴും നഗരത്തിന്റെ കാപട്യവും അഴുക്കും അവരില്‍ ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞില്ല. നമ്മള്‍ കൊട്ടിഘോഷിക്കുന്ന സംസ്‌ക്കാരത്തെയല്ല അവര്‍ പ്രതിനിധീകരിക്കുന്നതെന്നും, കാപട്യമില്ലാത്ത അവരുടെ ജീവിതമാണ് യഥാര്‍ത്ഥ സംസ്‌ക്കാരമെന്നും ഞങ്ങള്‍ക്ക് മനസ്സിലായി.


വാത്തുരുത്തിയിലെ ജനങ്ങളുടെ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി ശ്രമിക്കുന്ന മനുഷ്യസ്‌നേഹിയായ പുരോഹിതനെയാണ് ഞങ്ങള്‍ക്ക് ആ സമൂഹത്തില്‍ കാണാന്‍ കഴിഞ്ഞത്. കോളനി നിവാസികള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഹൃദ്യമായ സ്വീകരണവും അവര്‍ ഞങ്ങളോട് കാണിച്ച സ്‌നേഹവും അതിന്റെ സൂചനകള്‍ തന്നെയായി ഞങ്ങള്‍ക്കു തോന്നി. വളരെ ചെറിയ ഒരു മുറിയില്‍ ആര്‍ഭാടമേതുമില്ലാതെ ആഴത്തിലുള്ള ചിന്തയുമായി പ്രവര്‍ത്തനനിരതനായ ജീവിതത്തിനുടമയായ ഫാദറിന്റെ പ്രവര്‍ത്തനങ്ങളില്‍ കഴിയുംവിധം സഹായം നല്‍കണമെന്നാണ് തീരുമാനവുമായാണ് ഞങ്ങള്‍ അവിടെനിന്നിറങ്ങിയത്. ഇത് കോളനി നിവാസികളുടെ വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് ഏതെങ്കിലും രൂപത്തില്‍ നല്‍കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.


മരവീട്ടിലൂടെ…


ഞങ്ങളുടെ യാത്രയിലെ അംഗവും, പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുകയും ചെയ്തയാളാണ് അരുണ്‍ തഥാഗത്. സൈക്കിള്‍യാത്രയെ ഇഷ്ടപ്പെടുകയും പരിസ്ഥിതിസംരക്ഷണം ജീവിതലക്ഷ്യമായി സ്വീകരിച്ചിരിക്കുകയുമാണ് അദ്ദേഹം. പരിസ്ഥിതിസംരക്ഷണം പ്രധാന ലക്ഷ്യമായി കഴിഞ്ഞവര്‍ക്കും കാസര്‍ഗോഡുനിന്നു തിരുവനന്തപുരത്തേക്ക് നടത്തിയ സൈക്കിള്‍ യാത്രയില്‍വച്ചാണ് ഞാനദ്ദേഹത്തെ പരിചയപ്പെടുന്നത്.