പെണ്ണെഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍ – ബെന്നി ഡൊമിനിക്

പെണ്ണെഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍  – ബെന്നി ഡൊമിനിക്

സ്വത്വബോധം ആര്‍ജിക്കുന്നതിനും, കുടുംബങ്ങളിലും പൊതുഇടങ്ങളിലും മറ്റു വ്യവഹാര മണ്ഡലങ്ങളിലും ആരോഗ്യകരമായ ഇടപെടല്‍ നടത്തുന്നതിനും, സമൂഹത്തില്‍ അന്തസ്സോടുകൂടി ഇടംപിടിക്കാനും സ്ത്രീക്ക് ഇന്നും പൂര്‍ണമായി കഴിഞ്ഞിട്ടില്ല. കുടുംബങ്ങളില്‍, തെരുവില്‍, പണിയിടങ്ങളില്‍ ഇന്നും അവളുടെ നിലവിളികള്‍ ഉയരുന്നു. ഈയൊരു സാഹചര്യത്തില്‍ പെണ്ണെഴുത്തിന്റെ ചില ശക്തിസ്രോതസ്സുകളെ പരിചയപ്പെടുത്തുകയും അവയില്‍ ചിലത് ചര്‍ച്ചയ്‌ക്കെടുക്കുകയും ചെയ്യാനാണ് ഇവിടെ ഉദ്യമിച്ചിട്ടുള്ളത്.


‘A woman’s guess is much more accurate than a man’s certainty – Rudyard Kipling


ഫിക്ഷന്‍ വായിക്കുമ്പോള്‍ നാം അന്യരുടെ ജീവിതം വായിക്കുക, മാത്രമല്ല; നമ്മുടെ ജീവിതത്തെ പുതിയ വെളിച്ചത്തില്‍ നോക്കി കാണുക കൂടിയാണ് ചെയ്യുന്നത്. ഫിക്ഷന്‍ ചരിത്രത്തിനു സമാന്തരമായി സഞ്ചരിക്കുന്ന മറ്റൊരു ചരിത്രം തന്നെയാണ്. അതിനാലാണ് നോവല്‍ ഒരുതരം ചരിത്രം തന്നെയാണെന്ന് ജൂലിയറ്റ് മിച്ചല്‍  പറയുന്നത്. ചരിത്രത്തിന്റെ ഇടനാഴികളിലും അകത്തളങ്ങളിലും നെടുംപാതകളിലും അരങ്ങേറിയ ജീവിതങ്ങളുടെ ഭാവനാസൃഷ്ടമായ പുനരാവിഷ്‌കാരം തന്നെയാണ് ഫിക്ഷനില്‍ സംഭവിക്കുന്നത്. എന്നാല്‍ ചരിത്രം അവന്റെ കഥ his-story ആയതുകൊണ്ട് അവളുടെ കഥ എവിടെയും എഴുതപ്പെട്ടില്ല. അപവാദങ്ങളില്ലാതില്ല. ചരിത്രത്തിലെന്നപോല്‍ ഫിക്ഷനിലും സ്ത്രീ അരികിലേക്കു തള്ളി മാറ്റപ്പെട്ടു, ദൈവവും പുരോഹിതനും പുരുഷനായി. സ്ത്രീ ജീവിതത്തിന്റെ ഫോസിലുകള്‍ എവിടെയും കണ്ടെടുക്കപ്പെട്ടില്ല. ഇതെങ്ങനെ സംഭവിച്ചു? എന്താണ് ഇതിന്റെ യുക്തി? സ്ത്രീയെ അപേക്ഷിച്ച് പുരുഷന് ശരീര ശാസ്ത്രപരമായും ബൗദ്ധികവുമായ എന്തെങ്കിലും മേന്മയുണ്ടോ?


ജീവശാസ്ത്രപരമായി നോക്കുമ്പോള്‍ ആണും പെണ്ണും തമ്മിലുള്ള അന്തരം അത്ര വലുതായിട്ടൊന്നുമില്ലെന്ന് സീമൊന്‍ ദ ബുവെയും ജെര്‍മെയ്ന്‍ ഗ്രീറും ഒക്കെ ആണയിട്ടു പറയുന്നുണ്ട്.


പെണ്ണിന് ആണിനെ അപേക്ഷിച്ച് കായികവും ബൗദ്ധികവുമായ പരിമിതികള്‍ ഉണ്ടെന്നു പറയുന്നവര്‍ ഇക്കാലത്തുമുണ്ടാവാം. എന്നാല്‍ വസ്തുതകളുടെ പിന്തുണ ഈ വാദത്തിനുണ്ടാവുകയില്ലെന്നത് സ്പഷ്ടം. ആണുങ്ങള്‍ വീട്ടുജോലി നോക്കുകയും കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്ത് വീടിനുള്ളില്‍ത്തന്നെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പെണ്ണുങ്ങളാണ് കൃഷിയിടങ്ങളില്‍ ജോലി ചെയ്യുകയും അധ്വാനിക്കുകയും ചെയ്തിരുന്നതെന്ന് നരവംശപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീട്ടില്‍ത്തന്നെ ഇരുന്നിരുന്ന (ഹൗസ് ബൗണ്ട്) ആണിനെ ഹസ്ബന്‍ഡായി വിളിച്ചു എന്ന് ഓള്‍ഡ് ഇംഗ്ലീഷ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. ഹൗസ് ബൗണ്ട് എന്ന പദസംയുക്തം ഹസ്ബന്‍ഡായി മാറി. ആദിമകാലം മുതല്‍ക്ക് പാര്‍പ്പിടം കെട്ടിപാര്‍ത്ത കാലം മുതല്‍ക്ക്, സ്ത്രീകള്‍ വീടാം കൂട്ടിലെ തത്തമ്മകളായിരുന്നില്ല എന്നര്‍ത്ഥം.


പിന്നീടെപ്പോഴോ ആയിരിക്കണം സ്ത്രീ രണ്ടാംകിട വ്യക്തിത്വമായി പരിഗണിക്കപ്പെട്ടത്. മനുസ്മൃതിയില്‍ സ്ത്രീ പിതാവിനാലും ഭര്‍ത്താവിനാലും പുത്രനാലും സംരക്ഷിക്കപ്പെടേണ്ടവള്‍ മാത്രമായി മാറി. അവളുടെ കര്‍തൃത്വം അവള്‍ക്കല്ല, മറ്റുള്ളവര്‍ക്കാണ്. സ്വയം നിര്‍ണയാധികാരം ഇല്ലാതെ മറ്റുള്ളവരാല്‍ നയിക്കപ്പെടുന്നവളായി അവളുടെ സ്ഥാനം അധഃപതിച്ചു.


സ്ത്രീക്ക് ഇല്ലാത്ത എന്തു ഗുണങ്ങളാണ് പുരുഷന്മാര്‍ക്കുള്ളതെന്ന് പറയാന്‍ ആണ്‍ കോയ്മാവാദികള്‍ക്ക് ബാധ്യതയുണ്ട്. അവസരങ്ങള്‍, നിഷേധിക്കപ്പെട്ടതുകൊണ്ട് കഴിവുകള്‍ വികസിപ്പിക്കുന്നതിനോ, ഉള്ള കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനോ കഴിയാതെ പോയ പെണ്‍പ്രതിഭകള്‍ എക്കാലത്തുമുണ്ടായിരുന്നു. എലിസബത്തന്‍ പീരിയഡില്‍ ഷെയ്ക്‌സ്പിയര്‍ സമാനപ്രതിഭയുള്ള ഒരു സ്ത്രീയായി പിറന്നിരുന്നെങ്കില്‍ അവര്‍ക്ക് എന്തുസംഭവിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ എന്ന് വിര്‍ജീനിയ വുള്‍ഫ് നിരീക്ഷിക്കുന്നുണ്ട്.


ഗൃഹത്തിലും തെരുവിലും സ്ത്രീകള്‍ ചുട്ടുകരിക്കപ്പെടുകയും ഓരോ നിമിഷവും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ജീവിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരുകാലത്ത് സ്ത്രീയുടെ ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കുക എന്നു പറയുന്നതു തന്നെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. ഇന്നും അടിച്ചമര്‍ത്തപ്പെടുകയും സ്വന്തം തെരഞ്ഞെടുപ്പുകള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്ന പെണ്ണിന് ഒരു തിരിച്ചുവരവ് നടത്തിയേ മതിയാവൂ. സ്ത്രീക്കു തന്നെയല്ലേ ഇന്നു പ്രാധാന്യം എന്നു ചോദിച്ച് ഈ വിഷയത്തെ നിസ്സാരപ്പെടുത്താന്‍ ശ്രമിക്കുന്നവരുണ്ട്. ഫെമിനിസ്റ്റ് ചിന്തകള്‍ പ്രബലമായി വരുന്ന ഇക്കാലത്തും സ്ത്രീ അവഗണിക്കപ്പെടുന്നു, നിശ്ശബ്ദരാക്കപ്പെടുന്നു എന്നത് ആശാസ്യമല്ല. നിശ്ശബ്ദരാക്കപ്പെട്ടവര്‍ എന്ന നിലയില്‍ നിന്ന് സ്വന്തം ശബ്ദം കേള്‍പ്പിക്കാന്‍ കഴിയുന്നവര്‍ എന്ന നിലയിലേക്ക് അവള്‍ മുന്നേറേണ്ടതുണ്ട്.


സ്ത്രീ വിമോചനപ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടും ഫെമിനിസ്റ്റ് ദാര്‍ശനികതയുടെ സൈദ്ധാന്തികഭാഷ്യം ചമച്ചുകൊണ്ടും ചരിത്രത്തിന്റെ ഒരു പ്രത്യേകഘട്ടത്തില്‍ പെണ്‍ചിന്തകര്‍ സാര്‍ത്ഥകമായി ഇടപെട്ടു തുടങ്ങുകയും, അതിന്റെ തുടര്‍ച്ച സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ഫെമിനിസ്റ്റ് ആശയധാരികളിലേക്കും അതുയുര്‍ത്തിപ്പിടിക്കുന്ന ചിന്താ വിപ്ലവത്തിലേക്കും ഒന്നു എത്തിനോക്കാനുള്ള ശ്രമം ഈ ലേഖനത്തിലുണ്ട്. ഒപ്പം ഇരുപതാം നൂറ്റാണ്ടിലും തുടര്‍ന്നും പെണ്ണെഴുത്തിനു കൈവന്നിട്ടുള്ള വികാസങ്ങളെ നോക്കി കാണുന്നതിനും ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സാമ്പ്രദായികമായ ചിട്ടവട്ടങ്ങള്‍ക്കപ്പുറം പെണ്ണ് എഴുതിയിട്ടുള്ള ഗംഭീരസാഹിത്യത്തെക്കുറിച്ചും അവലോകനം ചെയ്യുക എന്നതും ഈ ലേഖനത്തിന്റെ താല്പര്യമാണ്. പെണ്‍ പ്രതിഭയുടെ അത്തരം ചില മഹാപ്രതിഷ്ഠകളെക്കൂടി ഇവിടെ പരാമര്‍ശ വിധേയമാക്കേണ്ടതുണ്ട്. പെണ്ണ് അവളെക്കുറിച്ചെഴുതുകയും ആണ് പെണ്ണിന്റെ സ്വത്വം തിരിച്ചറിഞ്ഞെഴുതിയ രചനകളും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.


സ്ത്രീകള്‍ ഗംഭീരസാഹിത്യം രചിച്ചിട്ടുണ്ട്. സാഹിത്യം പുരുഷന്റെ കുത്തകയല്ല. വിര്‍ജീനിയ വുള്‍ഫ്, സില്‍വിയപ്ലാത്ത്, ഡോറിസ് ലെസിങ്, ടോണി മോറിസണ്‍, നദിന്‍ ഗോര്‍ഡിമര്‍, ഹംഗേറിയന്‍ നോവലിസ്റ്റ് അഗോത ക്രിസ്റ്റോഫ്, അള്‍ജീരിയന്‍ എഴുത്തുകാരി അഹ്‌ലം മോസ്റ്റഘാനെമി, പോളണ്ടിലെ ഓള്‍ഗ ടോകാര്‍ചുക്, ഹെര്‍താ മുള്ളര്‍, തുര്‍ക്കിയിലെ ഇലിഫ് ഷഫാക്ക് എന്നീ സ്വര്‍ഗ്ഗപ്രതിഭകള്‍ നമ്മെ അതിശയിപ്പിക്കുന്നുണ്ട്. അന്ന അഹ്മത്തോവ, വിസ്‌ലാവ സിംബോര്‍സ്‌ക തുടങ്ങിയ കവികള്‍, സീമൊന്‍ ദ ബുവ്വെ, സൂസന്‍ സൊണ്ടാഗ്, സ്വെറ്റ്‌ലാന അലക്‌സിയെവിച്ച് എന്നീ എഴുത്തുകാര്‍….. ധൈഷണികതയുടെയും സര്‍ഗാത്മകതയുടെയും എത്ര തീക്ഷ്ണമായ വെളിച്ചമായിരുന്നു അവര്‍ പ്രസരിപ്പിച്ചത്!


ഫെമിനിസത്തിന്റെ നാള്‍വഴികള്‍


പുരുഷന്‍ മാത്രം സൃഷ്ടിക്കുകയും ഭരിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ഈ ലോകത്ത് സ്ത്രീ ആരാണ്? സമൂഹത്തില്‍ അവളുടെ സ്ഥാനം എന്താണ്, അവളുടെ ജീവിതം എന്തിനുവേണ്ടിയായിരുന്നു. അവളുടെ അസ്തിത്വം ആരാണ് നിര്‍ണയിക്കുന്നത് എന്നീ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നു. അവിടെയാണ് ഫെമിനിസം തുടങ്ങുന്നത്.


 ഫെമിനിസത്തിന്റെ ആദ്യകാല വക്താക്കളായിരുന്ന കേയ്റ്റ് മിലെറ്റ്, ജെര്‍മെയ്ന്‍ ഗ്രീര്‍ തുടങ്ങിയ പുരുഷന്മാരായ നോവലിസ്റ്റുകള്‍ അവരുടെ സ്ത്രീ കഥാപാത്രങ്ങളെ ഡിഗ്‌നിറ്റി നശിപ്പിക്കുന്ന വിധത്തില്‍ ചിത്രീകരിച്ചു എന്നു കരുതി. ഫെമിനിസത്തിന്റെ ഫസ്റ്റ് വേവില്‍പ്പെട്ട ചിന്തകരായിരുന്നു മിലെറ്റും, ഗ്രീറും. മിലെറ്റിന്റെ സെക്ഷ്വല്‍ പൊളിറ്റിക്‌സ്, ജെര്‍മെയ്ന്‍ ഗ്രീറുടെ ദി ഫീമെയ്ല്‍ യൂനക്ക് എന്നീ കൃതികള്‍ ഈ കാലയളവിലെ പ്രമുഖ രചനകളാണ്. എഴുത്തിന്റെ പുരുഷമാതൃകകളെ നിരാകരിച്ചുകൊണ്ട് സ്ത്രീയുടെ അനുഭവങ്ങളെ മുന്‍നിറുത്തി സാഹിത്യത്തെ സമീപിക്കുവാന്‍ ഇലെയ്ന്‍ ഷോവാള്‍ട്ടറെപ്പോലുളള ചിന്തകര്‍ തയ്യാറായി. ഗൈനോക്രിട്ടിസിസം (Gynocriticism) എന്ന സംജ്ഞ ഇലെയ്ന്‍ ഷോവാള്‍ട്ടറാണ് വികസിപ്പിച്ചത്. ഈ വിമര്‍ശന പദ്ധതി സ്ത്രീപക്ഷ സാഹിത്യപാരമ്പര്യത്തെ സംബന്ധിച്ച് ഗാഢാന്വേഷണം നടത്തുകയുണ്ടായി.


സമൂഹം സ്ത്രീയുടെ സ്വത്വത്തെ സര്‍ഗാത്മകമായി ആവിഷ്‌ക്കരിക്കാന്‍ അനുവദിക്കാത്തതിനാല്‍ സ്ത്രീ അവളുടെ സര്‍ഗാത്മകതയെ മനഃശാസ്ത്രപരമായി ആത്മനാശകമായ പ്രവണതകളിലേക്ക് കടക്കുന്നു എന്ന് ദ മാഡ് വുമണ്‍ ഇന്‍ ദ ആറ്റിക് എന്ന ഗ്രന്ഥത്തില്‍ സാന്ദ്ര ഗില്‍ബെര്‍ട്ടും സൂസന്‍ ഗുബാറും നിരീക്ഷിക്കുന്നുണ്ട്. ഷാര്‍ലെറ്റ് ബ്രോണ്ടിയുടെ ജെയ്ന്‍ അയ്ര്‍  എന്ന നോവലില്‍ റോച്ചസ്‌കറുടെ മനോവിഭ്രമമുള്ള ഭാര്യ ബെര്‍ത്താ ജെങ്കിന്‍സ് തോണ്‍ഫീല്‍ഡ് ഹാളിലെ മച്ചുമ്പുറത്തായിരുന്നുവല്ലോ കഴിഞ്ഞിരുന്നത്. ഈ കഥാപാത്രത്തില്‍ നിന്നാണ് മാഡ് വുമണ്‍ തീസിസ് രൂപപ്പെടുന്നത്.