പൗരത്വഭേദഗതി നിയമവും ഗാന്ധിജിയും – കെ.അരവിന്ദാക്ഷന്‍
ആര്‍എസ്എസ്, ബിജെപി ഭരണം കൊണ്ടുവന്ന പൗരത്വഭേദഗതി ബില്‍, ഇനി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വരജിസ്റ്റര്‍ എന്നിവയെല്ലാം ഇന്ത്യാക്കാരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങളാണ്. അവയെ പ്രതിരോധിക്കാന്‍ ഗാന്ധിയന്‍ സത്യാഗ്രഹത്തിനു മാത്രമേ കഴിയൂ. ഇന്ത്യയിലെ ഏത് മതത്തിലും ജാതിയിലും വര്‍ഗത്തിലും ലിംഗത്തിലുംപെട്ട പൗരന്മാര്‍ ഇതിനെതിരെ അക്രമരഹിതമായി പ്രതിരോധിക്കണം. നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇതേ വഴിയുള്ളൂ.
ഇന്ത്യന്‍ ഭരണഘടനയെ വെറും നോക്കുകുത്തിയാക്കി, ജനാധിപത്യ സ്ഥാപനങ്ങളുടെ അന്തസ്സത്ത ചോര്‍ത്തിക്കളഞ്ഞ് കോര്‍പ്പറേറ്റുകളുടെയും ഹിന്ദുമധ്യ വര്‍ഗികളുടെയും ഒത്താശയോടെയാണ് ഇന്ത്യയെ സംഘപരിവാര്‍ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നത്. ഹിന്ദുത്വയുടെ ഉപജ്ഞാതാവായ വി.ഡി സവര്‍ക്കറുടെയും ഡോ. ഹെഡ്‌ഗെവാറിന്റെയും എം. എസ്. ഗോള്‍വാര്‍ക്കറുടെയും ഫാസിസ്റ്റ് ആശയങ്ങള്‍ പാര്‍ലിമെന്റിനെ ഒരു ആക്രോശക്കടയാക്കി (‘സല്ലാപക്കട’യെന്ന് ഹിന്ദ്‌സ്വരാജില്‍ ഗാന്ധിജി) പ്രാവര്‍ത്തികമാക്കുന്നു. അതിനായി പട്ടാളത്തെയും അര്‍ദ്ധസൈനികവിഭാഗങ്ങളെയും പോലീസിനെയും മാധ്യമങ്ങളെയും ഉപയോഗിക്കുന്നു. മോദിയുടെയും അമിത് ഷായുടെയും വാദങ്ങളും വാക്കുകളും താഴെത്തട്ടിലെ സ്വയംസേവകന്‍ വരെ ആവര്‍ത്തിക്കുന്നു. രാഷ്ട്രീയ എതിരാളികളെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും വരുതിയിലാക്കാന്‍ സര്‍ക്കാരിന്റെ എല്ലാ ഏജന്‍സികളെയും ഉപയോഗിക്കുന്നു. ഇത് ഇത്രയും രൂക്ഷമായത് 2019ല്‍ 37% വോട്ടര്‍മാര്‍ വന്‍ഭൂരിപക്ഷം നല്‍കി ഭരണം ഇവരുടെ കൈവെള്ളയില്‍വച്ചു കൊടുത്തത് മുതലാണ്.
കാശ്മീര്‍ എഴുപത്തിയഞ്ചുലക്ഷം മനുഷ്യരുടെ തടവറയാക്കിയതിലോ ഭൂരിപക്ഷ മതവിശ്വാസത്തിന്റെ പേരില്‍ അയോധ്യാ ക്ഷേത്രം പണിയാന്‍ വിട്ടുകൊടുത്തതിലോ ഉന്നതനീതിപീഠംപോലും എപ്രകാരമാണ് പെരുമാറിയതെന്ന് നമുക്കറിയാം. പാര്‍ലമെന്റും രാജ്യസഭയും പാസ്സാക്കിയ പൗരത്വ ഭേദഗതിനിയമവും കോടതിയില്‍ ഈ കാലഘട്ടത്തില്‍ എന്താകുമെന്ന് പറയാനാവില്ല. അനുനയത്തിന്റെയോ സംവാദത്തിന്റെയോ ഭാഷ ഫാസിസ്റ്റുകള്‍ ഒരിക്കലും സ്വീകരിക്കാറില്ല.
ഈ ഫാസിസത്തെ നേരിടാന്‍ തക്ക ധാര്‍മിക ശക്തി ഇന്ത്യയിലെ പ്രതിപക്ഷത്തിനില്ല എന്ന വസ്തുത ഇതെല്ലാം നടപ്പാക്കുന്നവര്‍ക്കറിയാം. ഈ സാഹചര്യത്തില്‍ ഒരു ഗാന്ധിയന്‍ വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ഈ ഫാസിസത്തെ പ്രതിരോധിക്കാന്‍ ഗാന്ധിയില്‍ എന്തുണ്ടെന്ന് അന്വേഷിക്കുകയാണിവിടെ. ഗാന്ധിയുടെ അവസാനനാളുകളിലെ (01/01/1948-30/1/1948) പ്രാര്‍ത്ഥനാ യോഗങ്ങളില്‍ ഗാന്ധി പറഞ്ഞതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ലേഖനം എഴുതിയിട്ടുള്ളത്. (ദേശീയ) പൗരത്വ ഭേദഗതിനിയമത്തില്‍ ഒരു ഭാഗത്ത് ഹിന്ദുക്കളും പാഴ്‌സികളും ബൗദ്ധരും ജൈനരും സിക്കുകാരും മറുഭാഗത്ത് മുസ്ലീംങ്ങളുമാണ്. ഗാന്ധിയുടെ അന്ത്യകാല ദിവസങ്ങളിലും ഇതേ വേര്‍തിരിവ് തന്നെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് സംസാരിച്ചിരുന്ന ഗാന്ധി സമയം പോയതറിഞ്ഞില്ല. ‘ബാപ്പ, അങ്ങയുടെ ഘടികാരത്തിന് വളരെ അവഗണിക്കപ്പെട്ടതായി തോന്നിക്കാണും. അങ്ങ് അതിലേക്ക് നോക്കിയില്ല.’ എന്ന് മനു ഓര്‍മപ്പെടുത്തിയപ്പോള്‍ ഗാന്ധി പറഞ്ഞു: ‘എന്റെ സമയ സൂക്ഷിപ്പുകാരായ നിങ്ങളുള്ളപ്പോള്‍, ഞാനെന്തിന് വാച്ചില്‍ നോക്കണം?” മനുവിനെയും ആഭയെയും ഉദ്ദേശിച്ചാണ് ഗാന്ധി അങ്ങനെ പറഞ്ഞത്. ‘പക്ഷേ, അങ്ങ് സമയസൂക്ഷിപ്പുകാരെയും നോക്കിയില്ല’ യെന്ന് അവരില്‍ ഒരാള്‍ പറഞ്ഞു. ഗാന്ധി ചിരിച്ചു. ഈ സമയബോധം ഗാന്ധി 1/1/1948 ലെ യോഗത്തില്‍ വ്യക്തമാക്കുന്നുണ്ട്. ‘ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഒരു മിനിട്ട് നഷ്ടപ്പെട്ടാല്‍ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആയിരക്കണക്കിന് മിനിട്ടുകള്‍ നഷ്ടപ്പെടുന്നു.’
തന്റെ അരയില്‍ പോക്കറ്റ് ഘടികാരവുമായി സഞ്ചരിക്കുന്ന ഗാന്ധിയെ സമയനിഷ്ഠയുടെ പ്രതിനിധിയായി നാം കണക്കാക്കാറുണ്ട്. മഹാകാലത്തിന്റെ പ്രവാഹത്തിനു മുമ്പില്‍ മനുഷ്യന്റെ കാലഗണനയുടെ അടയാളമായ വാച്ച് എത്ര നിസ്സാരമാണെന്ന് ഒരു യഥാര്‍ത്ഥ അരാജകവാദിയുടെ ഉല്‍ക്കണ്ഠയോടെ ഗാന്ധി സൂചിപ്പിക്കുകയാണ്. ഫാസിസ്റ്റ് അജണ്ട നടപ്പാക്കുന്നതാണ് വിജയിയുടെ മുദ്രയെന്ന് സ്വയം അഹങ്കരിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കാലപ്രവാഹത്തിന്റെ ഒഴുക്കില്‍ യാതൊന്നുമല്ലെന്ന് ഒരു ഗാന്ധിയന്‍ മനസ്സോടെ വായനക്കാര്‍ മനസ്സിലാക്കണം. ഫാസിസത്തിന്റെ ഈ വന്‍കുമിളകള്‍ വെറും താല്ക്കാലികങ്ങളാണ്. ഇന്ത്യ ഒരു ഗാന്ധിയന്‍ കാലത്തെ ഉള്ളില്‍ ആവാഹിച്ചെടുക്കുകയാണെങ്കില്‍ ഈ ഫാസിസം തീരെ നിസ്സാരമാണ്. കാലത്തിന്റെ ഘടികാര സൂചികള്‍ ചലിപ്പിക്കാന്‍ ശക്തരായവര്‍ ഇന്നാട്ടിലെ കര്‍ഷകനും ശില്പിയും ചെറുകിട കച്ചവടക്കാരനും സ്ത്രീ തൊഴിലാളിയും യുവാക്കളും എഴുത്തുകാരും മനുഷ്യാവകാശ പ്രവര്‍ത്തകരും ദളിതരും ആദിവാസികളും തന്നെയാണ്, ഗാന്ധി തന്റെ ഘടികാരത്തിലൂടെ ഉറപ്പിച്ച് പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ആനന്ദകുമാരസ്വാമി ഭാവി ഇന്ത്യയെപ്പറ്റി പറഞ്ഞതും ഈ വഴിയിലാണ്. കൈത്തൊഴിലുകളുടെ (crafts) ഒരു വ്യവസായാനന്തരം സമൂഹമായിരിക്കും. ‘ഭാവി ഇന്ത്യ’ (സെമിനാര്‍: ശിവ വിശ്വനാഥ്; ഡിസംബര്‍ 2019: പുറം: 59) യൂറോപ്യന്‍ അധിനിവേശത്തിന്റെ സാമ്രാജ്യത്വ മാതൃകയില്‍ ഇന്ത്യയെ വിഘടിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുകയും അതിനായി ചങ്ങാത്ത മുതലാളിത്തത്തെ ആശ്ലേഷിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ വികസനം നൈമിഷികം മാത്രമാണ്, കാലത്തിന്റെ കണക്കില്‍.
പ്രാര്‍ത്ഥനയെന്ന സംവാദം
‘ഹൃദയത്തിന്റെ ഭക്ഷണമാണ് പ്രാര്‍ത്ഥന. അതുകൊണ്ട് പ്രാര്‍ത്ഥനാ യോഗത്തിന് വരുന്നവര്‍ ഹൃദയങ്ങളില്‍ പ്രാര്‍ത്ഥനയുമായി വരണം. അത്തരം ഭക്ഷണം ദൈവത്തില്‍ നിന്നല്ലാതെ മറ്റെവിടെനിന്നും നമുക്ക് കിട്ടില്ല…’ 01/01/1948 ന്റെ പ്രാര്‍ത്ഥനാ യോഗത്തില്‍ ഗാന്ധി സൂചിപ്പിക്കുന്നത് മനുഷ്യഹൃദയങ്ങള്‍ തമ്മിലുള്ള സംവാദമാണ്. ഗാന്ധിയന്‍ സത്യഗ്രഹംപോലെ ‘പ്രാര്‍ത്ഥനയ്‌ക്കെത്തുന്നവര്‍ നിശ്ശബ്ദമായിരിക്കണം. മൗനമായി ഗ്രഹങ്ങളിലേക്ക് മടങ്ങണം.’ ഹിന്ദുവിന്റെയും ശിഖന്റെയും മുസ്ലീമിന്റെയും ഹൃദയൈക്യത്തിന് പ്രാര്‍ത്ഥനയെന്ന സംവാദമാണാവശ്യം. ‘ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ എന്റെ കണ്ണുകളും കാതുകളും കൈകളും കാലുകളുമാണെന്ന്’ 01/01/1948) ഗാന്ധി പറയുമ്പോള്‍ ഇന്ത്യയിലെ മൊത്തം ജനങ്ങളും ഒരു സംവാദത്തില്‍ ഏര്‍പ്പെടുകയാണ്.
ഇന്ന് സംവാദങ്ങളില്ല. മോദി ആരെയും കേള്‍ക്കാന്‍ തയ്യാറല്ല. അമിത്ഷാ പാര്‍ലമെന്റില്‍ ആക്രോശിക്കുന്നു. രാഷ്ട്രീയ സ്വയംസേവകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ അര്‍ധസത്യങ്ങള്‍ എഴുതുന്നു. ഇന്ത്യയെ വിഘടിപ്പിക്കാന്‍ ഭംഗ്യന്തരേണ പ്രേരണ നല്‍കുന്നു. ഇന്ത്യ ഹിന്ദുവിന്റേത് മാത്രമാണെന്ന് താക്കീത് ചെയ്യുന്നു. എതിര്‍ക്കുന്നവര്‍ പാകിസ്ഥാനികളും രാജ്യദ്രോഹികളുമാണെന്ന് മുദ്രകുത്തുന്നു.